സുപ്രീംകോടതി വിധിയുടെ പേരിലാണ് പിണറായി സര്‍ക്കാര്‍ ശബരിമലയില്‍ പേക്കൂത്ത് നടത്തുന്നത്. കോടതിവിധി നടപ്പാക്കണമെന്നുപറഞ്ഞുകൊണ്ട് നിയമങ്ങളും ചട്ടങ്ങളും മര്യാദകളും മാത്രമല്ല, മനുഷ്യത്വം തന്നെ കാറ്റില്‍പ്പറത്തിക്കൊണ്ടുള്ള നടപടികളാണ് കേരള പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒറ്റനോട്ടത്തില്‍തന്നെ തെറ്റെന്ന് പറയാവുന്ന കാര്യങ്ങള്‍ ഒന്നിനുപുറകെ ഒന്നായി ചില പോലീസ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നു. തെറ്റുതിരുത്താനോ നിയന്ത്രിക്കാനോ സര്‍ക്കാരിന് കഴിയുന്നില്ല. പരാജയത്തില്‍ നിന്ന് പരാജയത്തിലേക്ക് പോലീസ് നീങ്ങുമ്പോഴും ധാര്‍ഷ്ട്യവും അഹങ്കാരവുമായി വിശ്വാസികള്‍ക്കുനേരെ കുതിരകയറുകയാണ് ഭരണകൂടം. എല്ലാം സുപ്രീംകോടതി വിധിയുടെ പേരിലും. കോടതിയെയോ നിയമസംവിധാനത്തെയോ ആത്മാര്‍ത്ഥമായി അംഗീകരിക്കുന്നവരല്ല ഇപ്പോള്‍ ഭരണത്തിലിരിക്കുന്നവരെന്നതില് ആര്‍ക്കും സംശയമില്ല. എങ്കിലും തങ്ങളുടെ രാഷ്ട്രീയ അജണ്ടയ്ക്കനുസരിച്ച ഒരുവിധി വന്നപ്പോള്‍ അതിനെ ആഘോഷിക്കുകയായിരുന്നു. മറിച്ചൊന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നായിരുന്നു ആവര്‍ത്തിച്ചത്. ഇതിന് മറുപടിയാണ് ഇന്നലെ ഹൈക്കോടതിയില്‍ നിന്നുമുണ്ടായത്. സുപ്രീംകോടതി വിധിയുടെ പേരില്‍ ശബരിമലയില്‍ കാട്ടിക്കൂട്ടിയതെല്ലാം തെറ്റാണെന്ന് കോടതി ശക്തമായ ഭാഷയിലാണ് പറഞ്ഞിരിക്കുന്നത്.
അയ്യപ്പന്മാരെ അറസ്റ്റുചെയ്തതിന് കാരണം പറഞ്ഞത് അവര്‍ നാട്ടില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നതാണ്. ഇതിനൊക്കെ നേതൃത്വം നല്കിയ ഐജി വിജയ് സാക്കറെയും എസ്പി യതീഷ്ചന്ദ്രയും ക്രിമിനല്‍ കേസുകളില്‍ പ്രതികളല്ലേയെന്ന കോടതിയുടെ ചോദ്യത്തിന് മുന്നില്‍ സര്‍ക്കാരിന് ഉത്തരമില്ലായിരുന്നു. ഇത്തരം തന്നിഷ്ടക്കാരായ ഉദ്യോഗസ്ഥരെ ശബരിമലയില്‍ നിയമിച്ചതിന്റെ അടിസ്ഥാനമെന്ത്. ജനങ്ങളുമായി മര്യാദയ്ക്ക് സംസാരിക്കാന്‍ പോലും കഴിയാത്ത ഇവര്‍ക്ക് മലയാളം അറിയാമോ എന്നുപോലും കോടതി സംശയിച്ചു. നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതിനെയും രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി ഇതിന്റെ പേരില്‍ അയ്യപ്പന്മാരെ രണ്ടുതരത്തില്‍ പരിഗണിച്ചതെന്തിന് എന്ന ചോദ്യവും ഉയര്‍ത്തി. യുഡിഎഫ് നേതാക്കള്‍ എത്തിയപ്പോള്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുകയും കേന്ദ്രമന്ത്രിയുള്‍പ്പെടെയുള്ള ബിജെപി നേതാക്കളോട് തട്ടിക്കയറുകയും ചെയ്ത പോലീസുകാര്‍ക്കു കൊട്ടുകൊടുക്കാനും കോടതി മടിച്ചില്ല.
ശബരിമലയില്‍ വിശ്വാസികള്‍ക്ക് ഭീതി ഉളവാക്കുന്ന നടപടിയാണ് പോലീസിന്റെ ഭാഗത്തുനിന്ന് എന്നു വിലയിരുത്തിയ ഹൈക്കോടതി ഇതിന് ഉടന്‍ പരിഹാരം കാണണമെന്നും നിര്‍ദ്ദേശിച്ചിരിക്കുകയാണ്. മുംബൈയില്‍ നിന്നുവന്ന 150 ഓളം ഭക്തര്‍ ദര്‍ശനം നടത്താതെ മടങ്ങിപ്പോയതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമര്‍ശനം.
പിണറായി സര്‍ക്കാരിനെ കോടതികള്‍ വിമര്‍ശിക്കുന്നത് ആദ്യമല്ല. മജിസ്ട്രേറ്റ് കോടതി മുതല്‍ സുപ്രീംകോടതിവരെ സര്‍ക്കാര്‍ ആക്ഷേപം കേട്ടിട്ടുണ്ട്. സുപ്രീംകോടതിയില്‍ പിഴയടച്ച് ക്ഷമാപണം ചെയ്യേണ്ട സാഹചര്യവുമുണ്ടായി. അതുകൊണ്ടുതന്നെ ഹൈക്കോടതിയില്‍ നിന്നുള്ള ഇപ്പോഴത്തെ വിമര്‍ശനവും പോത്തിന്റെ ചെവിയില്‍ വേദമോതുന്നതായേ വരൂ. എങ്കിലും കോടതിയുടെ പേരില്‍ നിഷ്കളങ്കത ചമയുന്ന മന്ത്രിമാരുടെയും സിപിഎം നേതാക്കളുടെയും പൊയ്മുഖം തുറന്നുകാട്ടാന്‍ ഹൈക്കോടതിയുടെ രൂക്ഷമായ പരാമര്‍ശങ്ങള്‍ ഇടവരുത്തും. ശബരിമലയില്‍ അവിശ്വാസികളും വിശ്വാസികളും തമ്മിലുള്ള പ്രശ്നം മാത്രമേയുള്ളൂ. അവിശ്വാസികളുടെ ഭാഗത്തുനില്‍ക്കുന്ന സര്‍ക്കാര്‍ ഏതുവിധേനയും യുവതികളെ പ്രവേശിപ്പിച്ച് ആചാരലംഘനം ഉറപ്പാക്കാന്‍ ശ്രമിക്കുന്നു. ഒരു കാരണവശാലും യുവതികളെ പ്രവേശിപ്പിക്കില്ലെന്നു പറഞ്ഞ് വിശ്വാസികള്‍ പ്രതിരോധം സൃഷ്ടിക്കുന്നു. സര്‍ക്കാര്‍ നിയമവിരുദ്ധമായ രീതിയില്‍ പോലീസിനെ ഉപയോഗിച്ച് ശ്രമിച്ചിട്ടും വിശ്വാസികള്‍ വിജയിച്ചുനില്‍ക്കുന്നു. നാണക്കേട് മാറ്റാനാണ് നേതാക്കളെയും ഭക്തരേയുമെല്ലാം ജയിലിലടയ്ക്കുന്നത്. അതിനി സാധ്യമല്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഹൈക്കോടതി. പ്രതിരോധം സൃഷ്ടിച്ച് യുവതീപ്രവേശനം ഇതുവരെ തടഞ്ഞുനിര്‍ത്തിയ എല്ലാവര്‍ക്കുമുള്ള അംഗീകാരം കൂടിയാണ് ഇത്. അഹങ്കാരം മാറ്റി സംയമനത്തിന്റെ പാതയിലേക്ക് സര്‍ക്കാരും ദേവസ്വം ബോര്‍ഡും എത്തുകയാണ് കരണീയമാര്‍ഗം. ആരുമായും ചര്‍ച്ചക്ക് തയ്യാറാണെന്ന ബോര്‍ഡ് പ്രസിഡന്റിന്റെ പുതിയ നിലപാടും നവോത്ഥാന പ്രവര്‍ത്തനം നടത്തിയിട്ടുള്ള സംഘടനകളുമായി ഒന്നിച്ചിരിക്കാമെന്ന മുഖ്യമന്ത്രിയുടെ പറച്ചിലും മാറ്റത്തിന്റെ സൂചനയാണ്. ഇനി പിടിച്ചുനില്ക്കാന് ആകില്ലെന്ന് തിരിച്ചറിഞ്ഞ് മര്യാദയുടെ പാതയില്‍ എത്തുകയാണ് സര്‍ക്കാരിന് മുന്നിലുള്ള ഏക മാര്‍ഗം. അതിന് ഹൈക്കോടതിയില്‍ നിന്നുകിട്ടിയ തല്ല് കാരണമാകുമെങ്കില്‍ നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: