കോഴിക്കോട് ജവഹര്‍ നഗറിലെ വസതിയില്‍ കാട്ടുങ്ങല്‍ സുബ്രഹ്മണ്യന് മണിലാല്‍ വിശ്രമത്തിലാണ്; അഞ്ചു പതിറ്റാണ്ടു കാലത്തെ അവിരാമ പരിശ്രമത്തിന്റെ ഫലപ്രാപ്തിയുടെ ആന്തരികസുഖം അറിഞ്ഞാനന്ദിച്ച്. കാട്ടുങ്ങല്‍ സുബ്രഹ്മണ്യന് മണിലാലിനെ കേരളമറിയില്ല. ഡോ. കെ. എസ്. മണിലാലിനെ കുറച്ചെങ്കിലും പേര്‍ക്കറിയാം. എന്നാല്‍ ഹോര്‍ത്തൂസ് മലബാറിക്കൂസിനെക്കുറിച്ച് അറിയാവുന്നവര്‍ക്ക് മണിലാല്‍ എന്ന സസ്യ ശാസ്ത്രജ്ഞന്റെ ഐതിഹാസിക ജീവിതത്തെക്കുറിച്ച് അറിയാം. എന്നാല്‍ അഞ്ചു പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന തപസ്സിന്റെ ഫലമായി ‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ എന്ന ഗ്രന്ഥം ലാറ്റിനില്‍നിന്ന് ഇംഗ്ലീഷിലേക്കും ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലേക്കും മൊഴിമാറ്റം ചെയ്ത മഹദ് പ്രവര്‍ത്തനത്തെ കേരളം വേണ്ടവിധം അടയാളപ്പെടുത്തിയിട്ടില്ല.
ആദരങ്ങള്‍ക്കും പിന്നിലെ ചരടുവലികള്‍ എന്തെന്നോ ഏതെന്നോ അന്വേഷിക്കുകയായിരുന്നില്ല മണിലാലിന്റെ ജീവിത ദൗത്യം. സര്‍ക്കാരുകളും സര്‍വകലാശാലകളും ഈ പ്രതിഭയെ തിരിച്ചറിഞ്ഞില്ല. ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ ഇംഗ്ലീഷ്, മലയാളം പതിപ്പുകള്‍ പുറത്തിറക്കി ‘ത്യാഗം’ അനുഷ്ഠിച്ച കേരള സര്‍വകലാശാലയും യഥാര്‍ത്ഥത്തില്‍ മണിലാലിനെ വഞ്ചിക്കുകയായിരുന്നു.
സാത്വിക മനസ്സായ ഈ ശാസ്ത്രപ്രതിഭയെപ്പോലെയുള്ളവരെ എളുപ്പത്തില്‍ വഞ്ചിക്കാന്‍ സര്‍വ്വ കഴിവുമുള്ള അധികാരികളാണല്ലോ ഇത്തരം സ്ഥാപനങ്ങളുടെ തലപ്പത്ത് എത്തുക. നെതര്‍ലാന്റ് സര്‍ക്കാരിന്റെ അത്യുന്നത സിവിലിയന്‍ പുരസ്കാരമായ ‘ഓഫീസര്‍ ഇന്‍ ദി ഓര്‍ഡര്‍ ഓഫ് ഓറഞ്ച് നാസൗ’ പുരസ്കാരം മണിലാലിനെ തേടിയെത്തി. താങ്കളെ കേരളം അറിഞ്ഞാദരിച്ചില്ലേ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഒരു ചിരിയില്‍ മറുപടിയൊതുക്കും.
1674 മുതല്‍ 1693 വരെയുള്ള കാലഘട്ടത്തില്‍ അന്നത്തെ മലബാറില്‍ നടന്ന പഠന ഗവേഷണങ്ങളില്‍നിന്നാണ് മലബാറിന്റെ ഉദ്യാനം എന്ന് മൊഴിമാറ്റാവുന്ന ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന വിപുല ഗ്രന്ഥസമുച്ചയത്തിന്റെ തുടക്കം. കൊച്ചിയിലെ ഡച്ച് ഗവര്‍ണര്‍ ഹെന്ററിക് വാന്‍ റീഡ് ആണ് ഇതിന് നേതൃത്വം നല്‍കിയത്.
കേരളീയ വൈദ്യശാസ്ത്ര രംഗത്തെ അന്നത്തെ അഗ്രേസരന്മാരായിരുന്ന ചേര്‍ത്തല ഇട്ടി അച്യുതന്റെ നേതൃത്വത്തില്‍ ഔഷധ സസ്യങ്ങളെ തേടിപ്പിടിച്ചുകൊണ്ടുള്ള തുടക്കം. മാനുവല്‍ കര്‍ണീറോ പോര്‍ട്ടുഗീസ് ഭാഷയിലും, കാര്‍ണീറോയും ക്രിസ്ത്യന്‍ ഡിഡോണയും ചേര്‍ന്ന് ഡച്ചു ഭാഷയിലേക്കും അത് മാറ്റിയെഴുതി. യോഹാന്‍ കബേറിയാസ് ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തിയാണ് 12 വാല്യങ്ങളായി ആസ്റ്റര്‍ഡാമില്‍ പ്രസിദ്ധീകരിക്കുന്നത്. 1678 മുതല്‍ 1693 വരെയുള്ള കാലഘട്ടത്തിലാണ് ഇതിന്റെ അച്ചടി നടന്നത്. ഗ്രന്ഥത്തില്‍ സസ്യനാമങ്ങള്‍ മലയാള ലിപിയിലും ഉണ്ടെന്നതിനാല്‍ നമ്മുടെ മഹിത മലയാളം ആദ്യം അച്ചടി മഷി പുരണ്ടത് ആസ്റ്റര്‍ഡാമിലാണെന്ന് പറയാം.
മലബാറില്‍ ഉണ്ടായിരുന്ന 742 സസ്യങ്ങളുടെ പേരും ചിത്രവുമാണ് ലാറ്റിന്‍ ഭാഷയിലെ ഹോര്‍ത്തൂസ് മലബാറിക്കൂസിലുള്ളത്. ഒന്നൊഴിച്ച് മറ്റെല്ലാ സസ്യങ്ങളെയും തേടിപ്പിടിച്ച് ഹെര്‍ബേറിയം തയാറാക്കുകയും ചെയ്തു മണിലാല്‍. കേരള സര്‍വകലാശാലയിലും, പിന്നീട് കാലിക്കറ്റ് സര്‍വകലാശാല രൂപീകരിച്ചതിനു ശേഷം അവിടെയും സസ്യശാസ്ത്ര വകുപ്പില്‍ ജോലി ചെയ്ത മണിലാല്‍ കേവലം അദ്ധ്യാപന വൃത്തിയില്‍ അവസാനിപ്പിക്കുകയായിരുന്നില്ല ജീവിതം.
അടങ്ങാത്ത ജ്ഞാനതൃഷ്ണയുള്ളവര്‍ക്ക് മാത്രം സാധ്യമാവുന്ന അറിവിന്റെ പുതിയ ആകാശങ്ങള്‍ എത്തിപ്പിടിക്കുകയായിരുന്നു. അമ്മയില്‍ നിന്നും അച്ഛന്റെ വിവര ശേഖരത്തില്‍ നിന്നും ലഭിച്ച ചെറിയ അറിവാണ് മണിലാലിന് ഹോര്‍ത്തൂസ് മലബാറിക്കൂസ്. എന്നാല്‍ അതിന്റെ കോപ്പികള്‍ കണ്ടെത്തുകയും അത് മൊഴിമാറ്റാന്‍ ലാറ്റിന്‍ പഠിക്കുകയും ചെയ്ത അനന്യമായ വിജ്ഞാന സമ്പാദനത്തിന്റെ കഥ വിവരിച്ചിട്ടുണ്ട് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ജോസഫ് ആന്റണി, ‘ഹരിത ഭൂപടം, കെ.എസ് മണിലാലും ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ രണ്ടാം പിറവിയും’ എന്ന പുസ്തകത്തില്‍.
1958 മുതല്‍ 2008 വരെയുള്ള മണിലാലിന്റെ ഗവേഷകജീവിതം ഹോര്‍ത്തൂസിന്റെ പിന്നാലെയായി. മധ്യകാല കേരള ചരിത്രവും സംസ്കാരവും വൈജ്ഞാനിക നേട്ടവുമാണ് അതുവഴി മലയാളിക്ക് തിരിച്ചറിയാനാവുന്നത്. കടക്കരപ്പള്ളി ഗ്രാമത്തിലെ കൊല്ലാട്ട് എന്ന ഈഴവ കുടുംബത്തിലെ ഇട്ടി അച്യുതന് വൈദ്യര് പറഞ്ഞുകൊടുത്ത വിവരങ്ങളാണ് ലാറ്റിനില്‍ ഹോര്‍ത്തൂസ് മലബാറിക്കൂസായത്. അത് മൂന്നു നൂറ്റാണ്ടുകള്‍ക്കുശേഷം വീണ്ടും മലയാളിക്ക് പരിചിതമായി. കേരളത്തിന്റെ വൈദ്യപാരമ്പര്യത്തെക്കുറിച്ചുള്ള അറിവിലേക്കാണ് ഇട്ടി അച്യുതന് വൈദ്യരുടെ സംഭാവനകള്‍ വിരല്‍ ചൂണ്ടുന്നത്.
1999 മാര്‍ച്ച് 31 ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് സീനിയര്‍ പ്രൊഫസാറായാണ് മണിലാല്‍ വിരമിക്കുന്നത്. അന്താരാഷ്ട്ര തലത്തിലെ രണ്ടു പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തയാറായിട്ടും ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ ഇംഗ്ലീഷ് പരിഭാഷ കേരള സര്‍വകലാശാല പ്രസിദ്ധീകരിക്കട്ടെ എന്നാണ് മണിലാല്‍ തീരുമാനിച്ചത്. അന്നത്തെ വൈസ് ചാന്‍സലര്‍ ഡോ. ബി. ഇക്ബാല്‍ കോഴിക്കോട്ടെ വീട്ടിലെത്തി പ്രസിദ്ധീകരണത്തിന് അനുവാദം തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മൂന്ന് നൂറ്റാണ്ടുകാലത്തിനിടയിലെ വൈജ്ഞാനിക ശൂന്യതയ്ക്കുശേഷം ഹോര്‍ത്തൂസ് പുറത്തിറങ്ങട്ടെ എന്ന് ആ ഗവേഷകന് തീരുമാനിച്ചു.
ഹോര്‍ത്തൂസിനു വേണ്ടി ജീവിതം സമര്‍പ്പിച്ച ഗവേഷകനെ പുറത്താക്കി പുസ്തകത്തിന്റെ പിതൃസ്ഥാനത്തേക്ക് പുതിയ അവകാശികള്‍ വന്ന കുറുക്കുവഴിയാണതെന്ന് മനസ്സിലാക്കാന്‍ ഡോ. മണിലാലിന് കഴിഞ്ഞില്ല. പകര്‍പ്പവകാശവും ലാഭവുമെല്ലാം സര്‍വകലാശാല സ്വന്തമാക്കുകയും ഗവേഷകന്റെ അഞ്ച് പതിറ്റാണ്ടുകാലത്തെ തപസ്സ് ആരും അറിയപ്പെടാത്ത ചരിത്രമാവുകയും ചെയ്തു. എന്നാല്‍ അന്താരാഷ്ട്ര വേദികളില്‍ പവര്‍ പോയിന്റ് പ്രസന്റേഷനുകളിലൂടെ ഈ മഹത് നേട്ടത്തിന്റെ നേരവകാശികളായി സര്‍വകലാശാലയുടെ മറവില്‍ ചിലര്‍ രംഗത്തുവന്നു; പിന്നീട് ചരിത്രം അവരുടേതായി മാറി.
അത്യപൂര്‍വ്വമായ നേട്ടം തന്റെതാണെന്ന് അറിയാമായിരുന്നിട്ടും അവകാശവാദങ്ങളൊന്നുമില്ലാതെ ഡോ. മണിലാല്‍ ബഹളങ്ങളില്‍ നിന്നൊഴിഞ്ഞ്, ജവഹര്‍ നഗറിലെ കാട്ടുങ്ങല്‍ വീട്ടില്‍ കഴിയുന്നു. ശാരീരിക അവശതകള്‍ അലട്ടുന്നുണ്ട്. തന്റെ പ്രവര്‍ത്തന വിജയത്തില്‍ എന്നും കൂടെ നിന്ന ഭാര്യ ജോത്സ്നയുടെ പരിചരണത്തിലാണിപ്പോള്‍. എന്നെങ്കിലും കേരളവും ഭാരതവും ഈ അതുല്യപ്രതിഭയുടെ വിലമതിക്കാനാവാത്ത നേട്ടങ്ങളെ തിരിച്ചറിയും. ഇല്ലെങ്കില്‍, മലയാളത്തിന്റെ മഹത്തായ നേട്ടത്തിന്റെ യഥാര്‍ത്ഥ അവകാശിയെ തിരിച്ചറിഞ്ഞില്ലെങ്കില്‍, കൃതഘ്നതാഭരിതമാകും മലയാളിയുടെ വര്‍ത്തമാനം.
(വിവരങ്ങള്‍ക്ക്: ജോസഫ് ആന്റണിയുടെ ഹരിത ഭൂപടം കെ.എസ്. മണിലാലും ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ രണ്ടാം പിറവിയും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: