കുറഞ്ഞപക്ഷം ഒരു ശരാശരി കേരളിയനായിട്ടെങ്കിലും മാറിയിട്ടുണ്ടോ മലയാളി. അല്ലെങ്കില്‍ എന്തുകൊണ്ട്. കേരള സംസ്ഥാനം രൂപീകൃതമായിട്ട് നവംബര്‍ ഒന്നിന് 62 വര്‍ഷം തികയുമ്പോഴും തനികേരളീയനാവാതെ മലയാളി സനിഗ്ധാവസ്ഥയിലാണ്. ഐക്യകേരളത്തില്‍ ഇനിയും സ്വത്വം തിരിച്ചറിയാതെ മലയാളി ചുഴിച്ചുറ്റിലാണ്.
മലയാളി ഇനിയും കേരളീയനായി മാറാന്‍ സര്‍വ സാധാരണമായ ചില കാര്യങ്ങളെങ്കിലും അവലംബിച്ചേപറ്റൂ. അതില്‍ ഏറെ പ്രധാനപ്പെട്ടതാണ് മലയാള ഭാഷ. നമ്മള് പുരോഗമിക്കും തോറും നമ്മുടെ അസ്തിത്വം തന്നെയായ മലയാള ഭാഷയെ മറന്നുകൊണ്ട് ഇംഗ്ലീഷ് പോലെയുള്ള അന്യ ഭാഷകള്‍ക്ക് അമിത പ്രാധാന്യം കൊടുക്കുന്നില്ലേ എന്ന ചോദ്യം പ്രസക്തമാണ്. മലയാളത്തില്‍ എത്ര അക്ഷരം ഉണ്ട് എന്നുള്ളതു പോലും കൃത്യമായി എത്ര മലയാളിക്ക് അറിയാം. തെറ്റ് കൂടാതെ മലയാളം എഴുതാന്‍ കഴിവുള്ള മലയാളികളുടെ എണ്ണവും എത്രയായിരിക്കും. ഇങ്ങനെ പരമപ്രധാനവും സ്വാഭാവികവും നിസാരമെന്ന് തോന്നാവുന്നതുമായ കാര്യങ്ങള്‍ എത്രയോ ഉണ്ട്.
മഹത്തായ പാരമ്പര്യവും സംസ്ക്കാരവും വിദ്യയും പുരോഗതിയും വിളിച്ചുപറയുമ്പോഴും ഇനിയും അതെല്ലാം പൂര്ണ്ണമായില്ലെങ്കില്ക്കൂടിയും അവനവനെ സ്ഥിരതയോടെ തിരിച്ചറിയാന്‍ കഴിയുന്ന മലയാളികള്‍ എത്രപേരുണ്ടാകും. അതിന് രാഷ്ട്രീയവും സാമൂഹ്യവും ഉള്‍പ്പെടെ അനവധികാരണങ്ങള്‍ ഉണ്ടാവാം. എന്നാലും ഉണര്‍ന്ന് ഉറങ്ങുംവരെ സ്വന്തമല്ലാത്ത, അന്യരെ മാതൃകയാക്കി എന്തെല്ലാം തിരഞ്ഞെടുപ്പിലൂടെയാകും അയാള്‍ കടന്നുപോകുക. മറ്റുള്ളവരെപ്പോലെ ജീവിക്കാനുള്ള തത്രപ്പാടിലാണ് മലയാളി ഇന്നും. ഉണ്ണുന്നതിനും ഉറങ്ങുന്നതിനും എന്നുവേണ്ട എന്തിനും സ്വന്തം തീരുമാനമോ നിശ്ചയമോ ഇല്ലാതെ മറ്റുള്ളവരെപ്പോലെ അല്ലെങ്കിലും അവരെക്കാളും മികവില്‍ ജീവിക്കാനുള്ള സൗകര്യങ്ങള്‍ സ്വന്തമാക്കാനുള്ള ഓട്ടപ്പാച്ചിലില്‍ ഉള്ളതുപോലും തികയാതെ വരുന്ന അവസ്ഥയാണ് ഇന്നും മലയാളിയുടേത്. സ്വന്തം ആഗ്രഹമനുസരിച്ചു ജീവിക്കാനാവുന്നുണ്ടോ ഒരു മലയാളിക്ക്. അപ്പുറത്ത് തേങ്ങ ഉടക്കുമ്പോള്‍ നമ്മള് ചിരട്ടയെങ്കിലും ഉടക്കേണ്ടേ എന്ന തെറ്റിദ്ധാരണയിലാണ് മലയാളികള്‍. അതുകൊണ്ട് വരുമാനത്തേക്കാള്‍ വലിയ ചിലവു വരുന്നു. അങ്ങനെ കടംതീര്‍ക്കാനും ലോണടക്കാനും മാത്രമായി ജോലിയെടുക്കേണ്ടിയും ജീവിക്കുകയും ചെയ്യേണ്ടി വരുന്നു സാധാരണ മലയാളി.
ജാതി, മതം, വര്‍ണ്ണം, വര്‍ഗം എന്നിവയ്ക്കതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും വേണമെന്നു പറഞ്ഞുകൊണ്ടു തന്നെ ഇത്തരം അവസ്ഥകളുടെ ആശ്രിതവത്സലരായി മാറുകയാണ് നമ്മള്. ഇത്തരം വിഭാഗങ്ങളുടെ പേരില്‍ സൗജന്യങ്ങളും ആനുകൂല്യവും കൂടുതലായി പറ്റുക എന്നതില്‍ കവിഞ്ഞ് മറ്റൊന്നുമില്ലെന്ന പരിതോവസ്ഥ. അന്യരില്‍ കുറ്റവും കുറവുംചാര്ത്തി വിധിക്കാനും അതിലൂടെ സ്വന്തം തെറ്റുകള്‍ ഒതുക്കിവെക്കാനും മലയാളിക്ക് യാതൊരു മടിയുമില്ല. നാലാംതരം കുശുമ്പും കുന്നായ്മയും അസഹിഷ്ണുതയുമുള്ള മലയാളി, ആരേയും അംഗീകരിക്കാനോ ആദരിക്കാനോ തയ്യാറല്ല. പ്രചാരത്തിലുള്ള പഴയൊരു കഥയുണ്ട്. ജപ്പാനിലേക്ക് ഞണ്ടും ചെമ്മീനും തവളക്കാലും ഇന്ത്യയില്‍ നിന്നും കയറ്റിയയക്കുന്ന സമയം. അവിടെയെത്തി പരിശോധിക്കുന്നതിനിടയില്‍ ഒരുപെട്ടിമാത്രം തുറന്നുകിടക്കുന്നതുകണ്ടു. നോക്കുമ്പോള്‍ മുകളിലേക്കു കയറി രക്ഷപെടാന്‍ ശ്രമിക്കുന്ന ഞണ്ടുകളെ താഴെയുള്ള ഞണ്ടുകള്‍ കാലില്‍പ്പിടിച്ച് വലിച്ചുതാഴെയിടുന്നു. ജപ്പാന്‍കാര്‍ ഉടനെപറഞ്ഞു, ഇതുകേരളത്തില്‍ നിന്നുള്ള ഞണ്ടുകളാണ്!ആ കാലം കഴിഞ്ഞു. അത്തരം കയറ്റുമതികളും കഴിഞ്ഞു. പക്ഷേ ഇന്നും കാലെപ്പിടിച്ചു താഴെയിടുന്ന സ്വഭാവം മാത്രം മലയാളി മറന്നിട്ടില്ല.
സ്നേഹവും കാരുണ്യവും സഹകരണവും ഇല്ലാത്തവനല്ല മലയാളി. പ്രളയത്തില്‍ കണ്ടതാണ്. നമ്മള് കുറ്റം പറയുന്ന ചെറുപ്പംപോലും സ്വന്തം ജീവന് മറന്നാണ് അന്യരുടെ ജീവന്‍രക്ഷിച്ചത്. ലോകത്തിനു തന്നെ ഈ രക്ഷാപ്രവര്‍ത്തനം മഹത്തായ മാതൃകയായി മാറിക്കഴിഞ്ഞു. ലോകത്തെവിടെ ചെന്നാലും മലയാളി അവന്റെ കഴിവും പ്രതിഭയും കാണിച്ചെന്നിരിക്കും. പക്ഷേ സ്വന്തം നാട്ടിലോ. അതിന് അവനെ മാത്രം കുറ്റം പറഞ്ഞിട്ടുകാര്യമില്ല. കൈപിടിച്ചുയര്‍ത്തിക്കൊണ്ടു വരുന്നതിനു പകരം ഒരിക്കലും മുന്നിലേക്കുവരാതിരിക്കാന് ചവിട്ടുപടികള്‍പോലും തല്ലിക്കര്ത്തെന്നുവരാം. സര്‍ക്കാരിനാണെങ്കില്‍ അതിലൊന്നും താല്‍പ്പര്യമില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പലകാര്യങ്ങള്‍ക്കും നല്കുന്ന പ്രോത്സാഹനം വളരെ വലുതാണെന്നു പറയേണ്ടിയിരിക്കുന്നു.
പല തരത്തിലും അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നുണ്ട് കേരളത്തില്‍. സ്ത്രീപീഡനം, റോഡപകടങ്ങള്‍, അഴിമതി, സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്തരവാദിത്തമില്ലായ്മ. വന്‍കിട കുറ്റവാളികള്‍ക്കും പണക്കാര്‍ക്കും സ്വാധീനവുമുള്ളവര്‍ക്കും കിട്ടുന്ന ആനുകൂല്യങ്ങള്‍ എന്നുവേണ്ട സത്യസന്ധനും മര്യാദക്കാരനുമായ ഒരു മലയാളിക്ക് സമാധാനത്തോടെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ട് ഇന്നത്തെകേരളത്തില്. ഇതൊന്നും ഒട്ടുമില്ലാത്ത ഒരു നാട് സ്വപ്നം കാണാന്‍ കഴിയുമോ എന്നു ചോദിക്കാം. പക്ഷേ നിത്യവും ഇത്തരം അനധികൃതങ്ങള്‍ കൂടിവരുന്നതിന് ആര് ഉത്തരം പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: