രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയാണ് സിബിഐ. ഏത് കുറ്റകൃത്യമായാലും സിബിഐ അന്വേഷിച്ചാലേ സത്യം പുറത്തുവരൂ എന്നൊരു വിശ്വാസം പൊതുവെയുണ്ട്. എഴുതിത്തള്ളിയ പല കേസുകള്‍ക്കും തുമ്പുണ്ടാക്കുകയും കുറ്റക്കാരെ ശിക്ഷിക്കുംവിധം അന്വേഷണം ഫലപ്രദമാക്കുകയും ചെയ്ത ചരിത്രവും സിബിഐയ്ക്കുണ്ട്. സമര്‍പ്പണബോധമുള്ള ഉദ്യോഗസ്ഥരും സ്വതന്ത്ര അന്വേഷണവുമാണ് അതിനൊക്കെ സഹായകമായത്. 55 വര്‍ഷത്തെ ചരിത്രത്തില്‍ സിബിഐയുടെ പ്രവര്‍ത്തനത്തില്‍ പിഴവില്ലെന്ന് പറയുന്നില്ല. ഏത് സംവിധാനത്തിലും പഴുതുകളുണ്ടാകാം. അത് ഏറ്റവും കൂടുതല്‍ കണ്ടത് യുപിഎ ഭരണത്തിലാണ്.
യുപിഎയുടെ പത്തുവര്‍ഷം എല്ലാ സംവിധാനങ്ങളെയും കളങ്കപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായി. സിബിഐയും അന്ന് ഒഴിവാക്കപ്പെട്ടില്ല. സ്വതന്ത്രമായി കേസ് അന്വേഷിക്കാന്‍ അന്ന് സിബിഐയ്ക്ക് അനുവാദമുണ്ടായില്ല. പരമോന്നത നീതിപീഠത്തിനുപോലും സിബിഐയെ കുറ്റപ്പെടുത്തേണ്ടിവന്നു. സിബിഐ കൂട്ടിലിട്ട തത്തയാണോ എന്നാണ് സുപ്രീംകോടതി ചോദിച്ചത്. കല്‍ക്കരി കുംഭകോണം സംബന്ധിച്ച അന്വേഷണം കോടതിയിലെത്തിയപ്പോഴാണ് ഇങ്ങനെയൊരു ആക്ഷേപം കേള്‍ക്കേണ്ടിവന്നത്. അന്നത്തെ സിബിഐ മേധാവി രഞ്ജിത്ത് സിന്‍ഹ അതിനെ ശരിവയ്ക്കുകയും ചെയ്തതാണല്ലൊ. കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിക്കുന്നതിന് അന്നത്തെ വകുപ്പുമന്ത്രി അശ്വിനികുമാറും പ്രധാനമന്ത്രിയുടെ ഓഫീസും ഇടപെട്ടതായി രഞ്ജിത്ത് സിന്‍ഹ സമ്മതിക്കുകയും ചെയ്തതാണ്.
യുപിഎയുടെ ഉച്ഛിഷ്ടങ്ങള്‍ ഇപ്പോഴും സിബിഐയില്‍ ഉണ്ടെന്നതിന്റെ തെളിവാണ് തലപ്പത്ത് കണ്ടുംകേട്ടുമിരിക്കുന്ന വിഴുപ്പലക്കല്‍. സിബിഐ തലപ്പത്തെ തമ്മിലടി കയ്യുംകെട്ടി നോക്കിനില്ക്കാന് പറ്റില്ലെന്ന ഉറച്ച നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. കേസന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയപ്പോള്‍ത്തന്നെ സിബിഐയുടെ വിശ്വാസം തകരാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി ചില നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. 13 ഉയര്‍ന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഇനിയും നടപടിയുണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കേസ് അന്വേഷണവും മറ്റും സംബന്ധിച്ചു സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനാണ് (സിവിസി) തീരുമാനമെടുക്കേണ്ടത്. അഴിമതി ആരോപണങ്ങളില്‍ ക്രിമിനല്‍ നടപടിച്ചട്ടമനുസരിച്ച് നടപടിവേണം. അന്വേഷണം സ്വതന്ത്രവും നീതിപൂര്‍വകവുമാകണം. ഇക്കാര്യം ഉറപ്പുവരുത്താനാണ് രണ്ട് ഉദ്യോഗസ്ഥരെയും മാറ്റിനിര്‍ത്തിയത്. സിബിഐയുടെ വിശ്വാസ്യത നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. സിബിഐയിലെ ഉന്നതരുടെ ഏറ്റുമുട്ടല്‍ വിചിത്രവും ദൗര്‍ഭാഗ്യകരവുമാണെന്നും ജയ്റ്റ്ലി വാര്‍ത്താസമ്മേളനത്തില്‍ പറയുകയുണ്ടായി. വിജിലന്‍സ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങളനുസരിച്ചാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. പരാതിയുയര്‍ന്ന രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയും സിവിസിയുടെ കൈവശം തെളിവുകളുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ആരോപണവിധേയരെ സിബിഐയുടെ തലപ്പത്തിരുത്താന്‍ സാധിക്കില്ല. കേന്ദ്രം ശക്തമായി ഇടപെട്ടപ്പോള്‍ അതിനെ സ്വാഗതംചെയ്യുകയാണ് ഉത്തരവാദപ്പെട്ട കക്ഷികള്‍ ചെയ്യേണ്ടത്. എന്നാല്‍ റഫാലില്‍ അന്വേഷണം നടത്താനിരുന്നതുകൊണ്ടാണ് സിബിഐ ഡയറക്ടറെ നീക്കിയതെന്ന ആരോപണമാണ് ചിലര്‍ ഉന്നയിക്കുന്നത്. ഉദ്യോഗസ്ഥരുടെ മനസ്സിലെന്താണെന്നുപോലും മറ്റുള്ളവര്‍ക്ക് മനസ്സിലാകുന്ന സ്ഥിതിവിശേഷമാണ്. ദുഷ്ടലാക്കുള്ള നേതാക്കള്‍ എന്തുതന്നെ പറഞ്ഞാലും ശക്തമായ നിലപാടും നടപടിയും സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുകതന്നെ വേണം. വാതരോഗത്തിന് അത്യുത്തമമാണ് കുറുന്തോട്ടി. പക്ഷെ കുറുന്തോട്ടിക്ക് വാതംവന്നാല് പിഴുതെറിയുകയേ വഴിയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: