ഗതിമുട്ടുമ്പോള്‍ ഏതു മുട്ടാപ്പോക്കും വേദവാക്യമാവുന്ന സ്ഥിതിയുണ്ട്. കേന്ദ്രത്തിലെ എന്‍ഡിഎ ഭരണത്തെ എങ്ങനെയും പുറത്താക്കാന്‍ കച്ചകെട്ടിയ മുള്ള്മുരട് മൂര്‍ഖന്‍ പാമ്പുസഖ്യം ഇപ്പോള്‍ ഇമ്മാതിരി വഴിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. റഫാല്‍ ആയുധ ഇടപാടില്‍ ഒട്ടാകെ പൊള്ളലേറ്റ പ്രതിപക്ഷത്തിന് ഇപ്പോള്‍ കിട്ടിയ കച്ചിത്തുരുമ്പാണ് വോട്ടെടുപ്പു യന്ത്രത്തില്‍ ക്രമക്കേട് കാണിക്കുന്നു എന്ന നട്ടാല്‍ കുരുക്കാത്ത ആരോപണം. ലണ്ടനില്‍ ഏതോ ‘സൈബര്‍ വിദഗ്ധന്‍’ ചൂണ്ടിക്കാട്ടിയ ആരോപണമാണ് ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ ഉയര്‍ത്തിക്കാട്ടുന്നത്. നരേന്ദ്ര മോദി ഭരണത്തില്‍ അസ്വസ്ഥരായവര്‍ക്ക് കിട്ടിയ ഒരവസരമായി അത് കഴിയുന്നത്ര പ്രചരിപ്പിക്കാനാണ് ശ്രമം. എന്‍ഡിഎ ഭരണത്തെ മനസ്സാ എതിര്‍ക്കുന്ന മാധ്യമങ്ങള്‍ അതിനായി ‘സേവകപ്പണി’യുമായി കൂട്ടുചേര്‍ന്നിട്ടുമുണ്ട്.
2014ല്‍ വോട്ടെടുപ്പു യന്ത്രങ്ങളില്‍ ക്രമക്കേട് നടത്തിയാണ് എന്‍ഡിഎ ഭരണം പിടിച്ചെടുത്തത് എന്നാണ് സയീദ് ഷൂജ എന്ന ‘സൈബര്‍ വിദഗ്ധന്‍’ ആരോപിച്ചത്. ഇത് ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നതിന്റെ പിന്നില്‍ വ്യക്തമായ ഉദ്ദേശ്യമുണ്ടെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും വ്യക്തമാകും. സംശയത്തിന്റെ പുകമറ സൃഷ്ടിച്ച് ഗൗരവപ്പെട്ട കാര്യങ്ങളെ അട്ടിമറിക്കുകയെന്ന മനോരോഗമാണിത്. നേരത്തെ, തെരഞ്ഞെടുപ്പു കമ്മീഷന് ആരോപണം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി തള്ളിക്കളഞ്ഞിട്ടുണ്ട്. മരണമടഞ്ഞ ഗോപിനാഥ് മുണ്ടെ, ഗൗരി ലങ്കേഷ് എന്നിവരെയും ആരോപണത്തിലേക്ക് വലിച്ചിഴച്ചിട്ടുണ്ട്. മരിച്ചുപോയവരെ വിസ്തരിക്കാനോ തെളിവുശേഖരിക്കാനോ കഴിയില്ലെന്ന അപഹാസ്യതയാണ് അവരെ ഉള്‍പ്പെടുത്തിയതുവഴി ക്ഷുദ്ര താല്‍പ്പര്യക്കാര്‍ കാണിച്ചുകൂട്ടിയിരിക്കുന്നത്.
ഗീബല്‍സിയന്‍ തന്ത്രത്തിന്റെ ആധുനികമുഖമാണ് അതില്‍ തെളിഞ്ഞുവരുന്നത്. ഒരു രാജ്യത്തിന്റെ തളര്‍ച്ചയും വിളര്‍ച്ചയും മാറ്റി അതിന്റെ പ്രൗഢി തിരിച്ചുപിടിക്കാനുള്ള ഭഗീരഥപ്രയത്നം ഏതാണ്ട് ഫലവത്താവുന്ന അവസ്ഥയില്‍ അസൂയാലുക്കളായ ശക്തികള്‍ ഒന്നുചേര്‍ന്ന് നടത്തുന്ന ചവിട്ടുനാടകമാണിത്. തെരഞ്ഞെടുപ്പ് അടുക്കുംതോറും ഇത്തരത്തിലുള്ള ചെപ്പടിവിദ്യകള്‍ ഇനിയും പ്രതീക്ഷിക്കാം. തെരഞ്ഞെടുപ്പു കമ്മീഷന് മുന്നേതന്നെ യന്ത്രങ്ങളുടെ വിശ്വാസ്യതയും രഹസ്യാത്മകതയും സംശയാതീതമായി തെളിയിച്ചതാണ്. ആരോപണം ഉന്നയിച്ചവരെ പരസ്യമായി പരീക്ഷണത്തിന് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതൊക്കെ അവഗണിക്കുകയും യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒളിച്ചോടുകയും ചെയ്തവര്‍ ഇപ്പോള്‍ അതേ ആരോപണം മറ്റൊരു തരത്തില്‍ ഉന്നയിക്കുകയാണ്. ഒരു തരത്തിലും ജനമനസ്സുകളില്‍ സ്ഥാനം പിടിക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളെ പരിഭ്രാന്തരാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മോദി സര്‍ക്കാറിനെതിരെ എന്തും ആയുധമാക്കുന്ന ശീലത്തിലേക്ക് അവര്‍ വഴുതിവീണിരിക്കുന്നു.
കളിച്ചുജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കൂവിത്തോല്‍പ്പിക്കുക എന്ന എക്കാലത്തെയും പ്രാകൃത നിലപാടിലേക്ക് ഒരു ജനാധിപത്യ രാജ്യത്തിലെ കക്ഷികള്‍ അധഃപ്പതിക്കാന്‍ പാടില്ലാത്തതാണ്. സംഗതിവശാല്‍ പ്രതിപക്ഷ കക്ഷികള്‍ എന്ന പേരിനു പോലും അര്‍ഹതയില്ലാത്തവര്‍ ഇപ്പോള്‍ കാണിക്കുന്ന കോപ്രായങ്ങള്‍ ആ നിലപാടിന്റെ വിവിധ മുഖങ്ങളാണ്. ശക്തവും യുക്തിസഹവുമായ നടപടികളിലൂടെ മുന്നോട്ടുപോകുന്ന മോദി സര്‍ക്കാര്‍ ചില മാധ്യമങ്ങളുടെ അനിഷ്ടത്തിന് ഇടയായതും ഇതിനൊപ്പം ചേര്‍ത്തുവായിക്കണം. സ്വന്തം പാര്‍ട്ടിക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നവരും ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന ഭരണകൂടവും തമ്മിലുള്ള പോരാട്ടമാണ് ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ഉണ്ടാവുക. അതിന്റെ സൂചനയാണ് ഇത്തരം നികൃഷ്ട ആരോപണങ്ങളിലൂടെ അനാവൃതമാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: