ന്യൂദല്‍ഹി: കോടാനുകോടി അയ്യപ്പഭക്തന്മാരുടെ പ്രാര്‍ഥനകള്‍ക്ക് ഫലം. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു.
അത്യപൂര്‍വമായ നടപടിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേത്. റിട്ട്, റിവ്യൂ ഹര്‍ജികള്‍ കോടതി തള്ളുമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും ഇടതുപാര്‍ട്ടികളുടേയും പ്രതീക്ഷ സുപ്രീംകോടതിയില്‍ പൊലിഞ്ഞു.
മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലത്തിന് ശേഷം ജനുവരി 22ന് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അടക്കമുള്ള അഞ്ചംഗ ബെഞ്ച് ചേംബറില്‍ കേസ് പരിഗണിക്കവെ വ്യക്തമാക്കി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ചേര്‍ന്ന കോടതി, ഇരുപത് മിനിറ്റെടുത്താണ് റിവ്യൂ ഹര്‍ജികള്‍ പ്രാഥമികമായി പരിശോധിച്ചത്. ചീഫ് ജസ്റ്റിസ് ഗൊഗോയിയുടെ ചേംബറിലായിരുന്നു അഞ്ചു ജഡ്ജിമാരും ഹര്‍ജികള്‍ പരിഗണിച്ചത്. സംഘപരിവാര്‍ സംഘടനകളുടെ പതിനഞ്ചോളം ഹര്‍ജികള്‍ അടക്കം അമ്പത് പുനഃപരിശോധനാ ഹര്‍ജികളാണ് കോടതി ഇന്നലെ പരിഗണിച്ചത്.
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ എസ്.ജെ. ആര്. കുമാര്‍, അഖിലഭാരതീയ മലയാളി സംഘ് തുടങ്ങിയവര്‍ നല്കിയ നാല് റിട്ട് ഹര്‍ജികള്‍ ഇന്നലെ രാവിലെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിച്ചിരുന്നു. പുനഃപരിശോധനാ ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ പുനഃപരിശോധനാ ഹര്‍ജികളിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ റിട്ട് ഹര്‍ജികള്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ജനുവരി 22ന് റിവ്യൂ ഹര്‍ജികള്‍ക്കൊപ്പം റിട്ട് ഹര്‍ജികളും കേള്‍ക്കാമെന്നാണ് നിലവിലെ സുപ്രീംകോടതി തീരുമാനം. ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസുമാരായ റോഹിങ്ടണ്‍ നരിമാന്, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചത്. ജനുവരി 22ന് അഞ്ചംഗ ബെഞ്ചാണോ അതോ ഏഴംഗ ബെഞ്ചാണോ കേസ് പരിഗണിക്കുകയെന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ കോടതി വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷ. റിട്ട് ഹര്ജികളിന്മേലുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ അനുവദിക്കേണ്ടതില്ലെന്ന ഒന്‍പതംഗ ബെഞ്ചിന്റെ വിധി നിലനില്‍ക്കെ ശബരിമല കേസിലെ പുനഃപരിശോധനാ ഹര്‍ജികള്‍ അനുവദിക്കപ്പെട്ടത് അയ്യപ്പഭക്തര്‍ക്ക് വലിയ നേട്ടമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: