ദേശീയപ്രശ്നമായ പൗരത്വവിഷയം ന്യൂനപക്ഷ വിരുദ്ധ നടപടിയായി ചിത്രീകരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സ് അടക്കമുള്ള പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിലകൊള്ളുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് അസമില്‍, ഇതിനെതിരെ സമരം നടന്നുവരുകയുമാണ്. ലോക്സഭ പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ വിഭാവനം ചെയ്യുന്നത് അഭയാര്‍ഥികളെയും നുഴഞ്ഞുകയറ്റക്കാരെയും വ്യത്യസ്തമായി കാണാനാണ്. വിഷയത്തിലെ മാനുഷികവശവും രാജ്യസുരക്ഷയുടെ വശവും മുന്നില്‍ക്കണ്ടുകൊണ്ടുള്ള നിലപാടാണിത്. പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ അയല്‍ രാജ്യങ്ങളില്‍നിന്ന് വംശഹത്യ ഭയന്ന് രക്ഷപ്പെട്ട് എത്തുന്ന അവിടത്തെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹയുണ്ടെന്ന് ബില്ലില്‍ വ്യവസ്ഥയുണ്ട്. 2014 ഡിസംബര്‍ 14നു മുന്‍പ് ഇന്ത്യയിലെത്തിയവര്‍ക്കാണ് ഈ പരിഗണന. ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഇതില്‍പ്പെടും. ഇത്തരക്കാര്‍ രാജ്യത്തിന്റെ പലഭാഗത്തും അഭയാര്‍ഥികളായി കഴിയുന്നുണ്ട്. അവര്‍ക്കു പോകാന്‍ വേറെ ഇടമില്ലെന്നതാണ് കാരണം. അതേസമയം ആ രാജ്യങ്ങളിലെ ഭൂരിപക്ഷമായ മുസ്ലിങ്ങള്‍ക്കു ബില്ലില്‍ പൗരത്വത്തിന്റെ പരിരക്ഷയില്ല. എന്നിരുന്നാലും ആരുടേയും അവകാശങ്ങള്‍ ഹനിക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റേത് മതവിവേചനമല്ല, മാനുഷിക പരിഗണനയാണ് എന്നര്‍ത്ഥം. ഇതിനെയാണ് ഇരട്ടത്താപ്പെന്ന് ദുഷ്ടലാക്കോടെ പ്രതിപക്ഷപ്പാര്‍ട്ടികള്‍ വിശേഷിപ്പിക്കുന്നത്. 1955ല്‍ തയ്യാറാക്കിയ പൗരത്വബില്‍ 2016ല്‍ ഭേദഗതി ചെയ്തിരുന്നു.
പൗരന്മാരുടെ കൃത്യമായ കണക്കും തിരിച്ചറിയല്‍ സംവിധാനവും ഏതൊരു രാഷ്ട്രത്തിന്റെയും അടിസ്ഥാന വിഷയമാണ്. അതിലേക്കുള്ള ആദ്യ ചുവടാണിത്. അഭയാര്‍ഥികളായും കുടിയേറ്റക്കാരായും നുഴഞ്ഞുകയറ്റക്കാരായും രാജ്യത്തേക്കു വരുന്നവരെയും ഇവിടത്തെ പൗരത്വമുള്ളവരേയും തിരിച്ചറിയാന്‍ സംവിധാനമുണ്ടായേ പറ്റൂ; ലോകമെങ്ങും ഭീകരാക്രമണ ഭീഷണി അസ്വസ്ഥത പടര്‍ത്തുമ്പോള്‍ പ്രത്യേകിച്ചും. പലരൂപത്തിലുള്ള കുടിയേറ്റങ്ങള്‍ക്കും അഭയാര്‍ഥി പ്രവാഹത്തിനും സാക്ഷ്യം വഹിച്ച നാടാണ് ഭാരതം. രോഹിങ്ക്യന്‍ പ്രശ്നം നിലനില്‍ക്കുന്നുമുണ്ട്. ബംഗ്ലാദേശില്‍നിന്ന് അസമിലേക്കും ബംഗാളിലേക്കും നുഴഞ്ഞുകയറിയവരും കുടിയേറിയവരും കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു.
കുടിയേറ്റങ്ങള്‍ക്കും നുഴഞ്ഞുകയറ്റത്തിനും പ്രധാനമായും വേദിയാകുന്നത് അതിര്‍ത്തി സംസ്ഥാനങ്ങളാണ്. അത്തരം പ്രതിഭാസത്തിന്റെ ഫലം ഏറ്റവുമധികം അനുഭവിച്ച സംസ്ഥാനമാണ് അസം. ഈ ദുരനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി പുതിയൊരു കണക്കെടുപ്പ് എന്ന തീരുമാനത്തിലെത്തിയത്. അസമിലെ കണക്കെടുപ്പില്‍ 40 ലക്ഷം പേര് പൗരത്വ രജിസ്റ്ററിനു പുറത്തായി. ഇതില്‍ 10 ലക്ഷം പേര് മുസ്ലിങ്ങളാണ്.
1971ല്‍ ബംഗ്ലാദേശ് യുദ്ധകാലത്ത് വന്‍തോതില്‍ അഭയാര്‍ഥികള്‍ അന്നത്തെ കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്ന് അസമിലേക്ക് അഭയാര്‍ഥികളായി എത്തിയിരുന്നു. ബംഗ്ലാദേശ് രൂപവത്ക്കരണത്തിനുശേഷം അവിടെനിന്ന് കുടിയേറ്റം നടക്കുന്നതായി ആരോപണമുണ്ടായിരുന്നു. ഫലത്തില്‍ അസമിലെ ജനങ്ങളില്‍ നല്ലൊരുഭാഗം ബംഗ്ലാദേശില്‍ നിന്നുള്ള വിദേശികളാണെന്നും, ഇത് തദ്ദേശീയരുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്നും പരാതിയുയര്‍ന്നു. ഇത് സംസ്ഥാനത്ത് അസ്വസ്ഥത പടര്‍ത്തുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് 1980ലാണ് അസമില്‍ വീണ്ടും പൗരത്വ കണക്കെടുപ്പ് നടത്തണമെന്ന ആവശ്യം ഉയര്‍ന്നത്. ഇന്ത്യന്‍ പൗരന്മാരേയും കുടിയേറ്റക്കാരേയും തിരിച്ചറിയുകയായിരുന്നു ഉദ്ദേശ്യം.
പൗരത്വപ്രശ്നം അസമിന്റെ മാത്രമോ വടക്കുകിഴക്കിന്റെ മാത്രമോ വിഷയമല്ലെന്നും രാജ്യത്തെ മുഴുവന്‍ ബാധിക്കുന്ന പ്രശ്നമാണെന്നും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞിട്ടുണ്ട്. രാജ്യതാല്പര്യം മുന്‍നിര്‍ത്തി ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കാനുള്ള ഉത്തരവാദിത്വം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: