മനുഷ്യന്റെ ജീവിതകാലത്തെ ഏറ്റവും പരിപക്വമായ ഘട്ടം അന്പതിനും അറുപതിനുമിടയില്‍ പ്രായമുള്ളപ്പോഴാണെന്നു പറയപ്പെടുന്നു. ശ്രീശങ്കര ഭഗവല്പാദരെയും സ്വാമി വിവേകാനന്ദനെയുംപോലുള്ള പ്രതിഭാശാലികള്‍ ആ പ്രായമെത്തുന്നതിനു മുമ്പുതന്നെ സായുജ്യപ്രാപ്തിയിലെത്തിയെന്നു മറക്കുന്നില്ല. ആചാര്യസ്വാമികള്‍ മുപ്പതാം വയസ്സില്‍ത്തന്നെ, രാജ്യത്ത് നിലവിലുണ്ടായിരുന്ന എല്ലാ വിചാരധാരകളെയും മറികടന്ന് സര്‍വജ്ഞപീഠം കയറിയശേഷമാണ് ബ്രഹ്മവിലീനനായത്.
സ്വാമിജിയാകട്ടെ വിശ്വവിജയിയായി ഭാരതത്തില്‍ തിരിച്ചെത്തിയശേഷവും. ഒരായിരം കൊല്ലക്കാലത്തേക്ക് ഭാരത സമാജത്തിന് വേണ്ടിയിരുന്ന ആത്മീയചിന്താഭോജനം ആചാര്യസ്വാമികള്‍ തന്നിരുന്നെങ്കില്‍, അടുത്ത ആയിരം കൊല്ലക്കാലത്തേക്കുള്ളത് നമ്മെ ഏല്‍പ്പിച്ചാണ് 40-ാം വയസ്സില്‍ സ്വാമികളും സ്വര്ഗസ്ഥനായത്. നടേ പ്രസ്താവിച്ചതുപോലെ 50-നും 60-നുമിടയില്‍ അവരില്‍നിന്ന് നമുക്ക് നേടാന്‍ ഒന്നുമുണ്ടായില്ലെന്നര്ത്ഥം.
കഴിഞ്ഞ ആഴ്ചയില്‍ അര്‍ബുദരോഗം മൂലം നമ്മെ വിട്ടുപിരിഞ്ഞ കേന്ദ്രമന്ത്രി അനന്ത്കുമാര്‍ അന്പതിനും അറുപതിനുമിടയിലുള്ള ജീവിതകാലത്ത് കേന്ദ്രമന്ത്രിസഭയിലെ അംഗമെന്ന നിലയ്ക്ക് അതീവപ്രാധാന്യമുള്ള സംഭാവനകള്‍ രാജ്യത്തിന് നല്കുകയുണ്ടായി. കേരളത്തെ സംബന്ധിച്ചിടത്തോളം എഫ്എസിടി എന്ന രാജ്യത്തെ ഏറ്റവും പ്രഥമവും പ്രധാനവുമായ രാസവളനിര്മ്മാണശാലക്ക് നവായുസ്സ് നല്കിയതു മാത്രം മതി അദ്ദേഹത്തെ കൃതജ്ഞതാപൂര്‍വ്വം ഓര്‍ത്തിരിക്കാന്‍. രാസവളത്തിന് മുമ്പനുഭവപ്പെട്ടിരുന്ന ക്ഷാമം അദ്ദേഹം ആ വകുപ്പ് കൈകാര്യം ചെയ്തതുമുതല് കൈക്കൊണ്ട നയത്തിന്റെ ഭാഗമായി അവസാനിച്ചു. ഫാക്ടിന്റെ പുനരുദ്ധാരണത്തിന് 1000 കോടി രൂപ വകയിരുത്തുകയും സമഗ്ര പരിപാടി തയ്യാറാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
ചികിത്സാച്ചെലവിന്റെ അസഹനീയമായ പങ്ക് ഔഷധങ്ങള്‍ക്കാണ് വേണ്ടിവരുന്നത്. ഔഷധനിര്മാതാക്കള് തട്ടിയെടുക്കുന്ന കൊള്ളലാഭം മറ്റേതു വാണിജ്യ വ്യവസായ മേഖലയെയും ഉല്ലംഘിക്കുന്ന തോതിലാണ്. ഇതിനായി കമ്പനികള്‍, ആശുപത്രികളെയും ഡോക്ടര്‍മാരെയും സ്വാധീനിച്ച് കരുക്കളാക്കാന്‍ അനുവര്‍ത്തിക്കുന്ന തന്ത്രങ്ങള്‍ അതീവ ഭയാനകമാണെന്ന് അറിയാത്തവരുണ്ടാകില്ല. അതിനു പരിഹാരമായി അനന്ത്കുമാര്‍ ആവിഷ്കരിച്ച് നടപ്പാക്കിയ ജന്‍ ഔഷധി പരിപാടി ലക്ഷക്കണക്കിന് സാധാരണക്കാരായ രോഗികള്‍ക്കാശ്വാസമായി. മറ്റു കമ്പനികള്‍ ചുമത്തുന്ന വിലയുടെ നാല്പത് ശതമാനം നല്കി, ജന്‍ ഔഷധി മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ അനന്തകുമാറിനോട് കൃതജ്ഞരായിരിക്കണം. ജന്‍ ഔഷധിക്കെതിരായ പ്രചാരണം മറ്റ് ഔഷധനിര്‍മാതാക്കളും ഒരു വിഭാഗം ഡോക്ടര്‍മാരും നടത്തുന്നുണ്ടെന്നത് വിസ്മരിക്കുന്നില്ല.
കര്‍ണാടകത്തില്‍ ഭാരതീയ ജനതാപാര്‍ട്ടിക്ക് ഒന്നാമത്തെ കക്ഷിയെന്ന സ്ഥാനം ലഭിക്കുന്നതില്‍ അനന്ത്കുമാര്‍ വഹിച്ച പങ്ക് നിര്‍ണായകമാണ്. അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഹൂബ്ലിയില്‍ അടിയന്തരാവസ്ഥയ്ക്കു മുമ്പുതന്നെ ഭാരതീയ ജനസംഘം ആധിപത്യം സ്ഥാപിച്ചിരുന്നു. അവിടെ ജനസംഘത്തിന്റെ ഭാരതീയ പ്രതിനിധിസഭ ചേര്‍ന്നപ്പോള്‍ നഗരസഭാ ഭരണം ജനസംഘത്തിന്റേതായിരുന്നു. അന്നത്തെ സ്വാഗതസംഘത്തില്‍ സജീവമായിരുന്ന ഗിരിജാശാസ്ത്രിയുടെ മകനാണ് അനന്ത്കുമാര്‍. രാഷ്ട്രീയസ്വയംസേവകസംഘംതന്നെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതി നിശ്ചയിച്ചു. വിദ്യാര്‍ത്ഥി പരിഷത്തായിരുന്നു നല്കപ്പെട്ട രംഗം. അക്കാലത്ത് ദക്ഷിണഭാരതമാകെ സഞ്ചരിച്ചു.
കേരളത്തിലെ മുതിര്‍ന്ന പ്രചാരകനായിരുന്ന പി.കെ. ചന്ദ്രശേഖരന് കുറച്ചുകാലം വിദ്യാര്‍ത്ഥി പരിഷത്തിന്റെ ദക്ഷിണക്ഷേത്ര പ്രഭാരിയായിരുന്നു. ചന്ദ്രശേഖര്ജിയുമായി അനന്ത്കുമാര്‍ ആത്മീയബന്ധം പുലര്‍ത്തിയിരുന്നു. അടല്‍ജിയുടെ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്ന അദ്ദേഹം ഒരിക്കല്‍ എറണാകുളത്തു വന്നപ്പോള്‍ പ്രാന്തകാര്യാലയത്തിലെത്തി. അവിടെ ചന്ദ്രശേഖര്ജിയുമായി അത്യന്തം ഭവ്യതയോടെ പെരുമാറിയത് കാണാന്‍ കഴിഞ്ഞു. തിരുവനന്തപുരത്ത് അതിഗംഭീരമായ തോതില്‍ പരമേശ്വര്‍ജിയുടെ ഉത്സാഹത്തില്‍ ദേശീയ ഭഗവദ്ഗീതാ മഹോത്സവം നടന്നപ്പോള്‍ അതിന് കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹായം ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥവൃന്ദത്തിന്റെ കുത്തിത്തിരിപ്പുകളെ മറികടന്നും അദ്ദേഹത്തിന് സാധിച്ചു.
കര്‍ണാടകയിലെ ബാംഗളൂര്‍ സൗത്ത് ലോക്സഭാ മണ്ഡലം ആദ്യമായി 1996-ലെ തെരഞ്ഞെടുപ്പില്‍ അനന്ത്കുമാര്‍ ബിജെപിക്കുവേണ്ടി നേടി. പിന്നീട് ആ മണ്ഡലം ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. അടിയന്തരാവസ്ഥയ്ക്കുശേഷവും കര്‍ണാടകം കോണ്‍ഗ്രസ്സിന്റെ ഉരുക്കുകോട്ടയായും, ബിജെപിക്ക് ബാലികേറാമലയുമായാണ് കരുതപ്പെട്ടതെങ്കില്‍ അതിനെ തിരുത്തിയത് അനന്ത്കുമാര്‍ ആയിരുന്നു. 2014-ല്‍ ലോക്സഭയിലേക്കു മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ധനികനും ടെക്നോക്രാറ്റും ആധാര്‍ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവുമായ നന്ദന് നിലേക്കനിയെ ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്കാണ് അനന്ത്കുമാര്‍ തോല്‍പ്പിച്ചത്.
മാസങ്ങള്‍ക്കു മുമ്പുമാത്രം നടന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണത്രേ അദ്ദേഹത്തിന്റെ അര്‍ബുദരോഗം നിര്‍ണയിക്കപ്പെട്ടത്. പക്ഷേ അത് ഇത്രയ്ക്ക് അന്തിമഘട്ടത്തിലേക്കടുത്തിരുന്നുവെന്ന് ആരും കരുതിയില്ല. 59 വയസ്സേ പ്രായമായിരുന്നുള്ളൂ. ഇനിയും എത്രയേറെ അദ്ദേഹത്തില്‍നിന്ന് രാഷ്ട്രം പ്രതീക്ഷിച്ചിരുന്നു. ”ദൈവമന്യത്ര ചിന്തയേത്” എന്നല്ലാതെ എന്തു പറയാന്‍.
ബിജെപിക്കും അതിനുമുമ്പ് ഭാരതീയ ജനസംഘത്തിനും ഇപ്രകാരമുള്ള അനവധി പ്രഗല്ഭമതികളെ അവരുടെ നല്ല പ്രായത്തില്‍ നഷ്ടമായിട്ടുണ്ട്. അവയിലേറെയും അപ്രതീക്ഷിതവും അവിഹിതവുമായ അത്യാഹിതങ്ങളിലൂടെയായിരുന്നു. അടല്‍ജിയുടെ മന്ത്രിസഭയിലെ അംഗവും, ഏറ്റവും ഊര്‍ജസ്വലനും യുവാവുമായിരുന്ന പ്രമോദ് മഹാജന് തികച്ചും അപ്രതീക്ഷിതമായി സ്വസഹോദരന്റെ വെടിയേറ്റു മരിച്ചത് രാജ്യത്തെയാകെ നടുക്കിക്കളഞ്ഞു. അതിന്റെ വിടവ് നികത്താന്‍ ബിജെപിക്ക് കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ സഹോദരീഭര്‍ത്താവും നരേന്ദ്ര മോദി സര്‍ക്കാരിലെ മന്ത്രിയുമായിരുന്ന ഗോപിനാഥ മുണ്ടേ, സത്യപ്രതിജ്ഞ ചെയ്തശേഷം മഹാരാഷ്ട്രയിലെ സ്വന്തം ഗ്രാമത്തിലേക്കുള്ള ആദ്യയാത്രയ്ക്കായി വിമാനത്താവളത്തിലേക്കു പോകുംവഴി കാര്‍ അപകടത്തില്‍ മരിച്ചതും പാര്‍ട്ടിക്കും മഹാരാഷ്ട്രയിലെ രാഷ്ട്രീയത്തിനും കനത്ത ആഘാതമായി.
ജനസംഘത്തിന്റെ സ്ഥാപകനും സ്വാതന്ത്ര്യലബ്ധിക്കാലത്തെ രാഷ്ട്രീയ അതികായനുമായിരുന്ന ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ കശ്മീരിലെ ബലിദാനം 53-ാം വയസ്സിലായിരുന്നു. അന്ന് ജനസംഘ രൂപീകരണം കഴിഞ്ഞ് രണ്ട് കൊല്ലമായതേയുള്ളൂ. ശരിയായ സംഘടനാ ശൃംഖലയോ രാഷ്ട്രീയ പരിപാടികളുടെ വിശദമായ വിവേചനമോ പ്രഖ്യാപനമോ രൂപപ്പെട്ടിരുന്നില്ല. പ്രകാണ്ഡ പണ്ഡിതനും ചിന്തകനും രാഷ്ട്രീയതത്ത്വകോവിദനുമായിരുന്ന ഡോ. രഘുവീര ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം 1963-ല്‍ അധ്യക്ഷനായി വന്നു.
ആചാര്യ കൃപലാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള യാത്രാമധ്യേ കാര്‍ ഒരു മരത്തിലിടിച്ച് അദ്ദേഹവും മരണപ്പെട്ടു. ഇവരുടെയൊക്കെ അഭാവത്തിലും ജനസംഘത്തിന് പ്രത്യയശാസ്ത്രപരമായും, രാഷ്ട്രീയപരിപാടിയുടെ കാര്യത്തിലും അടിസ്ഥാനവും നൂതനത്വവും നല്കി, പല സംസ്ഥാനങ്ങളിലും ഭരണകക്ഷിതന്നെയായിത്തീരാനുള്ള വൈഭവം നല്കിയ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ, കോഴിക്കോട്ട് അധ്യക്ഷസ്ഥാനമേറ്റെടുത്ത് രണ്ടു മാസം പോലും തികയുന്നതിനു മുമ്പ്, 1968-ല്‍ ഇന്നദ്ദേഹത്തിന്റെ നാമധേയം വഹിക്കുന്ന മുഗള്‍സരായി സ്റ്റേഷനു സമീപം അജ്ഞാത ഘാതകന്റെ ആക്രമണത്തില്‍ ജീവിതാന്ത്യം കണ്ടു. ഈ അത്യാഹിത പരമ്പര തുടരുകയാണെന്നു തോന്നുന്നു. അനന്ത്കുമാറിന്റെ വിയോഗം ഇങ്ങനെയൊരു ചിന്തയിലേക്കു മനസ്സിനെ തിരിച്ചുവിട്ടതാണ്. ആ സ്മരണയ്ക്ക് എന്റെ അഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: