ശ്രീകൃഷ്ണപുരം: കുട്ടിമാഷിന് കഥയെന്നാല്‍ ജീവനാണ്, ജീവന്റെ താളമാണ്… ഈണമാണ്… കുട്ടിമാഷിന്റെ കഥകേള്‍ക്കാനെത്തുന്ന കുട്ടികള്‍ക്കും അങ്ങനെതന്നെ. ഇതറിയണമെങ്കില്‍ കോങ്ങാട്, തോട്ടശ്ശേരി, കുണ്ടുവം പാടത്തെ കുട്ടിമാഷിന്റെ വീടിനുമുകളില്‍ പ്രവര്‍ത്തിക്കുന്ന തൂലിക എന്ന ലൈബ്രറിയിലേക്ക് വരണം.
കെ.എന്‍.കുട്ടി കടമ്പഴിപ്പുറം സാഹിത്യരംഗത്ത് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത് ബാലസാഹിത്യകാരനെന്ന നിലയ്‌ക്കാണ്. എന്നാല്‍ നാട്ടുകാര്‍ക്കും നാട്ടിലെ കുട്ടികള്‍ക്കും അദ്ദേഹം കഥ പറഞ്ഞുകൊടുക്കുന്ന കുട്ടിമാഷ് തന്നെ.അതവര്‍ വെറുതെ ചാര്‍ത്തിക്കൊടുത്ത പേരല്ല, കേരളത്തിലെ പേരുകേട്ട പുസ്തക പ്രസ്ഥാനങ്ങള്‍ക്കൊന്നും കഴിയാത്ത കാര്യം മാഷ് ചെയ്തുകാണിച്ചപ്പോള്‍ നല്‍കിയ ആദരവാണത്. 2016ല്‍ തന്റെ വീടിനുമുകളില്‍ സ്വന്തമായി ലൈബ്രറി ഒരുക്കിയാണ് മാഷ് കുട്ടികളെ വായനയുടെ ലോകത്തേക്ക് ആകര്‍ഷിച്ചത്. ഈ കുട്ടിക്കൂട്ടുകാരുടെ എണ്ണമിപ്പോള്‍ 60 കടന്നിട്ടുണ്ട്.
കടമ്പഴിപ്പുറം ഗവ.യുപി സ്‌കൂളിലെ ഹിന്ദി അധ്യാപകനായ കെ.നാരായണന്‍ കുട്ടി എന്ന കെ.എന്‍.കുട്ടി കടമ്പഴിപ്പുറം 33 പുസ്തകങ്ങളുടെ രചയിതാവാണ്. ഒന്നൊഴികെ എല്ലാം കുട്ടികള്‍ക്കുള്ള ആഖ്യാന കഥകള്‍. കെ.എന്‍.കുട്ടി ക്ലാസ്സില്‍ കയറിയാല്‍ ആദ്യം പറയുന്നതും കഥതന്നെ. മാഷ് എടുക്കുന്ന ഓരോ പാഠവും ഓരോ കഥകളാണ്. പഠനവിഷയങ്ങള്‍ ഇത്തിരി പൊടിപ്പും തൊങ്ങലും വച്ച് അവതരിപ്പിച്ചാല്‍ ക്ലാസ് മുറികള്‍ താളാത്മകമാകുമെന്നാണ് ഈ അധ്യാപകന്റെ അനുഭവം.
അവനവനിലേക്ക്ഉണരുന്ന കഥകള്‍
കുട്ടിയുടെ കഥകളിലധികവും പുനരാഖ്യാനങ്ങളാണ്. നാടോടിക്കഥകളും മുത്തശ്ശിക്കഥകളും മുതല്‍ പരിസ്ഥിതി ശാസ്ത്രകഥവരെ അക്കൂട്ടത്തിലുണ്ട്. ഉത്തരേന്ത്യയിലേയും ചൈനയിലേയും റഷ്യയിലേയും കഥകള്‍ പറയുമ്പോഴും കഥാകാരന്റെ മനസ്സ് കടമ്പഴിപ്പുറത്തുതന്നെയാണെന്ന് കഥകള്‍ വായിക്കുമ്പോള്‍ മനസ്സിലാകും. സ്വത്വബോധത്തെക്കുറിച്ച് അവ നിരന്തരം ഓര്‍മ്മപ്പെടുത്തുന്നു. ലാളിത്യവും നന്മയും നിറഞ്ഞതാണ് ആഖ്യാന ശൈലി. കുട്ടികളെ സംബന്ധിച്ച് അത് അറിവും വായനാനുഭവവും നല്‍കുന്നതാണ്. അതുകൊണ്ടാണ് സര്‍വ്വ ശിക്ഷാ അഭിയാന്‍ 2007ല്‍ കെ.എന്‍.കുട്ടിയുടെ ആറ് പുസ്തകങ്ങള്‍ അധികവായനയ്‌ക്ക് തെരഞ്ഞെടുത്തത്.
ഗ്രന്ഥശാലാ പ്രസ്ഥാനത്തിനു കീഴില്‍ രൂപീകരിച്ച ബാലവേദിയിലെ 40കുട്ടികള്‍ വായനശാലയിലെ സ്ഥിരം സന്ദര്‍ശകരാണ്. ഇവര്‍ക്കുപുറമെ പലസ്ഥലങ്ങളില്‍ നിന്നും കുട്ടികള്‍ കഥകേള്‍ക്കാനായി മാഷിന്റെ വീട്ടിലെത്താറുണ്ട്. മാഷിന്റെ ശേഖരത്തിലെ അഞ്ഞൂറിലധികം പുസ്തകങ്ങള്‍ നാലായിരത്തിലധികം തവണ വായിക്കപ്പെട്ടു. പുസ്തകം തേടി മൂന്നാം ക്ലാസ്സുകാരി ശിവാലി മുതല്‍ ബിബിഎ വിദ്യാര്‍ത്ഥിനി ദൃശ്യവരെയുള്ളവര്‍ തൂലികയിലെത്തുമ്പോള്‍ അവിടെ ലൈബ്രേറിയന്റെ റോളില്‍ മാഷിന്റെ ഭാര്യ രാജി കാത്തിരിപ്പുണ്ടാകും. പുല്ലുണ്ടശ്ശേരി എഎല്‍പി സ്‌കൂളിലെ അധ്യാപികയാണവര്‍. മക്കള്‍ ഐശ്വര്യയും ആര്യയും ഇതോടൊപ്പം ചേരുന്നതോടെ കുട്ടികള്‍ക്കുമുന്നില്‍ കഥയുടെ ലോകം തുറക്കുകയായി.
അച്ഛന്‍ തുറന്ന കഥയുടെ ചെപ്പ്
ചെണ്ടകലാകാരനായ കുണ്ടുവമ്പാടം അയ്യപ്പന്‍ തന്റെ കൂരയിലെ ചാണകം മെഴുകിയ തറയില്‍ പുല്‍പ്പായ വിരിച്ചുകിടത്തി കുട്ടിക്ക് പറഞ്ഞുകൊടുത്തത് മുഴുവന്‍ കഥകളായിരുന്നു. കമ്പരാമായണം മുതല്‍ അടിച്ചമര്‍ത്തപ്പെട്ട ദളിതന്റെ ആത്മരോഷത്തിന്റെ കഥകള്‍ വരെ അതിലുണ്ടായിരുന്നു. അച്ഛന്‍ തുറന്നുവച്ച കഥകളുടെ ആ ചെപ്പാണ് കെ.എന്‍.കുട്ടി എന്ന ബാലസാഹിത്യകാരന് വഴിവിളക്കായത്. മകന് ഉറക്കെ പത്രം വായിച്ചുകൊടുക്കാന്‍ അയ്യപ്പന്‍ എപ്പോഴും ശ്രമിച്ചിരുന്നു. ആദ്യമായി സര്‍ക്കാര്‍ ജോലികിട്ടി വയനാടന്‍ ചുരം കയറിയതും ഈ കഥകളുടെ ബലത്തില്‍ത്തന്നെ. കാരച്ചാല്‍ ഗവ.യുപി സ്‌കൂളില്‍നിന്ന് തുടങ്ങിയ കഥപറച്ചില്‍ കഥയെഴുത്തായി വികസിച്ചതും ഇവിടെവച്ചാണെന്ന് കെ.എന്‍.കുട്ടി പറയുന്നു. അന്തരിച്ച ദളിത് സാഹിത്യകാരന്‍ ടി.സി.ജോണിന്റെ പ്രചോദനമാണ് എഴുത്തിന് കരുത്തേകിയത്. എന്നാല്‍ ദളിത് എഴുത്തുകാര്‍ക്കിടയില്‍ ബാലസാഹിത്യ രംഗത്തെ ഇത്രയും പ്രശോഭിച്ച എഴുത്തുകാരനായി കുട്ടി മാറിയത് സ്വന്തം പ്രയത്നം കൊണ്ടാണെന്ന് പറയാതെ വയ്യ.
വായനക്കാരെ തേടി…
കുട്ടികള്‍ക്കിടയില്‍ മാത്രമല്ല വായനയെ ഇഷ്ടപ്പെടുന്ന മുതിര്‍ന്നവര്‍ക്കിടയിലും കെ.എന്‍.കുട്ടി പ്രിയങ്കരനാണ്. പുസ്തകം ആവശ്യമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് വീട്ടിലെത്തിച്ചുകൊടുക്കുന്ന രീതിയും ഈ അധ്യാപകനുണ്ട്. വായിച്ചു തീരുമ്പോള്‍ അത് തിരിച്ചെടുത്ത് മറ്റൊരെണ്ണം നല്‍കും. സ്ത്രീകള്‍ക്കിടയില്‍ പുസ്തകം പ്രചരിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ശ്രമം. നവോദയ കുടുംബശ്രീ യൂണിറ്റിലെ 38 സ്ത്രീകള്‍ക്കാണിപ്പോള്‍ പുസ്തകം നല്‍കിയിട്ടുള്ളത്. കുടുംബങ്ങളില്‍ വായനാശീലം വളര്‍ത്തുന്നതില്‍ കുടുംബശ്രീക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
ബാലസാഹിത്യരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് അധ്യാപക കലാസാഹിത്യ സമിതി 2005ല്‍ ബാലസാഹിത്യ പുരസ്‌കാരം നല്‍കി ആദരിച്ചു. 2006ല്‍ ഡോ.അംബേദ്ക്കര്‍ നാഷണല്‍ ഫെല്ലോഷിപ്പ് അദ്ദേഹത്തിന് ലഭിച്ചു. 2015ല്‍ ഓള്‍ ഇന്ത്യ ടീച്ചേഴ്സ് ഫെഡറേഷന്റെ ഗുരുശ്രേഷ്ഠ അവാര്‍ഡ് ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാര നിര്‍ണയിക്കുന്നതിനുള്ള പ്രിലിമിനറി കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സി ഉണ്ണികൃഷ്ണൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക: