കൊച്ചി: ശബരിമലയില്‍ നിയമം നടപ്പാക്കാന്‍ പോലീസിനെ നിരത്തി യുദ്ധം ചെയ്യുന്ന സര്‍ക്കാര്‍, വനം കൈയേറ്റം ഒഴിപ്പിക്കാനുള്ള ഹൈക്കോടതി നിയമം നടപ്പാക്കുന്നില്ല. ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന കാരണം പറഞ്ഞ്, കൈയേറ്റക്കാര്‍ക്ക് ഹൈക്കോടതിവിധിക്കെതിരേ ഡിവിഷന് ബെഞ്ചില്‍നിന്ന് അനുകൂലവിധിക്ക് അവസരം ഉണ്ടാക്കുകയാണ്. അതിനിടെ കുരിശ് സ്ഥാപിച്ച് പ്രശ്നം മതപരമാക്കാനുള്ള ശ്രമം വനംവകുപ്പ് തടഞ്ഞു.
കോതമംഗലം വനം ഡിവിഷനിലെ വണ്ണപ്പുറം-ചേലത്തോട് റോഡില്‍ കള്ളിപ്പാറക്കവലയിലെ കാറ്റാടിക്കടവിലാണ് വനഭൂമി കൈയേറ്റം. കണ്ണായ പ്രദേശത്ത് ഹോംസ്റ്റേ സൗകര്യമുണ്ടാക്കാന്‍ 2016ലാണ് ഭൂമി കൈയേറിയത്. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കൈയേറ്റം. ഇടുക്കി അമ്പഴത്തുങ്കല്‍ ജേക്കബ് ചാക്കോ, മകന് റോബിന് ജേക്കബ്, ജോബിന് എന്നിവരെ പ്രതിയാക്കി എം.പി. നാസര്‍ ഹൈക്കോടതിയില്‍ നല്കിയ പരാതിയിലാണ് ഒഴിപ്പിക്കാന്‍ വിധി വന്നത്.
ഒക്ടോബര്‍ 22ന് ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് വിധിച്ചത്. വിധി നടപ്പാക്കാന്‍ 25 ദിവസം കഴിഞ്ഞിട്ടും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കോതമംഗലം ഡിഎഫ്ഒ വിധി നടപ്പാക്കാന്‍ പോലീസിന്റെ സഹായം തേടി. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന നിലവന്നാല്‍ പോലീസ് നടപടിക്ക് തഹസീല്‍ദാര്‍, ആര്‍ഡിഒ തലത്തിലുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആവശ്യമാണ്. അതുണ്ടാകുന്നില്ല.
ജില്ലാ പോലീസ് സൂപ്രണ്ട് ഒഴിപ്പിക്കല്‍ നടപടിക്ക് മുന്‍കൈ എടുക്കുന്നില്ല. ഇതിനിടെ കൈയേറ്റക്കാര്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്.
സംരക്ഷിത വനം കൈയേറ്റം ഒഴിപ്പിക്കാനുള്ള കോടതി വിധി നടപ്പാക്കാതെ വന്നാല്‍, വന നിയമപ്രകാരം വനം വകുപ്പിന്റെ മാത്രമല്ല, മറ്റ് ഉദ്യോഗസ്ഥരും കുറ്റക്കാരാണ്. ജില്ലാ കളക്ടര്‍ക്ക് ഉള്‍പ്പെടെ നടപടി വരാം. എന്നാല്‍, ഉദ്യോഗസ്ഥര്‍ കൈയേറ്റക്കാര്‍ക്ക് അനുകൂല നിലപാടിലാണ്.
സംസ്ഥാന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പിന്തുണയോടെയാണ് കൈയേറ്റമെന്ന് ആക്ഷേപമുണ്ട്. ഇടുക്കി എംപി ജോയ്സ് ജോര്‍ജ്, മണ്ഡലത്തില്‍ നടക്കുന്ന ഈ കൈയേറ്റം ഒഴിപ്പിക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. സ്ഥലത്തെ വിനോദെന്ന സിപിഎം നേതാവിന്റെ പിന്തുണയും കൈയേറ്റക്കാര്ക്കുണ്ടെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: