പട്ടിണിയെന്ന വിപത്തിന്റെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍. അതയാള്‍ക്ക് ലോകശ്രദ്ധ നേടിക്കൊടുത്തു. പക്ഷെ ധര്‍മ്മസങ്കടങ്ങളാല്‍ വേട്ടയാടപ്പെട്ട അയാള്‍ സ്വന്തം ജീവിതത്തിനുനേരെ ഒരവസാന ഫ്‌ളാഷ് മിന്നിച്ച് കടന്നുപോയി. കെവിന്‍ കാര്‍ട്ടര്‍ എന്നാണ് ആ ഫോട്ടോഗ്രാഫറുടെ പേര്. 1960ല്‍ ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ ജനിച്ചു. സുഡാനില്‍ ആഭ്യന്തരയുദ്ധവും അതിന്റെ ഭാഗമായി കടുത്ത ഭക്ഷ്യദൗര്‍ലഭ്യവും നടമാടുന്ന കാലം. 1993ല്‍ അവിടുത്തെ രൂക്ഷമായ ഭക്ഷ്യക്ഷാമത്തിന്റെ നേര്‍ക്കാഴ്ച പകര്‍ത്താന്‍ സുഹൃത്തിനോടൊപ്പം കെവിന്‍ എത്തി. മാര്‍ച്ച് 23ന് തെക്കന്‍ സുഡാനിലെ അയോഡ് എന്ന സ്ഥലത്തെത്തിയ അയാള്‍ വിചിത്രമായ ഒരു കാഴ്ച കണ്ടു. നിലത്ത് കമിഴ്ന്നു കിടന്ന് മുന്നോട്ട് ഇഴയാന്‍ വെമ്പുന്ന ഒരു പെണ്‍കുട്ടി. വലിയ വയറും ഒട്ടിയ ശരീരവും. ദാരിദ്ര്യത്തിന്റെ മൂര്‍ത്തമായ ആള്‍രൂപം. യുഎന്‍ ഭക്ഷണശാലയിലേക്ക് വിശപ്പുകൊണ്ട് പൊറുതിമുട്ടി നെട്ടോട്ടമോടുമ്പോള്‍ അമ്മയില്‍ നിന്നോ അച്ഛനില്‍ നിന്നോ വേര്‍പെട്ടുപോയ ഒരു കുഞ്ഞ്!
കെവിന്‍ കുട്ടിയുടെ അടുത്തേക്ക് നീങ്ങി. പെട്ടെന്നാണ് ഒരു കഴുകന്‍ കുട്ടിയുടെ സമീപത്തേക്ക് പറന്നിറങ്ങിയത്. ഒരു ഫോട്ടോഗ്രാഫറുടെ ജീവിതത്തിലെ സന്ദിഗ്ധ നിമിഷം. വിശപ്പിന്റേയും മരണത്തിന്റെയും രണ്ടു പ്രതീകങ്ങള്‍ക്കിടയില്‍ അയാള്‍!
ഇരയുടെ പിടച്ചില്‍ അവസാനിക്കാനായി ഉറ്റുനോക്കുന്ന കഴുകന്‍. ജീവന്‍ നിലനിര്‍ത്താനായി ഞരങ്ങുന്ന കുട്ടി. കഴുകന്‍ ചിറകു വിടര്‍ത്തുന്നതിനായി, അതിനെ അലോസരപ്പെടുത്താതെ കെവിന്‍ കാത്തുനിന്നു. നിമിഷങ്ങള്‍ ഇഴയുന്നു. ഒന്നും സംഭവിക്കുന്നില്ല. വിശപ്പും മരണവും കൂട്ടിമുട്ടുന്നില്ല. 20 മിനിറ്റുകള്‍. അക്ഷമനായ അയാള്‍ പ്രതീക്ഷിച്ച ക്ലൈമാക്‌സിനുവേണ്ടി കാത്തുനില്‍ക്കാതെ ആ ദൃശ്യം പകര്‍ത്തി. ശേഷം കഴുകനെ ആട്ടിപ്പായിച്ച ശേഷം നടന്നകന്നു.
കെവിനെ എത്തിച്ച വിമാനം കാത്തുകിടന്നിരുന്നു. ഒപ്പം വന്ന സുഹൃത്തിനായി തെല്ലുനേരം അയാള്‍ക്ക് കാത്തുനില്‍ക്കേണ്ടതായും വന്നു. അപ്പോള്‍ മുമ്പുകണ്ട ദൃശ്യം ഒരു ചാട്ടുളി പോലെ അയാളുടെ ഉള്ളില്‍ തുളച്ചുകയറി. ആ കുട്ടി, കഴുകന്‍, കുട്ടിക്ക് എന്തു സംഭവിച്ചിരിക്കാം? ഏതെങ്കിലും അഭയ കേന്ദ്രത്തിലെത്തിച്ച് തനിക്കാ കുട്ടിയെ രക്ഷിക്കാമായിരുന്നില്ലേ? അപ്പോഴേക്കും കൂട്ടുകാരന്‍ എത്തി. ഇരുവരും വിമാനത്തിലേക്ക് ഓടിക്കയറി.
കെവിന്‍ ചിത്രം ‘ന്യൂയോര്‍ക്ക് ടൈംസി’ന് നല്‍കി. ടൈംസ് അത് വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ലോകമെമ്പാടുമുള്ള പത്രങ്ങളില്‍ ചിത്രം പുനഃപ്രസിദ്ധീകരിക്കപ്പെട്ടു. വായനക്കാര്‍ വലിയ നൊമ്പരത്തോടെയാണ് ആ ചിത്രം കണ്ടത്. ആ കുഞ്ഞിന് എന്തു സംഭവിച്ചുവെന്നാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. ടൈംസിന്റെ ഓഫീസിലേക്ക് നിരന്തര ഫോണ്‍ വിളികളും കത്തുകളും എത്തി. ഒടുവില്‍ പത്രത്തിന് ഇപ്രകാരം ഒരു കുറിപ്പ് പ്രസിദ്ധപ്പെടുത്തേണ്ടിവന്നു: ”കഴുകനില്‍ നിന്ന് രക്ഷപ്പെടാനുള്ള ആരോഗ്യം ആ കുട്ടിക്കുണ്ടായിരുന്നു. പക്ഷെ കുട്ടിക്ക് എന്തു സംഭവിച്ചുവെന്ന് അറിയില്ല”.
സുഡാനിലെ ദാരിദ്ര്യത്തിന്റെ ഭയാനകത മുഴുവന്‍ ആ ഒറ്റച്ചിത്രത്തിലൂടെ ലോകമനസ്സാക്ഷിക്ക് മുന്നില്‍ എത്തിക്കാന്‍ ആ ചിത്രത്തിന് കഴിഞ്ഞു. കുട്ടിയെ രക്ഷിക്കാന്‍ തുനിയാത്ത ഫോട്ടോഗ്രാഫറുടെ മനുഷ്യത്വമില്ലായ്‌മയ്‌ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളും ഒപ്പം ഉയര്‍ന്നു. ഫോട്ടോയില്‍ രണ്ടാമതൊരു അദൃശ്യനായ കഴുകന്‍ കൂടിയുണ്ടായിരുന്നുവെന്നും അത് ആ ഫോട്ടോഗ്രാഫര്‍ തന്നെയായിരുന്നുവെന്നും ചിലര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
ചിത്രത്തിലൂടെ നേടിയ അന്താരാഷ്‌ട്ര പ്രശസ്തിക്കപ്പുറം ആ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കാത്തതിന്റെ വേദനയും വിമര്‍ശനങ്ങളും വലിയൊരു സങ്കടക്കടലായി കെവിന്റെ നെഞ്ചില്‍ ഇരമ്പി. കുറ്റബോധവും ആത്മനിന്ദയും അയാളെ വിഷാദ രോഗത്തിലേക്ക് തള്ളിവിട്ടു. 1994ല്‍ ആ ചിത്രം പ്രശസ്തമായ പുലിറ്റ്‌സര്‍ സമ്മാനത്തിനര്‍ഹമായി. പുരസ്‌കാരലബ്ധിയൊന്നും ആ ഫോട്ടോഗ്രാഫറുടെ വേദനകള്‍ ശമിപ്പിച്ചില്ല. 1994 ജൂലൈ 27ന് മരണത്തെ സ്വയം വരിച്ച് പശ്ചാത്താപത്തിന്റെ ആഴക്കടല്‍ അയാള്‍ മെല്ലെ നീന്തിക്കടന്നുപോയി.
കെവിന്റെ വിശ്രുതമായ ഫോട്ടോയിലെ കഴുകന്‍ ഇന്നും ലോകത്ത് പലയിടത്തും ചിറകടിച്ചുയരുന്നു. ഇല്ലായ്‌മകളുടെ ഇരകളെ ചുണ്ടില്‍ കോര്‍ത്തു വലിക്കാന്‍ അവനിതാ പറന്നുവരുന്നു. ഒരിടത്ത് സമൃദ്ധി, മറുഭാഗത്ത് ഇല്ലായ്‌മ. ഭൂമിയുടെ പലഭാഗങ്ങളിലും കഴുകനും ഇരകളും മുഖാമുഖം നില്‍ക്കുന്നു. കഴുകനു ചുറ്റും സമൃദ്ധിയുടേയും സമ്പന്നതയുടെയും വലിയ പ്രഭാവലയം കാണാം. ഇല്ലായ്‌മകളുടെ ചുമടുകളുമായി ഇരകള്‍ നിലത്ത് ഇഴയുന്നു. ഇടയിലേക്കിതാ ഒരു ഫോട്ടോഗ്രാഫര്‍. അയാള്‍ പകര്‍ത്തിയ ചിത്രം കുന്തമുന പോലെ ക്യാമറക്കണ്ണുകള്‍ തുളച്ച് പുറത്തേയ്‌ക്ക്…!
വി. രാധാകൃഷ്ണന്‍
ഒക്ടോബർ 16 ലോക ഭക്ഷ്യദിനം
1945 ഒക്‌ടോബര്‍ 16നാണ് യുഎന്‍ ഏജന്‍സിയായ ഭക്ഷ്യ-കാര്‍ഷിക സംഘടന (എഅഛ) രൂപംകൊണ്ടത്. ഇതിന്റെ സ്മരണാര്‍ത്ഥം എല്ലാവര്‍ഷവും ഒക്‌ടോബര്‍ 16 ലോക ഭക്ഷ്യദിനമായി ആചരിക്കുന്നു. ലോകത്താകമാനം ഏകദേശം 840 ദശലക്ഷം ജനങ്ങള്‍ പട്ടിണി അനുഭവിക്കുന്നു.
അതേസമയം വലിയൊരു ഭാഗം ആള്‍ക്കാര്‍ സമ്പന്നതയിലും കഴിയുന്നു. ദാരിദ്ര്യം, വിശപ്പ് എന്നീ കെടുതികളിലേക്കു മാനവ സമൂഹത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ഭക്ഷ്യദിനത്തിന്റെ ഉദ്ദേശ്യം. പട്ടിണിമൂലമുണ്ടാകുന്ന അനാരോഗ്യാവസ്ഥയ്‌ക്കെതിരെ അണിനിരക്കുന്നതിനുള്ള അന്തരാഷ്‌ട്ര കൂട്ടായ്‌മ ശക്തിപ്പെടുത്തുന്നതിനും ഈ ദിനം ലക്ഷ്യംവയ്‌ക്കുന്നു. 1979ല്‍ നടന്ന എഅഛയുടെ പൊതുസമ്മേളനമാണു ദിനാചരണത്തിനുള്ള തീരുമാനമെടുത്തത്. 1981 മുതല്‍ ഭക്ഷ്യ ദിനാചരണം നടന്നുവരുന്നു.
2018ലെ ഭക്ഷ്യദിന സന്ദേശം ഇതാണ്: “Our Actions Are Our Future A Zero Hunger World By 2030 is Possible’. നമ്മുടെ പ്രവൃത്തികളാണ് നമ്മുടെ ഭാവി നിശ്ചയിക്കുന്നത്. 2030 ഓടെ ഒരു വിശപ്പുരഹിത ലോകം സാധ്യമാണ്’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: