ശബരിമല ധര്‍മശാസ്താവിനോട് ഭക്തകോടികള്‍ക്കുള്ള ആസ്ഥയും വിശ്വാസവും ഇല്ലാതാക്കുകയും ഹിന്ദു ജനതയുടെ അടിസ്ഥാനവിശ്വാസത്തെ അസ്ഥിരപ്പെടുത്തുകയുമാണ് ശബരിമല സുപ്രീംകോടതി വിധി വിഷയത്തില്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്ന് ഓരോ ദിവസവും വ്യക്തമാവുകയാണ്
. അതു സിപിഎം ആയാലും അതിനു മുന്‍പ് സിപിഐ ആയിരുന്നപ്പോഴായാലും അവര്‍ സ്വീകരിച്ച നയവുമായിരുന്നു. 1957-ല്‍ ഒന്നാം ഇഎംഎസ് മന്ത്രിസഭക്കാലത്തുതന്നെ അവര്‍ അതു തുടങ്ങിയതാണ്. രണ്ടാം ഇഎംഎസ് വാഴ്ചയിലും അപ്രകാരം ശ്രമം നടന്നു. രണ്ടും കേരളത്തിലെ ഹിന്ദു സമൂഹം പരാജയപ്പെടുത്തി. അതില്‍ ആര്‍എസ്എസ് നേരിട്ടു പങ്കുവഹിച്ചില്ലെങ്കിലും ഹിന്ദുസമാജ താല്‍പ്പര്യ സംരക്ഷണത്തിന് പ്രക്ഷുബ്ധ സമാജത്തോടൊപ്പം നിന്നു.
ഒന്നാമത്തെ സംഭവം നടന്നതു 1958-ല്‍ ഗുരുവായൂരിനടുത്ത് മണത്തല വിശ്വനാഥ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു ചുറ്റുപാടുമുള്ള പതിനൊന്ന് ഗ്രാമങ്ങളില്‍നിന്നുള്ള ആഘോഷപൂര്‍വമായ വരവുകള്‍ നടത്തുന്നതിന് ക്ഷേത്രഭാരവാഹികള്‍ തീരുമാനമെടുത്തതോടെയാണ്. അങ്ങനെയുള്ള വരവുകള്‍ സംയുക്തമായി ചാവക്കാട്ടുനിന്ന് ക്ഷേത്രത്തിലേക്കു പോകുംവഴിക്ക് സ്ഥിതി ചെയ്യുന്ന മുസ്ലിം പള്ളിക്കു മുന്‍പിലൂടെ വാദ്യങ്ങള്‍ മുഴക്കി പോകാന്‍ അനുവദിക്കില്ല എന്ന് സ്ഥലത്തെ ലീഗ് നേതൃത്വം ശഠിച്ചു. അതൊരു പൊതുവഴിയാണെന്നും സഞ്ചാരസ്വാതന്ത്ര്യം തടയാനാവില്ലെന്നും മുസ്ലിങ്ങളുടെ നിസ്കാര സമയമൊഴിവാക്കി എഴുന്നെള്ളിപ്പുകൊണ്ടുപൊയ്ക്കൊള്ളാമെന്നു ക്ഷേത്ര സമിതിക്കാരുടെ സന്നദ്ധത അംഗീകരിക്കാന്‍ മുസ്ലിം നേതൃത്വം തയ്യാറായില്ല. പോലീസ് മന്ത്രി വി.ആര്. കൃഷ്ണയ്യരുടെ സാന്നിദ്ധ്യത്തില്‍ നടന്ന അനുരഞ്ജന യോഗം ഫലം കാണാനാവാതെ പിരിഞ്ഞു. നിര്‍ദ്ദിഷ്ട ഉത്സവ ദിവസം മലപ്പുറത്തുനിന്ന് എഎസ്പിയെ വരുത്തിയും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയും കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പ്രശ്നത്തെ നേരിട്ടു. സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ, നിയമ വിരുദ്ധ, മുസ്ലിം പ്രീണന നയത്തില്‍ പ്രതിഷേധിച്ച് ക്ഷേത്രഭാരവാഹികള്‍ ഉത്സവാഘോഷങ്ങളെല്ലാം വേണ്ടെന്നു വച്ചു.
അടുത്തവര്‍ഷം 1959-ലെ ഉത്സവക്കാലത്ത് ഗുരുവായൂരിലെ കേശവന് നായര്‍ എന്ന യുവാവ് വിശ്വനാഥ ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കാനായി ഒരു ചന്ദ്രക്കലയുമായി പുറപ്പെട്ടു. അദ്ദേഹത്തെ അനുഗമിച്ച് ആയിരക്കണക്കിന് ഹിന്ദു യുവാക്കളും ഇറങ്ങി. ആ യാത്രയെ മണത്തല പള്ളിക്കു സമീപം പോലീസ് തടഞ്ഞു. നിരോധനം ലംഘിച്ചവരെ അറസ്റ്റു ചെയ്തു. തുടര്‍ന്നുണ്ടായ പ്രക്ഷോഭാത്മകമായ അന്തരീക്ഷം ചാവക്കാട് താലൂക്കിലാകെ അസ്വാസ്ഥ്യങ്ങള്‍ പരത്തി. നൂറുകണക്കിന് ഹിന്ദുക്കള്‍ അറസ്റ്റു ചെയ്യപ്പെട്ടു. ബാരിസ്റ്റര്‍ നാരായണ മേനോന്, ടി.എന്‍. ഭരതന്, പി. പരമേശ്വരന് തുടങ്ങിയ ഒട്ടേറെ പ്രമുഖര്‍, പ്രശ്നം വഷളായി അതിരുകവിയാതിരിക്കാന് ശ്രദ്ധിച്ചു. സ്വാഭാവികമായും സംഘ സ്വയം സേവകരും ഹിന്ദു സമുദായ താല്പര്യത്തിനായി മുന്നിട്ടിറങ്ങി.
അന്ന് മറ്റു പരിവാര്‍ പ്രസ്ഥാനങ്ങളുണ്ടായിരുന്നില്ല. അതിനിടെ പ്രശ്നപരിഹാരത്തിന് വാഞ്ചീശ്വരയ്യര്‍ എന്ന ഗുരുവായൂര്ക്കാരന് ഹൈക്കോടതിയില്‍ പോയിരുന്നു. പ്രാദേശികം മാത്രമായിരുന്ന പ്രശ്നത്തെ ലീഗ് സംസ്ഥാന നേതൃത്വം ഏറ്റെടുത്ത് ഏറെ ഗുരുതരമാക്കി. കേളപ്പജിയും മറ്റും സമാധാന സംഭാഷണങ്ങള്‍ക്കു മുന്‍കയ്യെടുത്തു. ആര്‍എസ്എസ് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് പതിവുപോലെ കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസ്സുകാരും വിളിച്ചുപറഞ്ഞു. എന്നാല്‍ സംഭാഷണത്തിനായി പ്രമുഖര്‍ ചാവക്കാട് ടിബിയില്‍ ചേര്‍ന്നിരിക്കെ, നിസ്കാര സമയമായപ്പോള്‍ ലീഗ് നേതാവ് സെയ്യദ് അബ്ദു റഹിമാന്‍ ബാഫാക്കിത്തങ്ങള്ക്ക് ‘വുളു’ എടുക്കാനുള്ള വെള്ളം അന്വേഷിച്ചപ്പോള്‍ അതു കൊടുത്തത് ഒരു ആര്‍എസ്എസുകാരനായിരുന്നുവെന്ന് തങ്ങളുടെ ജീവചരിത്രത്തില്‍ പറയുന്നുണ്ട്.
സംഭാഷണം നടക്കുന്നതിനിടെ പള്ളിക്കു സമീപമുള്ള നിരത്ത് പൊതുനിരത്താണെന്നും, അതിലൂടെ വാദ്യഘോഷങ്ങള്‍ മുഴക്കുന്നത് പൗരാവകാശമാണെന്നും തടയാന്‍ ആര്‍ക്കും അധികാരമില്ലെന്നും കോടതിവിധി വരികയും തുടര്‍ന്ന് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിരോധിച്ച ഉത്സവയാത്രയ്ക്ക് മുസ്ലിങ്ങളില്‍നിന്ന് രക്ഷ നല്കാന് ഇഎംഎസിന്റെ പോലീസ് സംരക്ഷണം നല്കുകയുമുണ്ടായി. അതിനുശേഷം ഇതുവരെയും വിശ്വനാഥ ക്ഷേത്രോത്സവം ആഘോഷപൂര്‍വം നടന്നുവരുന്നു. അവിടെ അമര്‍ത്തപ്പെട്ടു കിടന്ന ഹൈന്ദവ അന്തസ്സിനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള സംഘര്‍ഷത്തില്‍ സംഘം സമാജത്തിനൊപ്പം നില്‍ക്കുകയായിരുന്നു.
1958-59 കാലത്ത് കമ്യൂണിസ്റ്റുകള്‍ മുസ്ലിംലീഗുമായി സൃഷ്ടിച്ച അടുപ്പം പത്തുകൊല്ലംകൊണ്ട് തളിര്‍ത്ത് പൂവിട്ട് 67 ആയപ്പോഴേക്ക് സപ്തകക്ഷി മുന്നണിയുടെ രൂപത്തില്‍ ഫലം കണ്ടു. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ സകല പ്രതിലോമ ശക്തികളും ചേര്‍ന്ന് രൂപീകരിച്ച ഭരണത്തിലെ കരുത്തര്‍ ലീഗുകാരായിരുന്നു. ബാഫാക്കിത്തങ്ങളുടെ കൊയിലാണ്ടിയിലെ വസതി ഭരണ നേതൃത്വത്തിന്റെ തീര്‍ത്ഥാടന കേന്ദ്രമായി. മുസ്ലിങ്ങള്‍ ഭൂരിപക്ഷമായ മലപ്പുറം ജില്ല രൂപീകരിച്ചത് അക്കാലത്തായിരുന്നു. സ്കൂളധ്യാപകരാകാന് ടിടിസി പാസ്സാകേണ്ടതില്ല, ഉലേമ ജയിച്ചാല്‍ മതിയെന്നുവന്നു. ബിഎഡിന് തുല്യമായി ഏതോ അറബിപരീക്ഷ പാസ്സായ ആള്‍ക്ക് ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററാകാനും കഴിയുമെന്ന നിലയെത്തി.
നൂറ്റാണ്ടുകളായി തകര്‍ന്നടിഞ്ഞു കിടന്ന അങ്ങാടിപ്പുറത്തെ തളിക്ഷേത്രത്തില്‍ വിളക്കുവച്ച് ആരാധന തുടങ്ങാന്‍, മലബാര്‍ ക്ഷേത്ര സംരക്ഷണ സമിതി നേതാവ് കെ. കേളപ്പനും മറ്റും ശ്രമിച്ചതിനെതിരെ മുസ്ലിംലീഗു രംഗത്തുവന്നു. കേളപ്പനെ അശ്ലീലവും ആഭാസവുമായ വിധത്തില്‍ അവഹേളിക്കുന്ന ലേഖനങ്ങള്‍, ചില മുസ്ലിം മാസികകളില്‍ വന്നു. എ.കെ. ഗോപാലനെപ്പോലുള്ള സമുന്നത സിപിഎം നേതാവും അദ്ദേഹത്തെ പരിഹസിച്ചും അവഹേളിച്ചും ‘ദേശാഭിമാനി’യിലും മറ്റും എഴുതി. ചുറ്റുപാടും താമസിക്കുന്ന ഹിന്ദു കുടുംബങ്ങള്‍ അത് സ്വന്തം കാര്യമായെടുത്തു. കേളപ്പജിയുടെ നേതൃത്വത്തില്‍ തളി ക്ഷേത്ര വിമോചന സമരം നടത്തി.
ക്ഷേത്രാവശിഷ്ടങ്ങളെ പുരാവസ്തുവായി പ്രഖ്യാപിച്ച് മതില്കെട്ടിയടയ്ക്കാനാണ് മാര്‍ക്സിസ്റ്റ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മന്ത്രി ഇമ്പിച്ചിബാവ തുനിഞ്ഞത്. കെട്ടിയിടത്തോളം മതില് അവിടത്തെ അമ്മമാര്‍തന്നെ ലാത്തിച്ചാര്‍ജിനെ നേരിട്ടുകൊണ്ട് പൊൡച്ചുനീക്കി. അറസ്റ്റ്ചെയ്യപ്പെട്ട കേളപ്പജി പെരിന്തല്‍മണ്ണ കോടതിക്കു മുന്നില്‍ ഉപവാസം നടത്തി. ഒടുവില്‍ തളി ക്ഷേത്രസമരം വിജയിച്ചു. ഇഎംഎസ് ഭരണം തകര്‍ന്നു. ക്ഷേത്രമുയര്‍ന്നു. മാത്രമല്ല, കേരളത്തിലുടനീളം നാശോന്മുഖമായിക്കിടന്ന നൂറുകണക്കിന് ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും പൊതുവെ ഹിന്ദുജനതയുടെ അധ്യാത്മബോധ വളര്‍ച്ചയ്ക്കും അത് പ്രചോദനം നല്കി. ഇന്ന് കാണുന്ന ഹൈന്ദവ നവോത്ഥാനത്തിന്റെ ഉറവിടം തേടിയാല്‍ അത് അങ്ങാടിപ്പുറത്ത് നമ്മെ കൊണ്ടെത്തിക്കും. അതിന് ആത്മീയവും താന്ത്രികവുമായ അന്വേഷണം നടത്തിയ പി. മാധവന് എന്ന സംഘപ്രചാരകനിലേക്കും നമുക്കെത്താന്‍ കഴിയും.
കേരളത്തിലെന്നല്ല, ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയെ തകര്‍ക്കാനുള്ള ശ്രമം വളരെ വര്‍ഷങ്ങളായി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തിവരികയായിരുന്നു. അവരുടെ ഏറ്റവും വലിയ നേതാവായിരുന്ന എ.കെ. ഗോപാലന് തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാലയിട്ട് കറുപ്പുമുണ്ടു ധരിച്ച് വ്രതം നോറ്റ് ശരണം വിളിക്കുന്നതിനെ പരസ്യമായി വിമര്‍ശിച്ചിട്ടുണ്ട്. പാര്‍ട്ടി സമ്മേളനങ്ങളിലും അതിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. ഹൈന്ദവാചാരങ്ങളോടുള്ള അവജ്ഞയും അവഹേളനവും അവര്‍ ഒരുകാലത്തും മറച്ചുവച്ചിട്ടില്ല. അവരുടെ പ്രേരണകൊണ്ടുതന്നെ ഏതാനും ആക്ടിവിസ്റ്റുകളും ഫെമിനിസ്റ്റുകളും ചില അരാജകവാദികളും സുപ്രീംകോടതിയില്‍ കൊടുത്ത പരാതിയില്‍, വേണ്ടത്ര അവധാനതയോടെ കക്ഷി ചേരാതെയും, കോടതി ആവശ്യപ്പെട്ടിട്ടും, സ്വാമിഭക്തരുടെയും ബന്ധപ്പെട്ടവരുടെയും സത്യവാങ്മൂലങ്ങള്‍ ഗൗരവപൂര്‍വം നല്‍കാതെയും വിധി വരാന്‍ ഇടയാക്കി.
വിധി വന്നതിനുശേഷം അതു നടപ്പാക്കാന്‍ ആവശ്യമായ സമയം ചോദിക്കുകപോലും ചെയ്യാതെ പോലീസുദ്യോഗസ്ഥരോട് ആചാരലംഘനത്തിന് കല്പന കൊടുക്കുകയാണ് കേരളസര്‍ക്കാര്‍ ചെയ്തത്. അതിന്റെ രാക്ഷസീയവും ഭീകരവുമായ മുഖം നാം കണ്ടുകഴിഞ്ഞു. സര്‍ക്കാര്‍ നടപടികള്‍ക്ക് സാധൂകരണം നല്‍കാനായി മുഖ്യമന്ത്രി ഉദ്ധരിച്ച പുരാരേഖകളും പ്രമാണങ്ങളും അദ്ദേഹത്തെ കൂടുതല്‍ അപകടംപിടിച്ച വെട്ടിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്.
1958 മുതല്‍ 2018 വരെയുള്ള ആറു പതിറ്റാണ്ടുകള്‍ക്കിടയില്‍ കമ്യൂണിസ്റ്റുകള്‍ സര്‍ക്കാരിന് നേതൃത്വം നല്കിയ അവസരങ്ങളില്‍ അനുവര്‍ത്തിക്കപ്പെട്ട മൂന്ന് ഹിന്ദു ക്ഷേത്രവിരുദ്ധ നീക്കങ്ങളെ എടുത്തുകാട്ടുകയാണിവിടെ ചെയ്യുന്നത്. ഇവിടെയെല്ലാം ആര്‍എസ്എസ് ഹൈന്ദവതാല്പര്യ സംരക്ഷണത്തിന് ഭാവാത്മകമായി സഹകരിച്ചിട്ടുണ്ട്. ഹിന്ദുസമാജത്തിന് കാലോചിതമായ ആചാരസ്വീകാരം വേണമെന്നുതന്നെയാണ് സംഘത്തിന്റെ നിലപാട്. അതിന് ആവശ്യമായ സജ്ജീകരണം അഭിപ്രായസമന്വയത്തിലൂടെതന്നെ നടത്തണം.
ശങ്കരാചാര്യന്മാര് മുതല്‍ വൈദികരും തന്ത്രിമാരും ആത്മീയാചാര്യന്മാരും; സാമൂഹ്യപ്രവര്‍ത്തകരും അഭിപ്രായ സമന്വയത്തിലൂടെ നടത്തിയ പാലിയം വിളംബരം അതിന്റെ ഉത്തമോദാഹരണമായിരുന്നു. പി. മാധവന് എന്ന ആര്‍എസ്എസ് പ്രചാരകന്റെ ദശകങ്ങള്‍ നീണ്ട സാധനയും, ഏഷണയും പരിശ്രമവും അതിന്റെ പിന്ബലത്തിനുണ്ടായിരുന്നു. അതു മനസ്സിലാക്കാതെ നമുക്ക് ഇന്നത്തെ സാഹചര്യത്തെ നേരിടാന്‍ പ്രയാസമാവും. പക്ഷേ ഒന്നു തീര്‍ച്ചയാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഹിന്ദുധര്‍മത്തിനെതിരെ നടത്തുന്ന ഇന്നത്തെ നീക്കങ്ങള്‍ മുമ്പെന്നത്തെയുംപോലെ അവരുടെ വിനാശത്തിലേ കലാശിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: