ചെന്നൈ: ഗജ ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ ആറു മരണം. കടലൂരില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി ഒരാള്‍ മരിച്ചു. വിരുതാചലത്ത് മതില്‍ ഇടിഞ്ഞുവീണാണു സ്ത്രീ മരിച്ചത്. അതേസമയം, ശക്തമായ കാറ്റില്‍ വീടുതകര്‍ന്നുവീണ് പുതുക്കോട്ടയില്‍ നാലുപേരും മരിച്ചു.
നാഗപള്ളത്തിനും വേദാരണ്യത്തിനും ഇടയിലൂടെ മണിക്കൂറില്‍ 120 കിലോ മീറ്റര്‍ വേഗത്തിലാണ് ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഇവിടെ വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി. 76,290 പേരെ ഇതിനകം തന്നെ ഒഴിപ്പിച്ചിട്ടുണ്ട്. ആറു ജില്ലകളിലായി 300 ഓളം ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. നാഗപട്ടണം, പുതുകോട്ട, രാമന്തപുരം, തിരുവാരുര്‍ തുടങ്ങിയ ജില്ലകളിലാണ് ക്യാംപുകള്‍ തുറന്നിരിക്കുന്നത്. നാഗപട്ടണത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ ഓറഞ്ച് അലര്‍ട്ട്. ശക്തമായ മഴയ്‌ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇന്നും നാളെയും മലയോര, തീരമേഖലകളിലുള്‍പ്പെടെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കാം.
ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ക്കും പോലീസ്, ഫയര്‍ഫോഴ്‌സ്, കെഎസ്ഇബി വകുപ്പുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇന്നു വൈകിട്ടുമുതല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. കോസ്റ്റ് ഗാര്‍ഡും നാവികസേനയും മത്സ്യത്തൊഴിലാളികള്‍ക്കു മുന്നറിയിപ്പു നല്‍കണമെന്നും നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: