കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ പ്രൊഫസറായ ഡോ.കെ.ശിവപ്രസാദിന്റെ പ്രഥമ സാഹിത്യ ഗ്രന്ഥമാണ് ‘ഓര്‍മ്മച്ചെപ്പിലെ ചെറുപ്പം.’ ഏവരുടെയും മനസ്സില്‍ എന്നും കുളിര്മയേകുന്ന ഓര്‍മ്മകളാണ് ബാല്യകാലം. പുത്തന്‍ യാന്ത്രിക കളിക്കോപ്പുകള്‍ രംഗത്തില്ലാതിരുന്ന ഒരുകാലത്ത് ബാല്യത്തിന്റെ മാനസേച്ഛകള് സാക്ഷാത്ക്കരിച്ചിരുന്ന ലളിതമായ കളികളും സൗഹൃദ ബന്ധങ്ങളും മായാത്ത മുദ്രകളായി മനസ്സില്‍ അവശേഷിക്കുന്ന ഒരു തലമുറ ഇപ്പോഴുമുണ്ട്. തന്റെ അച്ഛന്റെ തറവാടായ ഇടപ്പള്ളി പൂക്കോട്ട് മഠത്തിലും അമ്മയുടെ തറവാടായ കൊടുങ്ങല്ലൂര്‍ പുത്തന്‍ കോലോത്തുമായി ചെലവഴിച്ച ബാല്യകാലത്തിന്റെ ചന്തമേറിയ കാഴ്ചകളുടെയും അനുഭവങ്ങളുടെയും വിവരണമാണ് ഈ പുസ്തകത്തില്‍.
ഇടപ്പള്ളിത്തമ്പുരാന്റെ ഭരണത്തിന് കീഴിലായിരുന്ന പ്രദേശങ്ങളുടെയും പ്രധാനക്ഷേത്രങ്ങളുടെയും വര്‍ണ്ണന ഇന്ന് നഗരവത്ക്കരണം അസാമാന്യമായി അതിക്രമിച്ചു കയറി ശ്വാസം മുട്ടിക്കുന്ന ഇടപ്പള്ളിയുടെ ഭൂതകാല സ്വസ്ഥതകളിലേക്കും ചൈതന്യമാര്‍ന്ന ഗ്രാമാന്തരീക്ഷത്തിലേക്കും വെളിച്ചം വീശുന്നു. ചങ്ങമ്പുഴയുടെ വീടിന് സമീപമുള്ള അതിവിശാലമായ മാറന്‍കുളം ഉള്‍പ്പെടെയുള്ള അനവധി കുളങ്ങള്‍, ഗണപതി അമ്പലം, കൂട്ടപ്പം, വൈവിധ്യമാര്‍ന്ന മരങ്ങള്‍ ഇടതൂര്ന്നുനിന്നിരുന്ന വിശാലമായ പറമ്പുകള്‍, ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാള് , സദ്യവട്ടമൊരുക്കല്, വളരെ അപൂര്‍വമായി മാത്രം തരപ്പെടുന്ന ഹോട്ടല്‍ ഭക്ഷണം, കൈരളി ടാക്കീസിലെ സിനിമ കാണല്‍ എന്നിവയിലൂടെ ഇടപ്പള്ളിയിലെ ഗതകാല സ്മരണകള്‍ നറുമണം വീശി കടന്നുപോകുന്നു.
അമ്മ ഭദ്രത്തമ്പുരാട്ടിയുടെ തറവാടായ കൊടുങ്ങല്ലൂര്‍ പുത്തന്‍ കോലോത്തേക്കുള്ള യാത്രയുള്‍പ്പെടെയുള്ള വിവരണങ്ങള്‍ ഒരു കാലഘട്ടത്തിന്റെ നേര്‍ക്കാഴ്ചകളായി മാറുന്നു. കുര്യാപ്പിളളി – കോട്ടപ്പുറം ഫെറിയിലെ ചങ്ങാട യാത്ര, കൊടുങ്ങല്ലൂര്‍ ബംഗ്ലാവുകളുടെ വിവരണം, കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ താലപ്പൊലി, ഉത്സവകാലത്ത് പെട്രോമാക്സ് പ്രഭയില്‍ പരസ്യം തലയിലേന്തുന്ന മൂപ്പന്മാര്, തൃക്കളയിടം ക്ഷേത്രത്തിലെ വെണ്ണയും കദളിപ്പഴവും ചേര്‍ന്ന പ്രസാദത്തിന്റെ രുചി, അക്കാലത്ത് ക്രിക്കറ്റിനോട് ആവേശം പുലര്‍ത്തിയിരുന്ന കോവിലകത്തെ തമ്പുരാക്കന്മാരുടെ മര്‍ഫി റേഡിയോയില്‍ നിന്നുള്ള കമന്ററി, 1973-ലെ സന്തോഷ് ട്രോഫിയുടെ കമന്ററി എന്നിവയുടെ വിവരണങ്ങള്‍ നമ്മെ ആ കാലഘട്ടത്തിലേക്ക് നയിക്കുന്നു. പഴമയുടെ ഗാംഭീര്യം നിറഞ്ഞുനിന്നിരുന്ന കോവിലകങ്ങള്‍ പിന്നീട് പുത്തന്‍ പണക്കാര്‍ക്ക് വ്യാപാരാവശ്യങ്ങള്‍ക്ക് വിറ്റുപോയതിന്റെ നഷ്ടബോധം കേരളത്തിലെ ധാരാളം തമ്പുരാന് കുടുംബങ്ങളുടെയും ചരിത്രമായി കണക്കാക്കാവുന്നതാണ്. തന്റെ ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്ന കാരണവന്മാരെയും സുഹൃത്തുക്കളെയും സംഭവങ്ങളെയും നല്ല മലയാളത്തില്‍ വിവരിക്കുന്ന ശിവപ്രസാദിന്റെ ഈ പുസ്തകം ലാളിത്യവും തന്മയത്വവും മൂലം ഹൃദ്യമായ വായനാനുഭവം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: