വൈക്കം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ലാപ്ടോപ്പ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കലിന് അന്വേഷണസംഘം നോട്ടീസ് നല്കി. നവംബര്‍ അഞ്ചിനകം ലാപ്ടോപ്പ് ഹാജരാക്കിയില്ലെങ്കില്‍ ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 10.30ന് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ. സുഭാഷിന് മുന്നില്‍ ഹാജരായപ്പോഴാണ് ഫ്രാങ്കോയ്ക്ക് പോലീസ് നോട്ടീസ് നല്‍കിയത്.
ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ എത്തിയപ്പോള്‍ ഫ്രാങ്കോ ലാപ്ടോപ്പ് കൊണ്ടുവന്നിരുന്നില്ല. ഇതോടെയാണ് പോലീസ് കര്‍ശന നടപടികളിലേക്ക് നീങ്ങിയത്. 2016ല്‍ ദല്‍ഹിയില്‍ താമസിക്കുന്ന ബന്ധുവായ ഒരു സ്ത്രീ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കന്യാസ്ത്രീക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നുവെന്നും അതിന്റെ പ്രതികാരമായിട്ടാണ് ആരോപണം ഉന്നയിച്ചതെന്നുമാണ് ഫ്രാങ്കോ പറയുന്നത്. എന്നാല്‍ അന്വേഷണസംഘം ഇത് വിശ്വസിച്ചിട്ടില്ല. കന്യാസ്ത്രീക്കെതിരെയുള്ള അന്വേഷണ ഉത്തരവ് ടൈപ്പ് ചെയ്ത ലാപ്ടോപ്പാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത്.
ഉത്തരവിന്റെ പകര്‍പ്പും മറ്റും ഹാജരാക്കിയിരുന്നു. എന്നാല്‍ കന്യാസ്ത്രീ ഫ്രാങ്കോക്കെതിരെ പരാതി നല്‍കിയതിന് ശേഷമാണ് അന്വേഷണ ഉത്തരവ് ടൈപ്പ് ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. ആരോപണം നിഷേധിച്ച സ്ഥിതിക്ക് ലാപ്ടോപ്പ് ഹാജരാക്കണമെന്നാണ് അന്വേഷണ സംഘം നിര്‍ദേശിച്ചത്. ജലന്ധറില്‍ വെച്ച് ബിഷപ്പിന്റെ ഒരു ലാപ്ടോപ്പ് അന്വേഷണസംഘം കണ്ടെടുത്തിരുന്നു. ഇതിന്റെ ഫോറന്‍സിക്ക് പരിശോധനയും കഴിഞ്ഞു. ഇത് ബിഷപ്പ് നേരത്തെ ഉപയോഗിച്ചുകൊണ്ടിരുന്നതാണെന്നാണ് പോലീസ് കരുതുന്നത്. കന്യാസ്ത്രീക്കെതിരെയുള്ള അന്വേഷണ ഉത്തരവ് ടൈപ്പ് ചെയ്തത് ഇതില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞതുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: