ആര്‍ക്കിടെക്ചര്‍ അഭിരുചി പരീക്ഷ ‘നാറ്റ’ ഇനി വര്‍ഷത്തില്‍ രണ്ടുതവണ നടത്തും. കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. അഞ്ചുവര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബി.ആര്‍ക്) കോഴ്‌സ് പഠിക്കുന്നതിന് ‘നാറ്റ’ യോഗ്യത ആവശ്യമാണ്. ഡ്രോയിങ് ആന്റ് ഒബ്സര്‍വേഷന്‍ സ്‌കില്‍സ്, സെന്‍സ് ഓഫ് പ്രൊപ്പോര്‍ഷന്‍, ഏയ്‌സ്‌തെറ്റിക് സെന്‍സിറ്റിവിറ്റി, ക്രിട്ടിക്കല്‍ തിങ്കിംഗ് എബിലിറ്റി എന്നിവയില്‍ പ്രാഗല്‍ഭ്യം അളക്കുന്ന പരീക്ഷയാണിത്.
ആദ്യപരീക്ഷ ഏപ്രില്‍ 14 നും രണ്ടാമത്തേത് ജൂലൈ 7 നും നടത്തും. ഇതില്‍ പങ്കെടുക്കുന്നതിന് പ്ലസ്ടു/ഹയര്‍ സെക്കന്‍ഡറി/തത്തുല്യ പരീക്ഷയില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് മൊത്തം 50% മാര്‍ക്കില്‍ കുറയാതെ നേടിയിരിക്കണം. പ്ലസ് ടു പരീക്ഷ മൊത്തം 50% മാര്‍ക്കില്‍ കുറയാതെ പാസായിരിക്കുകയും വേണം. ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
ആദ്യ ടെസ്റ്റിനോ രണ്ടാമത്തെ ടെസ്റ്റിനോ ഇത് രണ്ടിനുംകൂടിയോ www.nata.in ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഇതിനുള്ള നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. മാര്‍ച്ച് 11 വരെ രജിസ്‌ട്രേഷന്‍ സ്വീകരിക്കും. അപേക്ഷയിലെ തെറ്റ് തിരുത്തുന്നതിന് മാര്‍ച്ച് 12 മുതല്‍ 15 വരെ സമയം ലഭിക്കും. മാര്‍ച്ച് 15 നകം ഇമേജുകള്‍ അപ്‌ലോഡ് ചെയ്ത് ഫീസ് അടയ്‌ക്കണം. മാര്‍ച്ച് 18 ന് കണ്‍ഫര്‍മേഷന്‍ പേജ് പ്രിന്റ് ചെയ്യാം.
ഒരു പരീക്ഷക്ക് 1800 രൂപയും രണ്ട് പരീക്ഷയിലും പങ്കെടുക്കുന്നതിന് 3500 രൂപയുമാണ് ഫീസ്. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് യഥാക്രമം 1500 രൂപ, 2800 രൂപ എന്നിങ്ങനെ മതിയാകും.
ദുബായ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുക്കുന്നവര്‍ ഒറ്റ ടെസ്റ്റിന് 10,000 രൂപയും രണ്ട് ടെസ്റ്റിനുംകൂടി 18,000 രൂപയും ഫീസ് നല്‍കണം. ദേശീയതലത്തില്‍ 122 ടെസ്റ്റ് സെന്ററുകളാണുള്ളത്. കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ പരീക്ഷാകേന്ദ്രങ്ങളാണ്. അഡ്മിറ്റ് കാര്‍ഡ് ഏപ്രില്‍ ഒന്നിന് ഡൗണ്‍ലോഡ് ചെയ്യാം.
ഏപ്രില്‍ 14 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് 1.15 മണിവരെയാണ് പരീക്ഷ. ഇതില്‍ ‘എ’, ‘ബി’ എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്. ഒബ്ജക്ടീവ് മാതൃകയിലുള്ള ‘എ’ വിഭാഗം ഓണ്‍ലൈന്‍ ടെസ്റ്റില്‍ 40 മാര്‍ക്കിന് മാത്തമാറ്റിക്‌സ് ചോദ്യങ്ങളും 80 മാര്‍ക്കിന് പൊതു അഭിരുചി പരിശോധിക്കുന്ന ചോദ്യങ്ങളുമുണ്ടാവും. 60 മിനിട്ട് സമയം ലഭിക്കും. അവസാനത്തെ 120 മിനിറ്റ് ‘ബി’ വിഭാഗത്തില്‍ ഡ്രോയിംഗ് പരീക്ഷയാണ്. 40 മാര്‍ക്ക് വീതമുള്ള 2 ചോദ്യങ്ങളുണ്ടാവും. ആകെ 200 മാര്‍ക്കിനാണ് പരീക്ഷ. ഇതേ മാതൃകയില്‍ തന്നെയാണ് ജൂലൈ 7 ന് നടത്തുന്ന രണ്ടാമത്തെ പരീക്ഷയും. ഉത്തരം തെറ്റിയാല്‍ മാര്‍ക്ക് കുറയ്‌ക്കില്ല. മൂല്യനിര്‍ണയത്തിന് നെഗറ്റീവ് മാര്‍ക്കില്ല. പരീക്ഷാഫലം മേയ് 3 ന് പ്രസിദ്ധപ്പെടുത്തും.
രണ്ട് ടെസ്റ്റും അഭിമുഖീകരിക്കുന്നവരുടെ മെച്ചപ്പെട്ട മാര്‍ക്കിന് പരിഗണന നല്‍കി സ്‌കോര്‍കാര്‍ഡ് വിതരണം ചെയ്യും. ‘നാറ്റ 2019’ സ്‌കോറിന് 2019-20 സെഷനിലേക്കുള്ള ബി.ആര്‍ക് പ്രവേശനത്തിന് മാത്രമേ പരിഗണനയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും www.nata.in നിരന്തരം സന്ദര്‍ശിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: