
കൊച്ചി: തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് സുപ്രീം കോടതി നിരോധിച്ചപ്പോള്‍ സിപിഎം പറഞ്ഞത് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി നിരോധനം മറികടക്കണമെന്ന്. ശബരമലയില്‍ കോടതി ഉത്തരവ് വന്നപ്പോള്‍ നടപ്പാക്കാന്‍ ധൃതിപിടിത്തവും. കമ്യൂണിസ്റ്റ് പാര്‍ട്ടി ഇരുനൂറിലേറെ തവണ പിളര്‍ന്ന് ചെറുപാര്‍ട്ടികളായതിലൊന്നാണ് സിപിഐ (എം). ആ സിപിഎം കേരളവും തമിഴ്നാടുമായി പിരിഞ്ഞതിന് തെളിവാണ് ഈ നിലപാടുകളെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനവും വന്നുകഴിഞ്ഞു.
തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് എന്ന കാളകളിയുല്‍സവം ആ നാട്ടിലെ പതിറ്റാണ്ടു പഴക്കമുള്ള ആചാരമാണ്. ജനങ്ങള്‍ അനുഷ്ഠിച്ചും വരുന്നു. ഇത് മൃഗങ്ങളോടുള്ള ക്രൂരതയാണെന്ന വാദം ഉയര്‍ത്തി കോടതിയിലെത്തിയ ഹര്‍ജി പരിഗണിച്ച് സുപ്രീം കോടതി നിരോധിച്ചു. വിവാദമായപ്പോള്‍ 2017 ജനുവരി 11 ന് ചേര്‍ന്ന തമിഴ്നാട് സംസ്ഥാന സിപിഎം സമിതി പ്രമേയത്തിലൂടെയാണ് സുപ്രീംകോടതിവിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് പാസാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചത്. എന്നാല്‍ സംസ്ഥാന വിഷയമായതിനാല്‍ നിയമപരമായി സാധ്യതയില്ലെന്ന് കേന്ദ്രം നിലപാടെടുക്കുകയായിരുന്നു.
അന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് പങ്കെടുത്ത സംസ്ഥാന സമിതിയാണ് തീരുമാനമെടുത്തത്. എന്നാല്‍, ശബരിമല വിധി വന്നപ്പോള്‍ കേരളത്തിലെ സിപിഎം സര്‍ക്കാര്‍ വിധി നടപ്പാക്കാന്‍ ധൃതിപിടിക്കുകയായിരുന്നു. പാര്‍ട്ടിക്ക് തമിഴ്നാട്ടില്‍ ഒരു നിലപാട്, കേരളത്തില്‍ മറ്റൊന്ന് എന്ന ‘ഇരട്ടച്ചങ്ക്’ വെളിപ്പെടുന്നുവെന്നാണ് പരക്കെ വിമര്‍ശനം.