അനീതിക്കെതിരെ അടങ്ങാത്ത ഊര്‍ജസ്വലതയോടെ പോരാടിയ രാഷ്ട്രീയ നേതാവ്, കുശലനായ നീതിജ്ഞന്‍, കാര്യങ്ങള്‍ നടത്തിക്കാന്‍ പ്രാപ്തനായ ഭരണാധികാരി, പദവിയുടെ അന്തസ്സു കാത്ത ഗവര്‍ണര്‍ എന്നീ നിലകൡലൊക്കെ സ്വന്തം സ്ഥാനം അടയാളപ്പെടുത്തിയ ആളായിരുന്നു കഴിഞ്ഞ ദിവസം അരങ്ങൊഴിഞ്ഞ മദന്‍ലാല്‍ ഖുരാന. ഖുരാനയുടെ പൊതുജീവിതം എന്നും ഉദ്വേഗഭരിതവും സംഘര്‍ഷഭരിതവുമായിരുന്നു. പടിഞ്ഞാറന്‍ പഞ്ചാബിലെ നല്ലൊരു വര്‍ത്തക കുടുംബത്തില്‍ പിറന്ന് ഭാരത വിഭജനത്തോടെ സര്‍വവും ഇട്ടെറിഞ്ഞു കൗമാരപ്രായത്തില്‍ ദല്‍ഹിയിലെത്തിയ ഖുരാന കുടുംബം ലാഹോറിലെന്നപോലെ അവിടെയും സംഘശാഖകളില്ത്തന്നെ തങ്ങളുടെ അഭയം കണ്ടെത്തി. ഉദ്യമശീലംകൊണ്ട് അവര്‍ അവിടെ വാണിജ്യരംഗത്ത് സ്വന്തം ഇടവും ഉറപ്പിച്ചു.
മദന്‍ലാല്‍ എന്നും സംഘപഥത്തില്ത്തന്നെ ആയിരുന്നു. ഭാരതീയ ജനസംഘം രാഷ്ട്രീയരംഗത്തു ചുവടുറപ്പിച്ചു വന്നപ്പോള്‍ ആ യുവാവ് അതില്‍ സജീവമായി. ജനസംഘം ഏര്‍പ്പെട്ട ഏതു സംരംഭത്തിലും, സമരത്തിലും പ്രക്ഷോഭത്തിലും മുന്‍നിരയില്‍ മദന്‍ലാല്‍ ഉണ്ടായിരുന്നു. പഞ്ചാബിത്തം അതില്‍ തിളങ്ങിനിന്നു. 1960-കളില്‍ ദല്‍ഹി രാഷ്ട്രീയത്തില്‍ ജനസംഘം സ്ഥാനമുറപ്പിച്ചതിന്റെ പിന്നിലെ ഘടകങ്ങളില്‍ ഖുരാനയെപ്പോലുള്ളവരുടെ യുവചൈതന്യം പ്രമുഖമായ പങ്കുവഹിച്ചു. ദീനദയാല്‍ജി, ബല്‍രാജ് മഥോക്ക്, എല്‍.കെ. അദ്വാനി, കേദാര്‍നാഥ് സാഹ്നി തുടങ്ങിയ മഹാരഥര്ക്കൊക്കെ ആവേശമായി, പ്രാന്തസംഘചാലകും വളരെക്കാലം ദല്‍ഹി മേയറുമായിരുന്ന ലാലാ ഹന്‍സരാജ് ഗുപ്തയുമുണ്ടായിരുന്നു. വിജയകുമാര്‍ മല്‍ഹോത്ര ശക്തനായ നേതാവ് എന്ന നിലയില്‍ രംഗത്തുനിന്നു. വിഭജനകാലത്ത് ലാഹോറിലും പിന്നീട് സംഘം നിരോധിക്കപ്പെട്ടപ്പോഴും അതിസാഹസികമാംവിധം പ്രസ്ഥാനത്തെ നയിച്ചവരില്‍ ഡോ. ഭായിമഹാവീറും, സംഘത്തിന്റെ പില്ക്കാല സര്‍കാര്യവാഹകന്മാരായ ഏകനാഥ റാനഡേയും മാധവറാവു മൂളേയുമൊക്കെ പ്രവര്‍ത്തിച്ചതിന്റെ അന്തരീക്ഷത്തില്‍ കഴിഞ്ഞ മദന്‍ലാലിന്, അവരുടെയെല്ലാം ഗുണഗണങ്ങളുടെ ഛായ ഏല്ക്കാതിരിക്കില്ലല്ലോ.
“കേദാര്‍നാഥ് സാഹ്നി”
കേരളീയര്‍ക്ക് വിശേഷിച്ചും കോഴിക്കോട്ടും പാലക്കാട്ടും കാസര്‍കോട്ടുമുള്ള പഴയ ജനസംഘം പ്രവര്‍ത്തകര്‍ക്ക് ഖുരാനയെ ഓര്‍ക്കാന്‍ പ്രത്യേക കാരണമുണ്ട്. 1967-ല്‍ അധികാരത്തിലേറിയ ഇടതുപക്ഷ സപ്തകക്ഷി മുന്നണി ഭരണം മുസ്ലിം ഭൂരിപക്ഷ താലൂക്കുകളെ ചേര്‍ത്ത് ഒരു ജില്ല രൂപീകരിക്കാന്‍ തീരുമാനമെടുത്തു. പ്രസ്തുത പ്രദേശത്തിന്റെ രണ്ട് നൂറ്റാണ്ടുകാലത്തെ ചരിത്രം പരിശോധിക്കുമ്പോള്‍ ആ നിര്‍ദ്ദേശത്തില്‍ അടങ്ങിയിരുന്ന ആപത്തിന്റെ ആഴംമനസ്സിലാകുമായിരുന്നു. എല്ലാ കാലത്തും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഹിന്ദുവിരുദ്ധവും മുസ്ലിം അനുകൂലവുമായ നിലപാടുകളാണ് എടുത്തിട്ടുള്ളത്. പാക്കിസ്ഥാന് രൂപീകരണത്തെ അവര്‍ അനുകൂലിച്ചതും, മാപ്പിളസ്ഥാനുവേണ്ടി വാദിച്ചതും, ഗുരുവായൂരിനടുത്ത് മണത്തല ക്ഷേത്രോത്സവം തടയാനുള്ള ചാവക്കാട്ടെ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ശാഠ്യത്തിന് പിന്തുണ നല്കിയതുമൊക്കെ ഹിന്ദുക്കളുടെ മനസ്സില്‍ തെളിഞ്ഞുനിന്നിരുന്നു.
മുസ്ലിം ഭൂരിപക്ഷ ജില്ലാ രൂപീകരണത്തിനെതിരായി നടന്ന സത്യഗ്രഹ സമരത്തില്‍ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്കും പങ്കെടുക്കാനവസരമുണ്ടാക്കണമെന്ന നിര്‍ദ്ദേശത്തിന് ജനസംഘം നേതൃത്വം പിന്തുണ നല്കി. സമരസമിതിക്ക് നേതൃത്വം നല്കിയ കേളപ്പജിയും ജനസംഘം സംസ്ഥാന സെക്രട്ടറി ഒ. രാജഗോപാലും ഭാരതത്തിലെ പ്രധാന നഗരങ്ങള്‍ സന്ദര്‍ശിച്ച് ദേശീയ നേതാക്കളുമായി സംവദിച്ചു. ഒാരോ സംസ്ഥാനത്തിനും സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ ദിവസങ്ങള്‍ നിശ്ചയിക്കപ്പെട്ടു. അങ്ങനെ ആദ്യമായി എത്തിയത് മദന്‍ലാല്‍ ഖുരാനയുടെ നേതൃത്വത്തില്‍ ദല്‍ഹി സംഘമായിരുന്നു.
അതുവരെ നടന്ന സമരരീതി, കല്ലായി റോഡിലെ സമരസമിതി കാര്യാലയത്തില്‍ സത്യഗ്രഹികള്‍ സമ്മേളിച്ച് മുദ്രാവാക്യം വിളിച്ച് പ്രകടനമായി മാനാഞ്ചിറയ്ക്കടുത്ത് അന്നത്തെ ഹജൂര്‍ എന്ന കളക്ടറേറ്റിന് മുന്നില്‍വരെയെത്തി പ്രസംഗം, പിക്കറ്റിങ്, അറസ്റ്റ്, വിചാരണ, ശിക്ഷ പിന്നെ അവരെ കോഴിക്കോട്ടെ ജില്ലാ ജയിലിലേക്ക് അയയ്ക്കല്‍ എന്നീ ചടങ്ങുകളായിരുന്നു.
ഖുരാനയുടെ നേതൃത്വത്തിലുള്ള ദല്‍ഹി സംഘം ഹജൂര്‍ ഗേറ്റില്‍ വിലങ്ങിനിന്നു. അല്പം കഴിഞ്ഞ് അദ്ദേഹം ‘പലുസോ’ എന്നു പറയുകയും പോലീസ് വലയം ഭേദിച്ച് അവര്‍ ഹജൂറിനകത്തേക്ക് മുദ്രാവാക്യം വിളിച്ച് പായുകയും ചെയ്തു. ചിലര്‍ കളക്ടറുടെ മുറിയിലുമെത്തി. കൂടുതല്‍ പോലീസുകാരെ വരുത്തി വേണ്ടിവന്നു എല്ലാവരേയും പിടികൂടി പുറത്തുകൊണ്ടുവരാന്‍. നാലു പോലീസുകാര്‍ കൈയും കാലും പിടിച്ചുതൂക്കി അവരെ കൊണ്ടുവരുന്നതിന്റെ ചിത്രങ്ങള്‍ പിറ്റേന്ന് പത്രങ്ങളില്‍ വന്നതോടെ മലപ്പുറം ജില്ലാ വിരുദ്ധ സമരം ചൂടുപിടിച്ചു. സത്യഗ്രഹികളില്‍ പലരും എംഎല്‍എമാരും എംപിമാരുമായതിനാല് അതനുസരിച്ചു തടവൊരുക്കാന് കണ്ണൂര്‍ ജയിലിലേ സാധ്യമായിരുന്നുള്ളൂ. ഒരു മാസത്തോളം അവിടത്തെ സമരഭടന്മാര്ക്ക് ആവേശം പകര്‍ന്നുകൊണ്ട് ഖുരാന അവിടെയുണ്ടായിരുന്നു. അവിടെ കഴിഞ്ഞ കാലത്ത് കേരളത്തിലെ ജയിലുകളിലെ ചിട്ടകളും രീതികളും ഭരണസമ്പ്രദായങ്ങളും മനസ്സിലാക്കാന്‍ ഖുരാനയ്ക്കു സാധിച്ചു. ജനസംഘത്തിന്റെ മുന്‍ അധ്യക്ഷനും അന്ന് ഉപാധ്യക്ഷനുമായിരുന്ന രാജ്യസഭാംഗം ബഛരാജ് വ്യാസും ഒരു മാസക്കാലം കണ്ണൂര്‍ ജയിലിലുണ്ടായിരുന്നു.
“വി.കെ. മല്‍ഹോത്ര”
1972-ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്തും കേരളത്തിലെ ജനസംഘം പ്രവര്‍ത്തകരെ സഹായിക്കാന്‍ ഖുരാനയും മറ്റു ചിലരും കേരളത്തില്‍ വന്നിരുന്നു. തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന്റെ പ്രവര്‍ത്തനങ്ങളും സജ്ജീകരണങ്ങളും ക്രമപ്പെടുത്തുന്നതിനും, പോളിങ് ദിനത്തിനു മുമ്പത്തെ തയ്യാറെടുപ്പുകളുമാണ് അദ്ദേഹവും കൂട്ടരും പരിശീലിപ്പിച്ചത്. രണ്ടു മൂന്നു ദിവസത്തെ പ്രവര്‍ത്തകയോഗം കഴിഞ്ഞപ്പോള്‍ത്തന്നെ താന്താങ്ങളുടെ ചുമതലയിലുള്ള മണ്ഡലങ്ങളില്‍ ജനസംഘത്തിന് എത്ര വോട്ടു കിട്ടുമെന്ന് അവര്‍ മതിപ്പുണ്ടാക്കി. അതില്‍നിന്ന് കൂടുതല്‍ വോട്ടു നേടാന്‍ എന്തു ചെയ്യണമെന്ന് ആലോചിച്ചപ്പോള്‍ കേരളത്തിലെ സാഹചര്യത്തില്‍ അത് മിക്കവാറും അസാധ്യമാണെന്നും, അതിനു അടിസ്ഥാനപരമായ പ്രവര്‍ത്തനം വേറെ നടക്കണമെന്നുമായിരുന്നു ഖുരാനയോടൊപ്പം വന്ന ഈശ്വര്‍ദാസ് മഹാജന്റെ അഭിപ്രായം. അവര്‍ രണ്ടുപേരുംകൂടി പില്ക്കാലത്ത് ദല്‍ഹി കോര്‍പ്പറേഷനിലും നിയമസഭയിലും എക്സിക്യൂട്ടീവ് കൗണ്‍സിലിലും അംഗങ്ങളായിട്ടുണ്ട്.
ദല്‍ഹിയില്‍ ജനസംഘത്തിന്റെ നേതൃത്വത്തില്‍ നടന്നിട്ടുള്ള എല്ലാ സമരങ്ങളിലും പരിപാടികളിലും ഖുരാനയ്ക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു. അടിയന്തരാവസ്ഥയില്‍ തടവിലായെങ്കിലും, പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ദല്‍ഹി ജനതാപാര്‍ട്ടി തൂത്തുവാരിയെടുത്തപ്പോള് ഖുരാനയ്ക്ക് പ്രമുഖ വകുപ്പുകളുടെ ചുമതല ലഭിച്ചു. കിദാര്നാഥ് സാഹ്നിയായിരുന്നു ചീഫ് എക്സിക്യൂട്ടീവ് കൗണ്‍സിലര്‍. ആയിടെ ‘ജന്മഭൂമി’യുടെ പുനഃപ്രസിദ്ധീകരണം എറണാകുളത്തുനിന്നാരംഭിച്ച ശേഷം ദല്‍ഹിയില്‍ ചെന്ന് ഔപചാരികമായി പല കാര്യങ്ങളും നടത്തേണ്ടതുണ്ടായിരുന്നു. ന്യൂസ്പേപ്പര്‍ രജിസ്ട്രാര്‍, വകുപ്പുമന്ത്രിയായിരുന്ന എല്‍.കെ. അദ്വാനി മുതലായവരെ കണ്ടശേഷം, ദല്‍ഹി ഭരണകൂടത്തിന്റെ ഓഫീസിലും പോകാന്‍ തീരുമാനിച്ചു. കിദാര്‍ സഹാനിയെ കണ്ടപ്പോള്‍ ‘ജന്മഭൂമി’യുടെ വിവരങ്ങള്‍ അനേ്വഷിക്കുകയും, ഖുരാനയാണ് അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യേണ്ടതെന്നറിയിച്ചു. അദ്ദേഹത്തെയും സന്ദര്‍ശിച്ചു. പഴയ സൗഹാര്‍ദ്ദവും അതിനനുസരിച്ച ആതിഥ്യവും ഒക്കെ ലഭിച്ചു. ദല്‍ഹി ഭരണത്തിലെ പിആര്‍ഡിയില്‍ ചെല്ലാന്‍ നിര്‍ദ്ദേശവും കിട്ടി. ചില കാഷ്വല്‍ പരസ്യങ്ങള്‍ ലഭിച്ചുവെന്നതില്‍ കവിഞ്ഞ സാമ്പത്തിക പ്രയോജനമുണ്ടായില്ല. പുതിയ ഒരു പ്രസിദ്ധീകരണത്തെ അവരുടെ പട്ടികയില്‍പ്പെടുത്താനുള്ള നിയമപരമായ പ്രശ്നങ്ങളായിരുന്നു കാരണം.
ഖുരാന കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ ജന്മഭൂമി സന്ദര്‍ശിച്ചിരുന്നു. വളരെ ആഹ്ളാദകരമായ ഒരു ഒത്തുചേരലായി അത്. അടിയന്തരാവസ്ഥയ്ക്ക് മുമ്പ് ദല്‍ഹിയില്‍ മദര്‍ലാന്‍ഡ് പത്രം ആരംഭിച്ചതും അതിന് സംഭവിച്ച അവസ്ഥയും അനുസ്മരിച്ചു. ദിനപത്രം നടത്തിക്കൊണ്ടുപോകുന്നതും അതു വിജയിപ്പിക്കുന്നതും എത്ര ക്ലേശകരമാണെന്നും, അക്കാര്യത്തില്‍ ‘ജന്മഭൂമി’ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. പഴയ കണ്ണൂര്‍ ജയില്‍ തെരഞ്ഞെടുപ്പുകാല സന്ദര്‍ശനങ്ങളും പരാമര്‍ശിച്ചു.
ബിജെപിക്കും, പൊതുവേ സംഘകുടുംബത്തിനും രാജ്യത്തിന്റെ ബഹുമുഖമായ പൊതുജീവിതത്തിനും മദന്‍ലാല്‍ ഖുരാനയുടെ സംഭാവനകള്‍ അനുസ്മരണീയങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: