മഹാരാജാവിന്റെ ആജ്ഞ ശിരസാ വഹിക്കാന്‍ തയ്യാറാണെന്ന കര്‍ദമ മഹര്‍ഷിയുടെ വാക്കുകള്‍ സ്വയംഭൂവ മനുവിനെ ഏറെ സന്തോഷിപ്പിച്ചു. ക്ഷത്രിയ ധര്‍മത്തെക്കുറിച്ച് ഓര്മിപ്പിക്കുംവിധവും, അക്കാര്യത്തില്‍ സ്വായംഭുവ മനുവിന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചു പുകഴ്ത്തുന്ന വിധവുമായിരുന്നു കര്‍ദമന്റെ വാക്കുകള്‍.
താന്‍ വന്നതിന്റെ ഉദ്ദേശ്യങ്ങള്‍ കര്‍ദമ മഹര്‍ഷിയോട് തുറന്നു പറയുന്നതിനുള്ള സാഹചര്യങ്ങള്‍ കര്‍ദമ മഹര്‍ഷി തന്നെ ഒരുക്കിത്തന്നിരിക്കുന്നു.അതിനാല്‍ പെട്ടെന്നുതന്നെ വിഷയത്തിലേക്കുള്ള കടന്നുവരാന്‍ സ്വയംഭുവ മനുവിനു സാധ്യമായി.
തന്റെ മകള്‍ ദേവഹുതി വയസ്സുകൊണ്ടും ശീലംകൊണ്ടും ഗുണാദികള്കൊണ്ടും വളരെ യോഗ്യയാണ്. മഹര്‍ഷേ അങ്ങയുടെ ശീലം, തീഷ്ണ ബുദ്ധി, സൗന്ദര്യം, ഗുണം ഇത്യാദികളെക്കുറിച്ച് നാരദാദി മഹര്‍ഷിമാരില്‍ നിന്ന് കേട്ടറിഞ്ഞ് ദേവഹൂതിയുടെ മനസ്സ് അങ്ങെ മനസാ ആദരിക്കുന്നു. അതിനാല്‍ മഹര്‍ഷേ അങ്ങയുടെ ഗൃഹസ്ഥാശ്രമത്തിലേക്ക് പങ്കാളിയായി എന്റെ മകളെ സ്വീകരിച്ചാലും. കന്യാവനം എന്റെ കര്‍ത്തവ്യമാണ്. അത് സ്വീകരിക്കാനുള്ള പാത്രമായി അങ്ങയെയാണ് വിധി നിര്‍ദേശിച്ചിരിക്കുന്നത്.
സ്വായംഭുവമനു ഇത് നിര്‍ദ്ദേശിച്ചപ്പോള്‍ കര്‍ദമ മഹര്‍ഷി മനസ്സുകൊണ്ട് സന്തോഷിച്ചു. വിധാതാവിന്റെ നിര്‍ദ്ദേശത്തെക്കുറിച്ച് കര്‍ദമ മഹര്‍ഷിയ്ക്കും ബോധ്യപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ അതിനുള്ള അവസരവും കാത്തു കഴിയുകയായിരുന്നു മഹര്‍ഷി. എന്നാല്‍ തന്റെ ജീവിതലക്ഷ്യത്തെക്കുറിച്ച് മുന്കൂട്ടിപ്പറഞ്ഞില്ലെങ്കില് അത് ചതിയായി വ്യാഖ്യാനിക്കപ്പെടും.
കര്‍ദമ മഹര്‍ഷി പ്രതിവചിച്ചു.
ഭഗവന്‍, അങ്ങയുടെ പുത്രി ബഹുസുന്ദരിയാണ്. ഗൃഹസ്ഥാശ്രമത്തിന് തല്‍പരരായിരിക്കുന്ന ആരും ആഗ്രഹിക്കുന്നതുപോലെ ആകര്‍ഷണീയ രൂപ ഗുണശീലാദികള് ദേവഹൂതിക്കുണ്ട്. വിധിയുടെ നിയോഗത്തെക്കുറിച്ചും എനിക്കു ധാരണയുണ്ട്. എന്നാല്‍ ഭഗവത് പ്രാപ്തി എന്ന ജീവിതലക്ഷ്യവുമായാണ് എന്റെ ജീവിതം. അങ്ങയുടെ നിര്‍ദേശം നിരാകരിക്കാന്‍ ഞാന്‍ ശക്തനുമല്ല. അതിനാല്‍ അങ്ങയുടെ പുത്രിയെ ഞാന്‍ സ്വീകരിക്കാം. എന്നാല്‍ ജീവിതയാത്രക്ക് സഹായിക്കാനുതകുന്ന, പ്രപഞ്ചസത്യത്തെ ബോധ്യപ്പെടുത്താനുതകുന്ന വിധത്തില്‍ ഒരുപുത്രോല്പ്പത്തി ഉണ്ടായിക്കഴിയുമ്പോള്‍ ഞാന്‍ വാനപ്രസ്ഥത്തിനു യാത്രയാകും എന്ന് മുന്‍കൂട്ടി അറിഞ്ഞിരിക്കണം.
”യതോളഭവദ്വിശ്വമിദം വിചിത്രം
സംസ്ഥാസ്യതേ യത്ര ച വാവതിഷ്ഠതേ
പ്രജാപതീനാം പതിരേഷമഹ്യം
പരം പ്രമാണം ഭഗവാനനന്തഃ”
ഈ വിശ്വം ആരില്‍നിന്നുണ്ടായി, ആരില്‍ നിലനി
ല്ക്കുന്നുവോ, ആരില്‍ ലയിച്ചു ചേരുമോ ആ ഭഗവാന് അനന്തപത്മനാഭന്, എല്ലാ പ്രജാപതിമാര്ക്കും നാഥനാ
യ ആ ഭഗവാന് തന്നെയാണ് എനിക്ക് പരമപ്രമാണം.
ഇത്രയും പറഞ്ഞ് കര്‍ദമ മഹര്‍ഷി ആ അനന്തപത്മനാഭനില്‍ തന്നെ മനസ്സുറപ്പിച്ച് അകത്തും പുറത്തും സച്ചിദാനന്ദന് തന്നെയായി മൗനിയായി കാണപ്പെട്ടു. ആ ഇരുപ്പില്‍ മഹാതേജസ്വിയായി കര്‍ദമ മഹര്‍ഷിയെ പ്രകടമായിക്കണ്ട ദേവഹൂതിയുടെ മനസ്സ്, ആ മുഖത്തെ പ്രകാശത്തില്‍ ആകൃഷ്ടയായി. ഇതുതന്നെ തനിക്ക് യോജിച്ച വരനെന്ന വിധിയുടെ നിശ്ചയത്തെ, തന്റെ മാതാപിതാക്കളുടെ തീരുമാനത്തെ ആനന്ദത്തോടെ സ്വാഗതം ചെയ്തു.
സ്വായംഭുവ മനു മുന്‍ നിശ്ചയപ്രകാരം തന്റെ മകള്‍ ദേവഹൂതിയെ കര്‍ദമ ഭഗവാനായിക്കണ്ട് കന്യാദാനം പൂര്‍ത്തീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: