കൊച്ചി: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് തീയേറ്ററുകളിലെത്തിയ ഒടിയന് പിന്നാലെ അഞ്ച് ക്രിസ്മസ് ചിത്രങ്ങളിറങ്ങും. പ്രളയാനന്തരം സിനിമാ വ്യവസായം കരകയറുന്നതിന്റെ സൂചനകള്‍ സിനിമാ വിജയങ്ങളോടെ അറിയാം.
പണ്ട് വടക്കന്‍ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒടിയന് എന്ന സങ്കല്‍പ്പത്തെ ആധാരമാക്കിയുള്ള മോഹന്‍ലാല്‍ ചിത്രമായ ഒടിയന് ക്രിസ്മസ് പുതുവത്സര റിലീസുകളില്‍ മുമ്പനാണ്. പിന്നാലെ അഞ്ച് ചിത്രങ്ങളാണ് ബോക്സോഫീസില്‍ മാറ്റുരക്കാന്‍ ഒരുങ്ങുന്നത്.
ബിഗ് ബജറ്റിലൊരുങ്ങുന്ന ഒടിയന് വന്‍ പ്രതീക്ഷകളാണ് ഉണര്‍ത്തുന്നത്. റിലീസിന് മുമ്പേ പല പഴയ റെക്കോഡുകളും ഒടിയന് തകര്‍ത്തുവെന്നാണ് അവകാശവാദങ്ങള്‍. ഗാനങ്ങള്‍ യൂട്യൂബ് റെക്കോര്‍ഡ് സൃഷ്ടിച്ചു. ഒടിയന് മാണിക്യനാണ് മോഹന്‍ലാല്‍. പ്രകാശ് രാജ്, മനോജ് ജോഷി, മഞ്ജു വാര്യര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലുണ്ട്.
പിന്നാലെ ഫഹദ് ഫാസില്‍ ചിത്രം ‘’ഞാന്‍ പ്രകാശന് ‘, ടൊവിനോയുടെ ‘എന്റെ ഉമ്മാന്റെ പേര് ‘, ജയസൂര്യയുടെ ‘പ്രേതം 2’, കന്നട ചിത്രമായ കെജിഎഫ് എന്നിവയാണ് ക്രിസ്മസ് റിലീസുകള്‍. സത്യന് അന്തിക്കാടും ഫഹദ് ഫാസിലും കൈകോര്‍ക്കുന്ന ചിത്രമാണ് ഞാന്‍ പ്രകാശന്. 16 വര്‍ഷത്തിന് ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമ എന്ന സവിശേഷതയും ഇതിനുണ്ട്.
നവാഗതന് ജോസ് സെബാസ്റ്റ്യന്‍ കഥയും സംവിധാനവും നിര്‍വഹിക്കുന്ന ടൊവീനോ ചിത്രം ‘എന്റെ ഉമ്മാന്റെ പേര് ‘ അമ്മയും മകനുമായുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്നു. ഹമീദ് എന്ന കച്ചവടക്കാരനാണ് ടൊവിനോ. ഉമ്മയായി ഉര്‍വശി. പുതുമുഖം സായിപ്രിയ നായിക.
രഞ്ജിത്- ശങ്കര്‍ ജയസൂര്യ കൂട്ടുകെട്ടിലൊരുങ്ങിയ ഹിറ്റ് ചിത്രം പ്രേതത്തിന്റെ രണ്ടാം ഭാഗം, പ്രേതം 2 തീയേറ്ററുകളിലെത്തും. ജാണ് ഡോണ്‍ ബോസ്കോ നേരിട്ടുള്ളതില്‍വെച്ച് ഏറ്റവും ഭീകരമായ കേസുമായാണ് പ്രേതം 2 വരുന്നത്.
പ്രശാന്ത് നീലിന്റെ ബിഗ് ബഡ്ജറ്റ് കന്നട ചിത്രം കെജിഎഫ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ചൈനീസ്, ജാപ്പനീസ് ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും. യാഷ് എന്നറിയപ്പെടുന്ന യുവതാരം നവീന്‍കുമാര്‍ ഗൗഡ പ്രധാനവേഷത്തില്‍ എത്തുന്നു. 80 കോടിയിലേറെയാണ് നിര്‍മാണച്ചെലവ്. ശ്രീനിധി ഷെട്ടിയാണ് നായിക. രമ്യ കൃഷ്ണനും കെജിഎഫിന് രണ്ടാംഭാഗം കൂടി ഉണ്ടാകുമെന്നാണ് സൂചന. കുഞ്ചാക്കോ ബോബന് -ലാല്‍ ജോസ് കൂട്ടുകെട്ടിലെത്തുന്ന ഫാമിലി എന്റര്ടെയ്നര് തട്ടും പുറത്ത് അച്യുതന് 22നാണ് തിയേറ്ററിലെത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: