പിണറായി വിജയന് ഇന്ന് വെറുമൊരു രാഷ്ട്രീയ നേതാവല്ല. എല്ലാവര്ക്കും തുല്യനീതി ചെയ്യുമെന്ന് സത്യപ്രതിജ്ഞ ചെയ്തകേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ഇന്ത്യന്‍ ഭരണഘടനയെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമെന്നുകൂടി സത്യപ്രതിജ്ഞയില്‍ പ്രത്യേകം പറയുന്നു. എന്നാല്‍ ഇപ്പോള്‍ വിദേശരാജ്യത്തുപോയി അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ കടുത്ത ഭരണഘടനാലംഘനാണ്. പ്രധാനമന്ത്രിയെ വിമര്‍ശിക്കുക മാത്രമല്ല പ്രവാസി മലയാളികളെ കലാപത്തിന് പ്രേരിപ്പിക്കുകകൂടിയാണ് പിണറായി വിജയന് നടത്തിയിട്ടുള്ളത്. കേരളത്തെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ഒന്നിലധികം സ്ഥലങ്ങളില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ ആക്ഷേപിച്ചിരിക്കുന്നു. അതിന് മുഖ്യമന്ത്രി പറയുന്ന വാദങ്ങള്‍ ബാലിശവും അസംബന്ധവുമാണ്. നിരവധി വിദേശ രാജ്യങ്ങള്‍ പ്രളയത്തെത്തുടര്‍ന്ന് സഹായം വാഗ്ദാനം ചെയ്തെന്നും അത് സ്വീകരിക്കാന്‍ കേന്ദ്രം അനുവദിച്ചില്ലെന്നും പറയുന്നു. ഏത് രാഷ്ട്രമാണ് സഹായവാഗ്ദാനം നല്‍കിയതെന്ന് മുഖ്യമന്ത്രി പറയുന്നില്ല. അതുപോലെ മന്ത്രിമാര്‍ക്ക് വിദേശത്തുപോയി പിരിക്കാനുള്ള അനുമതിയും നല്‍കിയിട്ടില്ലത്രെ. മന്ത്രിമാര്‍ കൂട്ടത്തോടെ വിദേശത്തുപോയി പിരിവ് നടത്തുന്ന സാഹചര്യം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ ?
പ്രളയത്തെത്തുടര്‍ന്ന് കേന്ദ്രം സ്വീകരിച്ച നിലപാടിനെ പുകഴ്ത്താന്‍ മുഖ്യമന്ത്രി നിരവധി അവസരങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. മാത്രമല്ല കേരളത്തെ പുനസൃഷ്ടിക്കാന്‍ തുക എത്രയായാലും ചെലവാക്കാന്‍ കേന്ദ്രം തയ്യാറാണെന്നും വ്യക്തമാക്കിയതുമാണ്. എന്നാല്‍ യഥാര്‍ത്ഥ കണക്കും ആവശ്യങ്ങളും കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ കേരളം തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. മുമ്പൊരുകാലത്തും പ്രതികരിക്കാത്തവിധമാണ് കേന്ദ്രം കേരളത്തെ സഹായിക്കാന്‍ തയ്യാറായത്. ആഭ്യന്തരമന്ത്രിമാരും പ്രധാനമന്ത്രി നേരിട്ടും കേരളത്തിലെത്തി.
കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ ഒരുമയാണ് മഹാദുരന്തം നേരിടാന്‍ കരുത്തായതെന്ന് മുഖ്യമന്ത്രി ആവേശത്തോടെ പറയുകയും ചെയ്തു. ഈ ഒരുമ എന്നും കാത്തുസൂക്ഷിക്കാനായാല്‍ ഏതു പ്രതിസന്ധിയും നേരിടാനും വികസനക്കുതിപ്പുണ്ടാക്കാനുമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തതുമാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മികച്ച രീതിയില്‍ കേരളത്തിന് സഹായം ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചതാണ്. തെലങ്കാന -25 കോടി, മഹാരാഷ്ട്ര- 20 കോടി, ഉത്തര്‍പ്രദേശ് -15 കോടി, മധ്യപ്രദേശ്, ദല്‍ഹി, പഞ്ചാബ്, കര്‍ണാടക, ബീഹാര്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് 10 കോടി വീതം, തമിഴ്നാടും ഒഡിഷയും അഞ്ചുകോടി വീതം, ചത്തീസ്ഗഡ് മൂന്നുകോടിയും ഏഴുകോടിയും ധാന്യവും എന്നിങ്ങനെയാണ് സഹായം ലഭിച്ചത്. മൊത്തം 15000 കോടിയോളം രൂപയുടെ സഹായം കേരളത്തിലേക്ക് പ്രവഹിച്ചു.
അടിയന്തര സഹായമായി കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്. പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചത്. എന്നാല്‍ വെള്ളം ഇറങ്ങിയ ശേഷമേ യഥാര്‍ത്ഥ നഷ്ടം കണക്കാക്കാന്‍ പറ്റൂ. അടിയന്തരമായി 2000 കോടി രൂപയുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. 40,000 ഹെക്ടറിലധികം കൃഷി നശിച്ചു. ആയിരത്തോളം വീടുകള്‍ പൂര്‍ണ്ണമായും 26,000 ത്തിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. 16,000 കി.മീ. പൊതുമരാമത്ത് റോഡുകളും 82,000 കി.മീ. പ്രാദേശിക റോഡുകളും 134 പാലങ്ങളും തകര്‍ന്നു. റോഡുകളുടെ നഷ്ടം മാത്രം 13,000 കോടിയോളം വരും. പാലങ്ങളുടെ നഷ്ടം 800 കോടിയിലധികമാണ്.
കേന്ദ്രപദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡുകളും പാലങ്ങളും വീടുകളും നിര്‍മ്മിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതാണ്. കൃഷിയുടെ നഷ്ടവും പരിഹരിക്കാമെന്ന് പറഞ്ഞതാണ്. പക്ഷേ അതൊന്നും വേണ്ട. എല്ലാത്തിന്റെയും പണം നേരിട്ട് വേണമെന്ന നിര്‍ബന്ധത്തിലാണ് കേരളം. അതിന്റെ ലക്ഷ്യം വേറെയാണ്. അത് പിന്നീട് വ്യക്തമാകും. കേന്ദ്രത്തിന്റെ ഉദാരസമീപനത്തെ പുറംകാലുകൊണ്ട് തട്ടി വിദേശത്തുപോയി കേന്ദ്രവിരുദ്ധ പ്രസംഗം നടത്തുന്നത് തലമറന്ന് എണ്ണ തേക്കലാണ്. അത് ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്ന പണിയല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: