കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ തിയറ്ററുകളില്‍ മൂന്നു തമിഴ്ച്ചിത്രങ്ങള് തകര്‍ത്തോടുന്നു. 96, വടചെന്നൈ, രാക്ഷസന്. മൂന്നു വിധത്തില്‍ വ്യത്യസ്തമാണ് ഈ ചിത്രങ്ങള്‍. അതില്‍ 96 നുകിട്ടിയിരിക്കുന്ന പ്രേക്ഷകപ്രീതി വളരെ വലുതാണ്. വിവിധ സ്ഥലകാലത്തിലൂടെ പ്രണയത്തിന്റെ എല്ലാവിധ ചാരുതയോടും ആവിഷ്ക്കരിക്കപ്പെട്ട ഈ ചിത്രം പ്രേക്ഷകരുടെ മൗത്ത് പബ്ളിസിറ്റിയിലൂടെ വലിയ പ്രചാരവും വിജയവും നേടിയിരിക്കുകയാണ്.
എല്ലാവര്‍ക്കുമുണ്ടാകും ഇത്തരം പ്രണയകഥയെന്നും ഈ സിനിമകണ്ടില്ലെങ്കില് നഷ്ടമാണെന്നും പറഞ്ഞ് ഈ സിനിമയോടുള്ള ആഴമുള്ള അടുപ്പം പ്രകടമാകുന്നുണ്ട്. ഈ ചിത്രങ്ങളോടുന്ന മിക്കവാറും എല്ലാഷോകളും നിറഞ്ഞുകവിയുകയാണ്. അതേ സമയം മലയാള സിനിമയ്ക്ക് ആളില്ലെന്ന അവസ്ഥ.
ഇക്കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പതിനെട്ടു സിനിമകള്‍ റിലീസായതില്‍ നിര്‍മാതാവിന് പണം തിരിച്ചുകൊടുത്തത് ആകെ രണ്ടു സിനിമകളാണ്, വരത്തനും കായംകുളം കൊച്ചുണ്ണിയും. ഇതില്‍ ലാഭത്തില്‍ നേട്ടമുണ്ടാക്കിയത് വരത്തനാണ്. കായംകുളം കൊച്ചുണ്ണിയുടെ ഇത്തരം നേട്ടം പറയണമെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടിവരും. കാരണം ഈ ചിത്രത്തിന്റെ നിര്‍മാണച്ചെലവ് 40 കോടിയാണ്. മറ്റുചിത്രങ്ങളെല്ലാം ദിവസങ്ങള്‍ മാത്രമേ ഓടിയുള്ളൂ. രണ്ടുദിവസംകൊണ്ട് തിയറ്റര്കാലിയായവയുമുണ്ട്.
ഇറങ്ങിയ ചിത്രങ്ങളുടെ പേരുപോലും കാണികള്ക്കറിഞ്ഞുകൂടാന് പറ്റാത്ത അവസ്ഥ. പ്രളയത്തോടെ സിനിമാപ്രതിസന്ധി രൂക്ഷമായിരിക്കെ തന്നെയാണ് സിനിമക്കുള്ളിലെ പ്രശ്നങ്ങളും പണ്ടത്തെക്കാള്‍ പ്രതിസന്ധിയിലായത്. മലയാള സിനിമയാണെങ്കില്‍ വേണ്ട എന്നുവരെ തിയറ്ററുകള്‍ പറഞ്ഞുതുടങ്ങിയെന്നു കേള്‍ക്കുന്നു. അടുത്ത ദിവസങ്ങളില്‍ വിജയുടെ ചിത്രം സര്‍ക്കാര്‍ വരുന്നതോടെ തമിഴിന്റെ ഏകപക്ഷീയമായ മുന്നേറ്റമുണ്ടാകാം.
കലയും കച്ചവടവുമാണ് സിനിമ. കലയായും കച്ചവടവുമായും വിജയിക്കണം. സിനിമ ഒരു വ്യവസായമാണ്. അനേകായിരങ്ങള്‍ മാന്യമായും ആകര്‍ഷകമായും ജീവിക്കുന്ന വ്യവയായം നിലനിര്‍ത്തുകതന്നെവേണം. സൂപ്പര്താരങ്ങള്ക്കുവേണ്ടില്ല സിനിമ. എല്ലാവര്‍ക്കുംവേണ്ടിയാണ്. കാണികളെ വീട്ടില്‍നിന്നും ക്ഷണിച്ചുവരുത്തി സിനിമകാണിക്കണം. അതിനു ശക്തമായ കഥവേണം. തിരക്കഥയുണ്ടാവണം. ആവിഷ്ക്കരണ രീതിയില്‍ പുതുമവേണം. നന്നായി പ്ളാന്‍ ചെയ്യണം. ഒരു നയാൈപസപോലും അനാവശ്യമായി ചോര്‍ന്നുപോകാന്‍ ഇടമുണ്ടാകരുത്. എങ്ങനേയും ഒരു നിര്‍മാതാവിനെ ചാടിച്ച് സിനിമയുണ്ടാക്കി അയാളെ പാപ്പരാക്കുന്ന സ്ഥിതിവിശേഷമാണ് ഇന്നും മലയാള സിനിമയിലുള്ളത്.
ഒരു സിനിമ ചെയ്യാന്‍ ഒരു ബലിയാടുവേണമെന്ന ന്യൂജന്‍ സിനിമാക്കാരുടെ കുസൃതി ഇനിയെങ്കിലും നിര്‍മാതാക്കള്‍ തിരിച്ചറിയണം. സിനിമ എട്ടുനിലയില്‍ പൊട്ടിയാലും നിര്മാതാവൊഴികെ എല്ലാവരും രക്ഷപെടുന്ന സിനിമയുടെ അപകടകരമായ ചൂഷണം അവസാനിച്ചാല്‍ മാത്രമേ മലയാള സിനിമ രക്ഷപെടൂ. മറിച്ചായാല്‍ ഇനിയും തമിഴ് സിനിമകള്‍ക്കു മാത്രമായി നമ്മുടെ തിയറ്ററുകള്‍ തുറന്നുകൊടുക്കപ്പെട്ടേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: