പുറത്തേറ്റിയ കൂറ്റന്‍ മാറാപ്പുമായി ഒരിക്കല്‍ ഒരു യുവാവ് ലോകയാത്ര പുറപ്പെട്ടു. ആരുടെയും കാല്പാദം പതിയാത്ത സുന്ദരമായൊരു സ്വര്‍ഗഭൂമി തേടിയായിരുന്നു ആ യാത്ര. ആ യാത്ര അയാളെ എത്തിച്ചത് തായ്ലാന്റിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍. അവിടെ ഖാമോ സാന്‍ റോഡിലെ ചെലവു കുറഞ്ഞ ഒരു ഹോട്ടലില്‍ അരക്കിറുക്കനായ ഒരു സ്കോട്ട്ലന്റുകാരനെ അയാള്‍ കണ്ടുമുട്ടി. യുവാവിന്റെ സ്വപ്നത്തെക്കുറിച്ചറിഞ്ഞ അയാള്‍ ഒരു അപൂര്‍വ സ്വര്‍ഗഭൂമിയുടെ പഴകി ദ്രവിച്ച ഭൂപടം യുവാവിന് സമ്മാനിച്ചു. ആ സ്വര്‍ഗം തായ്ലന്റില് തന്നെയാണെന്ന് ഭൂപടം വിശദീകരിച്ചു. ഇനി അവിടെയെത്തണം.
വഴിയില്‍ പരിചയപ്പെട്ട ഫ്രഞ്ച് ദമ്പതിമാരുമൊത്ത് അയാള്‍ തന്റെ സ്വപ്നഭൂമിയിലെത്താന്‍ വഴിതിരിഞ്ഞു. കൊടുംകാടും കടലോരവും കടന്ന് അന്യായകൂലി നല്കി ബോട്ടില്‍ സാഹസികയാത്ര നടത്തി അവരെത്തിയത് വന മധ്യത്തിലെ കഞ്ചാവ് തോട്ടത്തില്‍. കാവല്ക്കാരുടെ കണ്ണു വെട്ടിച്ച് യാത്രതുടര്‍ന്നപ്പോള്‍ മുന്പില് പ്രതിബന്ധമായി വലിയൊരു വെള്ളച്ചാട്ടം. രണ്ടും കല്പിച്ച് വെള്ളച്ചാട്ടത്തിലേക്ക് ചാടിയ അവര്‍ എത്തിയത് നാലുഭാഗത്തും ഹരിതാഭമായ മൊട്ടക്കുന്നുകള്‍ അതിരിട്ട ഉള്‍ക്കടലില്‍. നീന്തിക്കയറിയത് വന്യഭംഗി നിറഞ്ഞുനില്ക്കുന്ന വാഗ്ദത്ത ഭൂമിയില്‍.
അസ്തമന സൂര്യന്റെ സ്വര്‍ണ വെളിച്ചത്തില്‍ വെട്ടിത്തിളങ്ങുന്ന പഞ്ചാരമണലില്‍ അവര്‍ വിശ്രമിച്ചു. ചുറ്റും ആഴം കുറഞ്ഞ അനക്കമില്ലാത്ത കടല്‍. അവിടെ തത്തിക്കളിക്കുന്ന മീന്‍കൂട്ടം. തഴച്ചുവളര്‍ന്നു നില്ക്കുന്ന പവിഴപ്പുറ്റുകള്‍. കടല്‍ത്തീരം നിറയെ ഫലവൃക്ഷങ്ങളാണ്. എല്ലാം മനോഹരമായ ആകാരഭംഗിയുള്ള ചെറുമരങ്ങള്‍. പക്ഷേ അവിടെ ആള്‍ത്താമസമുണ്ടായിരുന്നു. അവരെ തീര്‍ത്തും നിരാശപ്പെടുത്തിക്കൊണ്ട് 30 ലോകയാത്രികര്. അവര്‍ ആ ദ്വീപിനെ മറുനാട്ടുകാരില്നിന്ന് കാത്തുരക്ഷിക്കാന്‍ ബദ്ധശ്രദ്ധരാണ്. കാരണം മറുനാട്ടുകാര്‍ ഈ സ്വര്ഗത്തെക്കുറിച്ചറിഞ്ഞാല് വിനോദസഞ്ചാരികള്‍ ഒഴുകും. അതോടെ പഞ്ചാര മണലും പവിഴപ്പുറ്റുകളും പഴച്ചെടികളുമൊക്കെ നശിച്ചു നാമാവശേഷമാവും. പരിസ്ഥിതി തകിടം മറിയും. ആ താമസക്കാരും പുതുതായെത്തിയ മൂന്നുപേരും ഒരുമിച്ചു ജീവിക്കുമ്പോഴുണ്ടാകുന്ന താളവും താളപ്പിഴകളുമൊക്കെ ചേര്‍ന്ന് കഥ മുന്നോട്ടുപോകുന്നു…
അതാണ് 1996-ല്‍ അലക്സ് ഗാര്‍ലാന്റ് എഴുതിയ ‘ദി ബീച്ച്’ എന്ന നോവലിന്റെ ഇതിവൃത്തം. അതേ പേരില്‍ നോവല്‍ 2000-ല്‍ സിനിമയാക്കിയത് ഡാനി ബോയല്‍. ലിയോനോര്‍ഡോ ഡികാപ്രിയോയും ടില്‍ഡാ സ്വിന്ടനുമൊക്കെ തകര്‍ത്തഭിനയിച്ച ചിത്രം ഹിറ്റായതോടെ പടം ചിത്രീകരിച്ച സ്വര്‍ഗഭൂമി തേടി പതിനായിരങ്ങള്‍ ഒഴുകിയെത്തി. തായ്ലന്റിലെ കോ ഫി ഫി ലീ ദ്വീപിലെ മായാ ഉള്‍ക്കടല്‍ തീരത്ത് ജനം തിങ്ങിനിറഞ്ഞു. തായ്ലന്റില് കഴിഞ്ഞവര്‍ഷം എത്തിയ 350 ലക്ഷം വിനോദസഞ്ചാരികളില്‍ ബഹുഭൂരിപക്ഷത്തിന്റെയും ലക്ഷ്യം ഭൂമിയിലെ ഈ സ്വര്‍ഗമായിരുന്നു. ട്രാബി ടൗണ്‍ ജെട്ടിയില്‍നിന്നുള്ള മിക്ക ബോട്ടുകളും ലക്ഷ്യം വയ്ക്കുന്നത് നാലുചുറ്റും ആനപ്പാറകള്‍ അതിരിട്ട മായാ ഉള്ക്കടലിലേക്കായിരുന്നു!
വിനോദസഞ്ചാരികളുടെ കൂത്താട്ടത്തില്‍ ദ്വീപിലെ ജൈവ ആവാസവ്യവസ്ഥ തകര്‍ന്നടിഞ്ഞുവെന്നത് പില്ക്കാല ചരിത്രം. ഉള്‍ക്കടലിലെ പവിഴപ്പുറ്റുകള്‍ മുഴുവന്‍ നശിച്ചു. അതില്‍ വംശവര്‍ദ്ധന നടത്തിയ മീനുകള്‍ നീന്തിയകന്നു. അനുനിമിഷം എത്തുന്ന ബോട്ടുകളുടെ ഇരമ്പലും അവയില്‍നിന്നു തൂവിയ ഓയിലും കടല്‍ മലിനീകരിച്ചു. തീരത്തെ ചെറുമരങ്ങള്‍ പിഴുതുവീണതോടെ ഉണ്ടായ മണ്ണൊലിപ്പില്‍ മായാ ദ്വീപിന്റെ സമ്പാദ്യമായ പഞ്ചാര മണലും ഇല്ലാതായിത്തുടങ്ങി. ഗാര്‍ലാന്റിന്റെ കഥയിലെ സഞ്ചാരിക്കൂട്ടം ഭയപ്പെട്ടതുതന്നെ ഇവിടെയും സംഭവിച്ചു. മറുനാട്ടുകാരുടെ കുത്തൊഴുക്കില്‍ അപരിഹാര്യമായ പരിസ്ഥിതി തകര്‍ച്ച. ഭൂമിയിലെ സ്വര്‍ഗം നരകമായി മാറിയ ദുരവസ്ഥ!
”നോക്കൂ! മായാ ഉള്‍ക്കടലിലെ ആവാസവ്യവസ്ഥ പൂര്‍ണമായും തകര്‍ന്നിരിക്കുന്നു. ബീച്ച് പൂര്‍ണമായും നശിച്ചുവെന്ന് പറയാം. എന്നാണിത് പൂര്വ്വസ്ഥിതിയിലാവുകയെന്ന് ആര്‍ക്കും പറയാനാവില്ല.” തായ്ലന്റിലെ ദേശീയ പാര്‍ക്കുകളുടെ ഡയറക്ടര്‍ സോംഗ്ടാം സുക് സവാങ്ങ് പറയുന്നു. ഉള്‍ക്കടലിലെ പവിഴപ്പുറ്റുകളില്‍ 80 ശതമാനവും നശിച്ചുകഴിഞ്ഞു. കടല്‍മലിനീകരണവും ആഗോളതാപനവും പ്ലാസ്റ്റിക് മാലിന്യങ്ങളുമൊക്കെ പവിഴപ്പുറ്റുകള്‍ക്ക് അന്തകരായി.
അങ്ങനെയാണ് 2018 ഒക്ടോബര്‍ മാസം ഒന്നാം തീയതി തായ്ലന്റ് രാജാവിന്റെ ആ വിളംബരം പുറത്തുവന്നത്. മായാ ഉള്‍ക്കടലും ബീച്ചും അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടിയിരിക്കുന്നു. വിനോദസഞ്ചാരികളുടെ വിവേകമില്ലാത്ത നടപടികളാണ് മായാ ഉള്‍ക്കടലിനെ പരിസ്ഥിതി നാശത്തിലേക്ക് നയിച്ചത്. ആദ്യം നാലുമാസത്തേക്ക് അവിടെ സന്ദര്‍ശകരെ നിരോധിച്ചു. അതുകൊണ്ട് ഫലമില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് തായ്ലന്റിലെ ദേശീയോദ്യാനം വന്യജീവി, സസ്യ സംരക്ഷണ വകുപ്പ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
പരിസ്ഥിതി സംഘടനകള്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്തുവെങ്കിലും മായാബീച്ചിന്റെ മനോഹാരിത വിറ്റ് ജീവിച്ചിരുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ ഇതോടെ തൊഴില്‍രഹിതരായി. വിനോദസഞ്ചാരയിനത്തില് തായ് സര്‍ക്കാരിന് ലഭിച്ചുവന്ന കോടിക്കണക്കിന് ഡോളറിന്റെ വരുമാനവും നിലച്ചു. എല്ലാം മനുഷ്യന്റെ വിവേകശൂന്യമായ പ്രവൃത്തികള്‍ മൂലം. മായാ ഉള്‍ക്കടല്‍ മേഖല പൂര്‍വസ്ഥിതിയിലെത്താന്‍ നിരവധി വര്‍ഷങ്ങള്‍ വേണ്ടിവരുമെന്ന് ശാസ്ത്രജ്ഞന്മാര് നിരീക്ഷിക്കുന്നു. ഒരു പവിഴപ്പുറ്റ് അരസെന്റീമീറ്റര്‍ വളരണമെങ്കില്‍ ഒരു വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് അവര്‍ സമര്‍ത്ഥിക്കുന്നു. അതും അനുകൂലമായ അന്തരീക്ഷം ഉണ്ടെങ്കില്‍ മാത്രം. ഈ മേഖലയിലെ ഫിലിപ്പൈന്‍സ്, ഇന്‍ഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളും വിനോദസഞ്ചാരം വരുത്തുന്ന പരിസ്ഥിതി നാശം മൂലം വീര്‍പ്പുമുട്ടുകയാണ്. ഫിലിപ്പൈന്‍സ് വൈസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂടെര്‍ട് തന്റെ നാട്ടിലെ ബോറാകെ ബീച്ച് ആറ് മാസത്തേക്ക് അടച്ചുപൂട്ടിയത് ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ്. അവിടം വലിയൊരു മാലിന്യ കൂമ്പാരമായെന്ന് അദ്ദേഹം പരസ്യമായി പരിതപിച്ചു. കടുത്ത മലിനീകരണം ഉണ്ടായതിനെത്തുടര്‍ന്ന് ഇന്തോനേഷ്യ കഴിഞ്ഞവര്‍ഷം ബാലിദ്വീപിന്റെ തീരത്ത് ‘ഗാര്‍ബേജ് എമര്‍ജന്‍സി’ (മാലിന്യ അടിയന്തരാവസ്ഥ) പ്രഖ്യാപിച്ചത് മറ്റൊരു ശ്രദ്ധേയ സംഭവം. ഇതൊക്കെ കാണിക്കുന്നത് ഉത്തരവാദിത്വ വിനോദ സഞ്ചാരം അന്യമാകുന്നതുകൊണ്ടുള്ള കുഴപ്പങ്ങളാണ്. നാം ഇന്ത്യക്കാര്‍ ഇതൊക്കെ കണ്ടുപഠിക്കാന്‍ എത്രനാള്‍ വേണ്ടിവരും?
പ്രതികരിക്കാൻ ഇവിടെ എഴുതുക: