കൊച്ചി: ആണ്‍കുട്ടികള്‍ മാത്രമുണ്ടായിരുന്ന ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി മേഖലയിലേക്ക് പെണ്‍കുട്ടികള്‍ കൂടി കടന്നു വരികയാണ്. ഫോര്‍ട്ടുകൊച്ചി സ്വദേശിനിയായ സോണിയയാണ് സ്വിഗ്ഗിയില്‍ ജോലിയ്ക്ക് കയറിയ ആദ്യ വനിത. ഇതോടെ കൂടുതല്‍ പെണ്‍കുട്ടികള്‍ ഈ മേഖലയിലേക്ക് കടന്നു വന്നിട്ടുണ്ട്.
പാര്‍ട്ട് ടൈം ജോലിയാണിവര്ക്കിത്. ഉച്ചയ്ക്ക് 12 മുതല്‍ അഞ്ചു വരെയാണ് ജോലി സമയം. മുഴുവന്‍ സമയവും, പാര്‍ടൈമായും ഓരോ ആപ്പുകളും കേന്ദ്രീകരിച്ച് നൂറോളം വിദ്യാര്‍ത്ഥികളാണ് ജോലി ചെയ്യുന്നത്. കൊച്ചിയുടെ ഭക്ഷണ സംസ്കാരം ഓണ്‍ലൈന്‍ സംവിധാനത്തെ ആശ്രയിക്കുമ്പോള്‍ രാവും പകലും യൂബര്‍ ഈറ്റ്സ്, സ്വിഗി, സോമാറ്റോ എന്നിവയില്‍ ഡെലിവറി സ്റ്റാഫായി ജോലി ചെയ്താല്‍ പ്രതിമാസം കുറഞ്ഞത് 15000 രൂപ വരെ ഇവരുടെ പോക്കറ്റിലെത്തും.
പഠനത്തിന് കോട്ടം സംഭവിക്കാതെ പാര്‍ട്ട് ടൈമായി ജോലി ചെയ്യുന്നവരും ധാരാളം. പണ്ട് പാര്ട്ടൈമായി കടകളിലും ഓട്ടോ ഓടിച്ചും മറ്റും പണം സമ്പാദിച്ചിരുന്ന വിദ്യാര്‍ത്ഥികളായിരുന്നു അധികവും. എന്നാല്‍ ഓണ്‍ലൈന്‍ ഭക്ഷണ ആപ്പുകള്‍ എത്തിയതോടെ പലരും മാറി ചിന്തിച്ചു. ഇപ്പോഴിത് ഒരു ഗ്ലാമര്‍ ജോലി കൂടിയാണ്. ആധുനിക വിവരസാങ്കേതിക വിദ്യയുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണ ആപ്പുകളുടെ ഭാഗമാവാന്‍ 1000 രൂപയും സ്വന്തമായൊരു വാഹനവും മൊബൈല്‍ ഫോണും മതി.
ഓഫറുകളാണ് ഈ ജോലിയുടെ പ്രധാന ആകര്‍ഷണം. ഓരോ ആപ്പിലും വിവിധ ഓഫറുകളാണ്. ഡെലിവറി ഒന്നിന് നാല്‍പ്പത് രൂപയാണ് നല്‍കുക. നാല് കിലോ മീറ്ററാണ് മിനിമം. പിന്നീട് കൂടുതലായി വരുന്ന ഓരോ കിലോ മീറ്ററിനും ആനുപാതികമായ വര്‍ധനവുണ്ടാകും. മറ്റൊരു ഡെലിവറി ആപ്പില്‍ ജോലി ചെയ്താല്‍ ഓരോ ഓര്‍ഡറിനും 24 രൂപയാണ് കിട്ടുക. ചിലപ്പോള്‍ ജോലിക്കിറങ്ങിയില്ലെങ്കിലും ഓഫറുകള്‍ വഴി 300 രൂപ വരെ ബാങ്ക് അക്കൗണ്ടിലെത്തും.
ഭക്ഷണ ആപ്പുകളെ കൊച്ചിക്കാര് സ്വീകരിച്ചു കഴിഞ്ഞു. വിലയില്‍ 50 ശതമാനം വരെ ഓഫറുകള്‍ ലഭിച്ചതോടെ ആവശ്യക്കാരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഇതിന് പുറമെ ഹോട്ടലുകള്‍ക്കും മികച്ച കിഴിവുകള്‍ നല്‍കിയതോടെ അവരും ഓണ്‍ലൈന്‍ ഭക്ഷണ ആപ്പുകളുടെ കൈപ്പിടിയില്‍ ഒതുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: