വയനാട്ടിലെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വിളിച്ചറിയിക്കാറുള്ള പനമരത്തെ എ.വി. രാജേന്ദ്രപ്രസാദ് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വിളിച്ചത് തന്റെ പ്രിയ മാതാവ് അന്തരിച്ച വിവരം അറിയിക്കാനായിരുന്നു. അനേക വര്‍ഷങ്ങളായി ശയ്യാവലംബിനിയായതിനാല് മരണം അപ്രതീക്ഷിതമായിരുന്നില്ല. സംഘപ്രവര്‍ത്തനം വടക്കെ വയനാട്ടില്‍ വളര്‍ത്തുന്നതില്‍ രാജേന്ദ്രപ്രസാദിന്റെ അച്ഛന് വെങ്കിട്ട ഗൗഡര്‍ പ്രമുഖനായിരുന്നു.
പനമരത്തെ വാണിജ്യവ്യവസായ പ്രമുഖനായിരുന്നു അദ്ദേഹം. അവിടെ ആദ്യമായി ബസ് സര്‍വീസ് ആരംഭിച്ചതും അദ്ദേഹമായിരുന്നത്രേ. രണ്ടാംലോക യുദ്ധക്കാലത്തു പെട്രോളിനു ക്ഷാമം വന്നപ്പോള്‍ കരി കത്തിച്ച് അതിന്റെ ഗ്യാസ് ഉപയോഗിച്ച് ബസ്സുകള്‍ ഓടിക്കുന്ന വിദ്യയും അദ്ദേഹംകൊണ്ടുവന്നത്രേ. എന്റെ ചെറുപ്പകാലത്തു തൊടുപുഴയിലും അത്തരം ബസ്സുകള്‍ ഓടിച്ചത് ഓര്‍ക്കുന്നു. ബസ്സിന്റെ മുകളില്‍ ചാക്കുകള്‍ നിറയെ കരി അട്ടിയിട്ടു വച്ചിരിക്കും. പിന്നില്‍ കരി കത്തിക്കാനുള്ള വലിയ ഇരുമ്പ് ബര്‍ണര്‍ ഘടിപ്പിച്ച് അതില്‍ ഇന്ധനം നിറച്ച് ഒരു ചക്രം കറക്കിയാണ് തീ കത്തിച്ചത്.
വളരെ കുറഞ്ഞ വേഗത്തിലേ വണ്ടി ഓടുമായിരുന്നുള്ളൂ. മണിക്കൂറില്‍ 20-25 കി. മീ. മാത്രം അരമണിക്കൂര്‍ ഓടിയാല്‍ ബസ്സ് നിര്‍ത്തി വെണ്ണീര് തട്ടിക്കളഞ്ഞു വീണ്ടും കരി നിറച്ച് കത്തിക്കണം. യുദ്ധം കഴിഞ്ഞ് പെട്രോളും ഡീസലുമൊക്കെ ധാരാളം ലഭ്യമാകുന്നതുവരെ ബസ്സ് യാത്ര ദുരിതമയമായിരുന്നു.
വടക്കേ വയനാട്ടില്‍ സംഘപ്രവര്ത്തനത്തിനെത്തിയ പ്രചാരകന്മാര്ക്ക് സ്വന്തം വീടുപോലെ തന്റെ വസതി ഉപയോഗിക്കാന്‍ വെങ്കിട്ട ഗൗഡര്‍ തയ്യാറായി. അയല്പക്കത്തെ വാഴക്കണ്ടിത്തറവാടും സംഘത്തിനായി തുറന്നുവയ്ക്കപ്പെട്ടിരുന്നു. അവിടത്തെ തിരുപ്പതി, മാച്ചന്, എങ്കിട്ടന്, ശ്രീനിവാസന് മുതലായവര്‍ പില്ക്കാലത്ത് സജീവ ആര്‍എസ്എസ് പ്രവര്‍ത്തകരായി. ശ്രീനിവാസന് അഭിഭാഷകന് എന്ന നിലയ്ക്ക് പ്രശസ്തനായിരുന്നു. ആദ്യം ജനസംഘത്തിലും പിന്നീട് ബിജെപിയിലും സജീവമായിരുന്നു.
അടല്‍ജി വയനാട് സന്ദര്‍ശിച്ച വേളയില്‍ മാനന്തവാടിയിലേക്കുള്ള യാത്രക്കിടെ വിശ്രമിച്ചത് ശ്രീനിവാസന്റെ വീട്ടിലായിരുന്നു. അടിയന്തരാവസ്ഥയില്‍ അടല്‍ജിയുടെ അന്‍പതാം പിറന്നാളിന്, അദ്ദേഹം നട്ടെല്ലിലെ കശേരുക്കളുടെ ചികിത്സയിലായിരുന്നപ്പോള്‍, ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥന നടത്തിയതിന്റെ ഭാഗമായി തിരുനെല്ലി ക്ഷേത്രത്തിലേക്കു പോയത് ശ്രീനിവാസന്റെ നേതൃത്വത്തിലായിരുന്നു.
പനമരം എന്ന സ്ഥലത്തെപ്പറ്റി ആദ്യം കേട്ടത് സംഘശിക്ഷാവര്‍ഗില്‍ പ്രഥമവര്‍ഷം ഒരുമിച്ചു കഴിഞ്ഞ എം.ടി. കരുണാകരനിലൂടെയായിരുന്നു. അദ്ദേഹം അന്ന് പനമരത്ത് വിസ്താരകനാണ്. പിന്നീട് തമിഴ്നാട് ജലസേചനവകുപ്പില്‍ ജോലിയിലായി. ഇപ്പോള്‍ വിരമിച്ച് തിരുവനന്തപുരത്തെ ശാന്തിഗിരി ആശ്രമം അന്തേവാസിയായി കഴിയുന്നു. അദ്ദേഹത്തില്‍നിന്നായിരുന്നു വയനാടിന്റെ നേരിട്ടുള്ള വിവരം അറിഞ്ഞത്. പിന്നീട് എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞ് ജനസംഘത്തിന്റെ ചുമതലയുമായി വയനാട്ടില്‍ സഞ്ചരിക്കവേ കരുണാകരന് താമസിച്ച കുടുംബത്തിനൊപ്പം കഴിയാനവസരമുണ്ടായി.
ആ വീട്ടിലെ അമ്മ-രുഗ്മിണി അവ്വ എന്നാണവരുടെ പേര്, അവരുടെ സമ്പ്രദായത്തിലുള്ള ഇഷ്ടവിഭവങ്ങള്‍ തന്നു നമ്മെ ഊട്ടിവിടുന്നതില് അതീവ തല്പരയായി. അച്ഛനും അതുപോലെ പഴയ സംഘപ്രചാരകരുടെ വിശേഷങ്ങള്‍ ആരായുമായിരുന്നു. ആദ്യകാല മലബാര്‍ പ്രചാരകന് ശങ്കര്‍ ശാസ്ത്രി അവര്‍ക്ക് മറക്കാന്‍ കഴിയാത്ത വ്യക്തിത്വമായിരുന്നു. ശാസ്ത്രിജിയുമായി പരിചയപ്പെട്ട എല്ലാവരുടേയും അവസ്ഥ അതുതന്നെയായിരുന്നു.
കെ.ജി. മാരാര്‍ ആ വീട്ടില്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. അദ്ദേഹം ജനസംഘത്തിന്റെ കണ്ണൂര്‍ ജില്ലാ സംഘടനാ കാര്യദര്‍ശിയായിരിക്കെ ഇടയ്ക്കിടെ വടക്കെ വയനാട് സന്ദര്‍ശിക്കുമായിരുന്നു. ആ സന്ദര്‍ശനങ്ങളിലൂടെ എത്രയെത്ര പുതിയ പ്രവര്‍ത്തകരെ അദ്ദേഹം മെനഞ്ഞെടുത്തുവെന്നു ഓര്‍ക്കുമ്പോള്‍ വിസ്മയം തോന്നും. ആ സമ്പര്‍ക്കവും മാരാര്‍ജിയുടെ ഊര്‍ജസ്വലതയുമാണ് വയനാട്ടിലെ ആദിവാസി സമൂഹത്തെ സുശക്തമായ ദേശീയ പ്രസ്ഥാനമായി വളര്‍ത്താന്‍ അടിത്തറയായതും. മാരാര്‍ജിക്ക് അടിയന്തരാവസ്ഥക്കാലത്ത് തിരുവനന്തപുരത്തെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിന് മുന്‍പ് ഏതാനും ദിവസം അജ്ഞാതവാസത്തിന് താവളമായത് രാജേന്ദ്രപ്രസാദിന്റെ വീടായിരുന്നു.
പ്രസാദിന്റെ അമ്മ ഈ അനുഭവങ്ങളും ഓര്‍മകളും ആവേശപൂര്‍വം പങ്കുവയ്ക്കുമായിരുന്നു. ഏതാനും വര്‍ഷങ്ങളായി അവര്‍ ശരീരം തളര്‍ന്നുകിടക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം കുടുംബസഹിതം തിരുനെല്ലി ക്ഷേത്രദര്‍ശനത്തിന് പോയി മടങ്ങി വരുംവഴി പനമരത്ത് പ്രസാദിന്റെ വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. അദ്ദേഹത്തെ ഫോണില്‍ വിവരമറിയിച്ചപ്പോള്‍ ഉണ്ടായ സന്തോഷത്തിനതിരില്ലായിരുന്നു.
കിടപ്പിലായ അമ്മയെ കണ്ടപ്പോള്‍ അവര്‍ക്കും അപ്രതീക്ഷിതമായ സന്തോഷമായി. എന്റെ കുടുംബാംഗങ്ങളുമായി അത്യന്തം ആത്മീയതയോടെ സംസാരിച്ചു. ശരീരത്തിനു മാത്രമായിരുന്നു അവശത. മനസ്സും ബുദ്ധിയുമൊക്കെ തെളിഞ്ഞുതന്നെനിന്നു. എന്നാലും ആയുസ്സ് അധികകാലത്തേക്കില്ല എന്നവര്ക്കുറപ്പുണ്ടായിരുന്നു. ആറേഴു പതിറ്റാണ്ടുകാലം വയനാട്ടില്‍ സംഘപ്രസ്ഥാനങ്ങള്‍ക്ക് കരുത്തായി നിന്ന ഒരു കുടുംബത്തിന്റെ അമ്മയാണ് ഭൗതിക ജീവിതം മതിയാക്കിയത്. രാജേന്ദ്രപ്രസാദ് വിവരമറിയിച്ചപ്പോള്‍ മനസ്സിലൂടെ പാഞ്ഞുപോയ ചിന്തകള്‍ വായനക്കാരുമായി പങ്കുവയ്ക്കുകയാണിവിടെ ചെയ്തത്.
ഇതിത്രയും കുറിച്ചുകഴിഞ്ഞപ്പോഴാണ് ജന്മഭൂമിയുടെ തിരുവനന്തപുരത്തെ റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്റെ സഹധര്‍മിണി പ്രേമജ അന്തരിച്ച വിവരം അറിഞ്ഞത്. ഉടന്‍തന്നെ അദ്ദേഹവുമായി സംസാരിച്ചു. ഏതാനും വര്‍ഷങ്ങളായി പരസഹായം കൂടാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണവര്‍ കഴിഞ്ഞതെന്ന് അറിയാമായിരുന്നു. കണ്ണൂരിന്റെ കിഴക്കന്‍ ഭാഗമായ ഇരിക്കൂര്‍കാരനായ കുഞ്ഞിക്കണ്ണനും നഗരപ്രാന്തത്തെ ചാലാട്ടുകാരിയായ പ്രേമജവും തിരുവനന്തപുരത്തേക്കു കൂടുമാറിയിട്ട് മൂന്നുപതിറ്റാണ്ടുകളായി.
തന്റെ എല്ലാ വളര്‍ച്ചയ്ക്കും കരുത്തേകി കൂടെനിന്ന സഹധര്‍മിണി ശാരീരികാവശതയില് കഴിഞ്ഞപ്പോള്‍ തളരാതെ അവര്‍ക്ക് സാന്ത്വനം നല്‍കിക്കൊണ്ടുതന്നെ ജന്മഭൂമിയുടെ തിരുവനന്തപുരത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സാരഥ്യം വഹിക്കാന്‍ കുഞ്ഞിക്കണ്ണനു കഴിഞ്ഞത് അദ്ഭുതത്തോടെയേ എനിക്ക് കാണാന്‍ കഴിയുന്നുള്ളൂ. അച്ഛന്റെ കാലടികളെ പിന്തുടര്ന്ന് മകള്‍ പ്രകുല ജേര്‍ണലിസത്തില്‍, അതു ടിവി ആണ്, ഉറച്ച കാലുകള്‍ വയ്ക്കുന്നുണ്ട്.
കുഞ്ഞിക്കണ്ണനുമായി അരനൂറ്റാണ്ടിലേറെക്കാലത്തെ ഹൃദയംഗമമായ ബന്ധം പുലര്‍ത്താന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വതസ്സിദ്ധവും സ്വാര്ജിതവുമായ കഴിവുകളെ ലോകം അംഗീകരിക്കുകയും ചെയ്തു. കാല്‍നൂറ്റാണ്ടുകാലം തുടര്‍ച്ചയായി നിയമസഭാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്തതിനുള്ള പുരസ്കാരം കുഞ്ഞിക്കണ്ണന് സമ്മാനിക്കപ്പെട്ടപ്പോള്‍, അതിന് പ്രാപ്തനായത് സഹധര്‍മിണി നല്കിയ പിന്തുണയാണെന്ന് കാണാന്‍ കഴിഞ്ഞു.
അവരുമായി എനിക്കുള്ള അടുപ്പം വളരെ കുറച്ചു മാത്രമായിരുന്നു. എളമക്കരയില്‍ ജന്മഭൂമിക്കടുത്ത് ഒരു ചെറുവീട്ടില്‍ താമസിക്കുമ്പോള്‍ ഇടക്കിടെ കാണുമായിരുന്നു. മൂത്തമകള്‍ പ്രകുലയെ കുസൃതിക്കുടുക്കയായും അല്പം സംസാര വൈഷമ്യമുള്ള മഞ്ഞിലയെ എപ്പോഴും ശശിമാമനെ അന്വേഷിക്കുന്നവളായും (കാവാലം ശശികുമാര്‍) ആണ് മനസ്സില്‍ ഇന്നുമുള്ളത്.
തൊണ്ണൂറുകളുടെ ഒടുവില്‍ കന്യാകുമാരിയില്‍ നടന്ന മാധ്യമ കുടുംബസംഗമത്തില്‍ പങ്കെടുക്കാന്‍ എന്റെയും കുഞ്ഞിക്കണ്ണന്റെയും കുടുംബങ്ങള്‍ ഉണ്ടായിരുന്നു. ആഹ്ലാദകരങ്ങളായ ആ രണ്ടു ദിവസങ്ങള്‍ മനസ്സില്‍ തങ്ങിനില്ക്കുന്നു. തിരുവനന്തപുരത്ത് ആദ്യം അവര്‍ താമസിച്ച വാടക വീട്ടില്‍ ഒരു രാത്രി കഴിയുവാനും അവസരമുണ്ടായി.
കുഞ്ഞിക്കണ്ണനിലെ പത്രക്കാരനും എഴുത്തുകാരനും രാഷ്ട്രീയ ചിന്തകനും വികസിച്ചത് മാരാര്ജിയേയും പരമേശ്വര്‍ജിയേയും പോലുള്ള സമര്‍പ്പിത പ്രതിഭകളില്നിന്നാവേശംകൊണ്ടായിരുന്നെങ്കില് അതു കരുത്താര്‍ജിക്കാനുള്ള പിന്തുണയേകിയത് സഹധര്‍മിണി പ്രേമജം തന്നെയായിരുന്നു. അവിടം ഇന്ന് ശൂന്യമായത് അദ്ദേഹത്തെ എങ്ങനെ ബാധിക്കുമെന്ന സംശയം വേണ്ട. എന്തു പ്രതിസന്ധിയേയും നേരിടാന്‍ ശേഷിയുള്ള ആദര്‍ശത്തിന്റെ ചിരാത് ആ മനസ്സില്‍ അണയാതെ നില്‍ക്കുന്നുണ്ട്. മാരാര്‍ജിയുടെയും അടല്‍ജിയുടെയും ജീവിതം വരച്ചിടാന്‍ പ്രേരണയായ ആ ചിരാത് മതി വെളിച്ചവും കാണിക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: