- മോഷ്ടിക്കാനായി മാത്രം പുസ്തകം വായിക്കുന്ന പ്രൊഫസര്‍ എന്ന ലേഖനം സാഹിത്യവിമര്‍ശത്തില്‍ പ്രസിദ്ധീകരിക്കുകയും അത് എന്റെ ഫേസ്ബുക്ക് പേജില്‍ ഇടുകയും ചെയ്തതിനെത്തുടര്‍ന്ന് കാളികൂളിപ്പടയുടെ ഘോഷയാത്ര പുറപ്പെട്ടു. വാട്സ്ആപ് ഗ്രൂപ്പുകളിലും മറ്റും കാളികൂളികള്‍ കാബറെ കളിക്കുകയായിരുന്നു.
$ സുനില്‍ മാഷിനെ ഇങ്ങനെയൊക്കെ പറയാമോ എന്നൊക്കെ ഇടനെഞ്ചുപൊട്ടി വിലപിക്കുന്നവര്‍.
$ ഏട്ടിലെ പശു പുല്ലുതിന്നുന്നതു കണ്ടതുപോലെ ഞെട്ടിത്തരിച്ചു നില്ക്കുന്നവര്.
$ ഭ്രാന്തുപിടിച്ച കാണ്ടാമൃഗത്തെപ്പോലെ ഫേസ്ബുക്ക് വാളുകളിലും വാട്സ് ആപ് ഗ്രൂപ്പുകളിലും മുക്രയിട്ടു പായുന്നവര്‍.
$ ഇവനെയിപ്പം അടിച്ചൊതുക്കിത്തരാം എന്നലറിക്കൊണ്ട് ഫേസ്ബുക്ക് വാളുകളില്‍ വലിഞ്ഞുകയറുന്നവര്‍.
$ ഞാനിപ്പം മറുപടി എഴുതുമേ എന്ന് കൂവിക്കൊണ്ടു നടക്കുന്നവര്‍ (ഇതുവരെ മഷി കിട്ടിയില്ല!)
$ ദെറിദയുടെ അമ്മായിയപ്പന് ചമഞ്ഞുകൊണ്ട് ആനയ്ക്ക് വയറ്റിളക്കം പിടിച്ചതുപോലെ സൈദ്ധാന്തിക വിശകലനം വിസര്‍ജിച്ചു നടക്കുന്നവര്‍.
ഇവറ്റകളില്‍ വലിയൊരു വിഭാഗം കോളജ് അദ്ധ്യാപകരും ഗവേഷക വിദ്യാര്‍ത്ഥികളും ആണ്. പകര്‍പ്പു രചന എന്നത് രണ്ടു രചനകളുടെ താരതമ്യത്തിലൂടെ തെളിയിക്കാനോ തള്ളിക്കളയാനോ കഴിയുന്നതാണ്. ഇളയിടത്തിന്റെ പുസ്തകവും സോനേജിയുടെ പുസ്തകവും എടുത്തുനോക്കി തങ്ങളുടെ വിശ്വാസം സ്ഥിരീകരിക്കാന്‍ ഇവറ്റകളില്‍ ഒരെണ്ണത്തിനു പോലും തോന്നുന്നില്ല.
കുരുപൊട്ടുന്നവരോടും പൊട്ടാന്‍
വെമ്പി നില്ക്കുന്നവരോടും
ഒരാള്‍ മറ്റൊരാളെ കല്ലെടുത്തെറിഞ്ഞാല്‍ എന്തുകൊണ്ട് അത് ചെയ്തു എന്ന ചോദ്യം വളരെ പ്രധാനമാണ്. എന്നാല്‍ ഒരാള്‍ മോഷ്ടിച്ചു എന്ന് മറ്റൊരാള്‍ ആരോപിക്കുമ്പോള്‍ ആരോപണം ശരിയാണോ എന്നതാണ് ആദ്യത്തെ കാര്യം. ശരിയാണെങ്കില്‍ മോട്ടീവിന് പ്രാധാന്യമൊന്നുമില്ല. തെറ്റാണെങ്കില്‍ പ്രാധാന്യമുണ്ടുതാനും. ഇവിടെ കുരു പൊട്ടുന്നവര്ക്കൊന്നും ആരോപണം ശരിയാണോ എന്നതിനെക്കുറിച്ചല്ല ശ്രദ്ധ. ഞാന്‍ എന്തുകൊണ്ടു പറഞ്ഞു എന്നതാണ് പ്രശ്നം. ഞാന്‍ ഉയര്‍ത്തിയ ചോദ്യം നേരിടാന്‍ കെല്പില്ലാത്തവര് സങ്കി സിദ്ധാന്തം, കോണ്‍ഗ്രസ് സിദ്ധാന്തം, പാഠം മാസികക്കാരുടെ ഉപജാപ സിദ്ധാന്തം എന്നിങ്ങനെ പല കാര്യങ്ങള്‍ പറഞ്ഞ് കുരു പൊട്ടിക്കൊണ്ടിരിക്കും.
ആ ലേഖനം ഞാന്‍ വായിച്ചിട്ടുണ്ട്, വളരെ മൗലികമായ ആശയങ്ങളാണ് എന്ന് ഇവരില്‍ ആരും പറയുന്നില്ല. പറയാന്‍ പറ്റില്ല. കാരണം ഇവരാരും പുസ്തകം വായിച്ചിട്ടില്ല. അവര്‍ക്കതിന്റെ ആവശ്യവുമില്ല. അപ്പോള്‍ പിന്നെ സിദ്ധാന്തംതന്നെ രക്ഷ! അതിനൊന്നും കുഴപ്പമില്ല. പക്ഷേ ഞാന്‍ എഴുതിയത് ഇളയിടത്തിന്റെ ലേഖനം ഓരോ വാക്കും വായിച്ച് എവിടെനിന്ന് എടുത്തിരിക്കുന്നു എന്ന് ഉറപ്പുവരുത്തിയിട്ടാണ്. അതുകൊണ്ട് ആര്‍ക്കു കുരു പൊട്ടിയാലും എനിക്കു പറയാനുള്ളത് ഞാന്‍ പറഞ്ഞിരിക്കും. ഒരു ലേഖനത്തെക്കുറിച്ച് പറയുമ്പോള്‍ ഇത്ര കുരു പൊട്ടിയാല്‍ ഇനി ബാക്കി പറയുമ്പോള്‍ പൊട്ടാന്‍ കുരു മാര്‍ക്കറ്റില്‍നിന്നു വാങ്ങേണ്ടി വരുമല്ലോ.
ഇവറ്റകളാരും തന്നെ കാര്യത്തിലേക്കു കടക്കുന്നില്ല എന്നു കണ്ടപ്പോള്‍ വളരെ കൃത്യമായ ചോദ്യങ്ങളായി ആരോപണം പുനഃപ്രസ്താവിച്ചുകൊണ്ട് നാലുദിവസങ്ങളിലായി (ഫേസ്ബുക്കില്‍) പോസ്റ്റു ചെയ്തു.
പ്ലേജിയറിസം ചലഞ്ച്
നൂറു മീറ്റര്‍ ചലഞ്ചിന് വിളിച്ചിട്ട് ആരും അടുക്കുന്നില്ല. ദൂരെനിന്നു കുരു പൊട്ടുന്നതല്ലാതെ കാര്യത്തിലേക്കു കടക്കുന്നില്ല. എഴുതിയ ആള് സങ്കിയാണോ കൊങ്കിയാണോ കൊതിക്കെറുവാണോ പ്രശംസാകാംക്ഷയാണോ എന്നൊക്കെ ചിലച്ചുകൊണ്ടും, എന്നെ അധിക്ഷേപിച്ച് വായടപ്പിച്ചുകളയാം എന്ന വ്യാമോഹത്തോടെ ശകാരവര്‍ഷം ഉതിര്‍ത്തുകൊണ്ടും ഞാന്‍ ഉയര്‍ത്തിയ ആരോപണത്തെ നേരിടാന്‍ ശേഷിയില്ല എന്ന കാര്യം ഔട്ട് ഓഫ് ഫോക്കസ് ആക്കിക്കളയുന്നു. ഞാന്‍ വിചാരിച്ചത് ഇളയിടത്തിന്റെ പുസ്തകങ്ങള്‍ അരച്ചുകലക്കിക്കുടിച്ച ആരാധകര്‍ ഇപ്പോള്‍ കുട്ടക്കണക്കിനു തെളിവുമായി വന്ന് എന്നെ ചവിട്ടിക്കൂട്ടുമെന്നാണ്. പക്ഷേ ദയനീയമായ ചില കുരുപൊട്ടല്‍ നാടകങ്ങളല്ലാതെ ഒന്നുമുണ്ടാകുന്നില്ല. ഈ ലേഖനം വളരെ മൗലികമാണ്. ഒരു വാക്കുപോലും മാഷ് കട്ടെടുത്തിട്ടില്ല, കൊടുക്കേണ്ടിടത്തെല്ലാം റഫറന്‍സ് കൃത്യമായി കൊടുത്തിട്ടുണ്ട് എന്ന് ഒരു ശിങ്കവും പറയുന്നില്ല! (മാഷ് അങ്ങനെ ചെയ്യില്ല എന്ന് ചില കുട്ടിശിങ്കങ്ങള് പറയുന്നുണ്ട്. അത് പള്ളീല് ചെന്നു പറഞ്ഞാല്‍ മതി; നിങ്ങടെ വിശ്വാസം അല്ല ചോദിച്ചത്; ഫാക്ട് ആണ്. മാഷ് ചെയ്തിട്ടില്ല എന്നു പറ. ശിങ്കമാണെന്ന് ഞാന്‍ സമ്മതിക്കാം) അതിനു കാരണമുണ്ട്. ഇവറ്റകളാരും തന്നെ ഈ പുസ്തകം വായിച്ചിട്ടില്ല. ഇനിയങ്ങോട്ട് വായിക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല. ഇളയിടത്തിന്റെ മറ്റു പുസ്തകങ്ങളും വായിച്ചിട്ടില്ല. എന്നു മാത്രമല്ല, ബിറ്റ് നോട്ടീസിനേക്കാള് നീളമുള്ള എന്തെങ്കിലും വായിച്ച ലക്ഷണവുമില്ല. സംഗതി ഇത്രയുമായ സ്ഥിതിക്ക്, കുരുപൊട്ടിയ അല്പബുദ്ധികള്ക്കും ലളിത ബുദ്ധികള്‍ക്കും വേണ്ടി ഞാന്‍ മൂന്ന് മീറ്ററായി കുറയ്ക്കുന്നു. എന്റെ ലേഖനത്തിന്റെ ആദ്യഭാഗം കഴിഞ്ഞുള്ളതെല്ലാം ഞാന്‍ സസ്പെന്‍ഡു ചെയ്തു നിര്‍ത്തുന്നു. ആദ്യഭാഗത്തുള്ള മൂന്ന് ഉദ്ധരണികളിലൂടെ ഞാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അക്കമിട്ട് നിരത്തിയിരിക്കുന്നു. നിങ്ങള്‍ ചെയ്യേണ്ടത് ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് സ്ഥാപിക്കുക മാത്രം.
അപ്പോള്‍ ഇനി മൂന്നു മീറ്റര്‍
ചലഞ്ചിലേക്ക്
(1) തന്നിരിക്കുന്ന മൂന്ന് മലയാളം ഉദ്ധരണികള്‍ ഒപ്പം നല്‍കിയിട്ടുള്ള ഇംഗ്ലീഷ് പാഠത്തില്‍നിന്ന് ചുരുക്കം ചില വാക്കുകള്‍ ഒഴിവാക്കിക്കൊണ്ടുള്ള വിവര്‍ത്തനമാണ്. (2) റഫറന്‍സ് കീഴ്വഴക്കമനുസരിച്ച് വിവ ര്‍ത്തനം ചെയ്ത ഭാഗങ്ങള്‍ വിവര്‍ത്തനമാണെന്ന് സൂചിപ്പിക്കുകയും, പ്രഭവം ഏതെന്ന് രേഖപ്പെടുത്തുകയും ചെയ്യേണ്ടതാണ്. അതു ചെയ്തിട്ടില്ല. (3) മറ്റു പലയിടത്തും റഫറന്‍സ് ചേര്‍ക്കുന്ന ഇളയിടം, ഇവിടെ റഫറന്‍സ് ചേര്‍ക്കാതെ ഈ ഭാഗങ്ങള്‍ സ്വന്തം രചനയാണെന്ന പ്രതീതി സൃഷ്ടിക്കുകയാണ്. (4) ഇളയിടത്തിന്റേതായ ഒരാശയംപോലും ഈ മൂന്ന് ഉദ്ധരണികളില്‍ ഇല്ല. ഉണ്ടെങ്കില്‍ അടിവരയിട്ടു കാണിക്കൂ.
ഇനി ഇതൊന്നും വേണ്ട; ഇളയിടത്തിന്റെ ലേഖനത്തില്‍നിന്ന് ഇംഗ്ലീഷിലേക്കു മോഷ്ടിച്ചതാണ് എന്നു സ്ഥാപിച്ചാലും മതി. അപ്പോഴും എന്റെ ഓഫര്‍ നിലനില്ക്കുന്നു. അതും വേണ്ട. ഇവ നോട്ടക്കുറവു മൂലം റഫറന്‍സു ചേര്‍ക്കാന്‍ വിട്ടുപോയതാണ് എന്ന് ഇളയിടം പറഞ്ഞാലും മതി; ഞാന്‍ ആരോപണങ്ങള്‍ പിന്‍വലിക്കാം. പക്ഷേ അതിനു മുന്‍പ് ഒരു ചിന്ന പ്രശ്നമുണ്ട്. അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ ഇങ്ങനെ ‘റഫറന്‍സ് ചേര്‍ക്കാന്‍ വിട്ടുപോയ’ ഭാഗങ്ങളുടെ ഒരു പട്ടിക എന്റെ കൈയിലുണ്ട്. അതൊക്കെ ഇങ്ങനെ നോട്ടക്കുറവുമൂലം വിട്ടുപോയതാണോ എന്നു ഞാന്‍ അദ്ദേഹത്തോട് ചോദിക്കും! അത്രയേ ഉള്ളൂ.
പ്ലേജിയറിസം ചലഞ്ച് 2- ഭരതനാട്യത്തെക്കുറിച്ച് ഇളയിടത്തിന്റെ ലേഖനത്തില്‍ ദവേഷ് സോനേജി എഡിറ്റു ചെയ്ത പുസ്തകത്തില്‍ നിന്ന് വിവര്‍ത്തനം ചെയ്തു ചേര്‍ത്തിരിക്കുന്ന പാഠഭാഗങ്ങള്‍ കണ്ടെത്തുക. റഫറന്‍സ് നല്‍കിയിട്ടുള്ളവയും അല്ലാത്തവയും. ആകെ ലേഖനത്തിന്റെ എത്ര ഭാഗം വരും ഇത് എന്ന് തിട്ടപ്പെടുത്തുക. ഇനി താഴെ കാണുന്ന ചോദ്യത്തിന് ഉത്തരം പറയുക: ഇളയിടത്തിന്റേത് ലേഖനമാണോ വിവര്‍ത്തനമാണോ?
പ്ലേജിയറിസം ചലഞ്ച് 3- ഇളയിടത്തിന്റെ ലേഖനത്തില്‍ നിന്നുള്ള ഒരു വലിയ ഖണ്ഡിക താഴെ കാണാം. അതില്‍ ഏകദേശം അവസാനഭാഗത്ത് അമാന്‍ഡ വൈഡ്മാന്‍ എന്നൊരു റഫറന്‍സ് കാണാം. ഈ റഫറന്‍സ് നോക്കിയാല്‍ ആ പുസ്തകത്തിലെ 99-ാം പേജിലെ ഒന്നാമത്തെ ഖണ്ഡികയില്‍ നിന്നെടുത്തതാണ് ഈ ഭാഗം എന്നു കാണാം. അപ്പോള്‍ നിങ്ങള്‍ വിചാരിക്കും ആദ്യഭാഗം ഇളയിടത്തിന്റെ മൗലികമായ എഴുത്താണ് എന്ന്. അവിടെയാണ് പ്രശ്നം. ആദ്യഭാഗം ഇതേ പേജിലെ രണ്ടാം ഖണ്ഡികയില്‍ നിന്നുള്ള വിവര്‍ത്തനമാണ്. ഇനി എന്റെ ചോദ്യം.
1. ഒരു ചെറിയ ഖണ്ഡികയുടെ റഫറന്‍സ് നല്‍കിക്കൊണ്ട്, വലിയൊരുഭാഗം കോപ്പിയടിച്ചു വച്ചിരിക്കുന്നത് മറച്ചുവയ്ക്കുകയല്ലേ ഇളയിടം ചെയ്യുന്നത്? 2. ഇത് പ്ലേജിയറിസം അല്ലേ? 3. വിവര്‍ത്തനം ആയതിനാല്‍ അത് സൂചിപ്പിക്കേണ്ടതല്ലേ? 4. ഇത് ഒറ്റപ്പെട്ട ഉദാഹരണമല്ല. ഇത് അദ്ദേഹത്തിന്റെ സ്ഥിരം റഫറന്‍സ് ശൈലിയാണ്. ഗവേഷണ മാര്‍ഗദര്‍ശികൂടിയായ ഒരു അദ്ധ്യാപകന് ഇങ്ങനെ പെരുമാറുന്നത് അനുവദനീയമാണോ?
പ്ലേജിയറിസം ചലഞ്ച് 4- താഴെക്കൊടുത്തിരിക്കുന്ന പേജ് നോക്കൂ. ആദ്യ ഭാഗത്ത് റഫറന്‍സ് ചേര്‍ത്തിട്ടുണ്ട്. രണ്ടാമത്തെ ഭാഗത്ത് റഫറന്‍സ് ഇല്ല. പക്ഷേ സോനേജിയുടെ പുസ്തകത്തില്‍നിന്ന് വിവര്‍ത്തനം ചെയ്തതാണ്. ഏതു പേജില്‍നിന്ന് എടുത്തിരിക്കുന്നത് എന്ന് മാര്‍ജിനില്‍ ഞാന്‍ കുറിച്ചിരിക്കുന്നു.
1. ഈ പേജ് പൂര്‍ണമായും വിവര്‍ത്തനമാണ്. ഒരു വരിപോലും ഇളയിടത്തിന്റേതല്ല. 2. ആദ്യഭാഗത്ത് റഫറന്‍സ് ചേര്‍ക്കുന്ന ലേഖകന്‍ എന്തുകൊണ്ടാണ് രണ്ടാമത്തെ ഭാഗത്ത് റഫറന്‍സ് ചേര്‍ക്കാത്തത്? തന്റെ മൗലികമായ എഴുത്താണ് എന്ന പ്രതീതി ജനിപ്പിക്കാന്‍ ഇതല്ലാതെ മറ്റ് വിശദീകരണങ്ങള്‍ ഉണ്ടോ? ഇതിനെയല്ലേ പകര്‍പ്പു രചന എന്നുപറയുന്നത്?
3. ഇതിലും ഗൗരവമുള്ള ഒരു കാര്യംകൂടി ശ്രദ്ധിക്കുക. രണ്ടാം ഭാഗത്ത് രണ്ട് വ്യത്യസ്ത ഭാഗങ്ങളിലെ വരികള്‍ വിവര്‍ത്തനം ചെയ്ത് ഒറ്റ ഖണ്ഡികയാക്കിക്കാണിക്കുന്നു. അവയെ ബന്ധിപ്പിക്കുന്ന ഒരു വരി പോലും അദ്ദേഹം എഴുതുന്നില്ല. ചുരുക്കം പറഞ്ഞാല്‍ താന്‍ പറഞ്ഞു വരുന്നതിനിടയിലേക്ക് വിവര്‍ത്തനം തിരുകിക്കയറ്റുക പോലുമല്ല ഇളയിടം ചെയ്യുന്നത്. തുടരെത്തുടരെ കട്ട് & പേസ്റ്റ് ചെയ്യുകയാണ്. ഏറെ ്ലൃയമശോ രീു്യ….. ഈ കട്ട് & പേസ്റ്റ് നെ വെട്ടിപ്പും പറ്റിപ്പും എന്നല്ലേ വിശേഷിപ്പിക്കേണ്ടത്?
ശ്രീചിത്രന്റെ പോസ്റ്റ് അഥവാ
അറം പറ്റിയ ചിരി
ഇത്രയൊക്കെ പറഞ്ഞിട്ടും വിശറികളൊന്നും അനങ്ങുന്നില്ല. കാളികൂളിപ്പടയുടെ പൊടിപോലുമില്ല. നിശ്ശബ്ദം നിശ്ശൂന്യം. എന്നാലിനി സ്ഥലംവിടാമെന്നു കരുതുമ്പോള്‍ അതാ വരുന്നു രണ്ടാം നവോത്ഥാനത്തിന്റെ രണ്ടാം നായകന്. വേറാരുമല്ല നോമ്മടെ ശ്രീചിത്രന്. അതുതന്നെ… കവിതാപുരാതത്ത്വ വിജ്ഞാനി… പഴയകാലത്തിലേക്ക് കുഴിച്ചുകുഴിച്ചുപോയി കവിതാനിധികള് കണ്ടെത്തി തുടച്ചു മിനുക്കിയെടുക്കുക മാത്രമല്ല, കോപ്പിറൈറ്റ് സഹിതം വഴിയേ പോകുന്നവര്‍ക്ക് സ്നേഹാദര സമ്മാനം നല്കുന്ന സാംസ്കാരിക പ്രഭാഷകന്‍ (മറ്റു പ്രഭാഷകര്‍ക്ക് സംസ്കാരം ഇല്ലാത്തതുകൊണ്ടാണോ ഇങ്ങോരെ ഇങ്ങനെ വിളിക്കുന്നത് എന്ന് അറിഞ്ഞുകൂടാ.) സുനില്‍ മാഷിനൊപ്പം എന്നു പ്രഖ്യാപിക്കാനായി (പ്രഖ്യാപിച്ചില്ലെങ്കില്‍ അടുത്ത പ്രഭാഷണത്തിന്റെ ബുക്കിങ് കട്ടപ്പുറത്താകും) ഒരു പോസ്റ്റ് ഇട്ടു.
നവോത്ഥാന നായകനോട് സംവദിക്കാനുള്ള യോഗ്യതയെന്നും ഇല്ലെങ്കിലും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംമൂലം താഴെ ചേര്‍ത്തിരിക്കുന്ന മറുപടി ഞാന്‍ പോസ്റ്റു ചെയ്തു.
ശ്രീചിത്രന് ആരാണെന്ന് എനിക്കറിയില്ല. ഒന്നുരണ്ടു തവണ ചാനല്‍ ചര്‍ച്ചകളില്‍ കണ്ടിട്ടുണ്ട്. വസ്തുനിഷ്ഠമായും നിശിതമായും അതേസമയം അങ്ങേയറ്റം മാന്യമായും കാര്യങ്ങള്‍ അവതരിപ്പിക്കുന്ന ബഹുമാന്യവ്യക്തിത്വമായാണ് തോന്നിയത്. (കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍, ബഹുമാന്യത എന്ന പദത്തിന് അര്‍ഥലോപം വരാതിരിക്കാനായി, പ്രസ്തുത വാക്ക് മേല്വാക്യത്തില്നിന്ന് മുന്‍കാല പ്രാബല്യത്തോടെ പിന്‍വലിക്കുന്നു) പക്ഷേ ഇവിടെ അദ്ദേഹം സംസാരിക്കുന്നതില്‍ അല്പം പ്രശ്നമുണ്ട്.
1. പ്ലേജിയറിസം തെളിവുസഹിതം ആരോപിക്കുമ്പോള്‍ സുനില്‍ പി. ഇളയിടം എനിക്കുവരെ റഫറന്‍സ് നല്‍കിയിട്ടുണ്ട് എന്ന് (ശ്രീചിത്രന്)പറയുന്നത് ബാലിശമായ ഒരു യുക്തിയാണ്. റഫറന്‍സ് നല്‍കാതെ ഉപയോഗിച്ചിരിക്കുന്ന നിരവധി ഭാഗങ്ങളും, ലേഖനം മൊത്തത്തില്‍ വിവര്‍ത്തനമാണ് എന്നതും ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നു. താങ്കള്‍ക്ക് എവിടെയോ റഫറന്‍സ് നല്കിയതുകൊണ്ടോ, ചിരി വരുന്നതുകൊണ്ടോ ഈ തെളിവുകള്‍ ഇല്ലാതാകുന്നില്ല. റഫറന്‍സിനു പകരം താങ്കളുടെ ചിരി മതിയാകും എന്ന നിയമം യുജിസി നടപ്പിലാക്കിയിട്ടില്ല എന്നാണ് എന്റെ ധാരണ. 2. ആരോപണവിധേയന് തെരുവുകളില്‍ ജീവിച്ചതുകൊണ്ടോ മനസ്സുകളില്‍ ജീവിച്ചതുകൊണ്ടോ ഒരു കാര്യവുമില്ല. പ്ലേജിയറിം ചെക്ക് എന്നത് ഒപ്പീനിയന് പോളിന്റെ അടിസ്ഥാനത്തില്‍ നടത്തുന്നതല്ല. 3. കരി ഓയില്‍ പ്രയോഗം, വ്യക്തിഹത്യ, സംഘരാഷ്ട്രീയത്തിന്റെ മുഴക്കോല്. ഇതൊക്കെ പലരും പലവുരു പറഞ്ഞു കഴിഞ്ഞു. പ്ലേജിയറിസം എന്ന ആരോപണം തെറ്റാണെന്നു തെളിയിച്ചാല്‍ മാത്രമല്ലേ ഇതിനൊക്കെ സാധ്യത ഉണ്ടെന്ന് പറയാന്‍ കഴിയൂ?
ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നു. ഒരു സര്‍വകലാശാലാ അധ്യാപകന് ചെയ്യാവുന്ന ഏറ്റവും ഹീനമായ കുറ്റമാണ് പകര്‍പ്പു രചന. ലളിതബുദ്ധികളെ ത്രസിപ്പിക്കുന്ന വാഗ്ധോരണികൊണ്ടൊന്നും അതിനെ കുഴിച്ചുമൂടാന്‍ പറ്റില്ല. അറം പറ്റിയ ചിരിയായിപ്പോയി ശ്രീചിത്രന്റേത്. കുറച്ചുദിവസം കഴിഞ്ഞതേയുള്ളൂ.
ഘോഷയാത്രകള്‍
അവസാനിക്കുന്നില്ല
കാളികൂളിപ്പടയോടെ സംഗതി തീര്‍ന്നില്ല. ഞാന്‍ ഉന്നയിച്ച പകര്‍പ്പുരചനാ ആരോപണം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 16 അക്കാദമിഷ്യന്മാര് പ്രസ്താവനാ ഘോഷയാത്രയുമായി അതാ വരുന്നു. ഒപ്പിട്ടിരിക്കുന്നവര് ഇവരാണ്:
പ്രൊഫ. കെ.എന്‍. പണിക്കര്‍, ഡോ. കെ. സച്ചിദാനന്ദന്, പ്രൊഫ. കേശവന് വെളുത്താട്ട്, പ്രൊഫ. സി. രാജേന്ദ്രന്, പ്രൊഫ. സ്കറിയാ സക്കറിയ, പ്രൊഫ. ഇ.വി. രാമകൃഷ്ണന്, പ്രൊഫ. പി.പി. രവീന്ദ്രന്, പ്രൊഫ. കെ.എന്‍. ഗണേഷ്, പ്രൊഫ. ഉദയകുമാര്‍, പ്രൊഫ. കെ.എം. കൃഷ്ണന്, പ്രൊഫ. സനല്‍ മോഹന്‍, പ്രൊഫ. കെ.എം. സീതി, പ്രൊഫ. മീന ടി. പിള്ള, ഡോ. കവിത ബാലകൃഷ്ണന്, പ്രൊഫ. എം.വി. നാരായണന്, പ്രൊഫ. ടി.വി. മധു, പണ്ഡിതപ്പട്ടം സ്വയം നേടിയവരും പണ്ഡിതപ്പട്ടം പ്രത്യേകമായി ചാര്‍ത്തിയ കോറം തികയ്ക്കാനായി അവതരിപ്പിക്കപ്പെട്ടവരുമുണ്ട് ഘോഷയാത്രയില്‍….
സുനില്‍ പി. ഇളയിടം ഉപയോഗിച്ചിരിക്കുന്ന റഫറന്‍സ് ശൈലി സ്വീകാര്യമാണെന്ന് മാത്രമല്ല, മലയാളം പോലൊരു ‘അവികസിത സംസ്കാരത്തിന്’ അനുപേക്ഷണീയവുമാണെന്ന് ഇവര്‍ ആണയിട്ടു പറയുമ്പോള്‍ എതിര്‍ക്കാന്‍ ഞാന്‍ ആളല്ല. അതിനാല്‍ ആരോപണം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കാനല്ല, മാപ്പു പറയാന്‍ തന്നെ ഞാന്‍ തയ്യാറാണ് എന്ന് ഒപ്പിയാന്മാരെ ഞാന്‍ അറിയിച്ചു, ഒരു നിബന്ധന മാത്രം: ”ഇതേ റഫറന്‍സ് ശൈലി അനുവര്‍ത്തിച്ചുകൊണ്ട് നിങ്ങളുടെ പുസ്തകങ്ങളെ ആധാരമാക്കി ഒരു പുസ്തകം എഴുതി എന്റെ പേരില്‍ പ്രസിദ്ധീകരിക്കാന്‍ എനിക്ക് നിങ്ങള്‍ എല്ലാവരും അനുവാദം തരണം. അതായത്, നിങ്ങളുടെ ലേഖനങ്ങളില്‍നിന്ന് വിവര്‍ത്തനം ചെയ്തതായിരിക്കും എന്റെ പുസ്തകത്തിലെ 80 % ഭാഗങ്ങളും. ചിന്ന പാരഗ്രാഫുകള്‍ ഞാന്‍ എടുക്കുമ്പോള്‍ റഫറന്‍സ് നിര്‍ബന്ധമായും ചേര്‍ത്തിരിക്കും. വലിയ പാരഗ്രാഫുകള്‍ പകര്‍ത്തിവയ്ക്കുമ്പോള്‍ റഫറന്‍സ് വയ്ക്കില്ല. സംഭവം മൗലികമല്ലെങ്കിലും ഗ്രന്ഥകാരന് ഞാന്‍ തന്നെയാണെന്ന് ആമുഖക്കുറിപ്പില്‍ എടുത്തുപറയുന്നതാണ്. ഇങ്ങനെ പുസ്തകമെഴുതി പ്രസിദ്ധീകരിക്കാനുള്ള അനുവാദം മുദ്രപ്പത്രത്തില്‍ എഴുതി അയച്ചുതന്നാല്‍ ഉടനെ ഇളയിടത്തിനെതിരെയുള്ള ആരോപണം പിന്‍വലിച്ച് ഞാന്‍ പരസ്യമായി ക്ഷമാപണം ചെയ്യുന്നതാണ്…”
പ്രതികരിക്കാൻ ഇവിടെ എഴുതുക: