പത്തനംതിട്ട: ഭക്തകോടികളെ വെല്ലുവിളിച്ച് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തിടുക്കം കൂട്ടുന്ന സര്‍ക്കാരിന് പമ്പയിലും നിലയ്ക്കലിലും അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ വിമുഖത. പ്രളയത്തില്‍ തകര്‍ന്ന പമ്പ ത്രിവേണിയുടെ പുനരുദ്ധാരണം ഏറ്റെടുത്ത ടാറ്റ പ്രോജക്ട് ലിമിറ്റഡ് ചില പ്രവൃത്തികള്‍ ഉപേക്ഷിച്ചത് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും തിരിച്ചടിയായി.
തകര്‍ന്ന ശുചിമുറികളും ബഹുനില ഹോട്ടല്‍ സമുച്ചയവുമടക്കമുള്ള കെട്ടിടങ്ങള്‍ നീക്കം ചെയ്യുന്നതും ചിലതിന്റെ നവീകരണവുമാണ് അവര്‍ ഉപേക്ഷിച്ചത്. തീര്‍ഥാടനക്കാലം ആരംഭിക്കാന്‍ 15 ദിവസം മാത്രം അവശേഷിക്കെ അതിന് മുന്‍പായി ഇത്തരം ജോലികള്‍ പൂര്‍ത്തിയാക്കാനും കഴിയില്ല. ടാറ്റ പ്രോജക്ട് ലിമിറ്റഡ്, ദേവസ്വം ബോര്‍ഡ്, ജലവിഭവവകുപ്പ്, ജല അതോറിട്ടി, വനം വകുപ്പ് എന്നിവ ഏതെല്ലാം പണികള്‍ നടത്തണമെന്ന് ഇതുവരെ അന്തിമമായി തീരുമാനിച്ചിട്ടില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കി.
ത്രിവേണിയില്‍ പ്രളയത്തില്‍ തീരം ഇടിഞ്ഞ ഭാഗത്ത് മണല്‍ചാക്ക് അടുക്കി സംരക്ഷിക്കുന്ന ജോലികള്‍ ടാറ്റ തുടരുന്നുണ്ട്. നിലയ്ക്കലില്‍ തീര്‍ഥാടകര്‍ക്കായുള്ള പില്‍ഗ്രിം ഷെല്‍ട്ടര്‍, പോലീസുകാര്‍ക്കുള്ള ഷെഡ് എന്നിവയുടെ പണികളും ടാറ്റ തുടരുന്നു. ത്രിവേണി വലിയ പാലത്തിനു സമീപത്തെ ശുചിമുറികളില്‍ രണ്ട് ബ്ലോക്കുകള്‍ പ്രളയത്തില്‍ ഒഴുകി വന്ന തടികള്‍ ഇടിച്ചുകയറി പൂര്‍ണമായും തകര്‍ന്നു. ഇത് കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ചു പൊളിച്ചുമാറ്റേണ്ടതുണ്ട്.
രണ്ടു നിലയിലുള്ള ശുചിമുറി കെട്ടിടങ്ങളുടെ താഴത്തെ നില ഇടിഞ്ഞു പൊളിഞ്ഞു കിടക്കുകയാണെങ്കിലും മുകളിലെ നിലയിലെ കല്ലും മണ്ണും നീക്കിയാല്‍ ഉപയോഗിക്കാന്‍ കഴിഞ്ഞേക്കും. പമ്പയില്‍ ശുചിമുറിയില്ലാതെ തീര്‍ഥാടകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ കുറെ ബയോടോയ്ലറ്റുകള്‍ സ്ഥാപിച്ചതുകൊണ്ട് മാത്രം കഴിയില്ല.
മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി പമ്പ മണല്‍പ്പുറത്തു നിര്‍മിച്ച ബഹുനില ഹോട്ടല്‍ സമുച്ചയത്തിന്റെ പകുതി ഭാഗം തകര്‍ന്നു കിടക്കുകയാണ്. ഈ കെട്ടിടത്തിന്റെ തകര്‍ന്നഭാഗം കട്ടര്‍ ഉപയോഗിച്ച് മുറിച്ച് മാറ്റേണ്ടതുണ്ട്. ഇതും ടാറ്റ ഏറ്റെടുക്കില്ല. തീര്‍ഥാടനം തുടങ്ങുന്നതിനു മുന്‍പ് കെട്ടിടം മുറിച്ചുമാറ്റുക എളുപ്പമല്ലെന്നാണ് വിലയിരുത്തല്‍. അതിനാല്‍ തകര്‍ന്ന ഹോട്ടല്‍ സമുച്ചയത്തിനു സമീപത്തേക്കു തീര്‍ഥാടകര്‍ എത്താതിരിക്കാന്‍ വേലി നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. തീര്‍ഥാടന കാലത്ത് കെട്ടിടം തകര്‍ന്നു വീണാല്‍ വലിയ ദുരന്തത്തിനും ഇടയാകും. പ്രളയത്തില്‍ ഒഴുകി എത്തിയ മണ്ണു നീക്കി മണല്‍പ്പുറം നിരപ്പാക്കുന്ന ജോലികള്‍ നടക്കുന്നുണ്ടെങ്കിലും നദിയുടെ ആഴം കൂട്ടാനായിട്ടില്ല. ഇതുകാരണം ചെറിയ മഴ പെയ്താല്‍ പോലും മണല്‍പ്പുറത്തേക്കു വെള്ളം കയറും.
പി.എ. വേണുനാഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: