ഇന്നത്തെ സാഹചര്യത്തില്‍ ശബരിമല അയ്യപ്പക്ഷേത്രം പാക്കിസ്ഥാനിലാണോ എന്ന് സംശയിച്ചുപോകുന്ന തരത്തിലാണ് സംഭവഗതികള്‍ രൂപപ്പെടുന്നത്. ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത തരത്തിലുള്ള നിബന്ധനകളും നിര്‍ദ്ദേശങ്ങളും വഴി ഭക്തലക്ഷങ്ങള്‍ കൊടിയ ദുരിതമാണ് അനുഭവിക്കുന്നത്.
കാതങ്ങള്‍ അലഞ്ഞ് ദുര്‍ഘടപാതകള്‍ താണ്ടി അയ്യപ്പദര്ശനത്തിനെത്തുമ്പോള് ശത്രുരാജ്യത്തെ പടയാളികളെപ്പോലെ അവരെ ആക്രമിച്ചു കീഴ്പ്പെടുത്തുന്ന രീതിയിലേക്ക് കേരള പോലീസും അവര്‍ക്ക് ഒത്താശ ചെയ്യുന്ന ഇടതുസര്‍ക്കാരും അധപ്പതിച്ചിരിക്കുന്നു. ക്ഷേത്രമെന്ത്, ആരാധനയെന്ത്, ആചാരമെന്ത്, സംസ്കാരമെന്ത് എന്നറിയാത്ത ഭരണകൂടം അവരുടെ പാവകളായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെയും ജീവനക്കാരെയുമാണ് അവിടമാകമാനം വിന്യസിച്ചിരിക്കുന്നത്.
ശബരിമലയില്‍ ആരും ഒറ്റയ്ക്കൊറ്റയ്ക്കല്ല ദര്‍ശനത്തിനെത്തുക. ഇനി അങ്ങനെ വരുന്നവരുണ്ടെങ്കില്‍ തന്നെ തീരെ പരിമിതമാണ്. ഗുരുസ്വാമിയുടെ നേതൃത്വത്തില്‍ സംഘം സംഘമായാണ് വരിക. കൂട്ടശരണം വിളിയാണ് മറ്റൊരു പ്രത്യേകത. വേറൊരു ക്ഷേത്രത്തിലുമില്ലാത്ത ഒട്ടേറെ വൈജാത്യങ്ങളും വ്യത്യസ്തതകളും കൊണ്ട് ശ്രദ്ധേയമാണ് ശബരിമല. ഇതൊന്നും അറിഞ്ഞുകൂടാത്തവരല്ല ഭരണകൂടവും അവരുടെ ഉദ്യോഗസ്ഥവൃന്ദവും.
എന്നാല്‍ ക്ഷേത്രം തകര്‍ക്കാന്‍ ആരില്‍ നിന്നോ ക്വട്ടേഷന്‍ എടുത്ത തരത്തിലുള്ള പെരുമാറ്റമാണുള്ളത്. ദര്ശനത്തിനെത്തുന്നവരൊക്കെ കുറ്റവാളികളാണെന്ന മനോനിലയാണ് പോലീസുകാര്‍ക്കും അവരെ നിയന്ത്രിക്കുന്നവര്ക്കുമുള്ളത്. ഇത്ര സമയമേ ചെലവഴിക്കാവൂ, കൂട്ടനാമജപം പാടില്ല, നിര്‍ദ്ദേശങ്ങള്‍ തെറ്റിച്ചാല്‍ മറ്റു വകുപ്പുകളില്‍പ്പെടുത്തി കേസെടുക്കും എന്നിത്യാദി ചൂണ്ടിക്കാട്ടി തീര്‍ത്ഥാടകര്‍ക്ക് ഭീഷണിക്കത്തു കൊടുക്കുന്ന അവസ്ഥ വരെ എത്തിയിരിക്കുന്നു. കത്തില്‍ ഒപ്പിട്ടു കൊടുത്താല്‍ മാത്രമേ പോകാന്‍ അനുവദിക്കൂ.
ഭക്തന്മാര്‍ക്കെതിരെയുള്ള നടപടി കണക്കിലെടുത്ത ഹൈക്കോടതി രൂക്ഷമായി ഇതിനെതിരെ പ്രതികരിച്ചിട്ടും കുറ്റവാസനയുള്ള പ്രത്യേക ഓഫീസര്‍മാരും അവരുടെ കീഴുദ്യോഗസ്ഥരും അലറിപ്പാഞ്ഞു നടന്ന് കാര്യങ്ങള്‍ അട്ടിമറിക്കുകയാണ്. പുറത്ത് മനുഷ്യനും അകത്ത് കാട്ടാളനും എന്ന നിലയ്ക്കാണ് അവരുടെ പ്രകടനങ്ങള്‍.
സന്നിധാനം പ്രത്യേക ഓഫീസര്‍ പ്രതീഷ്കുമാര്‍, നിലയ്ക്കലെ ഓഫീസര്‍ യതീഷ്ചന്ദ്ര എന്നിവരുടെ പ്രകടനങ്ങള്‍ ചെറുതായൊന്നു വിലയിരുത്തിയാല്‍ മാത്രം മതി ശബരിമലയില്‍ വിന്യസിച്ചിരിക്കുന്ന പോലീസുകാരുടെ മൊത്തം സ്വഭാവം മനസ്സിലാക്കാന്‍. ക്രിമിനലുകളും പോലീസുകാരും തമ്മില്‍ പണ്ടൊക്കെ കാതങ്ങളുടെ ദൂരവ്യത്യാസമുണ്ടായിരുന്നെങ്കില് ഇന്ന് വസ്ത്രത്തിന്റെ കാര്യത്തില്‍ മാത്രമേ അതുള്ളൂ എന്ന് ശബരിമലയില്‍ പോയി വരുന്ന ഭക്തന്മാര് പരിഭവം പറയുന്നു.
ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളോട് അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനുള്ള വിദ്വേഷവും കലിപ്പും കഴിയാവുന്നത്ര ശബരിമലയില്‍ പടര്‍ത്തുകയാണ്. അതിന് യുക്തമായ പോലീസ് ഉദ്യോഗസ്ഥന്മാരെയാണ് അവിടേക്ക് നിയോഗിച്ചിട്ടുള്ളത്. നടപ്പന്തലില്‍ വെള്ളമൊഴിക്കുക, നാമജപം നടത്തിയവരെ അറസ്റ്റ് ചെയ്യുക, പോലീസ് പറയുന്ന സമയപരിധിക്കുള്ളില്‍ ദര്‍ശനം നടത്തി മടങ്ങുക, അടിസ്ഥാനസൗകര്യങ്ങളത്രയും നിഷേധിക്കുക തുടങ്ങിയവ മനുഷ്യരായി പിറന്നവര്‍ക്ക് അനുവദിച്ചുകൊടുക്കാനാവുമോ? ഇതിനെതിരെ ജനാധിപത്യ മാര്‍ഗങ്ങള്‍ മുഴുവനും ഉപയോഗിച്ചുകൊണ്ടുള്ള പ്രതിഷേധ നടപടികള്‍ ഉണ്ടാവണം.
സുപ്രീംകോടതി വിധിയെ പൊക്കിപ്പിടിച്ച് മുന്നേറുന്നവര്‍ കേരള ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ തരിമ്പും കണക്കിലെടുക്കുന്നില്ലെങ്കില്‍ ഇരട്ടത്താപ്പും അജണ്ടയും പകല്‍പോലെ വ്യക്തമല്ലേ? അത് പൊതുജനസമക്ഷം അനാവൃതമാകുന്ന തരത്തിലുള്ള പ്രക്ഷോഭനടപടികള്‍ അനിവാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: