കൊച്ചി: റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ക്രമക്കേടുകള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കെണ്ടുവന്ന നിയമത്തിന് കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ പിന്തുണ. റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി (റേറ) നിയമം റിയല്‍ എസ്റ്റേറ്റ് രംഗത്ത് കൂടുതല്‍ വിശ്വാസ്യത കൈവരിക്കാനും മെച്ചപ്പെട്ട വിപണി സാധ്യത ലഭ്യമാക്കാനും സഹായിക്കുമെന്ന് ക്രെഡായ് കേരള സമ്മേളനം വിലയിരുത്തി. ദ്വിദിന സമ്മേളനത്തിലെ പാനല്‍ ചര്‍ച്ചയിലാണ് അഭിപ്രായങ്ങള്‍ ഉയര്‍ന്നത്.
റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിയമവിരുദ്ധ നടപടികള്‍ ഇല്ലാതാക്കാനും വിശ്വാസ്യത തിരിച്ചു പിടിക്കാനും റേറ നിയമം സഹായകരമായെന്ന് മഹാരാഷ്ട്ര റേറ ചെയര്മാന് ഗൗതം ചാറ്റര്‍ജി അഭിപ്രായപ്പെട്ടു. കൂടുതല്‍ സുതാര്യത വേണമെന്നും ചില കടുംപിടുത്തങ്ങള്‍ ഒഴിവാക്കണമെന്നും പ്രെസ്റ്റിജ് ഗ്രൂപ്പ് സിഎംഡി: ഇര്ഫാന് റസാക്ക് പറഞ്ഞു. എന്നാല്‍ കൂടുതല്‍ ബിസിനസ് ലഭിക്കുന്നതിന് റേറ സഹായിക്കുമെന്നും ട്രാഫിക് സിഗ്നല്‍ പോലെയാണ് ഈ നിയമമെന്നും ചില നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്നും ഉപഭോക്താവിന് വിശ്വാസ്യത കൂടുന്നതിനനുസരിച്ച് ബിസിനസ് വര്‍ധിക്കുമെന്നും ഗൗതം ചാറ്റര്‍ജി ചൂണ്ടിക്കാട്ടി.
പണക്കാരനാകാന്‍ കുറുക്കുവഴികള്‍ തേടുന്നവരെ ഇല്ലായ്മ ചെയ്യാന്‍ സഹായിക്കുന്ന നിയമമാണ് റേറ. ഉപഭോക്താവിന്റെ ആത്മവിശ്വാസവും റിയല്‍എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ചയ്ക്കും ഒരു പോലെ സഹായകരമായ നിയമം ആണിത്. റേറ നിയമം നല്ലതാണ്. വിപണി സാധ്യതയുള്ള ഒരു പ്ലാറ്റ്ഫോമായി ഇത് വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡോ. സാമന്തക് ദാസ് മോഡറേറ്റര്‍ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: