മൂവായിരത്തി അറുനൂറ് കോടിയുടെ അഗസ്ത വെസ്റ്റ്ലാന്റ് ഹെലികോപ്ടര്‍ ഇടപാടിലെ ഇടനിലക്കാരന് ക്രിസ്റ്റിയന്‍ മിഷേലിനെ ഇന്ത്യയ്ക്ക് വിട്ടുകിട്ടിയതോടെ കോണ്‍ഗ്രസ്സ് നേതൃത്വം നല്കിയ യുപിഎ ഭരണകാലത്തെ വന്‍ അഴിമതികളിലൊന്നിന്റെ ചുരുളഴിയുകയാണ്. ഇടപാടില്‍ കൈമാറിയതായി കരുതപ്പെടുന്ന 375 കോടിയുടെ കോഴപ്പണം ആര്‍ക്കൊക്കെയാണ് പോയിരിക്കുന്നതെന്ന് ഇനി വിശദമായി അറിയാന്‍ കഴിയുമെന്ന വിശ്വാസമാണ് അന്വേഷണ ഏജന്‍സികള്‍ക്കുള്ളത്.
മിഷേലിനെ ദുബായിയില്‍നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരികയാണെന്ന വാര്‍ത്ത പരന്നതോടെ പേക്കിനാവ് കണ്ടിട്ടെന്നപോലെ ഞെട്ടിയുണര്‍ന്ന കോണ്‍ഗ്രസ്സ് നേതൃത്വം മാധ്യമങ്ങള്‍ക്കകത്തും പുറത്തുമിരുന്ന് പിച്ചും പേയും പറയുകയാണ്. ദല്‍ഹിയിലെ പ്രത്യേക കോടതി അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടിരിക്കുന്ന മിഷേലിന്റെ വായില്‍നിന്ന് എന്തൊക്കെ പുറത്തുചാടുമെന്നോര്‍ത്ത് കോണ്‍ഗ്രസ്സ് നേതാക്കളുടെ നെഞ്ചിടിപ്പ് വര്‍ധിച്ചിരിക്കുകയാണ്.
ഇതിനു കാരണമുണ്ട്. ഇംഗ്ലണ്ടുകാരനായ ക്രിസ്റ്റിയന്‍ മിഷേല്‍ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ സുഹൃത്താണ്. എന്നുമാത്രമല്ല, ഹെലികോപ്ടര്‍ ഇടപാടില്‍ ലഭിച്ച കോഴപ്പണം താന്‍ ആര്‍ക്കൊക്കെ കൈമാറിയിട്ടുണ്ടെന്ന് മിഷേല്‍ ഡയറിയില്‍ കുറിച്ചിട്ടുമുണ്ട്. ഇതില്‍ ‘ഫാം’ എന്ന ചുരുക്കപ്പേര് സൂചിപ്പിക്കുന്നത് സോണിയയുടെ കുടുംബത്തെക്കുറിച്ചാണെന്നും, ‘എപി’ എന്നത് സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലാണെന്നുമാണ് സിബിഐയുടെ നിഗമനം.
ഇടപാടിന്റെ ചാലകശക്തി സോണിയയാണെന്ന് മിഷേല്‍ പറഞ്ഞ വിവരവും പുറത്തുവന്നിട്ടുണ്ട്. കേസിന്റെ ഈ പശ്ചാത്തലമാണ് കോണ്‍ഗ്രസ്സ് നേതാക്കളുടെ മനസ്സില്‍ തീകോരിയിടുന്നത്. യുപിഎ ഭരണകാലത്തെ ‘എല്ലാ അഴിമതികളുടെയും അമ്മ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സോണിയ കുടുങ്ങുന്നതോടെ അഴിമതിയുടെ വന്മരങ്ങളായി നില്ക്കുന്ന പല പാര്‍ട്ടി നേതാക്കളും നിലംപൊത്തും. മിഷേലിന് നിയമസഹായം നല്കാന് യൂത്ത് കോണ്‍ഗ്രസ്സ് നേതാവിനെത്തന്നെ അയച്ചത് ഈ നേതാക്കളുടെ അങ്കലാപ്പിന് തെളിവാണ്.
അഴിമതിവിരുദ്ധ ജനവിധിയാണ് 2014-ല്‍ നരേന്ദ്ര മോദിയെ അധികാരത്തിലേറ്റിയത്. അഴിമതിക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് മോദി സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചത്. എന്നാല്‍ നിയമത്തിന്റെ പഴുതുകളും നടപടിക്രമങ്ങളുടെ കാലതാമസവും മുതലെടുത്ത് പിടിച്ചുനില്‍ക്കുകയാണ് പലരും.
എയര്‍സെല്‍-മാക്സിസ് അഴിമതിക്കേസില്‍ പ്രതിയായ പി. ചിദംബരം അനുകൂലമായ കോടതി ഉത്തരവുകള്‍ നിരന്തരം വാങ്ങി അറസ്റ്റില്‍നിന്നും അനിവാര്യമായ ജയില്‍വാസത്തില്‍നിന്നും രക്ഷനേടുകയാണ്. വഴിവിട്ട സ്വാധീനം ഉപയോഗിച്ച് നടത്തുന്ന ഈ കളി അധികം നീളില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്കുകയുണ്ടായി. മോദി സര്‍ക്കാരിനെ കടന്നാക്രമിക്കുകയും വെല്ലുവിളിക്കുകയും ചെയ്തുകൊണ്ടിരുന്ന ചിദംബരം ഇതോടെ നിശ്ശബ്ദനായിരിക്കുകയാണ്.
2006-ല്‍ യുപിഎ ഭരണകാലത്താണ് നിബന്ധനകളില്‍ ഇളവുവരുത്തി അഴിമതിക്ക് വഴിവച്ച് 12 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാറുണ്ടാക്കിയത്. അഴിമതി പുറത്തായതോടെ മിഷേല്‍ രാജ്യത്തുനിന്ന് കടന്നുകളഞ്ഞു. തന്നെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കരുതെന്ന മിഷേലിന്റെ ഹര്‍ജി ദുബായ് കോടതി തള്ളിയത് പല മാധ്യമങ്ങള്‍ക്കും വലിയ വാര്‍ത്തയായില്ല.
മിഷേലിനെ തിരിച്ചെത്തിക്കാനാവില്ലെന്ന് കോണ്‍ഗ്രസ്സ് നേതാക്കളെപ്പോലെ ഈ മാധ്യമങ്ങളും വിശ്വസിച്ചു. ഇവരുടെ കണക്കുകൂട്ടലുകളാണ് തെറ്റിയിരിക്കുന്നത്. ഇന്ന് മിഷേലാണെങ്കില്‍ നാളെ വിജയ് മല്യ. വെട്ടിച്ചെടുത്ത പണം മുഴുവന്‍ തിരിച്ചുനല്‍കാമെന്ന് മല്യ പറഞ്ഞുകഴിഞ്ഞു. അഴിമതിക്കാരായ ആരെയും വെറുതെവിടില്ലെന്ന നരേന്ദ്ര മോദിയുടെ വാക്കുകള്‍ വെറുതെയാവില്ലെന്ന് ഇനിയുള്ള നാളുകള്‍ തെളിയിക്കും. വര്‍ധിതവീര്യത്തോടെ 2019-ലെ തെരഞ്ഞെടുപ്പ് ബിജെപിയും നരേന്ദ്ര മോദിയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: