‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’ എന്ന ചൊല്ല് അന്വര്‍ത്ഥമാകുന്ന തരത്തിലായിരുന്നു ശബരിമലയിലെ സ്ഥിതിഗതികള്‍. എക്കാലത്തും ശബരിമലയ്ക്ക് ഭീഷണിയുണ്ടായിട്ടുണ്ട്. അത് ഔദ്യോഗികതലത്തിലേക്കു നീങ്ങിയതിന്റെ നേര്‍ക്കാഴ്ചകളാണ് ചിത്തിര ആട്ടവിശേഷവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസങ്ങളില്‍ അവിടെ കാണാനായത്. നിലവിലുള്ള സര്‍ക്കാരിന് വിശ്വാസങ്ങളും ആചാരങ്ങളും ചതുര്‍ഥിയാണ്.
എന്നാല്‍ നേര്‍ക്കുനേര്‍ അത് പറയാനും നടപടിയെടുക്കാനും ബുദ്ധിമുട്ടുണ്ട്. അങ്ങനെയിരിക്കെയാണ് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ തിരക്കുപിടിച്ച് നടപടികളുമായി മുന്നോട്ടുപോയത്. സര്‍ക്കാര്‍ എന്താണോ ആഗ്രഹിക്കുന്നത് അത് നൂറിരട്ടി നടപ്പാക്കാന്‍ പോലീസുകാര്‍ ഉള്‍പ്പെടെയുള്ള ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയും ചെയ്തു.
ശബരിമല പൂങ്കാവനവും സന്നിധാനവും ഏറ്റവും പരിപാവനവും പരിശുദ്ധവുമായി നില്‍ക്കേണ്ട അവസരത്തില്‍ പോലീസിനെയും ഉദ്യോഗസ്ഥരെയും കയറൂരിവിട്ട് യുദ്ധക്കളമാക്കുകയായിരുന്നു. ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഇടപെട്ട് സര്‍ക്കാര്‍ അവരുടെ ധാര്‍ഷ്ട്യം അവിടെ പ്രകടിപ്പിച്ചു.
ശബരിമലയിലെ ദൈനംദിന കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുത് എന്ന് കര്‍ക്കശമായി ഹൈക്കോടതിക്കു പറയേണ്ടി വന്നു. ദേവസ്വം ബോര്‍ഡിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് ഒരവകാശവുമില്ലെന്നാണ് ഹൈക്കോടതി വാക്കാല്‍ നിര്‍ദ്ദേശിച്ചത്. സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന ഉത്സാഹത്തിന്റെ പിന്നാമ്പുറത്ത് മറ്റെന്തൊക്കെയോ താല്‍പ്പര്യങ്ങളുണ്ടെന്ന് ഹൈക്കോടതി പറയാതെ പറഞ്ഞുപോവുകയല്ലേ ഉണ്ടായത്?
ഭക്തലക്ഷങ്ങള്‍ എത്തിച്ചേരുന്ന സന്നിധാനത്ത് അവരെ അക്ഷരാര്‍ത്ഥത്തില്‍ വേട്ടയാടുകയായിരുന്നു. ചരിത്രത്തിലിന്നോളം ഉണ്ടാകാത്ത അനുഭവങ്ങളുടെ നെരിപ്പോടില്‍ അയ്യപ്പഭക്തര്‍ പൊള്ളിപ്പിടയുകയായിരുന്നു. ശൗചാലയം പൂട്ടിയിടുക, കുടിവെള്ളം ഇല്ലാതാക്കുക, വൈദ്യുതി വിതരണം തടസ്സപ്പെടുത്തുക തുടങ്ങിയ മ്ലേച്ഛതകളാണ് അവിടെ നടമാടിയത്. ശത്രുക്കളോടുപോലും ഇത്തരത്തില്‍ ആരും പെരുമാറുമെന്ന് തോന്നുന്നില്ല.
സര്‍ക്കാരിന്റെ ധാര്‍ഷ്ട്യവും മൃഗീയതയും അങ്ങനെതന്നെ നടപ്പാക്കാന്‍ സന്നിധാനത്ത് ഒരു ഐജി അസാമാന്യ താത്പര്യം കാട്ടിയത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ജീവനും സ്വത്തിനും സംരക്ഷണം നല്കേണ്ടവര് തന്നെ ഗുണ്ടകളായി അധഃപതിക്കുന്ന കാഴ്ച ശബരീശന്റെ മുന്നില്‍ തന്നെയുണ്ടായി എന്നതാണ് ദുഃഖകരം. ഭക്തരെന്ന വ്യാജേന നുഴഞ്ഞുകയറി പ്രകോപനമുണ്ടാക്കി അനിഷ്ട സംഭവങ്ങള്‍ വിളിച്ചുവരുത്താനും പോലീസ് ശ്രമിച്ചു. ഹൈന്ദവ സംഘടനാ നേതാക്കളുടെ സമയോചിതമായ ഇടപെടലാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
ഒരു ഭരണകൂടം തങ്ങളുടെ പ്രജകളെ എത്രമാത്രം ദ്രോഹിക്കുന്നു എന്നതിന്റെ സുവ്യക്തമായ ചിത്രമാണ് ശബരിമലയിലും പരിസരങ്ങളിലും നിന്ന് ലഭിക്കുന്നത്. സുപ്രീം കോടതി വിധി നടപ്പാക്കാനെന്ന തരത്തില്‍ ശബരിമലയിലും അയ്യപ്പന്റെ പൂങ്കാവനത്തിലും പോലീസ്രാജ് നടപ്പാക്കുകയും മനുഷ്യാവകാശ ലംഘനം നടത്തുകയും ചെയ്തു. അവിശ്വാസി സര്‍ക്കാരിന്റെ അജണ്ട നടപ്പാക്കാന്‍ വിശ്വാസികളെ തടങ്കലില്‍ വെക്കുന്ന സമീപനമാണ് ശബരിമലയിലും മറ്റും നടമാടിയത്.
ഇതിനെതിരെ ജനാധിപത്യവിശ്വാസികള്‍ കടുത്ത പ്രതിഷേധം അറിയിക്കുക തന്നെ വേണം. സര്‍ക്കാറിന് മുമ്പില്‍ സമൂഹമാണ് ഉള്ളത്. അതില്‍ അവിശ്വാസികളും വിശ്വാസികളും നിഷ്പക്ഷമതികളും ഉണ്ടാവും. അവരില്‍ ഏതെങ്കിലും വിഭാഗത്തിന്റെ താല്‍പ്പര്യമല്ല ജനാധിപത്യ സര്‍ക്കാര്‍ സംരക്ഷിക്കേണ്ടത്. ഇക്കാര്യത്തില്‍ വിവേകബുദ്ധിയോടെ പെരുമാറിയില്ലെങ്കില്‍ സ്ഥിതിഗതികള്‍ പിടിച്ചാല്‍ കിട്ടാത്ത തരത്തിലേക്ക് പോകുമെന്ന് അറിയണം. അതിന് ഇട വരുത്തരുത് എന്നേ പറയാനുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: