പയ്യന്നൂര്‍: പൂരക്കളിയില്‍ പെണ്‍കരുത്ത്. കണ്ണങ്കൈ നാടകവേദി സംഘടിപ്പിക്കുന്ന നാടകോല്‍സവത്തില്‍ അരങ്ങേറാനാണ് 40 വനിതകള്‍ പൂരക്കളി അഭ്യസിച്ചുവരുന്നത്. പുരുഷന്മാര് കളിച്ചുവരുന്ന പൂരക്കളി തങ്ങള്‍ക്കും വഴങ്ങുമെന്ന് ബോധ്യപ്പെടുത്തുകയാണ്. ഒരുകൂട്ടം വീട്ടമ്മമാര്‍ 25 മുതല്‍ 7 വയസ്സുവരെ യുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ക്ഷേത്രങ്ങളില്‍ വെച്ച് പൂരക്കളി കണ്ട അനുഭവമുള്ളവരും കാണാത്തവരും കൂട്ടത്തിലുണ്ട്.പൂരക്കളി പരിശീലനത്തില്‍ മികവ് തെളിയിച്ച ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് പ്രദീപന് തുരുത്തിയാണ് പരിശീലിപ്പിക്കുന്നത്. പൂരക്കളിയിലെ ഒന്നാം നിറവും, രണ്ടാം നിറവും, കാമന് പാട്ടും, ആറ് ചിന്തുകളുമാണ് ആദ്യഘട്ടം പരിശീലിക്കുന്നത്.
40 മിനിറ്റ് നേരം ആയാസരഹിതമായി ഇവര്‍ പൂരക്കളി അവതരിപ്പിക്കാന്‍ പ്രാപ്തരായിക്കഴിഞ്ഞു. പാലന്തായി കണ്ണന്റെ വീരചരിതം, പൂമാല ഭഗവതിയുടെ ആഗമ ചരിതം, വിഷ്ണു സ്തുതി എന്നിവയാണ് പൂരക്കളിയുടെ ചുവടിനൊപ്പം മധുരമായി ഒഴുകിയെത്തുന്നത്. മഹാദേവന്റെ കോപാഗ്നിയില്‍ ചാരമായ കാമദേവന്റെ പുനര്‍ജനിക്കായി ഉര്‍വ്വശി, മേനക, രംഭ, തിലോത്തമ തുടങ്ങിയ ദേവസ്ത്രീകള്‍ ആടിപാടിക്കളിച്ച കളിയാണ് പൂരക്കളിയെന്നാണ് വിശ്വാസം.
പിന്നീടത് ക്ഷേത്രമതിലിനകത്തും പുറംപന്തലിലും പുരുഷന്മാര് ആടിപ്പാടിക്കളിച്ചു. 18 നിറങ്ങളും രാമായണം, ഒറ്റ, ഇരട്ട, ഗണപതിപ്പാട്ട്, കാമന്‍പാട്ട്, അങ്കംചായല്പട തുടങ്ങിയ വന്‍കളികളും, ആണ്ടും പള്ളും പൊലിപ്പാട്ടുമായി പൂരക്കാലം ഇന്നും സജീവമാണ്. കണ്ണങ്കൈ നാടകവേദിക്ക് വേണ്ടി പരിശീലിച്ച പൂരക്കളി ജനുവരി ആറിന് നാടകോല്‍സവത്തില്‍ അരങ്ങേറും. തുടര്‍ന്നും ഈ വനിതാ പൂരക്കളി സംഘത്തെ പ്രോല്‍സാഹനം നല്കി നിലനിര്‍ത്തുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: