പലരും കാത്തിരുന്ന ഊഴമായിരുന്നു അത്. വായനക്കാര്‍. പ്രേക്ഷകര്‍. മലയാള സിനിമാലോകം മുഴുവനും. ഇപ്പോഴത് മറ്റാരുടേയോ ഊഴമായിരിക്കാം എന്ന അനിശ്ചിതാവസ്ഥയില്‍. പറഞ്ഞുവരുന്നത് എം.ടി. വാസുദേവന്‍നായരുടെ പ്രശസ്ത നോവല്‍ രണ്ടാമൂഴം ഇപ്പോള്‍ സിനിമ ആകില്ലെന്ന വാര്‍ത്തയെക്കുറിച്ചാണ്. നാളുകളായി ഇന്ത്യയിലെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രമായിരിക്കും ആയിരം കോടി മുതല്‍ മുടക്കുന്ന രണ്ടാമൂഴമെന്ന വന്‍ വാര്‍ത്തയാണ് എംടി കോടതിയില്‍പ്പോയി വിലക്കുവാങ്ങിയതോടെ സ്തംഭിച്ചിരിക്കുന്നത്.
നാല് വര്‍ഷത്തിനിടെ സിനിമ ഇറക്കും എന്നുള്ള സംവിധായകന് ശ്രീകുമാര്‍ മേനോന്റെ കരാര്‍ ലംഘനം ഉണ്ടായതിനെ തുടര്‍ന്നാണ് എംടി കോടതിയില്‍പ്പോയത്. ഇതോടെ സിനിമാ ലോകത്ത് നിലനിന്നിരുന്ന ഏറ്റവും വലിയ വിശേഷങ്ങളുടെ തിരക്കഥയിലെ സസ്പെന്‍സാണ് പൊളിഞ്ഞിരിക്കുന്നത്.
മോഹന്‍ലാല്‍ ഭീമനായി വ്യവസായിയായ ഷെട്ടിയുടെ നിര്‍മാണത്തില്‍ പരസ്യസംവിധായകനായ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന സിനിമ രണ്ടാമൂഴം ഉടനെ തുടങ്ങുമെന്ന് പലവട്ടം വാര്‍ത്തയായിരുന്നു. ഇതിനിടയിലാണ് നടന് ദിലീപുമായി ശ്രീകുമാര്‍ മേനോന് പ്രശ്നത്തിലായതും മോഹന്‍ലാലിനെവെച്ച് അദ്ദേഹം ഒടിയനെടുത്തതും. വിവാദങ്ങളുടെ വേലിയേറ്റത്തിനിടയിലാണ് ശ്രീകുമാര്‍ മേനോന്റെ പരസ്യക്കമ്പനിപൊളിഞ്ഞതും. ഇതിനിടയില്‍ രണ്ടാമൂഴത്തിന്റെതായി ഒന്നും തന്നെ സംവിധായകന് മുന്നോട്ടു നീക്കാനായില്ല. ഇതാണ് ഇപ്പോള്‍ എംടി എടുത്തുപറഞ്ഞതും തിരക്കഥ തിരികെ വാങ്ങാന്‍ കോടതിയില്പ്പോയതും.
ഭീമന് എന്ന രണ്ടാം ഊഴക്കാരനായ ഇതിഹായ കഥാപാത്രത്തെ നായകനാക്കി എംടി രചിച്ച നോവല്‍ രണ്ടാമൂഴം വായനയില്‍ റെക്കോഡിട്ട കൃതിയാണ്. നോവല്‍ സിനിമയാകുമെന്ന് വാര്‍ത്തയായപ്പോള്‍ ഭീമനാരായിരിക്കുമെന്നായിരുന്നു അടുത്ത ചര്‍ച്ച. പലപേരുകളും പറഞ്ഞുകേട്ടെങ്കിലും അതിലെ മുന്പേര് മോഹന്ലാലിന്റെയായിരുന്നു. ലാലുതന്നെയായിരിക്കും ഭീമനെന്നും ഉറപ്പിക്കപ്പെട്ടു. എന്നാല്‍ ഈ ഉറപ്പൊന്നും പിന്നീടുള്ള പ്രവര്‍ത്തനത്തില്‍ കണ്ടില്ല. പിന്നീട് സന്ദേഹങ്ങളുടെ കുത്തൊഴുക്കാണ് ഇതുമായി ബന്ധപ്പെട്ടുണ്ടായത്. എംടിയും മോഹന്‍ലാലും ഉള്പ്പെടെയുള്ളവര്ക്കുമുണ്ടായിരുന്നു ഈ സന്ദേഹം. അതിന്റെ പരിണതിയാണിപ്പോള്‍ കോടതി വിലക്കിന്റെ രൂപത്തില്‍ വന്നിരിക്കുന്നത്.
അല്ലെങ്കിലും ആയിരം കോടി എന്നുകേട്ടപ്പോള്‍ ഒരുമാതിരിപ്പെട്ടവരൊക്കെ സംശയിച്ചതാണ്. ആയിരം സിനിമാ തിയറ്റര്‍ പോലുമില്ല കേരളത്തില്‍. അതില്‍തന്നെ പലതും പൂട്ടി. പ്രളയശേഷം പിന്നേയും തിയറ്റര്‍ പ്രശ്നം. ബ്രഹ്മാണ്ഡ ചിത്രമെന്നപേരില്‍ ഇറങ്ങിയ രണ്ടാം ബാഹുബലിക്ക് മുന്നൂറുകോടിയില്‍ താഴെ ആയുള്ളൂ. അതിലും വലിയ സാങ്കേതികത്തികവും മറ്റും ഉണ്ടാകാം. എന്നാലും ആയിരം കോടി! അത് സംശയങ്ങളുടെ പെരുമഴതന്നെയാണ് സിനിമാക്കാരില്പ്പോലും സൃഷ്ടിച്ചത്. ഇതിനുപിന്നില്‍ എന്തോ നിഗൂഢത ഉണ്ടെന്ന് അന്നേ സംശയിച്ചവരാണ് അധികവും.
രണ്ടാമൂഴം ഹരിഹരന് സംവിധാനം ചെയ്യുന്നുവെന്നാണ് ആദ്യം കേട്ടത്. പഴശിരാജയ്ക്കു ശേഷമായിരുന്നു ഈ വാര്‍ത്ത. എംടിയുടെ തിരക്കഥയില്‍ ഹരിഹരന്റെ സംവിധാനമായിരുന്നു പഴശിരാജ. ഹരിഹരനും ഐവി ശശിയുമാണ് എംടിയുടെ തിരക്കഥ കൂടുതലും സംവിധാനം ചെയ്തിട്ടുള്ളത്. ഇനി രണ്ടാമൂഴം ഒരു പക്ഷേ ഹരിഹരനാകാം. സിനിമയല്ലേ, ഇനി ശേഷം സ്ക്രീനില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: