സുപ്രീംകോടതി വിധിയുടെ മറവില്‍ ശബരിമലയെ അപകീര്‍ത്തിപ്പെടുത്താനും അയ്യപ്പഭക്തരെ അടിച്ചമര്‍ത്താനും പ്രതികാരബുദ്ധിയോടെ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ തനിനിറമാണ് സാലറി ചലഞ്ചിന്റെ കാര്യത്തില്‍ പകല്‍പോലെ വ്യക്തമാകുന്നത്. അഭിപ്രായ സമന്വയത്തെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാതെ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ കാണിക്കുന്ന അനാവശ്യ തിടുക്കത്തിന് സര്‍ക്കാര്‍ കാരണമായി പറയുന്നത് സുപ്രീംകോടതി വിധി രാജ്യത്തെ നിയമമാണെന്നും, അത് ഒരു നിമിഷംപോലും പാഴാക്കാതെ നടപ്പാക്കണമെന്നുമാണ്. ഇതേ സര്‍ക്കാര്‍ തന്നെയാണ് പ്രളയദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് നിര്‍ബന്ധമായി ശമ്പളം പിടിക്കരുതെന്ന ഹൈക്കോടതി വിധിയും സുപ്രീംകോടതി വിധിയും കാറ്റില്‍പ്പറത്തുന്നത്. തങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായി ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ നാടുകടത്തിയവരാണല്ലോ ഈ സര്‍ക്കാരിന് നേതൃത്വം നല്‍കുന്നത്.
സാലറി ചലഞ്ചിനായി പിണറായി വിജയന്റെ സര്‍ക്കാര്‍ പുതുതായി ഇറക്കിയിരിക്കുന്ന സര്‍ക്കുലറും സുപ്രീംകോടതിയെ പരസ്യമായി വെല്ലുവിളിക്കുന്നതാണ്. ഉദ്യോഗസ്ഥരെ രണ്ടായി തിരിച്ച് പിരിവ് നടത്താന്‍ ശ്രമിച്ച സര്‍ക്കുലര്‍ ഹൈക്കോടതി റദ്ദാക്കുകയും, സുപ്രീംകോടതി അത് ശരിവയ്ക്കുകയും ചെയ്തതാണ്. ഉദ്യോഗസ്ഥരില്‍നിന്ന് വിസമ്മതപത്രം വാങ്ങരുതെന്നും, നിര്‍ബന്ധപൂര്‍വം ശമ്പളം പിടിക്കരുതെന്നും ഹൈക്കോടതിയും സുപ്രീംകോടതിയും വ്യക്തമായിത്തന്നെ പറഞ്ഞതാണ്. ഇതിനുവേണ്ടി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലെ നിബന്ധനകള്‍ കോടതി റദ്ദാക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പഴയ സര്‍ക്കുലര്‍ പ്രകാരം സമ്മതപത്രം നല്കിയവര് ഇനിയും സമ്മതപത്രം നല്‍കേണ്ടെന്നും, പഴയ സമ്മതപത്രം അനുസരിച്ചുള്ള തുക ശമ്പളത്തില്‍ കുറയ്ക്കണമെന്നും പുതിയ സര്‍ക്കുലറില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത് തികഞ്ഞ കോടതിയലക്ഷ്യമാണ്. കോടതി റദ്ദാക്കിയ സമ്മതപത്രപ്രകാരം പണം പിരിക്കാന്‍ പിണറായി സര്‍ക്കാരിന് ആര് അധികാരം നല്‍കിയെന്ന് വ്യക്തമാവുന്നില്ല.
കേരളത്തെ കശക്കിയെറിഞ്ഞ പ്രളയത്തെ കാശുവാരാനുള്ള അവസരമായാണ് ഇടതുമുന്നണി സര്‍ക്കാര്‍ കാണുന്നത്. ആരില്‍ നിന്ന്, എങ്ങനെയൊക്കെ പണം പിരിക്കാമോ അത് ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ നയം. ഇതിന് സുപ്രീംകോടതി പോലും എതിരു നില്ക്കാന് പാടില്ല. നിര്‍ബന്ധ പിരിവ് പാടില്ലെന്ന് കോടതികള്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും, ഒരു മാസത്തെ ശമ്പളം നല്കാത്തവര് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് പണം അടയ്ക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് കോടതിവിധിക്ക് വിരുദ്ധമായി ഉദ്യോഗസ്ഥരെ തരംതിരിക്കലും നിര്‍ബന്ധിതമായി ശമ്പളം പിടിക്കലുമാണ്. ശമ്പളമായാലും ദുരിതാശ്വാസ നിധിയായാലും രണ്ടും പണം തന്നെയാണല്ലോ. സര്‍ക്കാരിന്റെ ഈ പണപ്പിരിവിനു പിന്നില്‍ സിപിഎമ്മിന്റെ ധനമോഹം പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തം. നവകേരള നിര്‍മിതി എന്നൊക്കെ പറയുന്നത് വെറും പുകമറയാണ്.
പ്രളയ ദുരിതാശ്വാസത്തിനായി പിരിച്ചെടുക്കുന്ന പണം സര്‍ക്കാര്‍ ശരിയായി വിനിയോഗിക്കുമെന്ന് ജനങ്ങള്‍ എങ്ങെന വിശ്വസിക്കുമെന്നാണ് സുപ്രീംകോടതി ചോദിച്ചത്. ഇത് സിപിഎമ്മിന്റെ ധനാര്‍ത്തിയെക്കുറിച്ച് അറിയാവുന്ന എല്ലാവരുടെയും സംശയമാണ്. സുപ്രീംകോടതി വിധി തിരിച്ചടിയാണെന്ന് ധനമന്ത്രി തോമസ് ഐസക് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നിട്ടാണ് ഇപ്പോള്‍ കോടതിവിധിയെ ധിക്കരിച്ച് പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം ബഹുഭൂരിപക്ഷം ജീവനക്കാരുെട ശമ്പളവും മുടങ്ങിയിരിക്കുകയാണ്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും ധിക്കാരത്തിനും പണക്കൊതിക്കുമെതിരെ വീണ്ടും കോടതിയെ സമീപിക്കുകയാണ് ചെയ്യാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: