നോര്‍വീജിയന്‍ ക്രൂസ് ലൈനിന്റെ ആഡംബരക്കപ്പലുകളിലൊന്നായ ‘നോര്‍വീജിയന്‍ സ്കൈ’യിലാണ് ഒരു ഹ്രസ്വസന്ദര്ശനത്തിനു ക്യൂബന്‍ തലസ്ഥാനത്തെത്തിയത്. ഹവാനയില്‍ കാലുകുത്തിയ എന്നെ ആ നഗരത്തിന്റെ പ്രഥമദര്‍ശനം തികച്ചും അമ്പരപ്പിച്ചു. ആധുനിക ക്യൂബയുടെ അവസ്ഥയെപ്പറ്റി ഒരുപാടു വായിക്കുകയും കേള്‍ക്കുകയും ചെയ്തിരുന്നെങ്കിലും, ഒരു മൂന്നാം ലോക തലസ്ഥാന നഗരത്തിന്റെയെങ്കിലും പ്രൗഢി ഹവാനയ്ക്കും പ്രതീക്ഷിച്ചിരുന്നത് അസ്ഥാനത്തായെന്നുതോന്നി (പതിറ്റാണ്ടുകള്‍ക്കു മുമ്പത്തെ പൂര്‍വയൂറോപ്യന്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലേക്കുനടത്തിയ യാത്രകളുടെ ഓര്‍മ്മകളായിരുന്നു എന്റെ മനസ്സില്‍).
ക്യൂബ, ഫിഡല്‍ കാസ്ട്രോ എന്നീ പേരുകളൊക്കെ രോമാഞ്ചമായിരുന്ന ഒരു കാലമുണ്ടായിരുന്നു. ആഗോള’മൂരാച്ചി’യായ അമേരിക്കയെ ഒരു പാഠം പഠിപ്പിക്കാന്‍ ചങ്കൂറ്റം കാട്ടിയ, അവരുടെ മൂക്കിനുകീഴില്‍ ഒരു മഹത്തായ സോഷ്യലിസ്റ്റ് രാജ്യം കെട്ടിപ്പടുത്തുകൊണ്ടിരുന്ന വിപ്ളവകാരി ഫിഡല്‍ കാസ്ട്രോയ്ക്ക് ഒരു വീരനായക പരിവേഷമായിരുന്നു എന്റെ തലമുറയില്‍പ്പെട്ട ഏതാണ്ട് എല്ലാ മലയാളികള്‍ക്കും. കേരളത്തിലെ നല്ലൊരു വിഭാഗം അഭ്യസ്തവിദ്യരില്‍ ഇപ്പോഴും ആ ആരാധന ബാക്കിയുണ്ടെന്ന കാര്യവും ഇവിടെ വിസ്മരിക്കുന്നില്ല!
ഹവാനയില്‍ കപ്പലിറങ്ങുന്ന ഒരാള്‍ക്ക് ആദ്യമായി കണ്ണില്‍പ്പെടുന്ന കാര്യം, മറ്റു നഗരങ്ങളിലെപ്പോലെ ക്രൂസ് പോര്‍ട്ടിനടുത്ത് നഗരത്തിന്റെ ആഡംബരപ്പകിട്ടുകളൊന്നും കാണാനില്ല എന്നതായിരുന്നു. അതുപോലെ വര്‍ണശബളങ്ങളായ കൂറ്റന്‍ പരസ്യഫലകങ്ങളും നഗരത്തിലെങ്ങും കാണാനില്ല. കെട്ടിടങ്ങളുടെ പേരുകള്‍ എഴുതിയ ബോര്‍ഡുകള്‍പോലും വിരളമാണ്.
കാലഹരണപ്പെട്ട കാറുകള്‍
ഒരു പ്രധാന വ്യത്യാസം അനുഭവപ്പെടുന്നത്, തെരുവീഥികളില്‍ ധാരാളമായി കാണപ്പെടുന്ന പഴയ കാറുകളാണ്. 1959-നുമുമ്പത്തെ (അതായത് വിപ്ലവം നടന്നതിനുമുമ്പ് രാജ്യത്തുണ്ടായിരുന്ന) കാറുകള്‍ മാത്രമേ സ്വകാര്യവ്യക്തികള്‍ക്കു സ്വന്തമാക്കാന്‍ ഇപ്പോഴും അനുവാദമുള്ളൂ. പുതിയ കാറുകളെല്ലാം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ സര്‍ക്കാര്‍ വകയാണ്. അറുപതുവര്ഷത്തോളമോ അതിലധികമോ പഴക്കമുള്ള കാറുകള്‍ പ്രവര്‍ത്തനക്ഷമമായി സൂക്ഷിക്കുന്ന കാര്‍ മെക്കാനിക്കുകളുടെ സിദ്ധിയെ സമ്മതിക്കുകതന്നെ വേണം.
ക്രൂസ് കപ്പലില്‍നിന്ന് നേരിട്ടു ബുക്കുചെയ്യാവുന്ന ടൂറുകളൊന്നും ഞങ്ങള്‍ എടുത്തിരുന്നില്ല. ടാക്സിയിലും ബസ്സിലുമൊക്കെ യാത്രചെയ്യുന്നതാണ് ഒരു രാജ്യത്തിന്റെ ഹൃദയമിടിപ്പുകള്‍ കൂടുതല്‍ അറിയാന്‍ സഹായകരമെന്ന് മുന്യാത്രകളില്നിന്നു മനസ്സിലായിരുന്നു. അതുകൊണ്ട് നഗരത്തില്‍ കറങ്ങാനും പിന്നെ പ്രത്യേകതാല്പര്യമുണ്ടായിരുന്ന ചില ഇടങ്ങള്‍ സന്ദര്ശിക്കാനുമൊക്കെയായി ടാക്സി പിടിക്കാന്‍ തീരുമാനിച്ചു.
ഫിഡല്‍ എന്നുതന്നെ പേരായ ഞങ്ങളുടെ ടാക്സിഡ്രൈവര്‍ ഒരു ടൂറിസ്റ്റ് ഗൈഡിന്റെ മേലങ്കികൂടി അണിയാന്‍ സന്മനസ്സുകാട്ടി. ആദ്യം ഇംഗ്ളീഷിലാണ് ആശയവിനിമയം നടത്തിയതെങ്കിലും എനിക്ക് അത്യാവശ്യം സ്പാനിഷ് സംസാരിക്കാനറിയാമെന്നു മനസ്സിലായപ്പോള്‍ കൂടുതല്‍ സംസാരിക്കാന്‍ അയാള്‍ക്ക് ഉത്സാഹമായി!
വിദേശി ടൂറിസ്റ്റുകള്‍ക്കായുള്ള ടാക്സികള്‍ സ്വകാര്യവ്യക്തികള്‍ സ്വന്തമാക്കാന്‍ പാടില്ലെന്നും, ഞങ്ങള്‍ കയറിയ ടാക്സി സര്‍ക്കാരില്‍ നിന്ന് ദിവസവാടകയ്ക്ക് എടുത്തതാണെന്നും അയാള്‍ പറഞ്ഞു. എന്റെ തുടരെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമായി സ്വന്തം കുടുംബപശ്ചാത്തലവും വിശദീകരിച്ചു. പ്രായമായ അമ്മയും തൊഴില്‍രഹിതയായ ഭാര്യയും പതിനൊന്നുവയസ്സുകാരിയായ മകളും അടങ്ങുന്ന കുടുംബം പോറ്റാന്‍ ഇങ്ങനെ സര്‍ക്കാരില്‍നിന്നു വാടകയ്ക്കെടുക്കുന്ന ടാക്സി ഓടിച്ചുകിട്ടുന്ന വരുമാനം തികയുമോ എന്ന എന്റെ ചോദ്യത്തിന് നിസ്സഹായത നിഴലിക്കുന്ന ഒരു ചിരിയായിരുന്നു മറുപടി.
ക്യൂബയിലെ സാധാരണക്കാരുടെ ജീവിതത്തിന്റെ ഒരു രേഖാചിത്രം അയാളുമായുള്ള സംഭാഷണത്തില്‍നിന്നും കിട്ടി. ഒരു ക്യൂബക്കാരന്റെ ശരാശരി മാസശശമ്പളം 1200 പെസോ ആണ് (ഏകദേശം 50 അമേരിക്കന്‍ ഡോളര്‍). സര്‍ക്കാര്‍ റേഷന്‍ വഴി കിട്ടുന്ന നിത്യോപയോഗസാധങ്ങള്‍ വാങ്ങാന്‍ അതു കഷ്ടിച്ചു മതിയാകും. വീട്ടുപകരണങ്ങളോ മറ്റ് ‘ആഡംബര’വസ്തുക്കളോ വാങ്ങണമെങ്കില്‍ ദീര്‍ഘകാലം മിച്ചം പിടിക്കണം. അല്ലെങ്കില്‍ ‘വേറേ വഴികള്‍’ തേടി പണമുണ്ടാക്കണം.
എന്നാല്‍, സോഷ്യലിസ്റ്റ് ഭരണവ്യവസ്ഥയുടെ സംഭാവനയായ, എടുത്തുപറയേണ്ട ചില കാര്യങ്ങളുണ്ട്. വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയുമൊക്കെ സര്‍ക്കാര്‍ സൗജന്യമായി നല്കുന്നു. അദ്ധ്യാപക-വിദ്യാര്‍ഥി അനുപാതം ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ക്യൂബ. അതുപോലെ, ഏറ്റവും സമര്‍ത്ഥരായ ഡോക്ടര്‍മാരും ക്യൂബയിലാണ്. സര്‍ക്കാര്‍ നല്കുന്ന പാര്‍പ്പിടങ്ങള്‍ ലളിതമാണെങ്കിലും അവയ്ക്കുവേണ്ടി ചെലവാക്കേണ്ടി വരുന്നത് നാമമാത്രമായ തുകമാത്രം.
റേഷന്‍ കടകള്‍, കാര്‍ഡുകള്‍
പലതരം ഇല്ലായ്മകളില്‍ ജീവിക്കുന്നവരെങ്കിലും ജനങ്ങളെ സൗഹൃദമനോഭാവമുള്ളവരും സന്തുഷ്ടരുമായാണ് കാണാന്‍ കഴിഞ്ഞത്. വിനോദസഞ്ചാരികളെ ലക്ഷ്യമാക്കി നടത്തിയിരുന്ന ഒരു ‘ടിപ്പിക്കല്‍’ ക്യൂബന്‍ റെസ്റ്റോറന്റിലാണ് ഞാനും അനിതയും ഉച്ചഭക്ഷണം കഴിച്ചത്. രണ്ടുപേര്‍ക്കുള്ള ലഞ്ചിന് ഏകദേശം അമ്പത് യുഎസ് ഡോളര്‍. അതായത് ഒരു ശരാശരി ക്യൂബക്കാരന്റെ ഒരു മാസത്തെ ശമ്പളം!
‘വെയര്‍ ആര് യൂ ഫ്രം,’ ടുറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ തെരുവോര കച്ചവടക്കാര്‍ ആദ്യം വിളിച്ചുചോദിക്കുന്ന ചോദ്യങ്ങളിലൊന്നാണിത്. അങ്ങനെയുള്ള ഒരു ചോദ്യം കേട്ടാണ് ഞങ്ങള്‍ ഒരു കടയിലേക്ക് നടന്നുകയറിയത്. അതൊരു ‘റേഷന്‍ കട’ ആണെന്ന കാര്യം എന്നെ കൂടുതല്‍ ജിജ്ഞാസുവാക്കി. ഞങ്ങളെ അങ്ങോട്ട് വിളിച്ചുകയറ്റിയത്, അവിടെ വില്പനയ്ക്കില്ലാത്ത ക്യൂബന്‍ സിഗാറുകള്‍ അടക്കമുള്ള ചരക്കുകള്‍ ഞങ്ങള്‍ക്ക് ചുരുങ്ങിയ വിലയ്ക്ക് ‘ഒപ്പിച്ചു’തരാനും, പിന്നെ അടുത്തുള്ള മറ്റ് ടൂറിസറ്റ് ആകര്‍ഷണങ്ങളിലേക്ക് ഞങ്ങളുടെ ശ്രദ്ധ ക്ഷണിക്കാനുമുള്ള ഉദ്ദേശ്യത്തോടെയായിരുന്നുവെന്നു മനസ്സിലായി. സൗഹൃദഭാവം കാട്ടിയ കടക്കാരനോട് വിശദമായി സംസാരിക്കാന്‍ അത് അവസരമൊരുക്കി.
പ്രായപൂര്‍ത്തിയായ ഒരു ക്യൂബന്‍ പൗരനു ഒരു മാസം റേഷനായി കിട്ടുന്ന സാധനങ്ങളെപ്പറ്റിയൊക്കെ അയാള്‍ വിവരിച്ചുതന്നു. ഏഴു പൗണ്ട് (റാത്തല്) അരി, മൂന്നു പൗണ്ട് ശുദ്ധീകരിച്ച (വെളുത്ത) പഞ്ചസാര, മൂന്നു പൗണ്ട് അസംസ്കൃത പഞ്ചസാര (ചക്കര), 15 പൗണ്ട് ഉരുളക്കിഴങ്ങ്, പത്ത് ഔണ്‍സ് കറുത്ത പയര്‍ (ബീന്‍സ്)… ആ പട്ടിക അങ്ങനെ നീളുന്നു. ഭക്ഷണസാമഗ്രികള്‍ നിറച്ച ചാക്കുകെട്ടുകള്‍ സൂക്ഷിച്ചിരുന്ന ഉള്ളറകള്‍ അയാള്‍ കാണിച്ചുതന്നു. മത്സ്യമാംസാദികള്‍ വിതരണം ചെയ്യാന്‍ പ്രത്യേകം കടകളുണ്ട്. ഭക്ഷണസാധനങ്ങള്‍ മാത്രമല്ല, ദൈനംദിന അവശ്യസാധനങ്ങളായ സോപ്പ്, ടൂത്ത്പേസ്റ്റ് എന്നിവയടക്കം എല്ലാം റേഷന്‍ കടകള്‍ വഴിയാണു വിതരണം ചെയ്യപ്പെടുന്നത്. ഇഷ്ടംപോലെ സാധനങ്ങള്‍ വാങ്ങാന്‍ കിട്ടുന്ന സ്വകാര്യവിപണി എന്നൊരു സങ്കല്പം ഇല്ലതന്നെ! നമ്മുടെ നാട്ടിലേതുപോലെ ബുക്ലെറ്റ് രൂപത്തിലുള്ള റേഷന്‍ ‘കാര്‍ഡു’കള്‍ വഴിയാണ് ഇവ വിതരണം ചെയ്യപ്പെടുന്നത്. ഇന്ത്യയ്ക്ക് പുറമേ വേറൊരു രാജ്യത്തെ ഒരു ‘റേഷന്‍ കാര്‍ഡ്’ ആദ്യമായി കാണുകയായിരുന്നു!
എല്ലാം ബിസിനസല്ലേ സാര്‍!
രണ്ടുതരം ക്യൂബന്‍ കറന്‍സികളെപ്പറ്റി വായിച്ചിട്ടുണ്ടായിരുന്നെങ്കിലും അതേപ്പറ്റി നേരിട്ടു മനസ്സിലാക്കിയത് കടയില്‍ ഉണ്ടായിരുന്ന വേറൊരാളില്നിന്നായിരുന്നു. ടൂറിസ്റ്റ്കള്‍ക്ക് കിട്ടുന്ന, വിദേശനാണ്യമായിട്ടും തിരിച്ചും മാറ്റാവുന്ന ‘കണ്‍വെര്‍ട്ടിബിള്‍’ കറന്‍സിയും, തദ്ദേശീയര്‍ക്കുള്ള, മാറ്റാനൊക്കാത്ത കറന്‍സിയും (മൊനീഡ നാഷനാല്‍, അഥവാ നാഷനല്‍ കറന്‍സി). രണ്ടിനും ‘പെസോ’ എന്നാണു പേരെങ്കിലും കെട്ടിലും മട്ടിലും വിലയിലും വലിയ വ്യത്യാസമുണ്ട്. ഒരു കണ്‍വെര്‍ട്ടിബിള്‍ പെസോ, ഇരുപത്തിനാലു മറ്റേ പെസോയ്ക്കു തുല്യമാണ്. കടയിലുണ്ടായിരുന്ന വേറൊരാളുടെ പോക്കറ്റില്‍ രണ്ടുതരം കറന്‍സികളും കണ്ടത് കൗതുകകരമായി തോന്നി. ഇതെങ്ങനെ കിട്ടി എന്ന ചോദ്യത്തിന് അയാള്‍ ഒരു കള്ളച്ചിരിയോടെ മറുപടി പറഞ്ഞു: ‘എല്ലാം ബിസിനസല്ലേ സര്!’
ടൂറിസ്റ്റുകളെ ഉദ്ദേശിച്ച് കരകൗശലസാധനങ്ങള്‍ വില്‍ക്കുന്ന വേറൊരുകടയില് കയറി ഇതുപോലെ കടയുടമസ്ഥയുമായി സൗഹൃദസംഭാഷണത്തിലേര്‍പ്പെട്ടു. അവര്‍ക്ക് പറയാനുണ്ടായിരുന്നത് സമാന്തരമായ മൂന്നുതരം സാമ്പത്തികവ്യവസ്ഥിതിയെപ്പറ്റിയായിരുന്നു – സ്ഥിരം വരുമാനക്കാരായ സര്‍ക്കാര്‍ ജോലിക്കാരും കൃഷിക്കാരും, ടൂറിസത്തില്‍നിന്നുള്ള വരുമാനം ലക്ഷ്യമാക്കി കൂടുതലും നഗരങ്ങളില്‍ വ്യാപാരം നടത്തുന്ന ഒരു ന്യൂനപക്ഷം. പിന്നെ മൂന്നാമതായി അതീവ സ്വാധീനശക്തിയുള്ളവരും ആഗ്രഹിക്കുന്നതെന്തും എളുപ്പം സാധിക്കുന്നവരുമായ ഭരണവര്‍ഗം എന്ന മറ്റൊരു ന്യൂനപക്ഷവും! ‘സോഷ്യലിസമൊക്കെ കടലാസിലേയുള്ളൂ, ”അവരുടെ ചിരിയില്‍ വല്ലാത്തൊരു നിസ്സംഗത നിഴലിച്ചിരുന്നു. ‘ഭരിക്കുന്നയാള്‍ എത്ര നല്ലവനായാലും കാര്യമില്ല, വ്യവസ്ഥിതി ഒന്നാകെ മാറാതെ രാജ്യത്തെ സാമ്പത്തികാവസ്ഥ മാറാന്‍ പോകുന്നില്ല.”
വെറുതെയൊരു വിപ്ലവം
മറ്റുചില ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെപ്പോലെ, കരിമ്പ് ക്യൂബയിലും ഒരു പ്രധാന കൃഷിയാണ്. അതുകൊണ്ടുതന്നെ പഞ്ചസാര ഉല്‍പ്പാദനവും റം ഉല്പാദനവും വലിയ വ്യവസായങ്ങളാണ്. പുകയില, നെല്ല്, പഴവര്‍ഗങ്ങള്‍ എന്നിവയും വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു. ക്യൂബന്‍ സിഗാറുകള്‍ ലോകപ്രശസ്തമാണ് (കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്റ്റീവ് മാര്ക്സിന് വലിച്ചിരുന്ന ‘ഹാഫ്-എ-കൊറോണ’ എന്ന ക്യൂബന്‍ ചുരുട്ട് ഓര്‍ക്കുക). അടുത്ത കാലത്തായി ടൂറിസം വരുമാനത്തിലും വലിയ വര്‍ദ്ധനവുണ്ട്. പല ക്രൂസ് കമ്പനികളും ഇപ്പോള്‍ ക്യൂബയിലേക്ക് കപ്പല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. അതുപോലെതന്നെ വിമാനക്കമ്പനികളും ക്യൂബ ലക്ഷ്യമാക്കുന്നു. സോവിയറ്റ് യൂണിയന്റെ പതനം ക്യൂബയെ സാരമായി ബാധിച്ചതും തുടര്‍ന്നുണ്ടായ അലയൊലികളും (കേരളത്തിലടക്കം) സമീപകാല ചരിത്രമാണല്ലോ! പിന്നെ അടുത്തകാലത്ത് ഒരു പ്രധാന വ്യാപാര പങ്കാളിയായ വെനിസ്വേലയില്‍ ഉണ്ടായ സാമ്പത്തിക പ്രശ്നങ്ങള്‍ ക്യൂബയിലും നല്ലൊരളവില്‍ പ്രതിഫലിക്കുന്നുണ്ട്.
പ്രവാസികള്‍ അയയ്ക്കുന്ന പണം സാമ്പത്തികവ്യവസ്ഥയില്‍ വളരെ സ്വാധീനം ചെലുത്തുന്നു. അങ്ങനെ വരുന്ന മൂലധനമുപയോഗിച്ച് പലരും സ്വകാര്യസംരംഭങ്ങള്‍ തുടങ്ങുന്നുണ്ട്. എന്നാല്‍ പ്രകടമായ രീതിയിലുള്ള സാമ്പത്തികവളര്‍ച്ച ഇത്തരം സംരംഭങ്ങളിലൂടെ ഇനിയും കൈവരിക്കാന്‍ ഇരിക്കുന്നതേയുള്ളൂ.
എന്നെങ്കിലും ഈ വ്യവസ്ഥ അവസാനിച്ച് രാഷ്ട്രീയവും സാമ്പത്തികവുമായ യഥാര്‍ത്ഥ സ്വാതന്ത്ര്യം ക്യൂബക്കാര്‍ക്ക് സ്വായത്തമാവുമോ, അഥവാ അത്തരമൊരു കാര്യത്തെപ്പറ്റി ക്യൂബക്കാരുടെ അഭിപ്രായം എന്താണ് എന്നുള്ള ജിജ്ഞാസയ്ക്ക് എനിക്കു കിട്ടിയ മറുപടി, ക്യൂബന്‍ ജനത ഒന്നടങ്കം കാസ്ട്രോയെയും കമ്മ്യൂണിസത്തെയും പിന്തുണച്ചിരുന്നില്ല എന്നാണ്. ‘നിങ്ങള്‍ക്കറിയാമോ, കമ്മ്യൂണിസവും സോഷ്യലിസവും ഒന്നും സ്ഥാപിക്കാനല്ല യഥാര്‍ഥത്തില്‍ ഫിഡല്‍ കാസ്ട്രോ രാജ്യം പിടിച്ചെടുത്തത്. അത് വെറും ഏകാധിപത്യഭ്രമം പൂണ്ട ഒരാളുടെ അധികാരക്കൊതി മാത്രമായിരുന്നു. ആദ്യകാലത്ത് ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിപോലും കാസ്ട്രോയെ തള്ളിപ്പറഞ്ഞിരുന്നു. സോഷ്യലിസം വാഗ്ദാനം ചെയ്തുകൊണ്ടാണ് വിപ്ലവം ജയിച്ചതെങ്കിലും, ഉടനെതന്നെ അമേരിക്കയുടെ പിന്തുണയ്ക്കായാണ് കാസ്ട്രോ ശ്രമിച്ചത്. 1959-ലെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ കാസ്ട്രോ യ്ക്ക് മനസ്സിലായി അമേരിക്കയുടെ പിന്തുണ തനിക്കു കിട്ടില്ലെന്ന്. ഉടന്‍ തന്നെ ചുവടുമാറ്റി സോവിയറ്റ് യൂണിയന്റെ സഹായം തേടി. ശീതയുദ്ധത്തില്‍ അമേരിക്കക്കെതിരെ ഏത് ആയുധവും പ്രയോഗിക്കാന്‍ തക്കം പാര്‍ത്തിരുന്ന സോവിയറ്റ് യൂണിയന് ആ അവസരം നല്ലവണ്ണം മുതലാക്കി. കാസ്ട്രോ ഒരു കമ്മ്യൂണിസ്റ്റ് ഏകാധിപതിയായി സ്വയം അവരോധിക്കുകയും ചെയ്തു. ഈ സംഭവങ്ങളൊക്കെ നിങ്ങള്‍ക്ക് സ്വയം ഗവേഷണം ചെയ്തു കണ്ടുപിടിക്കാവുന്നതേയുള്ളൂ.”
സ്വാതന്ത്ര്യം ഇനിയുമകലെ
പേരു വെളിപ്പെടുത്തരുതെന്നു കര്‍ശനനിര്‍ദ്ദേശം തന്ന ആ വയോധികനോട് ഞാന്‍ ആരാഞ്ഞു: എങ്ങനെയാണ് ഒരു ജനാധിപത്യവാദിയായി വിപ്ലവം നയിച്ച ഫിഡല്‍ കാസ്ട്രോ ഒരു ഏകാധിപതിയായി മാറിയത്? ”തന്നെ എതിര്‍ത്ത തന്റെ സഹവിപ്ലവകാരികളെയൊക്കെ ഘട്ടംഘട്ടമായി ഇല്ലതാക്കിക്കൊണ്ടും, രാജ്യഭരണം തന്റെ ഉരുക്കുമുഷ്ടിയിലൊതുക്കിക്കൊണ്ടും, അല്ലാതെങ്ങനെ? ചെ ഗുവേരയുടെ അനുഭവമൊക്കെ നിങ്ങള്‍ക്കറിയില്ലെ? അയളെ കാസ്ട്രോ ബൊളീവിയയിലേക്കയച്ചത് കൊലയ്ക്കുകൊടുക്കാനായിരുന്നു. എല്ലാ ചെയ്തികള്‍ക്കും സോവിയറ്റ് യൂണിയന്റെ അകമഴിഞ്ഞ സഹായവുമുണ്ടായിരുന്നു. ചരിത്രം എല്ലാറ്റിനും സാക്ഷിയാണല്ലോ?”
അദ്ദേഹം പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ ചരിത്രത്താളുകള്‍ മറിച്ച് പിഴതിരുത്താനുള്ള ഉദ്യമം ഈ യാത്രാക്കുറിപ്പിന്റെ പ്രതിപാദ്യത്തിനു പുറത്തായതുകൊണ്ട് അതു വായനക്കാര്‍ക്കു വിടുന്നു.
തിരികെ കപ്പലില്‍ കയറുന്നതിനു മുമ്പായി തുറമുഖത്തിനു ചുറ്റുമുള്ള ചരിത്രസ്മാരകങ്ങളൊക്കെ ചുറ്റിനടന്നുകണ്ടു. എല്ലാ തെരുവുകളിലും ടൂറിസ്റ്റുകള്‍ക്കുവേണ്ടിയുള്ള ഭക്ഷണശാലകളും മറ്റു വ്യാപാരസ്ഥാപനങ്ങളും സജീവമായിരുന്നു.
ഹവാന കത്തീഡ്രലും സാന്‍ ഫ്രാന്‍സിസ്ക്കൊ ബസിലിക്കയും പിന്നെ ഹവാന ഉള്‍ക്കടലിനപ്പുറത്ത് ഒരു കുന്നിന് മുകളില്‍ സ്ഥിതിചെയ്യുന്ന 20 മീറ്റര്‍ ഉയരമുള്ള ക്രിസ്തുപ്രതിമയുമൊക്കെ എടുത്തുപറയത്തക്ക ആകര്‍ഷണങ്ങളാണ്, വിശേഷിച്ചും വിപ്ലവത്തിനുശേഷം 1997 വരെ ക്രിസ്തുമസ് ആഘോഷം പോലും വിലക്കപ്പെട്ടിരുന്ന ഒരു രാജ്യത്ത്!
ഞങ്ങളുടെ കപ്പല്‍ നങ്കൂരമിട്ടിരുന്ന സ്ഥലത്തിനടുത്ത് കുറേസമയം ചെലവഴിച്ചപ്പോള്‍, അതുവഴി പതുക്കെ കടന്നുപോയിരുന്ന ബസ്സുകളിലിരുന്ന് കപ്പലിലേക്ക് വിരല്‍ ചൂണ്ടി സാധാരണ യാത്രക്കാര്‍ ആവേശത്തോടെ സംസാരിക്കുന്നത് സങ്കടത്തോടെയാണ് വീക്ഷിച്ചത്. എന്നാണാവോ അവര്‍ക്കൊക്കെ ഇത്തരം കപ്പല്‍ യാത്രകള്‍ അനുഭവിക്കാനുള്ള സാമ്പത്തികസ്വാതന്ത്ര്യം കൈവരുക? അഥവാ അത്തരം കാര്യങ്ങള്‍ സ്വപ്നം കാണാനുള്ള സ്വാതന്ത്ര്യമെങ്കിലും ഉണ്ടാവുക?
മുരളി ജെ.നായര്‍, ഫിലാഡല്‍ഫിയ ([email protected])
പ്രതികരിക്കാൻ ഇവിടെ എഴുതുക: