അജിത്ത്- ശിവ കൂട്ടുകെട്ടിന്റെ നാലാമത് ചിത്രവും ഒരു മാസ് എന്റര്ടെയ്നര് തന്നെ. ഗ്രാമീണ പശ്ചാത്തലത്തില്‍ തുടങ്ങുന്ന ‘വിശ്വാസം’ ഇവരുടെ മുന്‍ ചിത്രങ്ങളിലേതുപോലെ നഗരത്തില്‍ അവസാനിക്കുന്നു. തേനി ഗ്രാമത്തിലെ കീരിടം വയ്ക്കാത്ത രാജാവാണ് തുങ്കാദുരൈ. റൗഡിത്തരങ്ങളാണ് കയ്യിലെങ്കിലും എല്ലാം നല്ലതിന് വേണ്ടിമാത്രം.
പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിന്നുപോയ ഉത്സവം പുനരാരംഭിക്കാനുള്ള സന്ധിസംഭാഷണത്തില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. കളക്ടര്‍ മുന്‍പാകെ നടക്കുന്ന ചര്‍ച്ചയില്‍ എതിര്‍ചേരിക്കാര്‍ ഉത്സവം അനുവദിക്കില്ലെന്ന് വാദിക്കുന്നുണ്ടെങ്കിലും തുങ്കാദുരൈയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ അവര്‍ വഴങ്ങുന്നു. ഉത്സവക്കൊടിയേറ്റിന് കാല്നാട്ടിനുള്ള അവകാശം ഗൃഹസ്ഥര്‍ക്കു മാത്രം. അതിനായി പൂജാരി വിളിക്കുമ്പോള്‍ ചിത്രം പത്തു വര്‍ഷം പുറകോട്ട്.
ഡോക്ടര്‍ നിരഞ്ജന തേനിയിലെ ഒരു ഗ്രാമത്തിലേക്ക് മെഡിക്കല്‍ ക്യാമ്പ് നടത്താനെത്തുന്നു. അവര്‍ നാട്ടിലെത്തുമ്പോള്ത്തന്നെ ഗ്രാമം ബഹുമാനിക്കുകയും പേടിക്കുകയും ചെയ്യുന്ന തുങ്കാദുരൈയുമായി സംഘര്‍ഷത്തിലേക്ക്. നിരഞ്ജനയുടെ സൗന്ദര്യത്തിനും ധൈര്യത്തിനും മുന്നില്‍ തുങ്കാദുരൈ തോറ്റു കൊടുക്കുന്നു. പിന്നീട് സഹായിയാകുന്നു, അത് പ്രണയത്തിലേക്ക്. പിന്നീട് വിവാഹവും ഒരു പെണ്‍കുട്ടിയുടെ പിറവിയും. റൗഡിത്തരങ്ങള്‍ നിര്‍ത്താനായി നിരഞ്ജനയുടെ നിര്‍ബന്ധം. തുങ്കാദുരൈയുടെ റൗഡിത്തരങ്ങള്‍ കുട്ടിയുടെ ജീവനുവരെ ഭീഷണിയാകുമ്പോള്‍ നിരഞ്ജന മുംബൈയിലേക്ക് മടങ്ങുന്നു.
പത്ത് വര്‍ഷങ്ങള്‍ക്കുശേഷം നിരഞ്ജനയെ തിരിച്ചുവിളിക്കാനായി മുബൈയിലെത്തുന്ന തുങ്കാദുരൈയ്ക്ക് തന്റെ മകളുടെ ജീവന് രക്ഷിക്കേണ്ട ചുമതല ഏറ്റെടുക്കേണ്ടിവരുന്നു. അച്ഛനെന്ന സത്യം മറച്ചുവച്ച് ജോലിക്കാരനായി മകള്‍ക്കൊപ്പം തുങ്കാദുരൈ ചേരുന്നു. മുംബൈ നഗരത്തിലെ വ്യവസായിയായ വ്യക്തിയുടെ ഗുണ്ടകളാണ് മകളുടെ ജീവനുവേണ്ടി അലയുന്നതെന്ന് തുങ്കാദുരൈ കണ്ടെത്തുന്നു. എല്ലാത്തിലും ഒന്നാമനാകുന്ന വ്യവസായി അത് തന്റെ മകളും പിന്തുടരണമെന്ന് ശഠിക്കുന്നു. ഓട്ടത്തില്‍ ജയിക്കാന്‍ വ്യവസായിയുടെ മകള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നു. അത് രണ്ടാംസ്ഥാനക്കാരിയായ തുങ്കാദുരൈയുടെ മകള്‍ കണ്ടെത്തുന്നു. പരാജയഭീതിയില്‍ വ്യവസായിയുടെ മകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് അബോധാവസ്ഥയിലാണ്. അതിനുള്ള പ്രതികാരമാണ് തുങ്കാദുരൈയുടെ മകളുടെ ജീവനെടുക്കാനുള്ള ശ്രമവും.
ഗ്രാമീണാന്തരീക്ഷത്തിലെ പ്രണയവും പരിഭവങ്ങളും വളരെ മനോഹരമായി സംവിധായകന് പ്രേക്ഷകരിലെത്തിക്കുന്നുണ്ട്. മാസ് എന്റര്ടെയ്നര് എന്നതിനപ്പുറം ജീവിത സത്യങ്ങളും ചിത്രം പറയുന്നു. തല എന്ന് വിളിക്കുന്ന അജിത്തിന്റെ ആരാധകരെ നൂറ് ശതമാനം തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് ചിത്രത്തിന്റെ തിരക്കഥ. 18 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ആത്മഹത്യ കൊലപാതകമാണെന്ന് തല പറയുമ്പോള്‍ അത് പ്രേക്ഷകര്‍ക്ക് വലിയൊരു സന്ദേശമാണ്.
കുട്ടികളുടെ സ്വപ്നങ്ങള്‍ അവര്‍ക്ക് നല്‍കുക, അതില്‍ മുതിര്‍ന്നവരുടെ ആഗ്രഹങ്ങള്‍ കലര്‍ത്താതിരിക്കുക; ഇതാണ് ‘വിശ്വാസ’ത്തിന്റെ സന്ദേശം. പ്രേക്ഷകരുടെ വിശ്വാസവും കാക്കുന്നുണ്ട് ഈ തല ചിത്രം. ടോമിച്ചന് മുളകുപാടമാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: