ഇന്ത്യ ജനാധിപത്യ രാജ്യമാണ്. അതിലെ ഒരു സംസ്ഥാനം മാത്രമാണ് കേരളം. സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കല്ല. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഇന്ന് ഭരണം നടത്തുന്ന ഇടത് ജനാധിപത്യമുന്നണിയും അതിനെ നയിക്കുന്ന സിപിഎമ്മും ജനാധിപത്യം അംഗീകരിക്കുന്നില്ല. ഇതൊരു പരമാധികാര രാഷ്ട്രം എന്ന നിലയിലാണ് സിപിഎമ്മിന്റെ പെരുമാറ്റം. പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും ഇവര്‍ അംഗീകരിക്കില്ല. ഫെഡറലിസത്തിനോടും പുച്ഛമാണ്. കേരളം ആവശ്യപ്പെടും. കേന്ദ്രം അത് അപ്പടി അംഗീകരിച്ചുകൊള്ളണം. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാണെന്നാണ് അവരുടെ നിലപാട്. മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിക്കുന്നവരെ ഇല്ലാതാക്കണമെന്നാണവര് ആഗ്രഹിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. ശ്രീധരന്‍പിള്ളയ്ക്കെതിരെ ചുമത്തിയ കേസ്.
ശ്രീധരന്‍പിള്ള ദശാബ്ദങ്ങളായി കേരളത്തില്‍ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനും അഭിഭാഷകനും സാഹിത്യകാരനും കവിയും എല്ലാമാണ്. സര്‍വാദരണീയനായ ശ്രീധരന്‍പിള്ള ബിജെപി പ്രസിഡന്റായിപ്പോയി എന്ന കുറ്റമാണ് സിപിഎം സര്‍ക്കാര്‍ കാണുന്നത്. ശ്രീധരന് പിള്ളയ്ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ശബരിമല പ്രശ്നത്തില്‍ വിശ്വാസികള്‍ക്കൊപ്പം ഏതറ്റംവരെയും പോകുമെന്ന നിലപാട് പ്രഖ്യാപിച്ചതാണ് അദ്ദേഹം ചെയ്ത കുറ്റം. ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചാല്‍ നടയടച്ച് ശുദ്ധിക്രിയ നടത്തണമെന്നാണ് വിശ്വാസം. ആ വിശ്വാസപ്രകാരം നടയടച്ചാല്‍ സുപ്രീംകോടതി വിധിയുടെ ലംഘനമാകുമോ എന്ന സംശയനിവാരണം നടത്തിയെന്ന് പരസ്യമായി പറഞ്ഞതും വിശ്വാസ സംരക്ഷണത്തിനായി സമാധാനപരമായ സമരം നടത്തണമെന്ന് ആഹ്വാനം ചെയ്തതുമാണ്. ശ്രീധരന് പിള്ള ചെയ്ത കുറ്റം. ശ്രീധരന് പിള്ള കലാപത്തിന് ആഹ്വാനം ചെയ്തുവെന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നിരന്തരം പ്രചരിപ്പിക്കുന്നത്. ശ്രീധരന് പിള്ളയുടെ പ്രസംഗത്തിന്റെ ഏതുഭാഗത്താണ് കലാപാഹ്വാനം എന്ന് പറയുന്നില്ല.
ചെന്നായയുടെ ന്യായമാണ് സ്വേച്ഛാധിപതികള്ക്കെന്നും. ജയപ്രകാശ് നാരായണന് കലാപത്തിന് ആഹ്വാനം നല്‍കിയെന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഇന്ദിരാഗാന്ധി പറഞ്ഞ ന്യായങ്ങളിലൊന്ന്. പോലീസിനോടും പട്ടാളത്തോടും നിയമവിരുദ്ധമായ പ്രവര്‍ത്തനത്തിന് ആഹ്വാനം നല്കിയാല് അത് അംഗീകരിക്കരുതെന്ന് ജയപ്രകാശ് നാരായണന് അഭ്യര്‍ത്ഥിച്ചിരുന്നു. അതിലെ ‘നിയമവിരുദ്ധം’ മറച്ചുവച്ച് ജയപ്രകാശ് നാരായണനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഇന്ദിരാഗാന്ധി ബോധപൂര്‍വം ശ്രമിച്ചു. രാജ്യംകണ്ട ഏറ്റവും വലിയ നീതിമാന്മാരില് പ്രമുഖനായ ജയപ്രകാശ് നാരായണനെപ്പോലും തെറ്റായി ചിത്രീകരിച്ച് ജയിലിലടച്ച ഭരണാധികാരിയെ കണ്ട രാജ്യമാണ് ഇന്ത്യ. അതിന്റെ മറ്റൊരു വകഭേദമാണ് ഇപ്പോള്‍ കേരളം.
രണ്ടേകാല്‍ വര്‍ഷം പിന്നിട്ട കേരളത്തിലെ ഇടതുഭരണം ചരടുപൊട്ടിയ പട്ടംപോലെയാണ്. മുഖ്യമന്ത്രിക്ക് ഒരു നിയന്ത്രണവുമില്ല. നാലാമത്തെ മന്ത്രിയും രാജിയുടെ വഴിയിലാണ്. ”കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി” എന്ന ശൈലിയിലാണ് മന്ത്രിമാര്‍. ബന്ധുനിയമനങ്ങളും കോഴകളും ഭരണത്തെപിടിച്ചുലയ്ക്കുകയാണ്. ബീര്‍, ബാര്‍, ബ്രൂവറി കോഴയുടെ ലഹരിമന്ത്രിസഭയെ ലക്കുകെട്ടതാക്കി. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനിടയില്‍ വിള്ളലില്ലാതിരിക്കാന്‍ വിവാദ ലൈസന്‍സുകള്‍ റദ്ദാക്കുകയാണെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിന്നീടുണ്ടാക്കിയതെല്ലാം വിള്ളലുകള്‍ സൃഷ്ടിക്കുന്നതാണ്. ബ്രൂവറി കോഴ പുറത്തുകൊണ്ടുവന്ന പ്രതിപക്ഷ നേതാവിനെതിരെ വിജിലന്‍സ് അന്വേഷണം. എഴുതിത്തള്ളിയ സോളാര്‍ വിഷയം കുത്തിപ്പൊക്കി ഉമ്മന്‍ചാണ്ടിയെ പൂട്ടാന്‍ നീക്കം. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനെയും പിന്നിലാക്കി സര്‍ക്കാരിന്റെ വിശ്വാസികള്‍ക്കെതിരായ യുദ്ധത്തെ പ്രതിരോധിച്ച ബിജെപിക്കെതിരെ കേസ്. അന്തംവിട്ട പ്രതിയായി സര്‍ക്കാര്‍ മാറിയിരിക്കുകയാണ്. അത്തരക്കാര്‍ എന്തും ചെയ്യും. പക്ഷേ അത് വിനാശകാലേ വിപരീത ബുദ്ധി എന്നായിത്തീരും.
ബ്രൂവറി വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് ഇന്നെവിടെയെന്ന് ആര്‍ക്കും അറിയില്ല. ഇപ്പോള്‍ സജീവമായി രംഗത്തുള്ളത് മന്ത്രി കെ.ടി. ജലീലാണ്. യോഗ്യതയില്ലാത്ത ബന്ധുവിനെ പൊതുമേഖലാ സ്ഥാപനത്തിന്റെ താക്കോല്‍ സ്ഥാനത്ത് നിയമിച്ചതിന്റെ വിവാദം കത്തിപ്പടരുകയാണ്. നിരത്തുന്ന ന്യായങ്ങളെല്ലാം കുരുക്കായിമാറുകയാണ്. മന്ത്രിസഭയിലെ ന്യൂനപക്ഷ വര്‍ഗീയ മുഖമായ കെ.ടി. ജലീലിന്റെ കാര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും സര്പ്പക്കാവില് കയറി കാര്‍ക്കിച്ച മട്ടിലാണ്. തുപ്പാനും വയ്യ ഇറക്കാനും വയ്യ. ജനങ്ങള്‍ക്ക് ബോധ്യമാകുന്ന ഒരു മറുപടിയും പല കാര്യങ്ങളിലും സര്‍ക്കാരിനില്ല.
ശബരിമല വിഷയത്തില്‍ പ്രത്യയശാസ്ത്ര കടുംപിടിത്തം ഇപ്പോള്‍ ആവശ്യമുണ്ടോ എന്ന് സിപിഎം അണികള്‍ പോലും ചോദിക്കുന്നു. യുവതികളെ ശബരിമല ദര്ശനത്തിനെത്തിക്കണമെന്ന് എന്തിനിത്ര നിര്‍ബന്ധം. വിശ്വാസമുള്ള ഒരു യുവതിയും കെട്ടുംകെട്ടി ശബരിമലയിലെത്തിയിട്ടില്ല. എന്തിനധികം, ആഭ്യമന്തരമന്ത്രി പിണറായി വിജയനുപോലും അങ്ങനെ ഒരു നിര്‍ബന്ധമില്ല. ഉണ്ടായിരുന്നെങ്കില്‍ സന്നിധാനത്ത് നിയോഗിച്ച 15 വനിതാപോലീസുകാരില്‍ നിശ്ചിതപ്രായത്തിനകത്തുള്ള (10നും 50നും ഇടയിലുള്ള) ഒരു വനിതാപോലീസിനെയെങ്കിലും നിയോഗിക്കുമായിരുന്നില്ലെ? 50 വയസ് കഴിഞ്ഞ വനിതാ പോലീസുകാര്‍ മാത്രമേ സന്നിധാനത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നുള്ളൂ. ഒന്നുകില്‍ മുഖ്യമന്ത്രി ആചാരലംഘനം നടത്തേണ്ടെന്ന് നിശ്ചയിച്ചുകാണണം. അല്ലെങ്കില്‍ യുവതികളായ പോലീസുകാര്‍ സന്നിധാനത്ത് ഡ്യൂട്ടിക്കില്ലെന്ന് അറിയിച്ചുകാണണം. എന്നിട്ടും എന്തിനാണാവോ ആചാര സംരക്ഷണത്തിനിറങ്ങിയവരെ തെറ്റുകാരായിക്കാണുന്നത്? ഏത് കലാപശ്രമമാണ് ഇവര്‍ നടത്തിയത്? എന്ത് വര്‍ഗീയ ചേരിതിരിവും വിദ്വേഷവും ഇവര്‍ നടത്തി? മതവികാരം വ്രണപ്പെടുത്തുകയും അസഹിഷ്ണുത ഉണ്ടാക്കുകയും ചെയ്യുന്ന എന്ത് കൃത്യങ്ങള്‍ ഇവര്‍ ചെയ്തു?
ഒരു മത പുരോഹിതനെ നികൃഷ്ട ജീവി എന്ന് വിളിച്ച വ്യക്തിയാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്. അത് മതവികാരം വ്രണപ്പെടുത്തുന്നതല്ലെ? ഒരു രാഷ്ട്രീയ നേതാവിനെ ‘പരനാറി’ എന്ന് ആക്ഷേപിച്ച നേതാവാണ് പിണറായി വിജയന്. ഇത്രത്തോളം അസഭ്യം വിളമ്പിയ നേതാവ് വേറെയുണ്ടാകില്ല. എന്നിട്ടും കള്ള പ്രചാരണവും കള്ളക്കേസും ഉണ്ടാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നത് അദ്ദേഹത്തിനുള്ളിലെ സ്റ്റാലിനിസ്റ്റ് മനോഭാവം പ്രകടമാക്കുന്നതാണ്. എതിരഭിപ്രായക്കാരെ അത് സഖാക്കള്‍ ആയാല്‍പ്പോലും അരിഞ്ഞുതള്ളിയ സ്റ്റാലിന്റെ പുനരവതാരമാണോ നമ്മുടെ മുഖ്യമന്ത്രി. സ്റ്റാലിന് ഫ്രം പിണറായി എന്നാണോ ഇന്നത്തെ മുഖ്യമന്ത്രി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നത്? അല്ലെങ്കില്‍ നിരപരാധികളെ ക്രൂശിക്കുകയും അപരാധികളെ സംരക്ഷിക്കുകയും ചെയ്യുന്ന ശൈലി മുഖ്യമന്ത്രി പിണറായി വിജയന് ഉപേക്ഷിക്കുകതന്നെ വേണം.
എല്ലാ കോടതിവിധികളും ജനങ്ങള്‍ അംഗീകരിച്ച ചരിത്രമില്ല. ജനങ്ങള്‍ അംഗീകരിക്കാത്ത കോടതിവിധികള്‍ പുല്ലായിമാറുമെന്ന് പരസ്യമായി പറഞ്ഞ നേതാവിനെ ദൈനംദിന പോലീസ് ഭരണം ഏല്‍പ്പിച്ച മുഖ്യമന്ത്രി യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളണം. ജനങ്ങള്‍ ഇല്ലെങ്കില്‍ കോടതിയില്ല. ഭരണ ഘടനയുമില്ല. ചുമരുണ്ടെങ്കിലേ ചിത്രമുള്ളു. അച്ഛനും മകളും തമ്മിലുള്ള ബന്ധം അനാചാരമല്ലെങ്കില്‍ ശബരിമലയിലെ ആചാരങ്ങള്‍ക്കും പവിത്രതയുണ്ട്. അതിനെവെല്ലുവിളിച്ച് പരിഷ്കര്‍ത്താവാകാന്‍ നോക്കുന്നതില്‍ ഒരു ഔചിത്യവുമില്ലെന്ന് സഖാക്കള്‍ തിരിച്ചറിയുന്നു. മുഖ്യമന്ത്രിയും അത് മനസ്സിലാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: