സംസ്ഥാനത്തെ പട്ടികജാതി-പട്ടികവര്‍ഗ കോളനികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. അതില്‍ ഏറ്റവും ദയനീയമായ സ്ഥിതിയാണ് സ്ത്രീകള്‍ നേരിടുന്നത്. പോഷകാഹാരക്കുറവും വൈദ്യശുശ്രൂഷാ സംവിധാനങ്ങളുടെ പോരായ്മയും ഈ ജനവിഭാഗത്തെ ഉന്മൂലനത്തിലേക്കാണ് നയിക്കുന്നത്. അതിന്റെ ഒന്നാന്തരം തെളിവാണ് ഈ ഡിസംബറില്‍ മാത്രം ഉണ്ടായ ശിശുമരണങ്ങള്‍. വേണ്ടത്ര പരിചരണവും പരിശോധനയുമില്ലാതെ ഗര്‍ഭിണികളെയും ഗര്‍ഭസ്ഥശിശുവിനെയും മരണത്തിലേക്ക് തള്ളിവിടുന്നു എന്നുതന്നെ പറയാം. ഡിസംബറില്‍ ഇതുവരെ 21 ശിശുമരണങ്ങളാണ് അട്ടപ്പാടിയില്‍ ഉണ്ടായത്. എന്നുവച്ചാല്‍ ദിവസം ഒരു ശിശുമരണം എന്ന മട്ടില്‍. ഉത്തര്‍പ്രദേശില്‍ ഒരു ഡോക്ടറുടെ ദുര്‍വാശിമൂലം ഏതാനും കുട്ടികള്‍ മരണപ്പെട്ടപ്പോള്‍ ആര്‍ത്തട്ടഹസിച്ച് യുപിയിലെ ബിജെപി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചവരാണ് ഇടതുപക്ഷവും കോണ്‍ഗ്രസും. ഇടതുപക്ഷമാണിവിടെ ഭരണം നടത്തുന്നത്. പ്രതിപക്ഷത്തെ നയിക്കുന്നത് കോണ്‍ഗ്രസും. അട്ടപ്പാടിയിലെ ദയനീയമായ ശിശുമരണങ്ങള്‍ ഇരുകൂട്ടരെയും ഒട്ടും അലട്ടുന്നില്ല. വനവാസികള്‍ മരിച്ചോട്ടെ എന്ന മാനസികാവസ്ഥയിലാണ് ഇരുകൂട്ടരും. വെള്ളിയാഴ്ച രാത്രി ഒരു കുട്ടികൂടി മരിച്ചതോടെ സര്‍ക്കര്‍ കണക്കനുസരിച്ച് മരണം 14 ആയി. എന്നാല്‍, 21 ശിശുക്കള്‍ മരിച്ചെന്നാണ് വനവാസികള്‍ പറയുന്നത്.
നെല്ലിപ്പതി ഊരിലെ രങ്കമ്മ-പഴിനി സ്വാമി ദമ്പതികളുടെ ആണ്‍കുഞ്ഞാണ് വെള്ളിയാഴ്ച്ച മരിച്ചത്. കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റ് ഇല്ലാതിരുന്നതാണ് ശിശുവിന്റെ ജീവന് രക്ഷിക്കാന്‍ സാധിക്കാത്തതിനു കാരണമെന്ന് ഊരുവാസികള്‍ പറയുന്നു. ഗര്‍ഭിണിയായതു മുതല്‍ രങ്കമ്മ കോട്ടത്തറ ആശുപത്രിയില്‍ കൃത്യമായി പരിശോധന നടത്തിയിരുന്നു. 19ന് ആശുപത്രിയില്‍ അഡ്മിറ്റായി.
രങ്കമ്മയ്ക്ക് വെള്ളിയാഴ്ച്ച രാത്രി പ്രസവവേദന തുടങ്ങിയെങ്കിലും ഡോക്ടറില്ലെന്ന കാരണത്താല്‍ ആനക്കട്ടിയിലെ ബഥനി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും ജീവന് നഷ്ടപ്പെടുമെന്ന സാഹചര്യത്തില്‍ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും കുട്ടി മരിച്ചു. രങ്കമ്മയുടെ രണ്ടാമത്തെ പ്രസവമായിരുന്നു. രാത്രി 12 മണിയോടെ തുണിയില്‍ പൊതിഞ്ഞ കുഞ്ഞിന്റെ മൃതദേഹവുമായി പഴനിസ്വാമി കോട്ടത്തറ ആശുപത്രിയിലെത്തി പ്രതിഷേധിച്ചു. തുടര്‍ന്ന് അഗളി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. പതിവുപോലെ തുടര്‍നടപടി ഒന്നും ഉണ്ടായിട്ടില്ല. കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ രണ്ട് ഗൈനക്കോളജിസ്റ്റുകളുണ്ട്. ഇവരില്‍ ഒരാള്‍ മൂന്നുമാസമായി അവധിയിലാണ്. മറ്റൊരാള്‍ പരിശീലനത്തിനു പോയി. ആശുപത്രിയിലെ ചില ഡോക്ടര്‍മാര്‍ ശബരിമല ഡ്യൂട്ടിയിലുമാണ്. പകരം ഡോക്ടര്‍മാരെ നിയമിച്ചിട്ടുമില്ല. ഡോക്ടര്‍മാരില്ലെന്ന വിവരം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ആരോഗ്യ സെക്രട്ടറി, ഡിഎംഒ, എന്നിവരെ നോഡല്‍ ഓഫീസര്‍ ഡോ. പ്രഭുദാസ് അറിയിച്ചിരുന്നു. എന്നാല്‍ ഒരു നടപടിയുമുണ്ടായില്ലെന്നാണ് ആരോപണം.
പട്ടികജാതി-പട്ടികവര്‍ഗ വകുപ്പുവഴി ഒട്ടേറെ ആനുകൂല്യങ്ങളും പദ്ധതികളും പരിഷ്കരണ പരിപാടികളും കേള്‍ക്കാറുണ്ട്. പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി തീരുംവരെ ഈ അടിസ്ഥാന ജനവിഭാഗത്തിന് നീക്കിവച്ചതായി കേള്‍ക്കുന്ന സംഖ്യ ഭീമമാണ്. എന്നാല്‍ കിടന്നുറങ്ങാനും മഴയും വെയിലുമേല്‍ക്കാതെ കഴിയാനുമുള്ള കൂരവച്ചുനല്കാന് പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. പട്ടിണി അവരുടെ കൂടപ്പിറപ്പാണ്. വേലയുമില്ല കൂലിയുമില്ല. പട്ടിണിയും വിശപ്പും സഹിക്കവയ്യാതെ കുറച്ചരിയും ഉണക്കമീനും വാങ്ങാന്‍ ശ്രമിച്ചതിന് ഒരു യുവാവിനെ തല്ലിക്കൊന്ന നാടാണല്ലൊ കേരളം. അതു കേരളമാതൃകയുടെ അഹങ്കാരമായി കൊണ്ടുനടക്കാന്‍ ഒരു ഉളുപ്പുമില്ലാത്തവരായി ഭരണപക്ഷവും പ്രതിപക്ഷവും നടക്കുന്നു. 12-ാം പദ്ധതി കാലയളവില്‍ സംസ്ഥാനത്തിന്റെ ആകെ വിഹിതമായ 95,010 കോടി രൂപയില്‍ ഇതിന്റെ 9.81 ശതമാനം പട്ടികജാതി വികസനത്തിന് നീക്കിവച്ചിരുന്നു. ഇതിന്റെ 70 ശതമാനം മാത്രമാണ് വനവാസി മേഖലയില്‍ ചെലവാക്കിയത്. വനവാസി വിഭാഗത്തിലെ ജനവിഭാഗത്തിന് ഊരുകളില്‍ പൊതു അടുക്കളയും സാമൂഹ്യ ഭക്ഷണവിതരണവുമൊക്കെ താളാത്മകമായി വിവരിക്കുമെങ്കിലും അതൊന്നും ഇനിയും ഫലപ്രദമല്ല. വിദ്യാര്‍ത്ഥികളുടെ ക്ഷേമവും ഐശ്വര്യവും മെച്ചപ്പെടുത്താനുള്ള സ്ഥാപനങ്ങള്‍ക്കും താളപ്പിഴയാണ്. അട്ടപ്പാടികള്‍ ഉണ്ടാകുന്നത് ഇതൊക്കെ കൊണ്ടാണ്. ആശുപത്രിയുണ്ടായിട്ടും ഡോക്ടറും മരുന്നും ഇല്ലെങ്കില്‍ എന്ത് പ്രയോജനം. അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ അധികൃതരുടെ അനാസ്ഥയും അലംഭാവവും കൊണ്ടുതന്നെയാണ്. അതിന് കാരണക്കാരായവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: