കളരി എന്നു കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് പ്രത്യേകിച്ച് വിശദീകരണം വേണ്ടിവരില്ല. പക്ഷേ, കുഴിക്കളരി എന്ന ആയോധനകലയെക്കുറിച്ചോ? അറിയുന്നവര്‍ ചുരുങ്ങും. ഇവിടെയാണ് പാലക്കാട്ടെ വ്യാസവിദ്യാപീഠത്തിലെ കുഴിക്കളരി വേറിട്ടു നില്‍ക്കുന്നത്.
കരാട്ടെയും കുങ്ഫുവും പഠിക്കാന്‍ നിര്‍ബന്ധം പിടിക്കുന്ന കുട്ടികളുടെ ഇടയില്‍ കളരി പഠിക്കണമെന്നു പറഞ്ഞ് എന്റെ മകന് നിര്‍ബന്ധം പിടിച്ചത് എനിക്ക് അതിശയമായി. ആ നിര്‍ബന്ധത്തിന്റെ അന്വേഷണമാണ് എന്നെ വ്യാസവിദ്യാ പീഠത്തില്‍ എത്തിച്ചത്. താന്‍ പഠിക്കുന്ന സ്കൂളില്‍ കളരിയഭ്യാസം ഉണ്ടെന്നും, അതു കുഴിക്കളരിയാണെന്നും മകന് പറഞ്ഞപ്പോള്‍ മറുത്തൊന്നും എനിക്കാലോചിക്കേണ്ടി വന്നില്ല.
അങ്ങനെ മകന്റെ കളരിയഭ്യാസം ആരംഭിച്ചു. അതിനോടൊപ്പം ‘-കുഴിക്കളരി’ ഒരു ജിജ്ഞാസയായി എന്നില്‍ അവശേഷിച്ചു. ഞാന്‍ നേരിട്ട് വിദ്യാലയത്തിലെത്തി പ്രധാന അധ്യാപകനെ കണ്ടു. അദ്ദേഹം തന്റെ വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങളുടെയും രത്നച്ചുരുക്കം നല്‍കുകയും ചെയ്തു. സത്യത്തില്‍ അദ്ദേഹത്തിന്റെ സമീപനം എന്നില്‍ വിദ്യാലയത്തോടുതന്നെ മതിപ്പുളവാക്കി. ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സമയം നല്കിയ ആ മാതൃകാ അധ്യാപകന് നന്ദി പറഞ്ഞ് ഞാന്‍ കളരി പാഠശാലയിലേക്ക് നടന്നു. അല്പം ചെന്നതും മനോഹരമായ കളരിമന്ദിരം എന്റെ കണ്ണിലുടക്കി. അതിന്റെ നിര്‍മ്മാണ സൗന്ദര്യം ആരെയും ആകര്‍ഷിക്കും. പ്രകൃതിയുടെ പച്ചപ്പില്‍ കേരളീയമായ ആ ഭവനം ഒരു ലാവണ്യ കാഴ്ചയായി.
ഇതാ ഒരു ഗുരുനാഥന്
തുടര്‍ന്ന് ഞാന്‍ ഗുരുനാഥനെ കണ്ടു. എന്റെ ആഗമനോദ്ദേശ്യം അറിഞ്ഞതും അദ്ദേഹം സസന്തോഷം കളരിമുറ്റത്തേക്ക് ക്ഷണിച്ചു. കളരിമുറ്റത്തെ സംഗീതാത്മകമായ ചടുലരാഗതാളലയങ്ങളില് ഞാനല്പനേരം നിന്നുപോയി. ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം, അതിനിടയ്ക്ക് കളരിത്തറയിലെത്തിയ എന്റെ മകന് കാരണം വേണ്ടിവന്നില്ല. പിന്നെ ഞാന്‍ ഔപചാരിതകതയ്ക്ക് കാത്തുനിന്നില്ല.
കുട്ടികളേവരും ഗുരുനാഥന് എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്. അതിനാല്‍ ഞാനും അങ്ങനെ തുടര്‍ന്നു. കുഴിക്കളരി എന്തെന്ന് ഒന്നുപറഞ്ഞു തരണം,’ അത്രയ്ക്കായിരുന്നു എന്റെ ആകാംക്ഷ. ആ സമയം വിജ്ഞാനത്തിന്റെ ഒരു സംവേദനം അദ്ദേഹത്തിലെത്തുന്നപോലെ എനിക്കനുഭവപ്പെട്ടു. അവിടെ ഒന്ന് വ്യക്തമായി, ആ ഗുരുനാഥന് തന്റെ കര്‍മ്മമണ്ഡലത്തെ എത്രത്തോളം ദൈവികമായാണ് സ്വാംശീകരിച്ചിരിക്കുന്നതെന്ന്.
ഗുരുനാഥന് പറഞ്ഞു: ”ശരിക്കും കുഴിയെടുത്ത് അതിനു പാകത്തിന് മണ്ണു തയ്യാറാക്കി അതില്‍ നടുന്ന വൃക്ഷത്തൈകള്‍ കാലക്രമത്തില്‍ എങ്ങനെയാണോ വടവൃക്ഷങ്ങളാകുന്നത്, അതുതന്നെയാണ് കുഴിക്കളരിയിലും സംഭവിക്കുന്നത്.’ യഥാര്‍ത്ഥത്തില്‍ കുഴിക്കളരിയാണ് പണ്ടുകാലത്തുണ്ടായിരുന്നത്. വെറും ഒരു കുഴിയെടുത്ത് അതില്‍ കളരിയഭ്യാസം നടത്തുകയാണ് എന്നുവച്ചാല്‍ തെറ്റി.” ഇത്രയും കേട്ടതോടെ ഗുരുനാഥന് മെയ്വഴക്കത്തോടെ തന്റെ തട്ടകത്തില്‍ എത്തിയപോലെ തോന്നി. അത്രയ്ക്ക് വ്യക്തതയായിരുന്നു ആ വിവരണത്തില്‍. ഇവിടെ പഠിക്കുന്ന കുട്ടികള്‍ക്ക് ഡോക്ടറെ കാണേണ്ടി വരില്ലെന്ന് ഗുരുനാഥന് പറഞ്ഞതില്‍ അല്പം അതിശയോക്തിയില്ലേയെന്ന് എനിക്ക് തോന്നി. എന്നാല്‍ ആ തോന്നലിന് അല്‍പ്പായുസ്സേ ഉണ്ടായിരുന്നുള്ളൂ.
പ്രൊഫസറിന് നന്ദിപൂര്‍വം
കുഴിക്കളരിയുടെ ശാസ്ത്രീയതയിലേക്ക് അടുത്തപടിയായി എത്തി. ’42 അടി നീളത്തില്‍ ഇരുപത്തിയൊന്നടി വീതിയില്‍ 21 അടി താഴ്ചയിലാണ് നമ്മള് നില്‍ക്കുന്നത്.’-ഒരു നിമിഷം, ആ നില്‍പ്പിന്റെ ആവേശം എന്നിലേക്കുമെത്തി. അടുത്തത് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. അതിങ്ങനെ തുടര്‍ന്നു: ‘-ഈ തറ ഒരുക്കിയിരിക്കുന്നത് നൂറ്റിയെട്ട് ഔഷധക്കൂട്ടുകളെ നൂറ്റിയെട്ടു വേദമന്ത്രങ്ങളാല്‍ ഉരുക്കഴിച്ച് ഉണര്ത്തിയെടുത്താണ്.’ ആവണക്ക്, കൊട്ടംചുക്കാദി, കുറുന്തോട്ടി, ആട്ടിന്പാല്, പശുവിന് നെയ്യ്… ഇങ്ങനെ നൂറ്റിയെട്ടുവിധം ഔഷധങ്ങള്‍. അവ ശാസ്ത്രീയമായ രീതിയില്‍ പരുവപ്പെടുത്തി എടുക്കുമ്പോള്‍, അതില്‍ നിത്യേന നഗ്നപാദരായി മെയ്യും മനവും ചേര്‍ത്ത് ആടിത്തിമര്‍ക്കുമ്പോള്‍ ഗുരു ആദ്യം പറഞ്ഞ വാചകങ്ങള്‍ ഞാനോര്‍ത്തു-എന്റെ കുട്ടികള്‍ക്ക് ഡോക്ടറെ കാണേണ്ടി വരില്ല.
ശരിയാണ് ഇതില്‍ തരിപോലും പൊങ്ങച്ചമില്ല, എന്റെ ചിന്തകള്‍ക്ക് നില്ക്കാന് സമയം അനുവദിക്കാതെ അദ്ദേഹം വീണ്ടും തുടരുകയായി. ആസ്തമ, ജെന്നി, പൈല്‍സ്, തലവേദന, നീര്‍ക്കെട്ട്… തുടങ്ങിയവയ്ക്ക് പ്രതിരോധം. ഒറ്റ വര്‍ഷം കൊണ്ടുതന്നെ ശിഷ്യന്മാരുടെ വ്യത്യാസങ്ങള്‍ അച്ഛനമ്മമാര്‍ പറഞ്ഞ് അറിയുന്നതായും അദ്ദേഹം പറഞ്ഞപ്പോള്‍ കുഴിക്കളരി പഠിക്കണമെന്ന തീരുമാനമെടുത്ത എന്റെ മകനെ ഞാന്‍ മനസ്സാല്‍ അഭിനന്ദിച്ചു.
പറഞ്ഞുനിര്‍ത്തിയ ഗുരുനാഥന്റെ കണ്ണുകളില്‍ നന്ദിയുടെ നിറവ് ഞാന്‍ വായിച്ചു. വാസ്തവത്തില്‍ തന്റെ അറിവുകള്‍ അന്യംനില്ക്കുമോയെന്ന് ഭയന്നിരുന്നപ്പോഴാണ് പ്രൊഫ. ഗോപീകൃഷ്ണന് സാര്‍ വിളിക്കുന്നതും, വ്യാസവിദ്യാപീഠത്തിലേക്ക് ഒരു കളരിയാശാനെ ആവശ്യമുണ്ടെന്ന് അറിയിക്കുന്നതും. അവിടെ ആവശ്യങ്ങള്‍ പറഞ്ഞപ്പോള്‍ അതിനനുസരിച്ച് അവ ഒരുക്കാന്‍ അദ്ദേഹം സഹായിച്ചു. അവിടെ ഒരു ചിത്രകാരനുതകുന്ന കാന്‍വാസ് തന്നിട്ട് ചിത്രം വരയ്ക്കാന്‍ ആവശ്യപ്പെട്ടാല്‍ ഉണ്ടാകുന്ന സംതൃപ്തി ഗുരുനാഥന് ലഭിച്ചു. ഈ പ്രൊഫസറിന് നന്ദി പറയാന്‍ വന്ന മനസ്സാണ് ഗുരുനാഥന്റെ കണ്ണുകളില്‍ കണ്ടതെന്ന് എനിക്ക് മനസ്സിലായി.
അഭിമാനം ഈ ശിഷ്യ സമ്പത്ത്
ഗുരുനാഥന് തുടര്‍ന്നു: ”ഇവിടെ തെക്കുപടിഞ്ഞാറെ കന്നിമൂലയില്‍ മൂലസ്ഥാനത്ത് കളരിഭഗവതി. ഉപദേവതകളായി നാഗപ്രതിഷ്ഠയും ഗണപതിയും ഗുരുപ്രതിഷ്ഠയും. ഇതോടുചേര്‍ന്ന് മുക്കാലിയുമുണ്ട്. അതാണത്രേ ഗുരുസങ്കല്‍പ്പം. ഇവിടെയാണ് ഗുരുദക്ഷിണ ഉത്സവം നടത്തുന്നത്. കളരിത്തറയിലേക്ക് പ്രവേശിക്കേണ്ടത് ഇടത്തുകൂടെയും, മടക്കം വലത്തുകൂടെയുമാണ്.”
പണ്ടുകാലത്ത് ചാടിയിറക്കമായിരുന്നത്രേ. അഭ്യാസങ്ങള്‍ തീര്‍ന്ന് നമ്മള് മടങ്ങുമ്പോള്‍ തിരിച്ചുപൊയ്ക്കൊള്ളാന്‍ പറയുന്നതുവരെ കളരിഭഗവതി നമ്മോടൊപ്പം കാണുമത്രേ. വിശ്വാസത്തിലൂടെ മനഃശാസ്ത്രത്തിന്റെ ഉയര്‍ന്നതലങ്ങളെ എങ്ങനെയാണ് നമ്മുടെ പൂര്‍വ്വികര്‍ സ്വായത്തമാക്കിയിരുന്നതെന്ന് തെളിയിക്കാന്‍ വേറെയെന്തുവേണം. ഇവിടെ ഓരോ കുട്ടിയുടെയും ആത്മവിശ്വാസം അതിലൂടെ ഊഹിക്കാവുന്നതേയുള്ളൂ. അതു ഞാന്‍ പറഞ്ഞതും അദ്ദേഹം തന്റെ ശിഷ്യന്മാരെക്കുറിച്ച് വാചാലനായി:
”എന്റെ ശിഷ്യന്മാരില് നല്ലൊരു ശതമാനവും സമൂഹത്തിന്റെ ഉയര്ന്നതലങ്ങളില് എത്തിയിട്ടുണ്ട്. കാരണം വിവേകാനന്ദന് പറഞ്ഞപോലെ ആരോഗ്യമുള്ള ശരീരം ഉള്ളിടത്തേ ആരോഗ്യമുള്ള മനസ്സും കാണുകയുള്ളൂ. ഇവിടെ മറ്റെവിടെ കിട്ടുന്നതിനെക്കാളും ശാസ്ത്രീയമായി അതു കിട്ടുമ്പോള്‍ അവര്‍ ഉയര്‍ന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. സാധാരണ ഏതൊരു ആയോധനകല പഠിക്കുമ്പോഴും അതിന്റേതായ ഗുണം ഉണ്ടാവുക സ്വാഭാവികം. പക്ഷേ, ഇവിടെ അത് സമ്പൂര്‍ണ്ണമാകും. എല്ലാ തലങ്ങളിലും, ഉള്ളംകാലു മുതല്‍ ഉച്ചിവരെ. ഒരുപക്ഷേ 108 അപൂര്‍വ്വ മൂലികകളില്‍ തട്ടിയെത്തുന്ന കാറ്റ് ശ്വസിച്ചാല്തന്നെ ആരോഗ്യത്തിന്റേതായ ഒരു തലം തീര്‍ച്ചയായും നമുക്ക് കൈവരും.” ഗുരുനാഥന്റെ ഈ വാക്കുകള്‍ എന്നില്‍ പ്രത്യേക ചിന്ത ഉണര്‍ത്തി. തീര്‍ച്ചയായും ഇത്രയും മഹത്തായ ഈ കല നമ്മുടെ എല്ലാ വിദ്യാലയങ്ങളിലും എത്തിക്കണം. കുഴിക്കളരിയുടെ നന്മകളെ മുറതെറ്റാതെ എല്ലാ വിദ്യാലയങ്ങളിലും എത്തിക്കാനായാല്‍ അതില്പരം ഒരു നന്മ എന്താണ് നാളേക്കുവേണ്ടി നമുക്കു നല്കാന് കഴിയുക? അതായത്, ആത്മവിശ്വാസവും ആയുരാരോഗ്യസൗഖ്യവുമുള്ള യുവനിരയെക്കാള് ഒരു നാട്ടിന് എന്തു സമ്പത്താണ് വേണ്ടത്?
ആയോധനകലകള്‍ ഇങ്ങനെ
ഇടയ്ക്ക് ഒന്നുനിര്‍ത്തി, അദ്ദേഹം കളരിയിലേക്ക് ഇറങ്ങി. എട്ടുവടിവുകളില് ഊന്നിയാണ് കളരിപ്പയറ്റ് ആരംഭിക്കുന്നത്. അശ്വവടിവ്, ഗജവടിവ്, സിംഹവടിവ്, മത്സ്യവടിവ്, മയൂരവടിവ്, മാര്‍ജാരവടിവ്, കുക്കുടവടിവ്, സര്‍പ്പവടിവ്. ഇവയെ ചുരുക്കിയെടുത്ത് അഞ്ചു ഘട്ടങ്ങളിലായി കളരി ഉണര്ന്നെഴുന്നേല്ക്കുന്നു.
ഒന്ന്-മെയ്ത്താരി : പ്രധാനമായും ശാരീരിക പരിശീലനം. മെയ്പ്പയറ്റുമുതല്, നേര്‍കാല്‍, കോണുകാല്, വീതുകാല്, തിരിച്ചുകാല്‍ തുടങ്ങി 18 അടവുകള്‍, ഇവിടെ അറപ്പുകള്‍ എന്നും പറയും.
രണ്ട്-കോല്‍ത്താരി : ഇത് വടികൊണ്ടുള്ള പ്രയോഗമാണ്. കൊട്ടേരി വടി, മുച്ചാണ്, ഒറ്റക്കോല്പ്പയറ്റ് ഇവ ഇതിലടങ്ങുന്നു.
മൂന്ന്-ആയുധമുറ : പുലിയങ്കം, വാളും പരിചയും, മറപിടിച്ച് കുന്തപ്പയറ്റ്, കഠാരപ്പയറ്റ്, ഉറുമിപ്പയറ്റ്. ഇതില്‍ ഉറുമിപ്പയറ്റ് കാലത്തിനനുസൃതമായി ദൃശ്യ പ്രധാനമാണ്. അതിനാല്‍ പയറ്റിനു പകരം ഉറുമിവീശലാണുളളത്.
താന്‍ പഠിച്ചിരുന്നത് ഉറുമിപ്പയറ്റാണെന്നു പറഞ്ഞ് അല്പം വികാരത്തോടെ ഗുരുനാഥന് തുടര്‍ന്നു: ഒളവരി ചേര്‍ന്ന് തഞ്ചംകൊണ്ട് മലര്‍ന്ന് ഉറുമികൊണ്ട് നാനാഭാഗത്തും വെട്ടിവെട്ടിക്കയറുമായിരുന്നു. ഓതിരം പാതി, മറുപാതി, മറുകടകം, ഒത്തടിയില്‍ വീശി, ഓതിരം വെട്ടിത്തടുക്കുന്ന ശൈലിയായിരുന്നു എന്നുപറഞ്ഞു നിര്‍ത്തിയപ്പോള്‍ എനിക്ക് ലോകനാര്‍ക്കാവില്‍ എത്തിയ അനുഭൂതി. ഇത്രയും ആയപ്പോള്‍ ജിജ്ഞാസ അടക്കാന്‍ കഴിഞ്ഞില്ല, അപ്പോള്‍ ഈ പൂഴിക്കടകന്‍ എന്നത്! അല്പം പരിഭ്രമത്തോടെ ഞാന്‍ പറഞ്ഞു നിര്‍ത്തി. ”അതു ഞാനും കേട്ടിട്ടേ ഉള്ളൂ. ഉറുമികൊണ്ട് വെട്ടി വെട്ടി പൂഴി പടര്‍ത്തി അദൃശ്യനായശേഷം ഉറുമി എതിരാളിയുടെ കഴുത്തില്‍ ചുരുട്ടിവലിക്കുന്നു. ആ ഉറുമി അത് പ്രയോഗിച്ചയാള്ക്ക് ശത്രുവിന്റെ തല ദക്ഷിണയായി നല്കുമ്പോഴും പൂഴി കെട്ടടങ്ങി കാണില്ലത്രേ.” അദൃശ്യമായ ആ രംഗങ്ങളില്‍ ശത്രുവിന്റെ കഴുത്തിലേക്കുള്ള ഉറുമിയുടെ ലക്ഷ്യം തെറ്റില്ല എന്നറിയുമ്പോള്‍ അത്യത്ഭുതത്തോടെ മാത്രമേ അതു നമുക്ക് കണ്ടുനില്ക്കാന് കഴിയുകയുളളൂ.
കാലത്തിന്റെ കല്‍പ്പടവുകള്‍
കളരിപഠനം പണ്ട് എത്രത്തോളം ശ്രമകരമായിരുന്നുവെന്നും ഗുരുനാഥന് പറഞ്ഞു. അതു പറയുമ്പോള്‍ നിശ്ചയദാര്‍ഢ്യത്തിന്റെ മുഴക്കം. പണ്ട് മഴക്കാലത്തു മാത്രമായിരുന്നു കളരി. മഴ തുടങ്ങി ആറുമാസവും അതിരാവിലെ മരംകോച്ചുന്ന തണുപ്പത്ത് കളരിത്തറയില്‍ ചാടിയിറക്കം നടത്തുമ്പോള്‍ ചിട്ടയുടെ അതിപ്രസരം അവിടെയെത്തും.
ആദ്യം പൂജാപുഷ്പങ്ങള്‍ പറിച്ചുകൊടുക്കാന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. പിന്നെ, പതുക്കെപ്പതുക്കെ കഷായം കാച്ചാനുള്ള പാത്രങ്ങള്‍ എടുത്തുവയ്ക്കുക, എണ്ണപ്പാത്രം കൊണ്ടുവരിക തുടങ്ങി പഴയ ഗുരുകുലരീതിയുടെ കല്‍പ്പടവുകള്‍ കടന്ന് അഭ്യാസിയായി. അപ്പോള്‍ കലയോട് അര്‍പ്പണമനോഭാവം ഉണ്ടാവുക സ്വാഭാവികം മാത്രം. കാലം മാറിയപ്പോള്‍ താനുള്‍പ്പെടെയുള്ള ഗുരുപരമ്പരയിലെ ഒരു കാര്യത്തില്‍ മാത്രം അദ്ദേഹം നീരസം അറിയിച്ചു. ഗുരുക്കന്മാര് ഉള്ളുതുറന്ന് പഠിപ്പിക്കുന്നതില്‍ പിശുക്കരാണത്രേ. അടുത്ത നിമിഷം തന്നെ അതിനുള്ള ഉത്തരവും അദ്ദേഹം നല്കി. പണ്ടുകാലത്ത് തങ്ങള്‍ അനുഭവിച്ച കഷ്ടങ്ങള്‍ ഇപ്പോഴത്തെ കുട്ടികള്‍ക്ക് നല്കാന് മനസ്സനുവദിക്കുന്നില്ല.
കളരി ഭഗവതിയുടെ സംസ്കൃതനാമം ‘ഖലൂരിക’ എന്നാണ്. കേരളത്തില്‍ നമ്മള് പൊതുവായി കളരി ഭഗവതി എന്നുപറയുന്നു. സത്യത്തില്‍, ശിവനില്‍നിന്നും ഉല്പ്പത്തിയാകുന്ന ‘ഖലൂരിക’ എന്ന ശക്തിചൈതന്യം ഒരര്‍ത്ഥത്തില്‍ ജീവരാശിയുടെ ആരോഗ്യകരമായ നിലനില്‍പ്പിന്റെ അര്ത്ഥശാസ്ത്രമാവുകയല്ലേ എന്നു തോന്നിപ്പോകുന്നു. ഗുരുവിനെക്കുറിച്ച് കൂടുതല്‍ അറിയാനായി ഞാന്‍ ചോദിച്ചു. അപ്പോള്‍ മാത്രമാണ് തന്റെ പേര് പറയാന്‍ ആ മഹാ ഗുരു തയ്യാറായത്-സി. മുരളീധരന് ഗുരുക്കള്‍. വിലാസം: സി.വി.എന്‍. കളരി, പത്മശ്രീ വീട്ടില്‍, പുത്തൂര്‍, പാലക്കാട്.’-അഖിലേന്ത്യാ ഗുരുശ്രേഷ്ഠ പുരസ്കാരം മന്ത്രിയായിരുന്ന സി. വി. പത്മരാജനില്നിന്നും മുരളീധരന് ഗുരുക്കള്‍ വാങ്ങിയിട്ടുണ്ട്. ഏറ്റവും നല്ല കളരിപ്പയറ്റിനുള്ള അവാര്‍ഡ് മന്ത്രി എ. കെ. ബാലന്റെ കയ്യില്‍ നിന്നും വാങ്ങി.’-നാരായണമേനോനാണ് മുരളീധരന് ഗുരുക്കളുടെ അച്ഛന്. അമ്മ: കമലമ്മ, ഭാര്യ: കെ. ഉഷ.
പെണ്കരുത്തുനേടാന്
”എന്റെ സമൂഹത്തിനോടെന്നപോലെ എന്നെ ഞാനാക്കിയ ഗുരുക്കന്മാരോടും എനിക്കു നന്ദി പറഞ്ഞേ മതിയാവൂ. പ്രധാനമായും പ്രൊഫ. ഗോപീകൃഷ്ണന് സാര്‍, കെ. നാരായണന് നായര്‍ ഗുരുക്കള്‍, ഇ. എസ്. കിടാവ് ഗുരുക്കള്‍, സി. വി. ബാലന് നായര്‍ ഗുരുക്കള്‍, എന്‍.സി.ടി. രാജഗോപാല്‍, വ്യാസവിദ്യാപീഠം പ്രിന്‍സിപ്പല്‍ ദേവന് സാര്‍, കിണാവല്ലൂര്‍ ശശിധരന് സാര്‍, കിഷോര്‍ ഭാര്‍ഗവ്, സെക്രട്ടറി ബേബിയേട്ടന്… ഇവരില്‍ ആര്‍ക്ക് ആദ്യം നന്ദിപറയണമെന്ന സംശയത്തോടെ അദ്ദേഹം ഒരുകാര്യംകൂടി കൂട്ടിച്ചേര്‍ത്തു: ”അടുത്ത വര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്കും വ്യാസവിദ്യാപീഠത്തില്‍ കളരിയഭ്യാസം തുടങ്ങുന്നുണ്ട്.” ഇന്നിന്റെ സമൂഹത്തില്‍ ഓരോ പെണ്‍കുട്ടിയും കളരി പഠിക്കണം. കേരളം എത്രയോ സംഭാവനകള്‍ ലോകത്തിനു മുന്നില്‍ നല്‍കിയിട്ടുണ്ടെങ്കിലും അവയൊന്നും ഇത്രയ്ക്കാവില്ലെന്ന് എനിക്ക് തോന്നിപ്പോയി.
ഇത്രയും വലിയ ഒരു കാര്യം സര്‍ക്കാര്‍ തലത്തില്‍ എല്ലാ സ്കൂളുകളിലും കര്‍ശനമായി നടപ്പാക്കാന്‍ കഴിഞ്ഞാല്‍, കേരളത്തിന്റെ തനതു ആയോധനമുറയുടെ ശാസ്ത്രീയ ഗവേഷണം ലോകം ഏറ്റെടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വ്യാസവിദ്യാപീഠത്തിലെ ഉല്‍പ്പതിഷ്ണുക്കളായ മാര്‍ഗദര്‍ശികള്‍ കൈരളിക്കു സമ്മാനിച്ച ഏറ്റവും വലിയ സമ്മാനമായി ഇത് മാറും.
ഗുരുവന്ദനം പൂര്‍ത്തിയാക്കി പ്രധാന അധ്യാപകനോട് നന്ദിപറയാന്‍ ചെന്നതും അദ്ദേഹം അടുത്ത സന്തോഷവര്‍ത്തമാനം അറിയിച്ചു. ഇക്കൊല്ലം മുതല്‍ വ്യാസവിദ്യാപീഠത്തിന് ‘-സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി)യുടെ അംഗീകാരവും ലഭിച്ചു. ഇരുപതോളം കുട്ടികളെ അതിലേക്ക് അവര്‍ തിരഞ്ഞെടുത്തു. അവര്‍ക്കായി 1000 രൂപയോളം സ്കോളര്‍ഷിപ്പും നല്കി തുടങ്ങി. കേരളത്തില്‍ ‘സായി’യുടെ ശ്രദ്ധ പതിഞ്ഞ മറ്റൊരു സ്കൂള്‍ പാലക്കാട്ടെ മുണ്ടൂര്‍ സ്കൂളാണ്. അവിടത്തെ മാനേജര്‍ അഡ്വ. രാജേഷ് പനങ്കാടും മുരളീധരന് ഗുരുക്കളുടെ ശിഷ്യനാണ്.
നാളെയുടെ ഒരു നന്മമരമായി വ്യാസവിദ്യാപീഠമെന്ന ഈ ‘-സരസ്വതീക്ഷേത്രം’ വളര്‍ന്ന് വടവൃക്ഷമാകുന്നതില് കുഴിക്കളരിയുടെ പ്രാധാന്യം ഒട്ടും കുറവല്ല.
അനില്‍ കിഴക്കുപുറം ([email protected])
പ്രതികരിക്കാൻ ഇവിടെ എഴുതുക: