ഒരാളുടെ ജീവചരിത്രം അയാളോടൊപ്പം ചേര്‍ന്നുനിന്നാണ് അറിയുക. എന്നാല്‍ അയാളെക്കുറിച്ച് അറിഞ്ഞുകൊണ്ടുതന്നെ മറ്റുള്ളവരില്‍നിന്നും കൂടുതലറിഞ്ഞ് എഴുതുന്ന ജീവചരിത്രവുമുണ്ട്. ഇങ്ങനെ അഭിമുഖം നടത്തുന്നത് അയാളുമായി പലവിധം ബന്ധങ്ങളുള്ള വിവിധതരം ആളുകളുമായിട്ടാണ്. ലോക നോവലിന്റെയും ഭാവനയുടേയും കുതറിമാറലിന് ഉത്തേജകമായ ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ എഴുതിയ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന്റെ ഇത്തരത്തിലുള്ള ഒരു ജീവചരിത്രമുണ്ട്. സില്‍വിയ പാറ്റണോസ്‌ട്രോ രചിച്ചതാണ് ഈ ജീവചരിത്രം.
ചെറുപ്പത്തിലെ കഥകള്‍ കുത്തിനിറച്ച മനസുമായാണ് മാര്‍ക്കേസ് വളര്‍ന്നത്. അത്തരം കഥകളില്‍ നിന്നാണ് എഴുത്തിന്റെ ആകാശത്തോളം പോന്ന ഭാവനയുടെ രാജാവായി അദ്ദേഹം മാറുന്നത്. വലിയ കഥപറച്ചിലുകാരിയായിരുന്ന മുത്തശിയില്‍നിന്നുമാണ് ബാല്യത്തിലേ മാര്‍ക്കേസ് കഥകള്‍ കേട്ടുതുടങ്ങിയത്. മുത്തശി കഥകളുടെ അക്ഷയഖനിയായിരുന്നു. കഥപറച്ചില്‍ പാരമ്പര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. കഥയുടെ ഒരു ഇന്ദ്രജാലക്കാരനായിരുന്നു മാര്‍ക്വേസ്. യഥാര്‍ഥ കഥപറഞ്ഞു തുടങ്ങി കഥയില്‍നിന്നു സാവധാനം യാഥാര്‍ഥ്യത്തെ പിന്‍വലിക്കുന്നതാണ് ഇന്ദ്രജാലക്കാരന്റെ കഥപറച്ചില്‍ കൗശലം. ഈ കൗശലമായിരുന്നു മാര്‍ക്വേസും കഥയില്‍ കാണിച്ചത്.
മുത്തശ്ശിയില്‍നിന്നുമെന്നപോലെ പിതാവില്‍നിന്നുകൂടി മാര്‍ക്കേസ് ഭാവന കടംവാങ്ങിയിരിക്കണം. വലിയ സങ്കല്‍പ്പ ജീവിയായിരുന്നു പിതാവ്. എന്നാല്‍ പലപ്പോഴും അയാള്‍ തനിക്ക് ലോട്ടറിയടിക്കാന്‍ പോകുന്നുവെന്ന സങ്കല്‍പ്പത്തിലാണ് ജീവിച്ചിരുന്നത്. പിതാവിന് മകനെക്കുറിച്ച് നല്ല മതിപ്പായിരുന്നു. മകന്‍ ജീനിയസാണെന്ന് ആള്‍ക്കാരോട് അയാള്‍ പറയുമായിരുന്നു. എന്നാല്‍ ആളുകളാകട്ടെ അത് വിശ്വസിച്ചുമില്ല.
കഥകളുടെ കൂട്ടത്തില്‍ അന്ധവിശ്വാസങ്ങളുടെ കഥകളും എഴുത്തുകാരന്‍ വിശ്വസിച്ചു. മാര്‍ക്കേസിന് മൂടി ചീവിക്കൊടുക്കുന്ന ഒരാളുണ്ടായിരുന്നു. രാത്രിയില്‍ മുടി ചീവിയാല്‍ കടലിലെ കപ്പലുകള്‍ മുങ്ങിപ്പോകുമെന്നാണ് ഐതിഹ്യമെന്ന് മുത്തശി പറഞ്ഞതും അദ്ദേഹം വിശ്വസിച്ചു. കഥകളില്‍ മായമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ വിചാരം. മാര്‍ക്കേസിന്റെ നോവലില്‍ ഇടംപിടിച്ചതോടെ അരകറ്റകയ്‌ക്ക് വലിയ മാറ്റമായിരുന്നു. ഈ പ്രദേശത്തെ മാപ്പിലെത്തിച്ചത് ഈ എഴുത്തുകാരനാണ്. അരകറ്റകയെക്കുറിച്ച് നേവലില്‍ വായിച്ച് സഞ്ചാരികള്‍ എത്തിയതോടെ അവര്‍ക്കായി ഇവിടെ അടിസ്ഥാന സൗകര്യങ്ങളും വളര്‍ന്നു. ഹോട്ടലുകളുടെ നീണ്ട നിരതന്നെയുണ്ടായി. സന്ദര്‍ശകര്‍ക്കു താമസിച്ചും കാഴ്ചകണ്ടും മറ്റുമുള്ള സംവിധാനങ്ങള്‍ വന്നതോടെ സാമ്പത്തികമായി ഈ പ്രദേശം വളരുകയായിരുന്നു.
ഇത്തരത്തില്‍ നിരവധി കാര്യങ്ങളാണ് മാര്‍ക്കേസിന്റെ എഴുത്തും ജീവിതവും ഭാവനയുമായി ഇതില്‍ കുഴഞ്ഞു മറിഞ്ഞുകിടക്കുന്നത്. മാര്‍ക്കേസിന്റെ മുത്തശ്ശിയും പിതാവും സഹോദരനും നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും ആരാധകരും ഉള്‍പ്പെട വലിയൊരു കൂട്ടമാണ് എഴുത്തുകാരിയുമായി സംവദിച്ചത്.
മാസങ്ങളോളം ലാറ്റിനമേരിക്കയില്‍ യാത്രചെയ്താണ് സില്‍വിയ പലരുമായും അഭിമുഖം നടത്തിയത്. എല്ലാവരും അവരുടെ ഓര്‍മകളോട് ഔദാര്യമുള്ളവരായിരുന്നുവെന്ന് അവര്‍ പറയുന്നു. ഓരോരുത്തരും തങ്ങള്‍ക്കറിയാവുന്ന മാര്‍ക്കേസിനെ അവരുമായി പങ്കുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: