കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമര്‍പ്പിച്ചത് അഴിമതിവിരുദ്ധ ഗിരിപ്രഭാഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടിയായി. എയര്‍സെല്‍-മാക്സിസ് ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ ഏഴു വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചിദംബരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. മാക്സിസിന്റെ മൗറീഷ്യസിലെ ഉപകമ്പനിയായ ഗ്ലോബല്‍ കമ്യൂണിക്കേഷന്‍സ് ആന്റ് സര്‍വീസസ് ഹോള്‍ഡിങ്ങിന് വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നിയമവിരുദ്ധമായി നല്‍കിയതുവഴി 1.16 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ചിദംബരം കൂട്ടുനിന്നു എന്നതാണ് കേസ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മകന് കാര്‍ത്തി ചിദംബരത്തിനെതിരെ നേരത്തെ കോടതിയില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അറസ്റ്റ് ചെയ്ത് ജയിലിലടച്ച കാര്‍ത്തി പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.
കേന്ദ്ര ധനമന്ത്രിയായിരിക്കെ ഗ്ലോബല്‍ കമ്യൂണിക്കേഷന്‍സിന് വഴിവിട്ട് 3500 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ അനുമതി നല്‍കിയെന്ന കേസില്‍ ചിദംബരത്തെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം നല്‍കിയിരുന്നു. 2006-ലെ നയമനുസരിച്ച് 600 കോടി രൂപവരെയുള്ള നിക്ഷേപത്തിന് അനുമതി നല്‍കാനേ മന്ത്രിയെന്ന നിലയ്ക്ക് ചിദംബരത്തിന് അധികാരമുണ്ടായിരുന്നുള്ളൂ. തുക ഇതിന് മുകളിലാണെങ്കില്‍ മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയാണ് പരിഗണിക്കേണ്ടത്. ഇതു ചെയ്യാതെ മകന് സാമ്പത്തികനേട്ടം ഉണ്ടാകുന്ന വിധത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാണ് ചിദംബരത്തിനെതിരെയുള്ള ആരോപണം. ഈ കേസിലും മകന് കാര്‍ത്തി പ്രതിയാണ്. അഴിമതി നടന്നുവെന്നതിന് വ്യക്തമായ തെളിവുകള്‍ ശേഖരിച്ചുകഴിഞ്ഞു.
പത്ത് വര്‍ഷം നീണ്ട യുപിഎ ഭരണകാലത്തെ അഴിമതികളുടെ മേല്‍ത്തുമ്പു മാത്രമാണിത്. ടുജി കേസ്, കല്‍ക്കരി കുംഭകോണക്കേസ്, അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ കേസ്, നാഷണല്‍ ഹെറാള്‍ഡ് കേസ് ഉള്‍പ്പെടെ ലക്ഷക്കണക്കിന് കോടിയുടെ അഴിമതികള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച ആരോപണങ്ങള്‍ അന്നത്തെ കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാഗാന്ധിയിലേക്കും നീളുകയുണ്ടായി. അഴിമതിയിലെ സോണിയാ കണക്ഷനാണ് ചിദംബരത്തെപ്പോലുള്ള നേതാക്കള്‍ക്ക് രക്ഷയായത്. അന്വേഷണം ശരിയായ ദിശയിലായാല്‍ സോണിയയും കുടുങ്ങുമെന്നുള്ളതാണ് മറ്റുള്ളവര്‍ക്ക് ധൈര്യം പകര്‍ന്നത്. സോണിയ കുടുങ്ങുമെന്നുള്ളതിനാല് യുപിഎ ഭരണകാലത്ത് കേസുകള്‍ നിരന്തരം അട്ടിമറിക്കപ്പെട്ടു.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അഴിമതിക്കേസുകള്‍ അന്വേഷിക്കാതിരിക്കാന്‍ ആസൂത്രിതമായ പ്രചാരണമാണ് കോണ്‍ഗ്രസ്സ് നടത്തിയത്. മോദിസര്‍ക്കാര്‍ രാഷ്ട്രീയ പ്രതികാരം ചെയ്യുകയാണെന്ന് സോണിയയും രാഹുലും അടക്കമുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ മുറവിളി കൂട്ടി. അഴിമതിക്കേസുകളില്‍ രാഷ്ട്രീയമായി ഇടപെടാതെ അന്വേഷണം വ്യവസ്ഥാപിതമായി മുന്നോട്ടുപോകട്ടെ എന്ന നയമാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചത്. സ്വാഭാവികമായും കാലതാമസമെടുത്തു. ഒടുവില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഭയപ്പെട്ടതുതന്നെ സംഭവിച്ചു. അന്വേഷണം അവരുടെ വീട്ടുപടിക്കലെത്തി. അപ്പോള്‍ അവര്‍ അടവുമാറ്റി. ഇത്രനാളും എന്തുകൊണ്ട് നടപടിയെടുത്തില്ല എന്നായി ചോദ്യം.
എയര്‍സെല്‍-മാക്സിസ് കേസില്‍ കാര്‍ത്തി ചിദംബരം പിടിയിലായപ്പോള്‍ കോണ്‍ഗ്രസ്സ് ഒറ്റക്കെട്ടായി ചിദംബരത്തിന് പിന്തുണ നല്കി. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാവാന്‍ വരുമ്പോഴൊക്കെ കാര്‍ത്തിക്ക് ജേതാവിന്റെ ഭാവമായിരുന്നു. സര്‍വശക്തനായ താന്‍ പുറത്തുണ്ടെന്നും, ഒന്നും ഭയക്കേണ്ട എന്നുമുള്ള സന്ദേശമാണ് ചിദംബരം മകന് നല്‍കിയത്. ആ അച്ഛനാണ് ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യമെടുത്ത് അറസ്റ്റൊഴിവാക്കി ജയിലില്‍ പോകാതിരിക്കാനാണ് ചിദംബരം ശ്രമിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പുവരെ പിടിച്ചുനില്‍ക്കുക, അധികാരമാറ്റമുണ്ടായാല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമായി. ഈ തന്ത്രമാണ് പയറ്റുന്നത്. പക്ഷേ നിയമം പിടിമുറുക്കിക്കഴിഞ്ഞു. ചിദംബരത്തെപ്പോലുള്ള വന്‍സ്രാവുകള്‍ക്ക് ഇനി വല പൊളിക്കുക എളുപ്പമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: