ഒരാളെ നേരിടാന്‍ പത്തുപേര്‍ കൈകോര്‍ക്കുന്നെങ്കില്‍ ആ ഒരാള്‍ക്കുള്ള അംഗീകാരമല്ലേ അത് എന്ന് രജനീകാന്ത് ചോദിച്ചതായി കേട്ടു. രജനി അങ്ങനെ ചോദിച്ചാലും ഇല്ലെങ്കിലും സംഗതി സത്യമാണ്. നരേന്ദ്ര മോദി എന്ന നെടുനായകനെ വെല്ലാന്‍ പ്രതിപക്ഷത്തെ വമ്പന്മാര് മുതല്‍ ഈര്‍ക്കില്‍ പാര്‍ട്ടികള്‍വരെ കൈകോര്‍ത്ത് നില്‍ക്കുകയാണ്.
കൊല്‍ക്കത്തയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംഘടിപ്പിച്ച റാലിയില്‍ 15 പാര്‍ട്ടികളുടെ പ്രതിനിധികള്‍ എത്തിയെന്നാണ് അവര്‍ അവകാശപ്പെടുന്നത്. മമതയ്ക്കു പുറമെ അരവിന്ദ് കേജരിവാള്‍, ചന്ദ്രബാബു നായിഡു, എച്ച്.ഡി. കുമാരസ്വാമി എന്നീ മുഖ്യമന്ത്രിമാരും വേദിയിലെത്തി. മോദിക്കെതിരെ നിരന്തരം യുദ്ധപ്രഖ്യാപനം നടത്തുന്ന ഇടതുപാര്‍ട്ടികളടക്കം ഏതാനും പാര്‍ട്ടികള്‍ വിട്ടുനില്‍ക്കുകയും ചെയ്തു. ഇനി, ദല്‍ഹിയിലും ആന്ധ്രയിലും ഒത്തുചേരല്‍ ഉണ്ടാകുമെന്ന പ്രഖ്യാപനത്തോടെയാണു റാലി പിരിഞ്ഞത്.
ഫലത്തില്‍ ഇതൊരു കീഴടങ്ങല്‍ പ്രഖ്യാപനമാണ്. ഒറ്റയ്ക്കു നിന്നാല്‍ ഞങ്ങളിലാര്‍ക്കും മോദിയോടു പൊരുതാനുള്ള ശക്തിയില്ല എന്ന് എല്ലാപാര്‍ട്ടികളും വിളിച്ചുപറയുന്നു. മോദിതന്നെ പറഞ്ഞതുപൊലെ അതൊരു സഹായാഭ്യര്‍ഥനയായിരുന്നു. രക്ഷിക്കൂ എന്ന വിലാപം. മഹാസഖ്യം എന്നുപേരിട്ട ഈ ഒത്തുചേരലിന്, എണ്ണത്തിന്റെ കാര്യത്തില്‍ മുന്‍തൂക്കമുണ്ടെങ്കിലും ലക്ഷ്യത്തിന്റെ കാര്യത്തില്‍ അതില്ല. മോദിയെ തോല്പിക്കുക എന്നതിനപ്പുറമൊന്നും ആര്‍ക്കും പറയാനില്ല. ആരാണുനേതാവ് എന്നുചോദിച്ചാല്‍, പിന്നീടു തീരുമാനിക്കും എന്നാണു മറുപടി.
ഖജനാവുകൊള്ള അടക്കമുള്ള അഴിമതിക്കെതിരെ തന്റെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ ചിലര്‍ക്കുണ്ടായ അസ്വസ്ഥതയാണ് ഈ ഒത്തുചേരലിന്റെ രൂപത്തില്‍ കാണുന്നത് എന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയുമായി കൂട്ടിവായിക്കുമ്പോള്‍, പേടി തന്നെയാണ് അടിസ്ഥാനം എന്നു വ്യക്തം. പിടിക്കപ്പെടുമെന്ന പേടി. എങ്ങനെയും മോദിയെ പുറത്താക്കുക എന്ന കാര്യസാധ്യത്തിനായി എല്ലാവരും വിട്ടുവീഴ്ചയ്ക്കു തയ്യാറാകുന്നു.
പ്രധാനമന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്നു സ്വയം പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിയടക്കം ആര്‍ക്കും തത്ക്കാലം നേതാവിനെക്കുറിച്ചു മിണ്ടാട്ടമില്ല. ഒരാളുടെ പേര് പറഞ്ഞാല്‍ മറ്റുള്ളവര്‍ ഇടയുമെന്ന നിലയിലാണ് ഐക്യം മുന്നോട്ടുപോകുന്നത്. താനും ആ സ്ഥാനത്തിന് ഒട്ടും മോശമല്ല എന്നു കാണിക്കാനാണ് മമത സ്വന്തം തട്ടകത്തില്‍ത്തന്നെ റാലി നടത്തിയത്.
സിപിഎം അക്കാര്യം തുറന്നുപറയുകയും ചെയ്തു. താന്‍ പ്രധാനമന്ത്രിയാകാന്‍ പോകുന്നു എന്ന് ബംഗാളിലെ ജനങ്ങളെ അറിയിക്കാനുള്ള അടവാണ് മമതയുടേതെന്നും അതു വിലപ്പോവാന്‍ പോകുന്നില്ലെന്നുമാണു സിപിഎമ്മിന്റെ നിലപാട്. ബംഗാളില്‍ നിലനില്പിനു കോണ്‍ഗ്രസ്സുമായി കൂട്ടുകൂടാന്‍ നടക്കുന്ന അവര്‍ക്ക് അതു നഷ്ടപ്പെടുമോ എന്ന പേടിയുമുണ്ട്. മോദിയേയും കോണ്‍ഗ്രസ്സിനേയും ഒരു പോലെ എതിര്‍ക്കണമെന്ന നിലപാടാണ്, റാലിയില്‍നിന്നു വിട്ടുനിന്ന ടിആര്‍എസ്സിനുള്ളത്.
വിശാല സഖ്യം തനിക്കെതിരെയല്ല, രാജ്യത്തെ ജനങ്ങള്‍ക്കെതിരെയാണെന്നും മോദി പറഞ്ഞിട്ടുണ്ട്. അഴിമതിരഹിതമായ ഭരണം അസാദ്ധ്യമാണെന്ന ധാരണ സൃഷ്ടിച്ച വര്‍ഷങ്ങളാണു കടന്നുപോയത്. ആയിരക്കണക്കിനു കോടികളുടെ അഴിമതിയുടെ കഥകളുമായാണ് യുപിഎ സര്‍ക്കാര്‍ അഞ്ചുവര്‍ഷം മുന്‍പു കളമൊഴിഞ്ഞു പോയത്. അന്നുതൊട്ട് ഇങ്ങോട്ട് അഴിമതിയുടെ കറപുരളാതെയാണ് എന്‍ഡിഎ അഞ്ചാം വര്‍ഷം പൂര്‍ത്തിയാക്കാനൊരുങ്ങുന്നത്.
അഴിമതി നടത്താതെയും ഭരിക്കാം എന്നു ജനത്തിനു കാണിച്ചുകൊടുത്ത സര്‍ക്കാരാണിത്. ആരോപണങ്ങളുടെ മാത്രം കച്ചിത്തുരുമ്പില്‍പ്പിടിച്ച് സര്‍ക്കാരിനെ കുരുക്കാന്‍ പ്രതിപക്ഷം നടത്തുന്ന ശ്രമങ്ങളൊന്നും ഫലം കാണുന്നുമില്ല. മോദിവിരോധത്തിനപ്പുറം പ്രത്യേക നയപരിപാടികളേക്കുറിച്ചൊന്നും പറയാനില്ലാത്ത ഈ സഖ്യത്തിന്റെ ലക്ഷ്യത്തേക്കുറിച്ച് ഈ സാഹചര്യത്തില്‍ സംശയം ജനിക്കുക സ്വാഭാവികം. അഴിമതിയില്ലാത്ത ഭരണം തങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല എന്ന പ്രഖ്യാപനമായി വേണം ഈ കൂട്ടായ്മയെ കരുതാന്‍. അഴമിതി ജന്മാവകാശമാണ് എന്നുധരിച്ചവര്‍ക്ക് അതു തടഞ്ഞാല്‍ സഹിക്കില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: