സംസ്ഥാനത്ത് സാമൂഹ്യാന്തരീക്ഷം കലുഷിതമാക്കാന്‍ സിപിഎം ആസൂത്രിത ശ്രമം നടത്തുകയാണോ? തിരുവനന്തപുരം ജില്ലയിലെ ധനുവച്ചപുരത്തും ആറ്റിങ്ങലിലും കോഴിക്കോട് ജില്ലയിലെ കോളേജുകളിലും നടക്കുന്ന സംഭവങ്ങള്‍ ഈ സംശയമാണ് ഉയര്‍ത്തുന്നത്. ഭരണം ലഭിച്ച് രണ്ടരവര്‍ഷം തികഞ്ഞിട്ടും വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ കഴിഞ്ഞില്ല. എല്ലാം ശരിയാക്കുമെന്ന് വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളെ ശരിയാക്കിക്കൊണ്ടിരിക്കുന്നു. വടക്കേ ഇന്ത്യയിലെവിടെയെങ്കിലും ആരെങ്കിലും പാമ്പുകടിച്ച് മരണപ്പെട്ടാല്‍പ്പോലും നരേന്ദ്രമോദിയുടെ രാജി ആവശ്യപ്പെടുന്ന സ്വഭാവമാണ് കമ്മ്യൂണിസ്റ്റുകാര്‍ക്ക്. കേരളത്തില്‍ വയനാട്ടിലെ ഒന്‍പത് പേര് സര്‍ക്കാരിന്റെ നെറികേട് മൂലം ആത്മഹത്യ ചെയ്തിരിക്കുന്നു. 4 കര്‍ഷകര്‍ കടംകേറിയാണ് ആത്മഹത്യ ചെയ്തത്. ഒരു വിശദീകരണം നല്കാന് പോലും സര്‍ക്കാര്‍ തുനിഞ്ഞിട്ടില്ല. അഞ്ചുവര്‍ഷം വിലക്കയറ്റം ഉണ്ടാകില്ലെന്ന് ഉറപ്പുനല്‍കിയ സര്‍ക്കാരിന് റേഷന്‍ സാധനങ്ങള്‍പോലും പരാതിയില്ലാതെ നല്കാന് കഴിഞ്ഞിട്ടില്ല.
സിപിഎമ്മിന്റെ നിഗൂഢ അജണ്ടയുടെ ഭാഗമായാണ് ശബരിമല പ്രശ്നം ഉണ്ടാക്കിയത്. സിപിഎം കുടുംബത്തിലേതടക്കം സ്ത്രീകള്‍ പ്രക്ഷോഭത്തിലാണ്. ശബരിമലയില്‍ പ്രായം നോക്കാതെ ദര്‍ശനത്തിനെത്തണമെന്ന് വിശ്വാസികളായ ഒരു സ്ത്രീയും ആഗ്രഹിക്കുന്നില്ല. സ്ത്രീകള്‍ നിരസിക്കുന്ന ആവശ്യം നടപ്പാക്കാനുള്ള തിടുക്കം സംസ്ഥാനത്തെ ആശങ്കയിലാക്കിയിരിക്കുന്നു. കുടത്തില്‍ നിന്നും സര്‍ക്കാര്‍ ഭൂതത്തിനെ തുറന്നുവിട്ട സ്ഥിതിയിലാക്കി ശബരിമല പ്രശ്നം. അഴിമതിക്കെതിരെ വലിയ വായില്‍ വര്‍ത്തമാനം പറഞ്ഞ മന്ത്രിമാര്‍ അഴിമതിക്കുരുക്കിലാണ്. മദ്യനിര്മ്മാണശാലകളനുവദിക്കാനുള്ള തീരുമാനത്തില്‍ വലിയ കൊള്ളയാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞിരിക്കുന്നു. മുന്നണിയിലോ മന്ത്രിസഭയിലോ ചര്‍ച്ച ചെയ്യാതെ എടുത്ത തീരുമാനത്തില്‍ അഭിപ്രായം പറയുന്നത് എക്സൈസ് മന്ത്രി മാത്രമായിരിക്കുന്നു. അതാകട്ടെ ഇടക്കിടെ മാറ്റിപ്പറയേണ്ടിയും വരുന്നു. മുഖ്യമന്ത്രിയാകട്ടെ സര്പ്പക്കാവില് കയറി കാര്ക്കിച്ചതുപോലെ തുപ്പാനും വയ്യ ഇറക്കാനും വയ്യ എന്ന സ്ഥിതിയിലുമായി. ഇതില്‍ നിന്നെല്ലാ ശ്രദ്ധയും തിരിക്കാന്‍ സംസ്ഥാനത്ത് സംഘര്‍ഷം സൃഷ്ടിക്കാനാണ് സിപിഎം ശ്രമം. ധനുവച്ചപുരം കോളേജില്‍ സിപിഎമ്മും കോളേജിലെ ചില അദ്ധ്യാപകരും പുറത്തു നിന്നുള്ള ഗുണ്ടകളെ ഉപയോഗിച്ചാണ് സംഘര്‍ഷം സൃഷ്ടിക്കുന്നത്. എബിവിപി പ്രവര്‍ത്തനം തടയുകയാണ് ലക്ഷ്യം. സിപിഎമ്മിന്റെ കള്ളപ്പരാതിയെത്തുടര്‍ന്ന് 76 വിദ്യാര്‍ത്ഥികളെ സസ്പെന്റ് ചെയ്തിരിക്കുന്നു.
നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കലാലയത്തില്‍ ചില മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകര്‍ നുഴഞ്ഞ് കയറി നടത്തുന്ന അന്തഃഛിദ്രം കോളേജില്‍ മാത്രമല്ല, പ്രദേശത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. പോലീസിനെ ഉപയോഗിച്ച് കോളേജിന്റെ നിയന്ത്രണം കൈയടക്കാനുള്ള സിപിഎമ്മിന്റെ ശ്രമമാണ് പ്രദേശത്ത് സംഘര്‍ഷാന്തരീക്ഷത്തിന് പ്രധാന കാരണം. കോളേജിലെ ഇടത് അനുകൂലികളായ ഏതാനും അദ്ധ്യാപകരെ കൂട്ടുപിടിച്ച് പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥികളാണ് പോലീസ് സംരക്ഷണയില്‍ കോളേജിനുള്ളില്‍ കലാപമുണ്ടാക്കുന്നത്. ഇതിനെതിരെ സമാധാനപരമായി സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പോലീസ് കോളേജിനുള്ളില്‍ കയറി തല്ലിച്ചതച്ചു. സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ മാത്രം അക്രമം അഴിച്ചുവിടുന്ന പോലീസ്, സംഘര്‍ഷം സൃഷ്ടിക്കുന്ന എസ്എഫ്ഐക്കാര്‍ക്ക് സംരക്ഷണം നല്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കോളേജ് പ്രിന്‍സിപ്പല്‍ സ്വീകരിച്ച തെറ്റായ നിലപാടുകളാണ് സംഘര്‍ഷാന്തരീക്ഷത്തിന് മുഖ്യകാരണമായത്.
ആറ്റിങ്ങല്‍ നഗരസഭയെ ഉപയോഗിച്ച് കൊട്ടിയോട് ഭജനമഠം അയ്യപ്പക്ഷേത്രം കഴിഞ്ഞ ദിവസം പുലര്‍ച്ചെ പൊളിച്ചുമാറ്റി. ഇതു തടഞ്ഞ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാട്ടുകാരെ പോലീസ് അറസ്റ്റ് ചെയ്തു. കൈക്കുഞ്ഞുങ്ങളേയും സ്ത്രീകളേയും മര്‍ദ്ദിച്ചും വലിച്ചിഴച്ചുമാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. എന്നാല്‍ സ്റ്റേഷനില്‍ നിന്നിറങ്ങിയ നാട്ടുകാരും ഹൈന്ദവ സംഘടനകളും ചേര്‍ന്ന് പകല്‍ വെളിച്ചത്തില്‍ ക്ഷേത്രം പുനര്‍നിര്‍മ്മിച്ച് പ്രതിഷ്ഠ നടത്തി ആരാധന നടത്തുകയും ചെയ്തു. കോടതിയില്‍ കേസ്സ് നടക്കവേയാണ് ക്ഷേത്രം തകര്‍ത്തത്. സ്വകാര്യ വ്യക്തിയുടെ വസ്തുവിലാണ് ക്ഷേത്രം നിലനിന്നിരുന്നത്. എന്നാല്‍ പുറമ്പോക്ക് എന്നാരോപിച്ചാണ് ക്ഷേത്രം തകര്‍ത്തത്. ഈ വാര്‍ഡിലേയും സമീപ വാര്‍ഡിലേയും സിപിഎം കൗണ്‍സിലര്‍മാരാണ് ക്ഷേത്രം തകര്‍ക്കലിന് ചുക്കാന്‍ പിടിച്ചത്. നാല്പതിലേറെ വര്‍ഷത്തെ പഴക്കമുള്ള കൊട്ടിയോട് അയ്യപ്പക്ഷേത്രം അധികൃതര്‍ തകര്‍ത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പുനര്‍നിര്‍മ്മിച്ച ക്ഷേത്രവും പുന:പ്രതിഷ്ഠ നടത്തിയ വിഗ്രഹവും വീണ്ടും തകര്‍ത്തു. രാവിലെ ആയിരത്തിലേറെ പോലീസ് സംഘങ്ങള്‍ നഗരത്തില്‍ ഭീകരത സൃഷ്ടിച്ചശേഷമാണ് ക്ഷേത്രം തകര്‍ത്ത് പ്രതിഷ്ഠ എടുത്തുകൊണ്ടുപോയത്. ഇതൊന്നും യാദൃശ്ചിക സംഭവമല്ല, ആസൂത്രിതമായി കലാപമുണ്ടാക്കാനുള്ള ശ്രമമാണ്. സിപിഎം യഥാര്‍ത്ഥത്തില്‍ തീക്കൊള്ളികൊണ്ടാണ് തലചൊറിയുന്നതെന്ന് ഓര്‍മ്മിപ്പിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: