Categories: Kerala

കേരളം കുഷ്ഠരോഗ ഭീതിയില്‍; അശ്വമേധത്തിന് പുരുഷ വൊളന്റിയര്‍മാര്‍ക്കായി നെട്ടോട്ടം

Published by

വിളപ്പില്‍ (തിരുവനന്തപുരം): രാജ്യത്തിന് ആരോഗ്യ മാതൃകയെന്ന് അവകാശപ്പെടുന്ന കേരളം കുഷ്ഠരോഗ ഭീതിയില്‍. 2005 ഡിസംബര്‍ മാസത്തോടെ ഭാരതത്തില്‍ നിന്നും നിവാരണം ചെയ്ത രോഗമാണ് കുഷ്ഠം. സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ വീണ്ടുമിത് പ്രത്യക്ഷപ്പെട്ടത് ആരോഗ്യമേഖലയെ ആശങ്കയിലാക്കുന്നു. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് മാത്രം പകരുന്ന രോഗമാണിത്. കുഷ്ഠത്തിന്റെ അണുക്കള്‍ ഒരാളുടെ ശരീരത്തില്‍ പ്രവേശിച്ചാല്‍ മൂന്നു മുതല്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്നത്. 

അതുകൊണ്ടുതന്നെ അജ്ഞരായ രോഗികള്‍ ചികിത്സ തേടിയെത്തുന്നത് വിരളം. സംസ്ഥാനത്ത് ധാരാളം രോഗികള്‍ ഇത്തരത്തില്‍ ചികിത്സ തേടാതെ ഒളിച്ചിരിപ്പുണ്ടെന്നാണ് കണ്ടെത്തല്‍. കുട്ടികളിലെ കുഷ്ഠരോഗത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. പ്രകടമായ വൈകല്യം ഉണ്ടായതിന് ശേഷം മാത്രം ചികിത്സയ്‌ക്കെത്തുന്ന രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. 

ഇത്തരത്തില്‍ ഒളിഞ്ഞ് കിടക്കുന്ന രോഗികളെ കണ്ടുപിടിച്ച് ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് ‘അശ്വമേധം’ എന്ന പേരില്‍ ക്യാമ്പയിന് ആരോഗ്യ വകുപ്പ് പദ്ധതി തയാറാക്കി. എന്നാല്‍ ഈ പ്രവര്‍ത്തനത്തിന് പുരുഷ വൊളന്റിയര്‍മാരെ കിട്ടാനില്ലാത്തതാണ് വകുപ്പ് നേരിടുന്ന വെല്ലുവിളി.  

പാലക്കാട്, തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് രോഗത്തിന്റെ സാന്നിധ്യമുള്ളത്. ഇതില്‍ പാലക്കാടാണ് ഏറ്റവുമധികം രോഗികളുള്ളത്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവും. സംസ്ഥാനത്ത് 279 പേരില്‍ രോഗമുള്ളതായാണ് പ്രാഥമിക സ്ഥിരീകരണം. ഈ ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ ജാഗ്രതാ നിര്‍ദേശമുള്ളത്. ഡിസംബര്‍ 5 മുതല്‍ രണ്ടാഴ്ചയാണ് അശ്വമേധം ക്യാമ്പയിന്‍. 

സ്ത്രീ-പുരുഷ വൊളന്റിയര്‍മാരെയാണ് അശ്വമേധത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. ഇവര്‍ ഓരോ വീടും സന്ദര്‍ശിച്ച് സ്ത്രീകളെയും പുരുഷന്മാരെയും തല മുതല്‍ പാദം വരെ വെവ്വേറെ പരിശോധനയ്‌ക്ക് വിധേയരാക്കണം. രോഗലക്ഷണമുള്ളവരെ ഡോക്ടര്‍മാരുടെ സ്‌ക്രീനിങ്ങിന് എത്തിക്കണം. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ മേല്‍നോട്ടം വഹിക്കണം.

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരില്ല. 75 രൂപയാണ് പുരുഷ വോളണ്ടിയര്‍ മാര്‍ക്ക് നിശ്ചയിച്ചിരിക്കുന്ന ദിവസക്കൂലി. ഈ വേതനത്തിന് ജോലി ചെയ്യാന്‍ പുരുഷന്മാര്‍ സന്നദ്ധരല്ല. ഇതാണ് പദ്ധതിയുടെ താളം തെറ്റിക്കുന്നത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by