വാഷിംഗ്ടണ്‍: കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിന് കീഴില്‍ ഇന്ത്യയുടെ വളര്‍ച്ച അത്യന്തം കരുത്താര്‍ജ്ജിച്ചെന്ന് ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ധന്‍ മൊറീസ് ഓബ്സറ്റ്ഫെല്‍ഡ്. ജിഎസ്ടിയടക്കമുള്ള അടിസ്ഥാന സാമ്പത്തിക പരിഷ്കാരങ്ങള്‍ രാജ്യത്ത് നടപ്പാക്കിയതിനെ അദ്ദേഹം പ്രശംസിച്ചു.
ഇന്ത്യയില്‍ അടിസ്ഥാനപരമായ ചില സാമ്പത്തിക പരിഷ്കാരങ്ങള്‍ അദ്ദേഹം നടപ്പാക്കിയിട്ടുണ്ട്. അവസാന നാല് വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച കൂടുതല്‍ കരുത്ത് നേടിയെന്നും ജി.എസ്.ടിയടക്കമുള്ളവ ഇതില്‍ ഉള്‍പ്പെടുമെന്നും മൊറീസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ധനകാര്യ വിഷയങ്ങളുടെ പാത എപ്പോഴും സജീവമാക്കി നിര്‍ത്തണം. ഷാഡോ ബാങ്കിംഗ് എന്ന വിഷയമാണ് കഴിഞ്ഞ കുറച്ചു നാളുകളായി വെല്ലുവിളി ഉയര്‍ത്തുന്നത്. തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ സമ്ബദ്വ്യവസ്ഥയുടെ വേഗത കുറയ്ക്കുന്നതൊന്നും ചെയ്യാതിരിക്കാനുള്ള ഒരു ശ്രമം രാജ്യത്തു കാണുന്നുണ്ടെന്നും മൊറീസ് പറഞ്ഞു.
ഈ വര്‍ഷത്തെ മൂന്നാം പാദത്തെ അടിസ്ഥാനമാക്കിയല്ല ഇത് പറയുന്നത്. പൊതുവെയുള്ള വിലയിരുത്തലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. 66കാരനായ മൊറീസ് ഓബ്സറ്റ്ഫെല്‍ഡ് ഈ മാസം അവസാനത്തോടെ ഐഎംഎഫില്‍ നിന്ന് വിരമിക്കും. മലയാളിയായ ഗീത ഗോപിനാഥാണ് പകരം ചുമതലയേല്‍ക്കുന്നത്. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും ഐഎംഎഫില്‍ മുഖ്യ സാമ്പത്തിക വിദഗ്ധനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: