ശബരിമലയിലെ സര്‍ക്കാര്‍ ധാര്‍ഷ്ട്യം വരുത്തിവെച്ച കെടുതികളെക്കുറിച്ചുള്ള ചര്‍ച്ച വേണ്ട രീതിയില്‍ നടക്കാതെ ബഹളത്തില്‍ മുങ്ങിയതിനു പിന്നാലെയും നിയമസഭ സ്തംഭിച്ചു. യുക്തിസഹമായ മറുപടി നല്കാന് ട്രഷറി ബെഞ്ചിന് സാധിക്കില്ലെന്ന് വന്നതോടെയാണ് ബഹളമുണ്ടാവുകയും സഭ നിര്‍ത്തുകയും ചെയ്തത്. നാലു ദിവസത്തെ സഭാ സ്തംഭനത്തിനുശേഷം സമ്മേളിച്ചപ്പോഴും സ്ഥിതിഗതികള്‍ക്ക് മാറ്റമുണ്ടായില്ല എന്നതാണ് വസ്തുത. സര്‍ക്കാറിന് ആകെയുള്ളത് ധാര്‍ഷ്ട്യവും വിടുവായത്തവുമാണെന്ന് നിസ്സംശയം പറയാവുന്ന തരത്തിലേക്കാണ് സഭാനടപടികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആണ്ടുപോയത്. അത് ഒരര്‍ത്ഥത്തില്‍ അവര്‍ക്ക് ഗുണപ്രദവുമായി.
കെ.ടി. ജലീല്‍ പ്രശ്നം കഴിയുന്നതും ചര്‍ച്ചക്കു വരാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ കെ. മുരളീധരന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയതോടെ സംഭവഗതികള്‍ മാറിമറിഞ്ഞു. യുഡിഎഫ് എംഎല്‍എമാര്‍ സഭാകവാടത്തില്‍ സത്യഗ്രഹം നടത്തുമ്പോഴും സഭാ നടപടികളില്‍ സഹകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു മുന്നോട്ടുപോകവെയാണ് ജലീല്‍ മറുപടി പറയാന്‍ എഴുന്നേറ്റത്. എന്താണോ സര്‍ക്കാര്‍ ഭയപ്പെട്ടത് അതു തന്നെ സംഭവിക്കുന്ന തരത്തിലായി സ്ഥിതിഗതികള്‍. ജലീല്‍ പ്രശ്നത്തില്‍ ഇതുവരെ വായതുറക്കാത്ത മുഖ്യമന്ത്രി രംഗത്തിറങ്ങിയതോടെയാണ് സഭ പ്രക്ഷുബ്ധമായത്. ഒരു തരത്തിലും ജലീലിനെ പ്രതിസന്ധിയിലാക്കാന്‍ അനുവദിക്കില്ലെന്ന കര്‍ക്കശ നിലപാടാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി സ്വീകരിച്ചത്. ഇത് പലരിലും അത്ഭുതമുളവാക്കുന്നതായിരുന്നു. ജലീലിന്റെ ബന്ധു അദീബിനെ നിയമിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി തന്നെ ഇടപെട്ടു എന്ന സംശയത്തിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.
ജനകീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും അതിന് യുക്തിസഹവും മാനുഷികവുമായ നിലപാടുകള്‍ സ്വീകരിക്കാന്‍ വഴിയൊരുങ്ങുകയും ചെയ്യേണ്ട നിയമസഭാ സമ്മേളനം ഇങ്ങനെ ബഹളത്തിലും കയ്യാങ്കളിയിലും അവസാനിക്കുമ്പോള്‍ നമ്മുടെ ജനാധിപത്യമൂല്യങ്ങള്‍ തന്നെയാണ് തകരുന്നത്. നിയമങ്ങള്‍ക്ക് ചൂടും ചൂരും നല്കാന് ധാര്‍മ്മികമായി അവകാശമുള്ള നിയമസഭയില്‍ ആക്രോശങ്ങളും തദനുബന്ധ പ്രശ്നങ്ങളും ഉയരുമ്പോള്‍ നിസ്സഹായരായി നോക്കിനില്‍ക്കാനേ കഴിയൂ. സഭയുടെ അന്തസ്സിന് തരിമ്പും വില കല്പിക്കാന് അംഗങ്ങള്‍ തയ്യാറായില്ലെങ്കില്‍ പിന്നെ ആരാണ് തയ്യാറാവുക.
പ്രളയം ഒരു ഭാഗത്തും ശബരിമല വിവാദം മറ്റൊരു ഭാഗത്തും നിന്ന് സംസ്ഥാനത്തെ ദുസ്സഹാവസ്ഥയിലേക്ക് തള്ളിവിടുകയാണ്. രണ്ടിനും ഒരു പരിധിവരെ ഭരണകൂടം തന്നെയാണ് കാരണക്കാര്‍. തങ്ങളുടെ അജണ്ടാധിഷ്ഠിത രാഷ്ട്രീയം മാത്രം വിജയിച്ചാല്‍ മതിയെന്ന് നിലയിലേക്കാണ് ഭരണപക്ഷം നീങ്ങുന്നത്. വിശ്വാസി സമൂഹത്തിന്റെ വൈകാരിക താല്പര്യങ്ങളേക്കാള് അവര്‍ക്ക് പ്രിയം അരാജകവാദികളുടെ ആവശ്യങ്ങളാണ്. അത് നിവര്‍ത്തിച്ചുകൊടുക്കാനുള്ള കഠിന ശ്രമങ്ങളാണ് പ്രതിസന്ധിയുടെ വ്യാപ്തി വര്‍ദ്ധിപ്പിച്ചത്. ആയത് സഭയില്‍ ചര്‍ച്ച ചെയ്യപ്പെട്ടാല്‍ മൂടുപടം താനെ അഴിഞ്ഞുവീഴുമെന്ന് അറിയാവുന്നതിനാല്‍ സ്പീക്കറെ കൂട്ടുപിടിച്ച് പോലും മുഖ്യമന്ത്രി തറവേലകള്‍ തുടരുകയാണ്. ഇത് അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ സഭാനടപടികള്‍ വെറും കെട്ടുകാഴ്ചയാവും.
സംസ്ഥാനത്തിന്റെ വികാരവും ജനങ്ങളുടെ ജീവിത നിലവാരവും സഭയില്‍ ചര്‍ച്ചക്കു വന്നെങ്കില്‍ മാത്രമേ ഭാവിയിലേക്ക് കരുത്തുറ്റ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ കഴിയൂ. നിര്‍ഭാഗ്യവശാല്‍ അത്തരം നീക്കങ്ങള്‍ക്കുനേരെ വാതില്‍ കൊട്ടിയടയ്ക്കുന്ന പെരുമാറ്റമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. പ്രതിപക്ഷമാണെങ്കില്‍ അവസരത്തിനൊത്ത് ഉയരുന്നുമില്ല. വെറുതെ ബഹളമുണ്ടാക്കി സഭാനടപടികള്‍ നിര്‍ത്തിവെക്കുന്നതുകൊണ്ട് ഒരു ഗുണവുമുണ്ടാവുന്നില്ല. എന്നു മാത്രമല്ല ജനങ്ങള്‍ക്ക് അത് വലിയ നഷ്ടമുണ്ടാക്കുകയും ചെയ്യുന്നു. അഞ്ചു കൊല്ലത്തെ ഭരണാവകാശം എന്തുംചെയ്യാനുള്ള ‘ജനങ്ങളുടെ തുകയെഴുതാത്ത ഒപ്പിട്ട ചെക്കാ’ണെന്ന് ഭരണപക്ഷവും പ്രതിപക്ഷവും കരുതരുത്. സാമാജികരുടെ ഇടപെടലുകളും പെരുമാറ്റവും സമൂഹം സാകൂതം ശ്രദ്ധിക്കുന്നുണ്ട്. ദൂരക്കാഴ്ചയില്ലാത്ത നിലപാടുകളില്‍ നിന്ന് പിന്മാറാന് തയ്യാറായെങ്കില്‍ മാത്രമെ ക്രിയാത്മകവും ആരോഗ്യകരവുമായ അന്തരീക്ഷം നിയമസഭയ്ക്കുള്ളിലുണ്ടാവൂ. ഇക്കാര്യത്തില്‍ പൂര്‍ണമായ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന കാര്യം മറക്കരുത്. അതിനൊപ്പം പ്രതിപക്ഷവും അവരുടെ കടമ അതേ ഗൗരവത്തോടെ നിര്‍വഹിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: