ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വ്യത്യസ്തമായൊരു മാസികാ പ്രകാശന ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായി. തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ പ്രസ് ക്ലബ്ബ് ഹാളിലായിരുന്നു പരിപാടി. ഏതാനും ദശകങ്ങളായി തൊടുപുഴയിലെ ബൗദ്ധിക രംഗത്തു സജീമായ രാജേന്ദ്രന് പോത്താനശ്ശേരിയുടെ വളരെക്കാലത്തെ അഭിലാഷമാണ് സാഹിത്യപരമായും സാംസ്കാരികമായും നിലവാരം പുലര്‍ത്തുന്ന ഒരു മാസിക തന്റെ നാട്ടിലുണ്ടാവണമെന്നത്. പോത്താനശ്ശേരി വര്‍ഷങ്ങളായി സാംസ്കാരിക രംഗത്ത് ഇടപെടലുകള്‍ നടത്തുന്നയാളാണ്. തീവ്ര ഇടതുപക്ഷത്തായിരുന്നു അദ്ദേഹത്തിന്റെ നില. പത്തിരുപത്തഞ്ചുവര്ഷങ്ങള്ക്കു മുന്‍പുതന്നെ പത്രങ്ങളിലും വാരികകളിലും മറ്റും അദ്ദേഹം എഴുതിയ അഭിപ്രായങ്ങള്‍ ശ്രദ്ധിക്കാനിടയായിട്ടുണ്ട്. അവതരണ രീതി അദ്ദേഹത്തിന്റെ അറിവിന്റെ ആഴവും വൈവിധ്യവും പ്രകടിപ്പിക്കുന്നതായിരുന്നു. അക്കാലത്ത് എന്റെ പ്രവര്‍ത്തനരംഗം മിക്കവാറും എറണാകുളത്ത് ‘ജന്മഭൂമി’-യുമായി ബന്ധപ്പെട്ടും, സ്വദേശി ജാഗരണ്‍ മഞ്ച് മുതലായ സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലുമായിരുന്നതിനാല് നാട്ടിലെ വിവിധ രംഗങ്ങളിലെ ഗതിവിധികളുമായി തീരെ ബന്ധമില്ലായിരുന്നുവെന്നു പറയാം. 2000-മാണ്ടു വരെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്ഥാന സമിതിയിലെ ക്ഷണിതാവുമായിരുന്നു.
രണ്ടുവര്‍ഷം മുന്‍പ് തൊടുപുഴയില്‍ നടന്ന ഒരു ബിജെപി പരിപാടിയില്‍ ദീനദയാല്‍ജിയെക്കുറിച്ച് സംസാരിക്കാനുള്ള ക്ഷണം ലഭിച്ചതനുസരിച്ച് അവിടെ ചെന്നപ്പോള്‍ ചടങ്ങില്‍ ബിജെപിയുടെ അംഗത്വം സ്വീകരിക്കാന്‍ ഏതാനും പേര് അവിടെ സന്നിഹിതരായിരുന്നു. അവരിലൊരാളായിരുന്നു രാജേന്ദ്രന് പോത്താനശ്ശേരി. ആ സന്നദ്ധത ബൗദ്ധികരംഗത്ത് സംഘപരിവാറിന് ഒരു മുതല്‍ക്കൂട്ടാവുമെന്ന് എനിക്കു തോന്നിയിരുന്നു. അതുവരെയുള്ള അദ്ദേഹത്തിന്റെ നിലപാടും ചിന്താഗതിയും അറിഞ്ഞിരുന്നവര്‍ക്ക് ആ സംഭവം വിസ്മയകരമായിരുന്നു. അദ്ദേഹത്തിന് പ്രവര്‍ത്തിക്കാന്‍ പറ്റിയ രംഗം ‘തപസ്യ’-പോലുള്ള മേഖലയായിരിക്കുമെന്നു ഞാന്‍ അഭിപ്രായപ്പെട്ടതനുസരിച്ച് അതില്‍ പ്രവേശിക്കുകയായിരുന്നു.
അങ്ങനെയിരിക്കെയാണ് പുതിയ മാസിക തുടങ്ങണമെന്ന മോഹം അദ്ദേഹത്തിനുണ്ടായത്. പത്ര പ്രസിദ്ധീകരണ രംഗത്തുള്ള പരിചയംവച്ച് അദ്ദേഹം അഭിപ്രായത്തിനും ഉപദേശത്തിനുമായി എന്നെ സമീപിച്ചു. അതിന്റെ നിയമാനുസൃതമായ നടപടികളെല്ലാം പറഞ്ഞുകൊടുത്തതോടൊപ്പം ഒരു മാസിക, അതും സാഹിത്യ സാംസ്കാരിക മൂല്യങ്ങള്‍ നിലനിര്‍ത്തുന്ന ഒന്ന് നടത്തിക്കൊണ്ടുപോകുന്നതിനുള്ള പ്രശ്നങ്ങളും പ്രായോഗിക വിഷമങ്ങളും സാമ്പത്തിക ബാധ്യതകളും വിവരിച്ച് അദ്ദേഹത്തെ പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത്. ഒരു പ്രസിദ്ധീകരണം ആരംഭിക്കുന്നതിനും കൊണ്ടുനടക്കുന്നതിനും നേരിടാവുന്ന പ്രശ്നങ്ങള്‍ അനുഭവപാഠമാക്കിയ എന്റെ അഭിപ്രായങ്ങള്‍ കേട്ടതിനുശേഷവും അദ്ദേഹം മുന്നോട്ടുപോയി. എഡിഎം വഴി ന്യൂസ്പേപ്പര്‍ രജിസ്ട്രാറുമായി എഴുത്തുകുത്തുകള്‍ പൂര്‍ത്തിയാക്കി. ‘നീരാഞ്ജലി’ എന്ന അര്‍ത്ഥവത്തായ ടൈറ്റില്‍ സമ്പാദിച്ച്, തന്റെ സുഹൃത്തുക്കളും പരിചയക്കാരുമായി നേരിട്ടും എഴുത്തുകളിലൂടെയും ബന്ധപ്പെട്ട് മനോഹരമായി ഒന്നാം ലക്കം തയ്യാറാക്കി. അതിന് ഒന്നാം ലക്കമെന്നതിനെക്കാള് ‘പൈലറ്റ് കോപ്പി’ എന്ന പേരാവും യോജിക്കുക എന്നുതോന്നുന്നു.
ഒരു പുതിയ പ്രസിദ്ധീകരണത്തിന്റെ ആദ്യ പ്രതി തയ്യാറാവുമ്പോള്‍ അതിന്റെ ചുമതലക്കാര്‍ക്ക് ഉണ്ടാവുന്ന ചാരിതാര്‍ത്ഥ്യം വിവരിക്കാനാവാത്തതാണ്. ‘ജന്മഭൂമി’യുടെ ആദ്യ ലക്കം കോഴിക്കോട്ടും, അടിയന്തരാവസ്ഥയ്ക്കുശേഷം എറണാകുളത്തും തയ്യാറാക്കി പ്രസ്സില്‍നിന്നു പുറത്തുവന്നപ്പോഴത്തെ വിവരണാതീതമായ വികാരവായ്പ് ‘നീരാഞ്ജലി’യുടെ ആദ്യ ലക്കം കൈയില്‍ എത്തിയതറിയിച്ച രാജേന്ദ്രന്റെ വാക്കുകളില്‍ എനിക്ക് കാണാന്‍ കഴിഞ്ഞു. മാതൃഭൂമി പത്രത്തിന്റെ ആദ്യത്തെ പ്രസ് കോപ്പിയുമായി രാത്രി വൈകി വീട്ടിലേക്കു നടന്നപ്പോള്‍ മനസ്സിലുദിച്ച ചിന്തകള്‍ കെ.പി. കേശവമേനോന്റെ ‘കഴിഞ്ഞകാലം’ എന്ന ആത്മകഥയില്‍ വായിച്ചതോര്‍ക്കുന്നു.
നീരാഞ്ജലി മാസികയുടെ ഔപചാരികമായ പ്രകാശനം നടന്നതിനെ പരാമര്‍ശിച്ചുകൊണ്ടാണല്ലോ ഈ പ്രകരണം തുടങ്ങിയത്. രാജേന്ദ്രന്റെ സുഹൃത്തുക്കളും നഗരസഭയിലെ ഏതാനും അംഗങ്ങളും തൊടുപുഴ നിയമസഭാംഗവും മുന്‍ മന്ത്രിയുമായ പി.ജെ. ജോസഫുമായിരുന്നു മുഖ്യമായും ചടങ്ങിലെ വേദിയില്‍. ‘നീരാഞ്ജലി’യില്‍ തൂലികാ സൃഷ്ടികള്‍ സംഭാവന ചെയ്ത രാജേന്ദ്രന്റെ സുഹൃത്തുക്കളും സംഘപരിവാറിലെ ഏതാനും പേരും സദസ്യരായി.
സാധാരണ ഇത്തരം ചടങ്ങുകള്‍ ഒരു നിശ്ചിത ചട്ടക്കൂട്ടില്പ്പെട്ട പ്രസംഗങ്ങളും പരസ്പരപ്പുകഴ്ത്തലുകളുമായാണ് നടക്കാറുള്ളത്. ‘ജന്മഭൂമി’യുടെ നേരത്തെ പരാമര്‍ശിച്ചതിനു പുറമേ കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ പതിപ്പുകളുടേയും തിരുവനന്തപുരം സായാഹ്നപ്പതിപ്പിന്റെയും പ്രകാശന പരിപാടികളില്‍ എനിക്ക് പങ്കെടുക്കാനവസരമുണ്ടായി. പത്രരംഗത്തെയും രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലെയും പ്രശസ്തരും പ്രഗത്ഭരുമായിരുന്നു ആ അവസരങ്ങളില്‍ മുഖ്യ അതിഥിമാരായി പങ്കെടുത്തത്. തിരുവനന്തപുരത്തും എറണാകുളത്തും എല്‍. കെ. അദ്വാനിയും കണ്ണൂരില്‍ സര്‍കാര്യവാഹ് ആയിരുന്ന മോഹന്‍ജി ഭാഗവതും മുഖ്യാതിഥിമാരായി. എറണാകുളത്ത് സാമ്പത്തിക ശാസ്ത്രജ്ഞന് കെ.എന്‍. രാജ്, കെ.എം. മാത്യു, പി. ഗോവിന്ദപ്പിള്ള മുതലായവരും പങ്കെടുത്തിരുന്നു. അവരുടെയെല്ലാം പ്രസംഗങ്ങളില്‍ പത്രപ്രവര്‍ത്തനവും പത്രക്കാരും അനുഭവിക്കേണ്ടി വന്ന പ്രശ്നങ്ങളും പത്രധര്‍മ്മവും തല്ക്കാല രാഷ്ട്രീയ സാംസ്കാരിക പരിതഃസ്ഥിതികളും മറ്റും ചര്‍ച്ചാ വിഷയമായി. അതത് അവസരത്തില്‍ സമൂഹത്തില്‍ നിലനിന്ന പരിതസ്ഥിതികള്‍ മൂലം വമ്പിച്ച സദസ്സ് പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു.
‘നീരാഞ്ജലി’യുടെ പ്രകാശനച്ചടങ്ങിലെ പ്രസംഗികര്‍ ഇതുപോലുള്ള പ്രഭാഷണങ്ങളും ഉപദേശങ്ങളും ആശംസകളും നടത്തുമെന്നായിരുന്നു എന്റെ പ്രതീക്ഷ. പ്രസിദ്ധീകരണത്തിന്റെ ഉദ്ദേശ്യത്തെയും സാഹിത്യ, സാംസ്കാരിക രംഗത്ത് നിലനില്‍ക്കുന്ന പരിതോവസ്ഥയെപ്പറ്റിയും മാസിക നടത്താന്‍ പ്രേരിപ്പിച്ച വസ്തുകളെയും രാജേന്ദ്രന് ഭംഗിയായി അവതരിപ്പിച്ചു.
എന്നാല്‍ പി.ജെ. ജോസഫ് എംഎല്‍എയാകട്ടെ സദസ്യരുമായി സംവദിച്ചുകൊണ്ടാണ് രംഗം കയ്യടക്കിയത്. ലേഖകരും പത്രാധിപസമിതിയംഗങ്ങളുമായ ചൊവ്വര പ്രശാന്തി, ഡോ. മിനി മോഹന്‍, എസ്.ബി. പണിക്കര്‍ തുടങ്ങിയവരും പാരസ്പര്യത്തില്‍ പങ്കുചേര്‍ന്നു. അതിനിടെ ഗാനങ്ങളുടെ കാര്യം വന്നു. എംഎല്‍എതന്നെ ഏതാനും പാട്ടുകള്‍ പാടി; സദസ്യരെക്കൊണ്ടു പാടിച്ചു. താന്‍ മുന്‍കയ്യെടുത്തു നടത്തിവരുന്ന പാലിയേറ്റീവ് കെയര്‍ പരിപാടിയുടെ നടത്തിപ്പിനായി സഹായസഹകരണമഭ്യര്ഥിച്ചു. നിയമസഭാംഗമെന്ന നിലയ്ക്ക് തന്റെ ഒരു മാസത്തെ വേതനം വാഗ്ദാനം ചെയ്ത വിവരം പി.ജെ. ജോസഫ് അറിയിച്ചു. വേദിയിലുണ്ടായിരുന്ന മുന്‍ നഗരസഭാധ്യക്ഷനും ഇപ്പോള്‍ ബിജെപി കക്ഷിയുടെ നേതാവുമായ ബാബു പരമേശ്വരനും അതുപോലുള്ള സന്നദ്ധത അറിയിച്ചു. മേജര്‍ ലാല്‍കൃഷ്ണയ്ക്ക് ആദ്യപ്രതി നീരാഞ്ജലി നല്‍കിക്കൊണ്ട് പി.ജെ. ജോസഫ് പ്രകാശനം നടത്തി. അതിനിടെ ലാല്‍കൃഷ്ണയുടെ സൈനിക സേവനത്തെക്കുറിച്ചും അനേ്വഷിച്ചു. കാര്‍ഗിലിലടക്കം സൈനിക നടപടികളില്‍ പങ്കെടുത്തിരുന്നുവെന്ന മറുപടി അദ്ദേഹത്തെ സന്തോഷിപ്പിച്ചു.
ഇത്തരം ചടങ്ങുകളില്‍ സാധാരണ കാണപ്പെടുന്ന ഔപചാരികതയുടെ പിരിമുറുക്കം ഇല്ലാതെ ആഹ്ളാദകരമായി അതു നടന്നതിനെ ആധ്യക്ഷ്യം വഹിച്ച തപസ്യ അധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസും പ്രശംസിച്ചു.
മലയാള സാഹിത്യത്തറവാട്ടില്‍ പ്രശസ്തി ആഗ്രഹിക്കാതെ ഒരു ജീവിതകാലം മുഴുവന്‍ അധ്വാനിച്ച് വി്രശമജീവിതം നടത്തുന്ന എം.എസ്. ചന്ദ്രശേഖരവാര്യരുമായുള്ള അഭിമുഖമാണ് ഒന്നാം ലക്കത്തിന്റെ തിലകക്കുറിെയന്നു പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: