തൊഴിലാളിയുടെ പ്രവൃത്തിയുടെ ഫലമാണ് താന്‍ കൊയ്തെടുക്കുന്ന ലാഭമെന്ന ചിന്ത ബഹുഭൂരിപക്ഷം മുതലാളിമാര്‍ക്കും ഇല്ലെന്നത് ലോകവ്യാപകമായ നിലപാടാണ്. ഇതിനെതിരെ പ്രതികരിക്കുമ്പോള്‍ പ്രതികാര നടപടികള്‍ ഉള്‍പ്പെടെയുള്ളവയാണ് പ്രയോഗിക്കുക. യൗവനകാലത്തെ ജോലിക്കു ശേഷം ജീവിതത്തിന്റെ സായന്തനത്തില്‍ ആശ്രയമറ്റുപോകുന്നവരെ സംരക്ഷിക്കാനായി പദ്ധതികളും നടപടികളും ഉണ്ടെങ്കിലും മാനുഷികമായ രീതികള്‍ നടപ്പാക്കുന്നതില്‍ ഉണ്ടാവുന്നില്ലെന്നത് പകല്‍പോലെ വ്യക്തം. സാമൂഹിക സുരക്ഷാ മേഖലയില്‍ കൈത്താങ്ങാവുന്ന പിഎഫ് പെന്ഷന് പദ്ധതി പോലും അത്രയേറെ ആകര്ഷകമല്ലെന്നതോ പോകട്ടെ ദയനീയമായ അവസ്ഥയിലുമാണ്. ലക്ഷക്കണക്കായ പിഎഫ് പെന്‍ഷന്‍കാര്‍ തുച്ഛമായ സംഖ്യ വാങ്ങി തൃപ്തിപ്പെട്ടുകഴിയുകയാണ്.
അത്തരക്കാര്‍ക്ക് തികച്ചും ആശ്വാസപ്രദമായ ഒരു വിധിയാണ് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായത്. എത്ര ശമ്പളം വാങ്ങിയാലും ചുരുങ്ങിയ പെന്ഷന് ലഭ്യമാവുന്ന തരത്തില്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് വെച്ച വ്യവസ്ഥകളാണ് കോടതി റദ്ദാക്കിയത്. 2014 ലെ ചട്ടഭേദഗതി വഴിയാണ് തൊഴിലാളികള്‍ക്ക് ദ്രോഹമായ തരത്തില്‍ കാര്യങ്ങള്‍ എത്തിയത്. ഇത് കോടതി ദൂരെയെറിഞ്ഞു. അതോടൊപ്പം തന്നെ യഥാര്‍ത്ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളിയും തൊഴിലുടമയും ചേര്‍ന്ന് പി എഫ് പെന്ഷന് വിഹിതം നല്‍കാനുള്ള ഓപ്ഷന് അവസരം നിഷേധിച്ച നടപടിയും റദ്ദാക്കി. ഇപിഎഫ് സ്കീം പ്രകാരം തൊഴിലാളികള്‍ക്ക് ഓപ്ഷന് നല്കാന് അര്‍ഹതയുണ്ടെന്നും ഇതിന് പ്രത്യേക തീയതി നിഷ്കര്ഷിക്കേണ്ടെന്നും കോടതി വ്യക്തമാക്കി. തികച്ചും സാമൂഹികസുരക്ഷാ നീതിയെ മുന്‍ നിര്‍ത്തിയുള്ള വിധിയാണ് കോടതിയില്‍ നിന്നുണ്ടായതെന്ന് വ്യക്തം.
ലക്ഷക്കണക്കിന് രൂപ അവകാശികളില്ലാതെ പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ കെട്ടിക്കിടക്കുമ്പോഴും തൊടുന്യായം പറഞ്ഞു നിയമത്തിന്റെ നൂലാമാലകള്‍ കുടൂതല്‍ സങ്കീര്‍ണമാക്കിയും പിഎഫ് ഓര്ഗനൈസേഷന് നടത്തിയ വഴിവിട്ട കളികള്‍ക്കാണ് കോടതി തടയിട്ടത്. ഹൈക്കോടതിയുടെ ഉത്തരവു മൂലം രാജ്യത്തൊട്ടാകെയുള്ള പി എഫ് പെന്‍ഷന്‍കാര്‍ക്ക് ആശ്വാസം ലഭിച്ചിരിക്കുന്നു എന്നത് എടുത്തുപറയേണ്ടതാണ്. മരുന്നിനുപോലും തികയാത്ത പെന്ഷന് പണം ഉപയോഗിച്ച് എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുന്നവരെ സംബന്ധിച്ച് ദൈവഹിതം നടപ്പായെന്നു പറയുന്നതാവും നന്ന്. പി എഫ് പെന്ഷന് ഫണ്ട് കുറഞ്ഞുപോവുമെന്ന ആശങ്കയില്‍ പെന്‍ഷന്‍കാരന്റെ വായിലെ അപ്പം മോഷ്ടിക്കുന്നത് ശരിയല്ലെന്ന് വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാണിക്കുമ്പോള്‍ നിരാശ്രയരായ പെന്‍ഷന്‍കാര്‍ക്ക് അറിയാതെ കൈത്താങ്ങ് കിട്ടുകയാണ്.
അര്‍ഹിക്കുന്ന രീതിയില്‍ പെന്ഷന് കൊടുക്കേണ്ട ബാധ്യതയുള്ള ഏജന്‍സികള്‍ അത് തടയുന്ന തരത്തില്‍ നടപടികള്‍ സ്വീകരിക്കുന്നത് പ്രാകൃതം എന്നേ പറഞ്ഞുകൂടൂ. കോടതി നാല് വ്യവസ്ഥകള്‍ റദ്ദാക്കുമ്പോള്‍ ഫലത്തില്‍ സംഭവിക്കുന്നത് പിഎഫ് നിയമത്തിന് മാനുഷിക മുഖം കൈവരുന്നു എന്നതാണ്. ഓരോരുത്തരുടെയും സമര്‍പ്പിത സേവനത്തെ മറന്നുകൊണ്ടുള്ള ചട്ടങ്ങളും ഭേദഗതികളും വഴി പ്രാകൃതത്വത്തിലേക്കുള്ള തിരിച്ചുപോക്കാണ് പിഎഫ് ഓര്ഗനൈസേഷന് കാലാകാലങ്ങളില്‍ നടത്തിക്കൊണ്ടിരുന്നത്. ഇനി ഏതായാലും അത് നടപ്പില്ല എന്നു വന്നിരിക്കുന്നു.
1995 ല്‍ പ്രാബല്യത്തില്‍ വന്ന എംപ്ലോയീസ് പെന്ഷന് പദ്ധതി പ്രകാരം 23 വര്‍ഷം കഴിഞ്ഞിട്ടും പെന്‍ഷന്‍കാര്‍ക്ക് മതിയായ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല എന്ന സങ്കടത്തിനാണ് പരിഹാരമുണ്ടായിരിക്കുന്നത്. ഇപിഎഫ് പെന്ഷന് കേസിലെ കേരള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇപിഎഫ് പുതിയ വിജ്ഞാപനം ഇറക്കുന്നതോടെ നിലവില്‍ തുച്ഛമായ പെന്ഷന് വാങ്ങുന്നവര്‍ക്ക് നല്ല വര്ധനവിലുള്ള ആനുകൂല്യം കിട്ടും. അത് ഏതെങ്കിലും വിധത്തില്‍ വൈകിപ്പിക്കാന്‍ ചരടുവലികള്‍ ഉണ്ടാവുമോ എന്ന ആശങ്ക അസ്ഥാനത്തല്ല. തൊഴിലാളി ദ്രോഹനടപടികള്‍ സ്വീകരിക്കാന്‍ വിമുഖതയുള്ള കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ആത്മാര്‍ഥതയോടെ രംഗത്തുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലക്ഷക്കണക്കിന് കുടുംബങ്ങളില്‍ ആശ്വാസപ്പുഞ്ചിരി വിരിയുന്നത് കാണാനാവുമല്ലോ അവരും ആഗ്രഹിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: