കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാന്ധഹാറിലെ പൊലീസ് തലവന്‍ ജനറല്‍ അബ്ദുല്‍ റസീഖ് താലിബാന്‍ ആക്രണത്തില്‍ കൊല്ലപ്പെട്ടു. പല തവണ താലിബാന്റെ വധശ്രമങ്ങളെ അതിജീവിച്ച 39 കാരനായ ജനറല്‍ റസീഖ്, ഗവര്‍ണറുടെ അംഗരക്ഷകന്റെ വേഷത്തിലെത്തിയ അക്രമിയുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. സഖ്യസേനാ കമാന്‍ഡര്‍ സ്‌കോട്ട് മില്ലറുമായി ചര്‍ച്ച നടത്തുന്നതിനിടെയാണ് നേരെ ആക്രമണമുണ്ടായത്. പ്രാദേശിക രഹസ്യാന്വേഷണ തലവന്‍ ഉള്‍പ്പെടെ മറ്റു രണ്ടുപേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പതിമൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അറസ്റ്റിലാവുന്നവര്‍ക്കെതിരെ കടുത്ത പീഡനമുറകള്‍ പ്രയോഗിക്കുന്നതില്‍ കുപ്രസിദ്ധി നേടിയ സൈനിക ഉദ്യോഗസ്ഥനായിരുന്നു ജനറല്‍ റസീഖ്. അന്താരാഷ്‌ട്ര മനുഷ്യാവകാശ സമിതികള്‍ ഇക്കാര്യത്തില്‍ നിരവധി തവണ റസീഖിനെ കുറ്റപ്പെടുത്തിയിട്ടുമുണ്ട്. നിരവധി താലിബാന്‍ തടവുകാരെ വധിച്ചതടക്കം ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും റസീഖ് അതെല്ലാം നിഷേധിച്ചിരുന്നു.
















