കോഴിക്കോട് മെഡി. കോളജ് മുണ്ടിക്കല്‍ താഴത്ത് താമസിക്കുന്ന ജോസുകുട്ടി കണ്ണൂര്‍ പെരുമ്പടവ് സ്വദേശിയാണ്. ടിവി-തിയേറ്റര്‍ പരസ്യ രംഗത്തെ ഇക്കാലയളവ് ജോസുകുട്ടി ഒരു ഭാഗ്യമായി കരുതുന്നു.
ഫ്രാന്‍സിസ് ആലുക്കാസ്, സണ്പ്ലസ്് വാഷിംഗ് പൗഡര്‍, ഡോ. വാഷ്, കെ.സി. നെയ്, കൈരളി ടിഎംടി, റൈറ്റ് വാഷിംഗ് പൗഡര്‍ തുടങ്ങിയ കമ്പനികള്‍ക്കു വേണ്ടി 210 പരസ്യ ചിത്രങ്ങളാണ് പുറത്തിറക്കിയത്. 1993-ല്‍ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ എന്ന പേരില്‍ പരസ്യ കമ്പനി സ്ഥാപിച്ചു. ഹാസ്യത്തിന്റെ മേമ്പൊടിയുള്ളതിനാല്‍ ചിത്രങ്ങളധികവും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടി. ജഗതി ശ്രീകുമാറിനെ വെച്ച് ഏറ്റവും കൂടുതല്‍ ചിത്രം നിര്‍മ്മിച്ച ക്രഡിറ്റും ജോസുകുട്ടിക്കാണ്- 14 എണ്ണം. പുസ്തക പ്രസാധക സ്ഥാപനമായ ടിബിഎസിനു വേണ്ടിയുള്ള ചിത്രത്തിന്റെ ജോലിയിലാണിപ്പോള്‍.
ജോസുകുട്ടി ജീവിതം കെട്ടിപ്പടുത്തത് സിനിമാ കഥയ്ക്ക് സമാനമായ രീതിയിലാണ്. കുട്ടിക്കാലം പടവെട്ടിയത് ദാരിദ്ര്യത്തോടായിരുന്നു. കമുകു കയറ്റക്കാരന്, ടാപ്പിംഗ് തൊഴിലാളി, ക്ലീനര്‍, ഡ്രൈവര്‍. പുല്ലൂരാംപാറയിലെ അനശ്വര തിയേറ്റേഴ്സ് എന്ന നാടക സമിതിയിലെ ഹാസ്യനടനായും തിളങ്ങി. ചേര്‍ത്തലയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിനിമാട്ടോഗ്രാഫിയില്‍ പഠിച്ചു.
കേരള പോലീസിലും സെന്‍ട്രല്‍ ഇന്സ്ട്രിയല് സെക്യൂരിറ്റി ഫോഴ്സിലും സെലക്ഷന് കിട്ടി. ഹരിയാന, രാജസ്ഥാന്, തമിഴ്നാട് എന്നിവിടങ്ങളില്‍ സിഐഎസ്എഫ് ജോലി സ്വീകരിച്ചു. കാക്കിയും മടുത്തതോടെ രാജിവെച്ചു. നാട്ടിലേക്കെത്തി മാര്‍ക്കറ്റിംഗ് കമ്പനിയുടെ മാനേജരായി. 1994-ല്‍ പരസ്യ സിനിമാ ചിത്രങ്ങളുടെ നിര്‍മ്മാണം തുടങ്ങി. ഫിഷര്‍ ചെരുപ്പിന്റെ വീരപ്പന് പരസ്യം ജോസുകുട്ടിയെ അറിയപ്പെടുന്നവനാക്കി.
260-ലേറെ നര്‍മ കഥകള്‍ എഴുതി. പാപി ചെല്ലുന്നിടം, മോന്ത കറുത്ത പട്ടി എന്നീ ഹാസ്യ നോവലുകളും പ്രസിദ്ധീകരിച്ചു. മൊല്ലാക്ക എന്ന സീരിയലും, നിരവധി ടി വി പ്രോഗ്രാമുകളും സംവിധാനം ചെയ്തു. രാമദാസ് വൈദ്യരുടെ പേരിലുള്ള ആദ്യത്തെ അവാര്‍ഡ് പാപി ചെല്ലുന്നിടത്തിന് ലഭിച്ചു. പി. സുകുമാരന്റെ നര്‍മ്മ കൈരളി പ്രസിദ്ധീകരിച്ച കേരളത്തിലെ ഹാസ സാഹിത്യകാരന്മാരുടെ പട്ടികയില്‍ ജോസുകുട്ടിയും ഇടം നേടി. ബിജെപി അനുകൂല സംഘടനയായ സംഘകലാവേദിയുടെ കോഴിക്കോട് ജില്ലാ കോ- ഓര്‍ഡിനേറ്ററാണിപ്പോള്‍. 18 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 14 സിനിമകളില്‍ അഭിനയിച്ചു. ഇരട്ടി മധുരം, ചക്കിന് വെച്ചത്, മൊല്ലാക്ക എന്നീ സീരിയലുകളുടെ കഥയും എഴുതി. വര്ദ്ധമാന് ആഗ്രോ പ്രൊഡക്ട്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പരസ്യ പ്രൊമോഷന് തലവനാണിപ്പോള്‍.
തേങ്ങ പല്ലുകൊണ്ട് കടിച്ചുപൊതിച്ചതിന്റെ ലോക റെക്കോര്‍ഡും ജോസുകുട്ടിക്കാണ്. ദല്‍ഹി സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തിലെ പ്രകടനം ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ചു. അന്നത്തെ ഹരിയാന മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അവാര്‍ഡ് സമ്മാനിച്ചു. ജോസുകുട്ടിയുടെ പല്ലിന്റെ ബലം എഎക്സ്എന്‍ ചാനല്‍ സംപ്രേഷണം ചെയ്തു. ഭാര്യ ബീന. കോഴിക്കോട് മെഡിക്കല്‍ കോളജ് ഹെഡ് നഴ്സ്. മകന് അജയ് മെഡിക്കല്‍ കോളജ് ഡോക്ടര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: